എന്റെ ആദ്യ സ്റ്റേജോർമ


അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുകയാണ്.  എത്ര കൊല്ലം മുമ്പെന്നു ചോദിച്ചാൽ ഏകദേശം ഒരു പത്തു... അയ്യട.. അത് വേണ്ട, എന്നിട്ട് വേണം എന്റെ വയസ്സ്  മനസ്സിലാക്കാൻ..നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അത്ര തന്നെ..


സ്കൂൾ കലോൽസവമായിരുന്നു അന്ന്.. രാവിലെ തന്നെ  കലാമത്സരങ്ങൾ  കാണാൻ  രാവിലെത്തന്നെ കുളിച്ചൊരുങ്ങി എന്റെ ഫേവറിറ്റ് ചുവന്ന ചുരിദാറുമിട്ട് ഉപ്പ സൗദീന്ന് കൊണ്ട് വന്ന ഗോൾഡൻ വാച്ചൊക്കെ കെട്ടി മൊഞ്ചത്തിയായി പുറപ്പെട്ടു....


അന്നത്തെ ദിവസത്തിന് വേറെയും വല്യൊരു പ്രത്യേകതയുണ്ടായിരുന്നു... എന്താണെന്നറിയണ്ടേ... എന്റെ ആദ്യത്തെ സ്റ്റേജിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു അന്ന്.. അതേ..ഞാനൊരു സംഭവം ആണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയ ദിവസം..


സ്റ്റേജിൽ കയറുന്നത് ഓരോ നിമിഷവും മനസ്സിലേക്ക് ഓടിയെത്തി.. സന്തോഷവും ടെൻഷനും കാരണം  ആകെയൊരു വല്ലാത്ത അവസ്ഥ..വയറൊക്കെ ഇങ്ങനെ ഗുളു ഗുളൂന്ന് ആയി വരുന്നു..വഴിയിലുടനീളം ചങ്ങായിമാർ പരസ്പരം ഇത് തന്നെ ചർച്ച..  അവനവൻ പങ്കെടുക്കുന്ന ഇനങ്ങളെ പറ്റി..


"എടീ നീ എന്തിനാ പേര് കൊടുത്തെ" കൂട്ടുകാരി ഷൈനിയാണ്..ഞാൻ വല്യ ഗമയിൽ.."ദേശീയഗാനത്തിനും മാപ്പിളപ്പാട്ടിനും..നീയോ?

"ഓഹ്..ഞാൻ ലളിതഗാനം,പദ്യം ചൊല്ലൽ"


അങ്ങനെ കലപില സംസാരിച്ചു കൊണ്ടങ്ങനെ ഒരുവിധം സ്കൂളെത്തി..സ്കൂളിന് ആകെ മൊത്തം ഒരു മാറ്റം..എന്നെപ്പോലെന്നെ മൊഞ്ചത്തിയായിക്ക് ...തോരണങ്ങളും ഒക്കെ തൂക്കി കുരുത്തോലയൊക്കെ വെച്ച് അണിഞ്ഞൊരുങ്ങിയിരിക്കുന്നു....ഇന്നും ആ ഒരന്തരീക്ഷത്തിലുള്ള വിദ്യാലയങ്ങൾ കാണുമ്പോൾ മനസ് കുറെ കാലം പിന്നിലേക്ക് നടക്കും.



സ്കൂളിന്റെ തൊട്ടടുത്തുള്ള നാണുവേട്ടന്റെ പീടിയേന്ന് വെണ്ട്യയും നെല്ലിക്കച്ചാറും വാങ്ങി തിന്നാൻ ഒരുങ്ങുമ്പോൾ ടിം ടിം ടിം ടീം....... ഫസ്റ്റ് ബെല്ലടിച്ചു...


അതും പാവാടക്കീശയിൽ തിരുകി,  

പിന്നെയൊരോട്ടമായിരുന്നു. ക്ലാസ് മുറികളൊന്നും കാണുന്നില്ല, പകരം ബെഞ്ചുകൾ മുഴുവൻ സ്റ്റേജിന് അഭിമുഖമായി നിരത്തി വെച്ചിരിക്കുന്നു (വേർതിരിക്കാത്ത ക്ലാസ് മുറികളായിരുന്നു അന്ന് ഞങ്ങളുടെ സ്കൂളിൽ. ഒരു ക്ലാസ്സിൽ എടുക്കുന്നത് മറ്റു ക്ലാസ്സിൽ കേൾക്കും)..ഇതൊക്കെ കണ്ടതോടെ എന്റെ ജനഗണമനയും ,കരയാനും പറയാനും ഉള്ളിൽ കിടന്നങ്ങനെ വീർപ്പുമുട്ടാൻ തുടങ്ങി.


