♥️ഉപ്പ ഞങ്ങളുടെ ഉപ്പാവ♥️
മനസ്സ് നിറയെ ഒരേയൊരു മുഖം മാത്രമേയുള്ളൂ...ഏത് ആൾക്കൂട്ടത്തിലും പുഞ്ചിരിച്ചു കൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന തേജസ്സാർന്ന ഒരു മുഖം.. എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ ഓർമ്മകൾ മറക്കാൻ സാധിക്കുന്നില്ല. ഈ എഴുതുന്ന വാക്കുകൾ മുഴുമിപ്പിക്കാൻ പോലും എനിക്ക് ശക്തി ലഭിക്കുന്നത് ആ ജീവന്റെ കണങ്ങൾ എന്നിലൂടെ ഒഴുകുന്ന രക്തത്തിൽ അലിഞ്ഞു ചേർന്നത് ഒന്നു കൊണ്ട് മാത്രമാണ്.ജനനത്തിനും മരണത്തിനുമിടയിലെ അർത്ഥതലങ്ങളുടെ പൂർത്തീകരണങ്ങൾക്കു വേണ്ടിയുള്ള തമോഗർത്ഥങ്ങൾ താണ്ടി,കുടുംബത്തിന്റെ സുഖസുഷുപ്തി തേടിയുള്ള യാത്രയിലെ വിള്ളലുകൾ മണ്ണിട്ടു നികത്താൻ ഒരായുസ്സ് മുഴുവൻ മരുഭൂമിയിൽ ജീവിതം ഹോമിച്ച എന്റെ ഉപ്പ. ഭൂമിയിൽ മക്കളും പേരമക്കളുമടങ്ങുന്ന ഒരു കൊച്ചുവലിയ നന്മമരത്തിനു വേരുകൾ നല്കിയ ആ സ്നേഹത്തണലിനിന്ന് മണ്ണിൽ നിത്യനിദ്ര. ആരായിരുന്നു എനിക്കെന്റെ ഉപ്പ.. വാക്കുകൾക്കതീതമാണ് ഉപ്പാവ എന്ന മൂന്നക്ഷരത്തിൽ ഞങ്ങൾ വിളിച്ച ആ തണൽമരം. വാത്സല്യനിധിയായി മക്കളെ സ്നേഹിക്കാനും, ഒരു ചങ്ങാതിയെ പോലെ പെരുമാറുമാറാനും, തമാശകളും ആനുകാലിക ചർച്ചകൾ പങ്കുവെക്കുമ്പോഴും ഗൗരവം ഒട്ടും കുറയാത്ത പിതാവിന്റെ കടമകൾ നിർവഹിക്കാൻ ഉപ്പാക്ക് തടസ്സമായില്ല. ആ ശൗര്യത്...