പരിപാടികൾ ആരംഭിക്കുകയായി  ലളിതഗാനം,പദ്യം ചൊല്ലൽ,സംഘഗാനം, ആംഗ്യപ്പാട്ട്, കഥപറച്ചിൽ.. അങ്ങനെയങ്ങനെ ഓരോന്നായി... എൽ പി ,യൂ പി വിഭാഗങ്ങളിലായി പുരോഗമിച്ചു കൊണ്ടിരുന്നു. സമയം ഉച്ചയായി..വിശപ്പും ടെൻഷനും വയറിനെ കൂടുതൽ അസ്വസ്ഥമാക്കി കൊണ്ടിരുന്നു..


ബ്രേക്ക് ടൈം വന്നു..


നല്ല വെല്ലമിട്ടു കുറുക്കിയ അരിപ്പായസം..മുന്നും പിന്നും നോക്കിയില്ല.. അങ്ങട് മിന്നിച്ചു.. യാ മോനെ...ഇലയിൽ വിളമ്പിയ പായസം കുടിച്ചിട്ടുണ്ടോ.. അസാധ്യ രുചിയാണ്..

പായസം കുടിച്ചു ഏമ്പക്കം വിട്ട ശേഷം ഇളം ചൂടുള്ള ജീരകവെള്ളവും അകത്താക്കിയതോടെ വയറൊക്കെ ഒന്നു അടങ്ങിയിട്ടുണ്ട്..



ഉച്ചയ്ക്ക് ശേഷം ഇനി തുടങ്ങാൻ പോകുന്ന പരിപാടികൾ ഏതെന്നുള്ള അനൗൻസ്‌ മുഴങ്ങി.. മോണോ ആക്ട്, മിമിക്രി, ദേശീയഗാനം, മാപ്പിളപ്പാട്ട്...പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന മട്ടിൽ ഹാളിലേക്ക് കയറിയിരുന്നു..ഇതിനിടയിൽ മറ്റു പരിപാടികളുടെ ആസ്വാദനം നടക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഒരു പരിധി വരെ നടക്കുന്നുണ്ട്..ഇടക്ക് ഒരു ഓർമപ്പെടുത്തൽ പോലെ ഇതങ്ങോട്ട് കയറി വരും ..പക്ഷേ ഇന്നും ഓർമയിൽ തെളിയുന്ന  ഒന്നുണ്ട്..സംസ്‌കൃതം വാർത്ത മിമിക്രി കാണിച്ച ഒരു ചെക്കന്റെ (പേരോർമയില്ല) പെർഫോമൻസ് ആണത്..


പൊടുന്നനെ  മറ്റൊരനൗൺസ് വന്നു..ഒരാഴ്ച മുമ്പ് നടന്ന ചിത്രരചന മത്സരത്തിന്റെ ഫലപ്രഖ്യാപനമാണ്.അങ്ങേയറ്റം ഞെട്ടലോടെയാണ് ഞാനത് കേട്ടത് എന്താന്നറിയണ്ടേ..എന്താ..?അങ്ങനെ ചോദിക്ക്..അതിൽ രണ്ടാം സ്ഥാനം നേടിയത് മറ്റാരുമല്ല..ഈ ഞാൻ തന്നെ. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ.. ഡഗ ഡഗാ..മനസ്സിൽ ഒരേ സമയം പലവിധ ചോദ്യങ്ങൾ അലതല്ലി എന്നൊക്കെ പറയുമല്ലോ..


 എന്തായിരിക്കും സമ്മാനം..എത്രയും പെട്ടെന്ന് ആ സമ്മാനം കയ്യിൽ കിട്ടണമെന്ന ചിന്തയായിരുന്നു പിന്നെ..എന്നാലും

ഞാൻ അത്ര വലിയ വരക്കാരിയാണോ.. ഇത്രേം കുട്ടികളുടെ ഇടയിൽ നിന്നും എന്നെ തെരഞ്ഞെടുക്കാൻ ആ വിധി കർത്താവായ മാഷിനെ അല്ല, ആ മഹാനുഭാവനെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കും.. 

വായിച്ചു മുഖം ചുളിക്കണ്ട.. അന്നത്തെ നാലാം തരക്കാരിയുടെ ചിന്തകൾ വേറെ ഏതൊ തരത്തിലാണെങ്കിലും ആശയം ഇതൊക്കെ തന്നെയായിരുന്നു...


മത്സരങ്ങൾ ഏറെക്കുറെ തീരാറായി.നമ്മളേവരും ആകാംക്ഷയോടെ കാത്തിരുന്ന ദേശീയഗാനമൽസരവും മാപ്പിളപ്പാട്ട് മത്സരവുമാണ് ഇനി അരങ്ങേറാൻ പോകുന്നത്..


മത്സരത്തിൽ പേര് കൊടുത്ത കുട്ടികൾ സ്റ്റേജിന് തൊട്ടടുത്ത് ഓഫീസ് റൂമിലേക്ക് കടന്നു വരേണ്ടതാകുന്നു..


അത് വരെ ഉണ്ടായിരുന്ന ഞാൻ അല്ല ഇനി വരാൻ പോകുന്ന ഞാൻ..ഇനിയുള്ള ഞാനാണ് ശരിക്കുമുള്ള ഞാൻ..


ഓലെഞ്ഞാലി കുരുവിയെ പോലെ കാറ്റിലാടി പാറി കനമില്ലാതെ സ്റ്റേജിന് പിന്നിൽ  ഞാനും പേര് കൊടുത്ത കുട്ടികളുടെയൊപ്പം വരി നിന്നു..പിന്നെ അവിടെ ഞാനൊന്നും കേട്ടില്ല.. ആകെ കേട്ടത് മൂന്നാമതോ

നാലാമതോ ആയി വിളിച്ച എന്റെ പേരാണ്.പിന്നീട് ഞാനുള്ളത്  പതുക്കെ ആരോ തള്ളി വിട്ട പോലെ സ്റ്റേജിൽ..


എന്റെ തൊണ്ട വരണ്ടു..ചെവി രണ്ടും അടഞ്ഞു പോയിരിക്കുന്നു..കുറെ നേരത്തേക്ക് ആകെ മൊത്തം മൂകത...സ്റ്റേജിന് പിന്നിൽ നിന്നും ഏതോ ഒരു മാഷ്‌..ജ ന ഗ ണ മ നയെന്ന് പറഞ്ഞു തരുന്നുണ്ട്..


ജനഗണമന... ജനഗണമന....

ജനഗണമന...ഞാൻ വിക്കി വിക്കി പറയുന്നു..


ബാക്കി വരികൾ എന്ത് കളി കളിച്ചിട്ടും എന്റെ നാവിൽ വരുന്നില്ല..

എന്റെ ഖോജ രാജാവായ തമ്പുരാനേ.... ആഴ്ച്ചയിൽ അഞ്ചു ദിവസവും  ഒരു കൂസലുമില്ലാതെ ആടിക്കൊണ്ട് ഈണത്തിൽ താളത്തിൽ ചൊല്ലുന്ന ദേശീയഗാനം എനിക്ക് മറന്നു പോയിരിക്കുന്നു...ഏത് ഇബ്‌ലീസ് ആണ് എന്നെയത് മറപ്പിച്ചത്..


ആ സമയത്ത് സ്റ്റേജിന് മുന്നിലുള്ള കുട്ടികൾ ഒരു അഗാധ ഗർത്തമായും, ഞാൻ ആ ചുഴിയിലേക്ക് വീഴാൻ പോവുന്ന പോലെയുമാണ്  എനിക്കനുഭവപ്പെട്ടത്..


"കുട്ടി പൊയ്ക്കോളൂ..." പിന്നിൽ നിന്നും മാഷിന്റെ ശബ്ദം..!


ഇത് കേട്ട പാതി കേൾക്കാത്ത പാതി ഞാൻ അവിടെ നിന്നും ഇറങ്ങിയോടി..ആ ഓട്ടം പിന്നെയവസാനിച്ചത് എന്റെ സ്വന്തം വീട്ടിലാണ്...നാണക്കേടും നിരാശയും കാരണം  മനസ്സ് ആകെ മരവിച്ചു പോയിരുന്നു.. 



വീട്ടിലെത്തിയ ശേഷമാണ് എന്റെ സമ്മാനത്തെ കുറിച്ച് ഓർമ വരുന്നത്..അതിനി കിട്ടുമോ എന്നൊരു ഉറപ്പുമില്ലാ..അതും കൂടി ഓർത്തപ്പോൾ സങ്കടം കൂടി വന്നു..

അതിലേറെ വിഷമം, ഇനി സ്കൂളിൽ പോയി കുട്ടികളുടെയും അധ്യാപകരുടെയും മുഖത്ത് എങ്ങിനെ നോക്കും എന്നുള്ളതാണ്. അങ്ങനെയങ്ങനെ...

അപമാനത്തിന്റെ പടുകുഴിയിൽ അകപ്പെട്ട എനിക്ക്  എന്നോട് തന്നെ പുച്ഛം തോന്നി..

ഒരു ദേശീയ ഗാനം പോലും ചൊല്ലാൻ കഴിയാത്ത താനൊക്കെ എന്തിന് കൊള്ളാം..എന്ന് ഇടക്കിടെ ഞാൻ എന്നോട് ചോദിച്ചു കൊണ്ടിരുന്നു..


രണ്ട് ദിവസം കഴിഞ്ഞാൽ തിങ്കളാഴ്ചയാണ്..എന്നെ സംബന്ധിച്ചിടത്തോളം അതി ഭീകരമായിരുന്നു..ആ ദിവസത്തെ കുറിച്ച് ഓർക്കുക എന്നുള്ളത്..

പിറ്റേന്ന് നേരം വെളുത്തപ്പോൾ തലേന്നത്തെ സംഭവം കുറെ മറന്നു തുടങ്ങി. ഞായറാഴ്ച വൈകുന്നേരം നാല് മണി കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നും ആ ഒരു സംഭവം തന്നെ പോയി എന്ന് തന്നെ പറയാം..അന്നാണല്ലോ നമ്മുടെ ആഴ്ചയിലെ പ്രധാന ചലച്ചിത്ര വിനോദ ദിവസം...


അങ്ങനെ അന്ന് പതിവിലും നേരത്തേ ശാന്തേച്ചിയുടെ കോഴി കൂവി. തിങ്കളാഴ്ച നേരം പുലർന്നു..

എനിക്ക് "ചില്ലറ" വയറു വേദനയൊക്കെ വന്നെങ്കിലും ഉമ്മാന്റെ അടുത്ത് അതൊന്നും വിലപ്പോയില്ല..

വെള്ളിയാഴ്ചത്തെ സംഭവത്തിന്റെ പരിഹാസങ്ങൾ ഏറ്റു വാങ്ങാൻ എന്റെ ജന്മം പിന്നെയും ബാക്കിയായി സൂർത്തുക്കളെ..ബാക്കിയായി..


എനിക്കറിയാം നിങ്ങളൊക്കെ അതിന് വേണ്ടി കാത്തിരിക്കുകയാണ്.അതല്ലേ ഇങ്ങനെ ചിരിക്കുന്നത്.. ഒരാളുടെ വീഴ്ചയിൽ അറിയാതെ പോലും ആഹ്ലാദിക്കരുത്..പടച്ചോൻ പൊറുക്കൂല....


പോകുന്ന വഴിക്ക് റോട്ടിൽ കൂടെയുണ്ടായിരുന്ന കുട്ടികളിൽ നിന്നൊക്കെ സാമൂഹിക അകലം പാലിച്ചായിരുന്നു നടപ്പ്...എന്നാലും ആരെങ്കിലും നോക്കുന്നുണ്ടോ കുശു കുശുക്കുന്നുണ്ടോ എന്നൊരു തോന്നൽ....ഏയ്..ഇല്ല..വെറും തോന്നലാണ്..അല്ലെ..അതേ..ശരിക്കും ആണ്..


സ്‌കൂളിൽ എത്തി ബെല്ലടിച്ചിട്ടും ക്ലാസ്സിൽ കയറാൻ ഒരു വൈക്ലബ്യം..പിന്നെ എന്തും നേരിടാൻ ഉറച്ചു ക്ലാസ്സിൽ കയറി..എല്ലാവരും പതിവ് പോലെ തന്നെ.ഞാനൊഴികെ ആർക്കും വല്യ മാറ്റമൊന്നും ഇല്ല. 


 ക്ലാസ്സിൽ ഹാജർ എടുത്തു കൊണ്ടിരുന്നു.. എന്റെ പേര് വിളിച്ചപ്പോൾ, തലയുയർത്തി കൊണ്ട്

ടീച്ചർ " തസ്‌ലീമ എന്തേ സമ്മാനം വാങ്ങാതെ നേരത്ത പോയത്..നിനക്ക് ചിത്രരചനക്ക് സമ്മാനമുണ്ടായിരുന്നല്ലോ.. ഓഫീസ് മുറിയിൽ ഉണ്ട് കേട്ടോ.ഈ പീരിയഡ് കഴിഞ്ഞു വന്നാൽ ഞാനെടുത്തു തരാം കേട്ടോ."


അപ്പൊ എന്റെ തെറ്റിപ്പോയ ജനഗണമന? ആർക്കും അത് ഓർമയില്ലേ..? അപ്പോഴാണ് ആ സത്യം മനസ്സിലായത്..ഞാനൊഴികെ മറ്റാർക്കും അതൊരു വിഷയമേ അല്ലായിരുന്നു.. എന്തിനും ഏതിനും പരസ്പരം കളിയാക്കുന്ന സഹാപാഠികൾക്ക് പോലും..

ഞാനന്നോടിയത്... 

ഇക്കാര്യമൊന്നും അറിയാത്ത വഴിയിലുള്ളവരെ പോലും നേരിടാനാവാതെ അപമാനത്തോടെ ഓടിയതിൽ യാതൊരു കാര്യവുമില്ലായിരുന്നു എന്ന സത്യം മനസ്സിലാക്കാനുള്ള വിവേകം പോലും ആ നാലാം ക്ലാസ്സുകാരിക്കില്ലാതെ പോയി..



എന്നിരുന്നാലും ഒരു പാട് കാലം സ്റ്റേജെന്ന ഭീകര രൂപത്തോട് എനിക്ക് ഭയമായിരുന്നു.. സ്റ്റേജിതര മൽസരങ്ങളിലയിരുന്നു പിന്നീട് എനിക്ക് പ്രിയം.അതാവുമ്പോൾ ആരെയും ഭയക്കേണ്ടല്ലോ.. ഇന്നും ദേശിയഗാനം കേൾക്കുമ്പോൾ  അന്നത്തെ ജനഗണമന എന്റെ മനസ്സിൽ മുഴങ്ങാറുണ്ട്..എന്തിനേറെ, പലപ്പോഴും

 രണ്ട് വാക്ക് സംസാരിക്കാൻ എഴുന്നേറ്റ് നിൽക്കുമ്പോഴും അന്നത്തെ ദിവസം എന്റെ മനസ്സിൽ ഓടിയെത്തും..


ആദ്യസ്റ്റേജ് പെർഫോമൻസ് കാരണം ജീവിതത്തിൽ ആദ്യത്തെ സമ്മാനം വാങ്ങാൻ കഴിയാതെ പോയ കഥ..


ഒരുകാര്യം വിട്ട് പോയി.എനിക്ക് കിട്ടിയ സമ്മാനമില്ലേ അതൊരു കുഞ്ഞു പ്ലാസ്റ്റിക് കണ്ടെയ്‌നർ ആയിരുന്നു.. കുറെ കാലം ഉമ്മ ഉപ്പിട്ട് വെച്ചു..പിന്നെ

വർഷങ്ങളോളം പാത്രം കഴുകുന്ന സബീന പൊടിയെ ആവാഹിച്ച്  മുറ്റത്തു മഴ നനയാനായിരുന്നു അതിന്റെ യോഗം.. ഇടക്ക് നാട്ടിൽ പോയാൽ ഞാനതിനെ കഴുകി ഓമനിക്കാറുണ്ടായിരുന്നു. ഈയടുത്ത കാലം വരെ..


കഴിഞ്ഞ തവണ പോയപ്പോൾ പാത്രവും കണ്ടില്ല..സബീനയുമില്ല..


പിന്നെ...അതിട്ട് വെച്ച എന്റെ ഉമ്മയും...

ഓർമകളുടെ ഉള്ളറകളിൽ മാത്രമായി അവയൊക്കെയും മായാതെ മറയാതെ ഇന്നും തിരി കത്തിച്ചു വെക്കുന്നു..


     *ശുഭം* 


തസ്‌ലീമ അഷ്‌റഫ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം