2021 ഫെബ്രുവരി 11, വ്യാഴാഴ്‌ച

സ്കൂൾ ഡയറി ****************

 

ഈ കഥ നടന്നിട്ട് കുറെ വർഷങ്ങളായി. യു പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന കാലം.....

ഏകദേശം ഉച്ചക്ക് പന്ത്രണ്ട് മണി കഴിഞ്ഞു കാണും.രാജൻ മാഷ് ക്ലാസ്സിൽ കണക്ക് പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. മാഷിനെ നല്ല പേടിയായത് കൊണ്ട്  ഇമവെട്ടാതെ ഓരോരുത്തരും ശ്രദ്ധിച്ചിരിക്കുകയാണ് കഞ്ഞിപുരയുടെ തൊട്ടടുത്താണ് ഞങ്ങളുടെ ക്ലാസ് ..  കഞ്ഞിയുടെയും ചെറുപയർ വേവിച്ചതിന്റെയും മണം നാസാരന്ദ്രങ്ങളെ തുളച്ച്കൊണ്ടിരുന്നു..  വിശപ്പ് അതിന്റെ മൂർധന്യത പ്രാപിച്ചു കൊണ്ട് കൂടെതന്നെയുണ്ട്...ഉച്ച ബെല്ലടിക്കാൻ അടുത്ത ഒരു പീരിയഡ് കൂടി കഴിയണം..പഠിക്കുന്നതൊന്നും  തലയിൽ കയറുന്നില്ല. ബെല്ലടിച്ചു.. ആശ്വാസം.. ഇനി ഒരു പീരിയഡ് കൂടി  സഹിച്ചാൽ മതിയല്ലോ..പക്ഷേ ആ സമയത്തെ ഇഗ്ലീഷ് പഠിത്തം ആലോചിക്കുമ്പോൾ..


ബെല്ലടിച്ചു ഏറെ നേരം കഴിഞ്ഞു.. സുജാത ടീച്ചറെ കാണുന്നില്ല.. ടീച്ചർ ഇന്ന് വന്നില്ലേ..ഇല്ലെന്ന് തോന്നുന്നു.മനസ്സിൽ ലഡു പൊട്ടി....ആ സംശയത്തെ ഉറപ്പിച്ചു കൊണ്ട് തൊട്ടടുത്തിരിക്കുന്ന ഷാഹിനയോട്  പറഞ്ഞു..ടീച്ചർ ഇന്ന് ഇല്ല മോളേ..അൽപസമയത്തിനുള്ളിൽ തന്നെ ക്ലാസ് മുഴുവൻ ആ വാർത്ത പരന്നു... അതോടെ കുട്ടികളെല്ലാം നല്ല 'അച്ചടക്ക'മുള്ളവരായി..

എന്നാൽ അതിനെ തിരുത്തിക്കൊണ്ട് ടീച്ചർ ഉണ്ടെന്നും നീല സാരിയാണ് ധരിച്ചതെന്നുമൊക്കെ പറഞ്ഞ് ഷൈനിയുടെ പ്രഖ്യാപനം വന്നു . എല്ലാരും കൂടി തർക്കം.. ക്ലാസ്മുറിയാകെ സംഭവബഹുലമായി.കുട്ടികൾ ഇപ്പോൾ  രണ്ട് ചേരിയിലാണ്..ടീച്ചർ ഉണ്ടെന്ന് ചിലർ.. ഇല്ലെന്നും ചിലർ..വെറും സംശയത്തെ അല്ലല്ല ആഗ്രഹത്തെ വാർത്തയാക്കിയ ഞാൻ മാത്രം ഒന്നും മിണ്ടാതെ ഇരുന്നു.അന്നേരം വെന്ത ചെറുപയറിന്റെ മണം ഉള്ളിലെ വിശപ്പിന്റെ വിളി കൂട്ടിക്കൊണ്ടിരുന്നു..

ബഹളം തുടർന്നപ്പോൾ മൂന്നാം ക്ലാസ്സിലെ വസന്ത ടീച്ചർ പാഠമെടുക്കാൻ കഴിയാതെ ഞങ്ങളോട് ദേഷ്യപ്പെട്ടു..

എല്ലാത്തിനും നീയാണ് കാരണം..

നീയല്ലേ പറഞ്ഞത് എന്ന് എന്നെ നോക്കി ഷാഹിന ചോദിച്ചു തീർന്നില്ല.

 നടത്തത്തിന് സ്പീഡ് കൂട്ടി ഓഫീസ് ബ്ലോക്കിന്റെ ഇടവഴിയിൽ കൂടി ടീച്ചർ ക്ലാസ്സിൽ കിതച്ചെത്തി..മോഹങ്ങൾ മുഴുവൻ അസ്തമിച്ചിരിക്കുന്നു.. വന്നയുടനെ പുസ്‌തകം എടുക്കാൻ ഉത്തരവിട്ടു ടീച്ചർ....ആകെ ശോകമൂകമായ അന്തരീക്ഷം..

പുസ്തകം പരതാൻ ബാഗിൽ കയ്യിട്ടപ്പോഴാണ് ഞാനാ ദുഃഖസത്യം മനസ്സിലാക്കിയത്...കഞ്ഞികുടിക്കാനുള്ള പാത്രവും സ്പൂണും കൊണ്ടുവന്നിട്ടില്ല..

അതോടെ വയറ്റിലെ കത്തിക്കാളൽ  കൂടി..

 ടീച്ചർ ഗ്രാമർ പടിപ്പിക്കാൻ തുടങ്ങി  ..ചിന്ത മുഴുവൻ പാത്രത്തെക്കുറിച്ചായിരുന്നു...ഐഡിയ!

സ്കൂളിൽ കുറച്ചു പാത്രങ്ങളുണ്ടല്ലോ..കൊണ്ട് വരാത്തവർക്ക് ഉപയോഗിക്കാൻ.....ബെല്ലടിച്ചയുടനെ വേഗത്തിൽ ചെന്നെടുക്കണം..വല്യ തൃപ്തി ഇല്ലാത്ത കാര്യമാണ്.(കാരണം വൃത്തിബോധം കൂടുതലുള്ള കൂട്ടത്തിലാണല്ലോ ഞാൻ) .എന്ത് ചെയ്യാം ..എടുക്കാതെ നിർവാഹമില്ലല്ലോ..

ഏഴാം ക്ലാസിലെ പിള്ളേർ കൈകഴുകാനുള്ള വെള്ളവുമായി വരുന്നത് കണ്ടതോടെ ഏകദേശം സമയമായി എന്നുറപ്പിച്ചു.....

"എങ്ങോട്ടാണ് കുട്ടീ നോക്കുന്നത്..എഴുതുന്നില്ലേ നീ " ടീച്ചറുടെ ചോദ്യം എന്നോടാണ്. ധൃതിയിൽ പെൻസിലെടുത്തു എഴുതാൻ തുടങ്ങുമ്പോഴേക്കും ബെല്ലടിച്ചു...ഹാവൂ! രക്ഷപ്പെട്ടു.. പെൻസിൽ ബുക്കിനിടയിൽ വെച്ചു മടക്കി ബാഗിൽ വെക്കാൻ ഒരുങ്ങി..പെട്ടെന്ന് ടീച്ചർ അടുത്തേക്ക് വന്ന് പുസ്തകം തുറന്നു നോക്കി.. "എഴുതി കഴിഞ്ഞില്ലേ ഇത് വരെ? പൂർത്തിയാക്കിയിട്ട് പോയാൽ മതി..ബോർഡിൽ ഉള്ളതിന്റെ പകുതിയിലേറെ ബാക്കിയുണ്ട്..പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ...ഇങ്ങനെയൊരു ചതി ഞാൻ എന്നോട് തന്നെ ചെയ്തല്ലോ...നീ എന്ത് വിഡ്ഢിയാണ്..എന്റെ ഉള്ളിൽ നിന്നും ആരോ പറയുന്ന പോലെ..

 സഹപാഠികൾ എല്ലാവരും പുറത്തേക്ക് പോകുന്ന ദയനീയ കാഴ്ച കണ്ട് നിൽക്കാനുള്ള ശക്തി ഇല്ലായിരുന്നു..പോകുന്ന പോക്കിൽ ഒരു പരിഹാസച്ചിരി എല്ലാവരുടെയും മുഖത്തില്ലേ എന്നൊരു സംശയം..അല്ല ഉണ്ട്..രൂപേഷിന്റെ നാവ് കൊണ്ടുള്ള ഗോഷ്ടിയിൽ ശരിക്കുമത് മനസ്സിലായി.. സങ്കടവും വിശപ്പും കൊണ്ട് പെൻസിലിന്റെ ഭാരം കൂടി വന്നു. മൊട്ട കയറാൻ ബുദ്ധിമുട്ടുന്ന ടിപ്പർ ലോറി പോലെ അത് പിന്നോട്ട് തന്നെ വലിഞ്ഞു..ടീച്ചർ ക്ലാസിൽ നിന്നും പോകുന്ന ലക്ഷണം കാണുന്നുമില്ല..അല്ലെങ്കിൽ മെല്ലെ മുങ്ങാമായിരുന്നു.. മുഖത്ത് ദയനീയത വരുത്തി ടീച്ചറുടെ മനസ്സലയിക്കാനുള്ള ഒരു ശ്രമം നടത്തി നോക്കി..ഒരു രക്ഷയുമില്ല.. അവസാനത്തെ ആയുധമായി ഉള്ളത് പ്രാർത്ഥനയാണ്. പടച്ചോനെ...ടീച്ചർക്ക് പോകാൻ തോന്നിക്കണേ.. അതാ എല്ലാവരും കഞ്ഞികുടിക്കാൻ വരിയിൽ ഇരുന്നു കഴിഞ്ഞിരുന്നു..ഇനി ഞാൻ  എത്തുമ്പോഴേക്കും തീർന്നു പോകുമോ..എന്റെ പ്രാർത്ഥനയുടെ ഫലമെന്നോണം ടീച്ചർ ക്ലാസിൽ നിന്നും പോകാനൊരുങ്ങി..ഉം..പൊയ്ക്കോളൂ.. ഇനി മേലിൽ ഇതാവർത്തിക്കരുത്..എന്ന താക്കീതോടെ ടീച്ചർ പോയി. ഒരുവിധത്തിൽ ഓടി ഓഫീസിൽ പാത്രങ്ങൾ വെക്കാറുള്ള തട്ടിന്റെ അടുത്തെത്തി. കഷ്ടകാലം നോക്കണേ..ഒറ്റ ഒരെണ്ണം പോലും അവിടെ ബാക്കിയില്ല...ഇത്തവണ ശരിക്കും കരഞ്ഞു പോയി.. .എന്റെ കരച്ചിൽ കേട്ട പ്യൂൺ നാണുവേട്ടൻ എന്താണ് കാര്യമെന്ന് ചോദിച്ചുവിതുമ്പിക്കൊണ്ടു സംഗതി പറഞ്ഞു. "സാരമില്ല വഴിയുണ്ടാക്കാം."അതും പറഞ്ഞ് വിളമ്പുന്നിട

ത്തേക്ക് കൂട്ടിക്കൊണ്ടുപോയി."ഒരു പാത്രമെടുത്ത് വന്നൂടെ കുട്ടീ".എപ്പോഴും കൊണ്ട് വരുന്നതാ.ഇന്ന് മാത്രം എടുക്കാൻ മറന്നു  എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു.തൊണ്ട വരണ്ട് വാക്കുകളൊന്നും പുറത്തേക്ക് വന്നില്ല.എല്ലാവരും ഏകദേശം തീരാറായി. ഒന്നു രണ്ടു പേർ എഴുന്നേൽക്കുകയാണ്. പ്യൂൺ അതിലൊരാളോട് പാത്രം വാങ്ങി,കൂടെ മുറ്റത്തു കിടന്ന ഒരു പ്ലാവില കഴുകി, ഈർക്കിലെടുത്ത് കുത്തി സ്പൂണ് പോലെയാക്കിതന്നു...


അപ്പോഴേക്കും കുട്ടികളെല്ലാം  പോയിക്കഴിഞ്ഞിരുന്നു..കൂട്ടിന് ഒന്ന് രണ്ട് അധ്യാപകർ മാത്രം ബാക്കിയായി.

ഒടുവിൽ ചൂട് കഞ്ഞിയും പയറും വായിലേക്കടുപ്പിക്കുമ്പോൾ നേരത്തെ ഉണ്ടായിരുന്ന വിശപ്പും ആവേശവുമൊക്കെ കെട്ടടങ്ങിയിരുന്നു....


ജീവിതത്തിൽ പലതും പടിപ്പിച്ച ആ സംഭവം ...ഏറെ നിരാശയുണ്ടാക്കിയ അന്നത്തെ അവസ്‌ഥയിൽ ടീച്ചർ എങ്ങോട്ടെങ്കിലും സ്ഥലം മാറിപ്പോകണേ എന്നു വരെ പ്രാർത്ഥിച്ചിരുന്നു..പക്ഷേ പക്വതയെത്തിയപ്പോൾ എല്ലാ അധ്യാപകർക്കും നല്ലത് വരാൻ മാത്രമായി പ്രാർത്ഥന...

 ആ ദിവസത്തെ ഇന്നോർക്കുമ്പോൾ ചുണ്ടിൽ വിരിയുന്ന ചിരിയിൽ ഒരുപാട് വികാരങ്ങൾ ഒളിഞ്ഞിരിക്കുന്നു. 


ശുഭം.

 

തസ്‌ലീമ.

കഥ ഔട്ടിങ്ങ്‌ ***********

 

അവധി ദിവസം ശരിക്കും'അടിച്ചു പൊളിക്കു'കയാണ്  മക്കൾ രണ്ടു പേരും..മേശയും കസേരയും പരിക്കേറ്റ നിലയിൽ.. സോഫയിൽ നിന്നും കിലോമീറ്റർ അകലെ എത്തിയിരിക്കുന്നു ക്യുഷനുകൾ..മൊത്തത്തിൽ ഒരു യുദ്ധം കഴിഞ്ഞ പ്രതീതി..എന്റെ  കാൽപെരുമാറ്റം കേട്ടപ്പോൾ തന്നെ രണ്ടും എലികളെ പോലെ എവിടെയോ ഓടിയൊളിച്ചു. ദേഷ്യം വന്ന് അലറി വിളിച്ചപ്പോൾ രണ്ടും പുറത്തേക്ക് വന്നു."എന്താടാ ഈ കാണിച്ചു വച്ചിരിക്കുന്നത്. ഇങ്ങനെയാണോ കളി."

 "ഞങ്ങക്ക് ഇവിടെ വേറെ എന്ത് കളിയുണ്ട്.മമ്മി തന്നെ പറ.. വീക്കെൻഡ് ആയാൽ പോലും ഒന്നു പുറത്തേക്ക് കൊണ്ട് പോകില്ലല്ലോ..".ഉടനെ വന്നു ചോട്ടാ ബീമിന്റെ മറുപടി. ഉത്തരം മുട്ടിയപ്പോൾ സുമ വേഗം സ്ഥലം കാലിയാക്കി.

 അവരുടെ ആവശ്യം ന്യായമാണ്.അവരെക്കാളേറെ അവളും അതാഗ്രഹിക്കുന്നുണ്ട്.മക്കൾ ഇങ്ങനെ ബഹളം വെച്ചെങ്കിലും അസ്വദിക്കുന്നു. എന്നാൽ ഒന്നു മിണ്ടിപ്പറയാൻ പോലും അവൾക്കാരുമില്ല. കല്യാണം കഴിഞ്ഞയുടനെ അവളെ പുറത്ത് കൊണ്ടുപോകാൻ രവിക്കായിരുന്നു ഏറെ ആവേശം.

 അവൾ ഫോണെടുത്ത് രവിയെ വിളിച്ചു."രവീ നീയെവിടെയാ? ഒരവധി ദിവസമായിട്ട് കറങ്ങി നടപ്പ് തന്നാണോ? "

അല്ലെടീ ഞാൻ ഒരു അർജന്റ് മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പോകുന്ന വഴിയിലാ.." ."എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.ഹരിയുടെ ഔട്ട് ഹൗസിലാണോ ഇപ്പൊ കമ്പനിയുടെ മീറ്റിംഗ്?" "അത് പിന്നെ..എടീ ..ഞാ.. നമ്മുടെ..." ഒരു നമ്പർ ഇട്ടു നോക്കിയതാണെങ്കിലും അതേറ്റു. "ചുമ്മാ ബബബ്ബ പറയാതെ വീട്ടിലോട്ട് വന്നേ..ഈയിടെയായി രവിക്ക് കുടുംബകാര്യങ്ങൾ തീരെ ശ്രദ്ധയില്ല.. ഇത്രയും തിരക്കെന്താണ്..എന്റെ കാര്യം വിട്.. പിള്ളേര് ഒന്നു എൻജോയ് ചെയ്തിട്ട് എത്ര നാളായി".

" അവർക്കെന്നാ അവിടെ ഒരു കൊറവ്.. എന്ജോയ്‌മെന്റിന്..ടി വി യും നെറ്റുമൊക്കെ ഇരിപ്പില്ലേ?".

"ഓ...ഈ മനുഷ്യനെ ഞാൻ..മനുഷ്യാ അവരെ പുറത്തോട്ടൊക്കെ ഒന്നു കൊണ്ട് പോയിട്ട് നാളെത്രയായെന്നറിയോ?".

അവളുടെ പല്ല് ഞെരിയുന്ന ശബ്ദം ഫോണിൽ കേട്ടിട്ടാവണം രവി പിന്നെ കൂടുതലൊന്നും പറയാതെ വരാമെന്ന് പറഞ്ഞു..

"എങ്കി ഒരു കാര്യം ചെയ്യ് ഒരു എട്ടെട്ടര ആവുമ്പോഴേക്കും നീയും മക്കളും റെഡി ആയി നിന്നോ.. നമുക്കിന്ന് അടിച്ചു പൊളിക്കാമെന്നു പിള്ളേരോട് പറഞ്ഞേര്".ഹൗ...ഭാഗ്യം.എന്ത് പറ്റി.പെട്ടെന്ന് തന്നെ വരാമെന്ന് പറഞ്ഞതിൽ ചെറിയൊരു അത്ഭുതം തോന്നിയെങ്കിലും അവൾ കുട്ടികളുടെ അടുത്തേക്കോടി.

"ടാ മക്കളെ..ഒരു സർപ്രൈസ് ന്യൂസ്...ടൺ ടണേ..."

."എന്താ മമ്മീ ..ഇന്ന് ഇവിടെ ആരെങ്കിലും വരുന്നുണ്ടോ" ആഷിയുടെ വകയാണ് ഭാവവ്യത്യാസം ഇല്ലാതെയുള്ള മറുചോദ്യം വന്നത്". "ഏയ്‌..ഇതതൊന്നുമല്ല..അതിലും വലുതാണ്". "എന്നാപ്പിന്നെ മമ്മി അടുക്കളജോലി  രാജി വച്ചു കാണും".ആദി ചിരിച്ചു കൊണ്ട് പറഞ്ഞു..

"പോടാ" ദേഷ്യം വന്നെങ്കിലും സുമ ചിരിച്ചു. "കൂടുതൽ വെയ്റ്റ് ചെയ്ത് സമയം കളയണ്ട.നമ്മൾ ഇന്ന് പുറത്തേക്ക് പോകുന്നൂ...എന്നിട്ട് അടിച്ചു പൊളിക്കുന്നു..ഡിന്നറൊക്കെ കഴിച്ചു തിരിച്ചു വരുന്നൂ..എങ്ങനെയുണ്ട്. പപ്പ ഇപ്പൊ വിളിച്ചു പറഞ്ഞതാണ്. വേഗം റെഡിയായി നിൽക്കാൻ..കമോൺ ..കമോൺ.."

രണ്ടും വിശ്വാസം വരാതെ പരസ്പരം നോക്കി നിൽക്കുന്നു.

 അവരുടെ മുഖത്തെ അത്ഭുതം യാദൃശ്ചികമായിരുന്നില്ല. "മമ്മി ദേ അഞ്ചു മിനിറ്റിനകം റെഡി ആവാൻ പോകേണ്.. പപ്പ ഇപ്പൊ ഇങ്ങെത്തും..പറഞ്ഞില്ലെന്നു വേണ്ട..".അതും പറഞ്ഞു അവൾ  മുറിക്കുള്ളിലേക്ക് കയറിയപ്പോൾ അവർക്ക് വിശ്വാസമായി.

 പിന്നെ അവിടെ നടന്നത് ഒരു മാരത്തോൺ തന്നെയായിരുന്നു. പുറത്തേക്ക് വന്ന സുമ അന്തം വിട്ടു .. രണ്ടും ഒരുങ്ങി സിറ്റൗട്ടിൽ  കാത്ത് നിൽക്കുന്നു.. ...

"ഓഹോ..അപ്പോ എന്റെ ഹെൽപും ഫോഴ്സുമില്ലാതെ തന്നത്താൻ ചെയ്യാൻ ചെയ്യാനറിയാല്ലേ..അതും ഇത്ര പെട്ടെന്ന്"."ഈ..." അവർ രണ്ടും ഇളിച്ചു നിന്ന് അവളെ ഗോഷ്ടി കാണിച്ചു..മൂന്ന് പേരും ഓരോ വണ്ടിയും രവിയാണോ എന്നു നോക്കിക്കൊണ്ടിരുന്നു.

"സമയം ഒമ്പതാവാനായിട്ടും പപ്പയുടെ പൊടി പോലുമില്ലല്ലോ മമ്മീ..ഒന്നു വിളിച്ചു നോക്കിയേ.." ആഷിക്ക് ക്ഷമ നശിച്ചു തുടങ്ങിയിരുന്നു..

അവൾ മൊബൈലെടുത്തു."ഫോൺ റിംഗ് ചെയ്യുന്നുണ്ട്..പക്ഷേ നോ രക്ഷ..".

"ഒന്നൂടെ വിളിച്ച് നോക്ക്" ആദിയും ആകെ മൊത്തം കലിപ്പിലാണ്..

 അല്ലെങ്കിലും പറഞ്ഞ സമയത്തു വരാതെ കാത്തിരിക്കുന്നതിൽപ്പരം വെറുപ്പിക്കൽ വേറെയില്ല..

സമയം ആരെയും കാത്തുനിൽക്കാനില്ലാതെ പോയിക്കൊണ്ടിരുന്നു.  പതിനൊന്നാവാൻ ഇനി അഞ്ചു മിനിറ്റ് മാത്രം ..മക്കൾ രണ്ടും ബഹളം വെച്ചു ക്ഷീണം കൊണ്ടുറങ്ങിക്കഴിഞ്ഞിരുന്നു..അതിനിടെ വിശക്കുന്നു മമ്മീ എന്നു പറഞ്ഞെങ്കിലും ദേഷ്യം കൊണ്ട് ഒന്നും മിണ്ടിയിട്ടില്ല.കിടക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നുന്നു.

 പെട്ടെന്ന് അവളുടെ നെഞ്ചിൽ ഒരാളൽ. ഇനി രവിക്ക് വല്ലതും പറ്റിക്കാണുമോ. ദൈവമേ.. എന്റെ മനസ്സിൽ ഇത് വരെ തോന്നിയില്ലല്ലോ..ദേഷ്യവും സങ്കടവും സംഘർഷവും ഭയവുമായി മാറി. അവൾ പരിചയമുള്ള പല നമ്പറുകളിലും മാറി മാറി വിളിച്ചു..ആർക്കും ഒന്നും അറിയില്ല..മണി 12 കഴിഞ്ഞിരിക്കുന്നു..ഈ കുഞ്ഞുങ്ങളെ തനിച്ചാക്കി ഞാൻ എങ്ങോട്ട് പോയി അന്വേഷിക്കും. ഗദ്ഗദം കണ്ണുനീരായി പുറത്തേക്കൊഴുകി.

സിറ്റി ഹോസ്പിറ്റലിലേക്ക് ഒന്നു വിളിച്ചു നോക്കിയാലോ. അവിടെ സിസ്റ്റർ ജെസ്സി അവളുടെ സഹപാഠിയാണ്.ഫോണെടുത്തു ഡയൽ ചെയ്യാനൊരുങ്ങവെ ആലോചിച്ചു.എന്തു ചോദിക്കും ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ആരെയെങ്കിലും അഡ്മിറ്റ് ചെയ്തിട്ടുണ്ടോ എന്ന്...വിതുമ്പിപ്പോയി അവൾ. 

എന്തും വരട്ടെ എന്നു കരുതി വിളിക്കാൻ തന്നെ തീരുമാനിക്കവേ പെട്ടെന്ന് ഫോൺ ശബ്ദിച്ചു. രവിയുടെ നമ്പറാണല്ലോ ..ആഹ്ലാദത്തോടെയും എന്നാൽ തെല്ലൊരാശങ്കയോടെയും അവൾ അറ്റൻഡ് ചെയ്തു.

'ഹലോ'.ഭാഗ്യം രവി തന്നെയാണ്.എന്താണ് പറ്റിയതെന്നു ചോദിക്കും മുമ്പേ അവൻ പറഞ്ഞു തുടങ്ങി."സോറി ഡിയർ. ഞാൻ ഇവിടെ നമ്മുടെ ക്ലബ്ബിന്റെ ഗ്രൗണ്ടിൽ കളി കാണാൻ പോയി അവിടെ ഇരുന്നു പോയി.സുദേവ് നിർബന്ധിച്ചപ്പോൾ പോയതാ...മക്കളെന്തിയെ ഉറങ്ങിയോ..ഫുഡ് കഴിച്ചോ നിങ്ങള്. ഞാൻ ഇവന്മാരെല്ലാരും നിർബന്ധിച്ചപ്പോൾ  ഇവിടന്നങ്ങു കഴിച്ചൂ ട്ടോ.. നീ കൊറെ വിളിച്ചാരുന്നോ.. സയ്ല്ലെന്റ് മോഡിലായിരുന്നു ഫോൺ". രവി എത്ര ലാഘവത്തോടെയാണത് പറഞ്ഞു നിർത്തിയത്. ഇത്രയേയുള്ളൂ കാര്യം. ഇങ്ങനെയൊരു സംഭവം പുത്തരിയല്ല. എല്ലാം ഇട്ടെറിഞ്ഞു അപ്പോഴൊക്കെ പോകാനൊരുങ്ങിയതുമാണവൾ..എന്ത് ഫലം.വീണ്ടും സോറി പറഞ്ഞു ഇങ്ങനെയൊന്ന് നടന്നിട്ടേയില്ല എന്ന് വരുത്താനും എന്റെ ഭാഗത്ത്‌ എന്ത് തെറ്റ് എന്ന ഭാവത്തിൽ പെരുമാറാനും രവിക്കറിയാം.. കുറച്ചു നേരം അല്ലെങ്കിൽ ഏറിയാൽ രണ്ടാഴ്ച ഞാൻ മുഖം വീർപ്പിച്ചു നടക്കും. പിന്നെ എല്ലാ ദാമ്പത്യവും ഇതുപോലെ ഒക്കെ തന്നെ ആയിരിക്കും എന്ന് കരുതിയങ്ങ് സമാധാനിച്ചു പഴയ പോലെയാകും. എത്ര ആഗ്രഹിച്ചാലും ഞാനും രവിയും ഇങ്ങനെയൊക്കെ തന്നെ.......ഇത്തവണ ഒരു ന്യൂ ഇയർ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ടത്രേ ഓഫീസിൽ നിന്നും എല്ലാരുമുണ്ടെന്നൊക്കെ കേട്ടു..ആർക്കറിയാം. നടന്നാൽ നടന്നു.

അപ്പൊ ശരി .ഹാപ്പി ന്യൂ ഇയർ..


തസ്‌ലീമ.

2021 ഫെബ്രുവരി 10, ബുധനാഴ്‌ച

എന്റെ ആദ്യ സ്റ്റേജോർമ


അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുകയാണ്.  എത്ര കൊല്ലം മുമ്പെന്നു ചോദിച്ചാൽ ഏകദേശം ഒരു പത്തു... അയ്യട.. അത് വേണ്ട, എന്നിട്ട് വേണം എന്റെ വയസ്സ്  മനസ്സിലാക്കാൻ..നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അത്ര തന്നെ..


സ്കൂൾ കലോൽസവമായിരുന്നു അന്ന്.. രാവിലെ തന്നെ  കലാമത്സരങ്ങൾ  കാണാൻ  രാവിലെത്തന്നെ കുളിച്ചൊരുങ്ങി എന്റെ ഫേവറിറ്റ് ചുവന്ന ചുരിദാറുമിട്ട് ഉപ്പ സൗദീന്ന് കൊണ്ട് വന്ന ഗോൾഡൻ വാച്ചൊക്കെ കെട്ടി മൊഞ്ചത്തിയായി പുറപ്പെട്ടു....


അന്നത്തെ ദിവസത്തിന് വേറെയും വല്യൊരു പ്രത്യേകതയുണ്ടായിരുന്നു... എന്താണെന്നറിയണ്ടേ... എന്റെ ആദ്യത്തെ സ്റ്റേജിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു അന്ന്.. അതേ..ഞാനൊരു സംഭവം ആണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയ ദിവസം..


സ്റ്റേജിൽ കയറുന്നത് ഓരോ നിമിഷവും മനസ്സിലേക്ക് ഓടിയെത്തി.. സന്തോഷവും ടെൻഷനും കാരണം  ആകെയൊരു വല്ലാത്ത അവസ്ഥ..വയറൊക്കെ ഇങ്ങനെ ഗുളു ഗുളൂന്ന് ആയി വരുന്നു..വഴിയിലുടനീളം ചങ്ങായിമാർ പരസ്പരം ഇത് തന്നെ ചർച്ച..  അവനവൻ പങ്കെടുക്കുന്ന ഇനങ്ങളെ പറ്റി..


"എടീ നീ എന്തിനാ പേര് കൊടുത്തെ" കൂട്ടുകാരി ഷൈനിയാണ്..ഞാൻ വല്യ ഗമയിൽ.."ദേശീയഗാനത്തിനും മാപ്പിളപ്പാട്ടിനും..നീയോ?

"ഓഹ്..ഞാൻ ലളിതഗാനം,പദ്യം ചൊല്ലൽ"


അങ്ങനെ കലപില സംസാരിച്ചു കൊണ്ടങ്ങനെ ഒരുവിധം സ്കൂളെത്തി..സ്കൂളിന് ആകെ മൊത്തം ഒരു മാറ്റം..എന്നെപ്പോലെന്നെ മൊഞ്ചത്തിയായിക്ക് ...തോരണങ്ങളും ഒക്കെ തൂക്കി കുരുത്തോലയൊക്കെ വെച്ച് അണിഞ്ഞൊരുങ്ങിയിരിക്കുന്നു....ഇന്നും ആ ഒരന്തരീക്ഷത്തിലുള്ള വിദ്യാലയങ്ങൾ കാണുമ്പോൾ മനസ് കുറെ കാലം പിന്നിലേക്ക് നടക്കും.



സ്കൂളിന്റെ തൊട്ടടുത്തുള്ള നാണുവേട്ടന്റെ പീടിയേന്ന് വെണ്ട്യയും നെല്ലിക്കച്ചാറും വാങ്ങി തിന്നാൻ ഒരുങ്ങുമ്പോൾ ടിം ടിം ടിം ടീം....... ഫസ്റ്റ് ബെല്ലടിച്ചു...


അതും പാവാടക്കീശയിൽ തിരുകി,  

പിന്നെയൊരോട്ടമായിരുന്നു. ക്ലാസ് മുറികളൊന്നും കാണുന്നില്ല, പകരം ബെഞ്ചുകൾ മുഴുവൻ സ്റ്റേജിന് അഭിമുഖമായി നിരത്തി വെച്ചിരിക്കുന്നു (വേർതിരിക്കാത്ത ക്ലാസ് മുറികളായിരുന്നു അന്ന് ഞങ്ങളുടെ സ്കൂളിൽ. ഒരു ക്ലാസ്സിൽ എടുക്കുന്നത് മറ്റു ക്ലാസ്സിൽ കേൾക്കും)..ഇതൊക്കെ കണ്ടതോടെ എന്റെ ജനഗണമനയും ,കരയാനും പറയാനും ഉള്ളിൽ കിടന്നങ്ങനെ വീർപ്പുമുട്ടാൻ തുടങ്ങി.


പരിപാടികൾ ആരംഭിക്കുകയായി  ലളിതഗാനം,പദ്യം ചൊല്ലൽ,സംഘഗാനം, ആംഗ്യപ്പാട്ട്, കഥപറച്ചിൽ.. അങ്ങനെയങ്ങനെ ഓരോന്നായി... എൽ പി ,യൂ പി വിഭാഗങ്ങളിലായി പുരോഗമിച്ചു കൊണ്ടിരുന്നു. സമയം ഉച്ചയായി..വിശപ്പും ടെൻഷനും വയറിനെ കൂടുതൽ അസ്വസ്ഥമാക്കി കൊണ്ടിരുന്നു..


ബ്രേക്ക് ടൈം വന്നു..


നല്ല വെല്ലമിട്ടു കുറുക്കിയ അരിപ്പായസം..മുന്നും പിന്നും നോക്കിയില്ല.. അങ്ങട് മിന്നിച്ചു.. യാ മോനെ...ഇലയിൽ വിളമ്പിയ പായസം കുടിച്ചിട്ടുണ്ടോ.. അസാധ്യ രുചിയാണ്..

പായസം കുടിച്ചു ഏമ്പക്കം വിട്ട ശേഷം ഇളം ചൂടുള്ള ജീരകവെള്ളവും അകത്താക്കിയതോടെ വയറൊക്കെ ഒന്നു അടങ്ങിയിട്ടുണ്ട്..



ഉച്ചയ്ക്ക് ശേഷം ഇനി തുടങ്ങാൻ പോകുന്ന പരിപാടികൾ ഏതെന്നുള്ള അനൗൻസ്‌ മുഴങ്ങി.. മോണോ ആക്ട്, മിമിക്രി, ദേശീയഗാനം, മാപ്പിളപ്പാട്ട്...പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന മട്ടിൽ ഹാളിലേക്ക് കയറിയിരുന്നു..ഇതിനിടയിൽ മറ്റു പരിപാടികളുടെ ആസ്വാദനം നടക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഒരു പരിധി വരെ നടക്കുന്നുണ്ട്..ഇടക്ക് ഒരു ഓർമപ്പെടുത്തൽ പോലെ ഇതങ്ങോട്ട് കയറി വരും ..പക്ഷേ ഇന്നും ഓർമയിൽ തെളിയുന്ന  ഒന്നുണ്ട്..സംസ്‌കൃതം വാർത്ത മിമിക്രി കാണിച്ച ഒരു ചെക്കന്റെ (പേരോർമയില്ല) പെർഫോമൻസ് ആണത്..


പൊടുന്നനെ  മറ്റൊരനൗൺസ് വന്നു..ഒരാഴ്ച മുമ്പ് നടന്ന ചിത്രരചന മത്സരത്തിന്റെ ഫലപ്രഖ്യാപനമാണ്.അങ്ങേയറ്റം ഞെട്ടലോടെയാണ് ഞാനത് കേട്ടത് എന്താന്നറിയണ്ടേ..എന്താ..?അങ്ങനെ ചോദിക്ക്..അതിൽ രണ്ടാം സ്ഥാനം നേടിയത് മറ്റാരുമല്ല..ഈ ഞാൻ തന്നെ. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ.. ഡഗ ഡഗാ..മനസ്സിൽ ഒരേ സമയം പലവിധ ചോദ്യങ്ങൾ അലതല്ലി എന്നൊക്കെ പറയുമല്ലോ..


 എന്തായിരിക്കും സമ്മാനം..എത്രയും പെട്ടെന്ന് ആ സമ്മാനം കയ്യിൽ കിട്ടണമെന്ന ചിന്തയായിരുന്നു പിന്നെ..എന്നാലും

ഞാൻ അത്ര വലിയ വരക്കാരിയാണോ.. ഇത്രേം കുട്ടികളുടെ ഇടയിൽ നിന്നും എന്നെ തെരഞ്ഞെടുക്കാൻ ആ വിധി കർത്താവായ മാഷിനെ അല്ല, ആ മഹാനുഭാവനെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കും.. 

വായിച്ചു മുഖം ചുളിക്കണ്ട.. അന്നത്തെ നാലാം തരക്കാരിയുടെ ചിന്തകൾ വേറെ ഏതൊ തരത്തിലാണെങ്കിലും ആശയം ഇതൊക്കെ തന്നെയായിരുന്നു...


മത്സരങ്ങൾ ഏറെക്കുറെ തീരാറായി.നമ്മളേവരും ആകാംക്ഷയോടെ കാത്തിരുന്ന ദേശീയഗാനമൽസരവും മാപ്പിളപ്പാട്ട് മത്സരവുമാണ് ഇനി അരങ്ങേറാൻ പോകുന്നത്..


മത്സരത്തിൽ പേര് കൊടുത്ത കുട്ടികൾ സ്റ്റേജിന് തൊട്ടടുത്ത് ഓഫീസ് റൂമിലേക്ക് കടന്നു വരേണ്ടതാകുന്നു..


അത് വരെ ഉണ്ടായിരുന്ന ഞാൻ അല്ല ഇനി വരാൻ പോകുന്ന ഞാൻ..ഇനിയുള്ള ഞാനാണ് ശരിക്കുമുള്ള ഞാൻ..


ഓലെഞ്ഞാലി കുരുവിയെ പോലെ കാറ്റിലാടി പാറി കനമില്ലാതെ സ്റ്റേജിന് പിന്നിൽ  ഞാനും പേര് കൊടുത്ത കുട്ടികളുടെയൊപ്പം വരി നിന്നു..പിന്നെ അവിടെ ഞാനൊന്നും കേട്ടില്ല.. ആകെ കേട്ടത് മൂന്നാമതോ

നാലാമതോ ആയി വിളിച്ച എന്റെ പേരാണ്.പിന്നീട് ഞാനുള്ളത്  പതുക്കെ ആരോ തള്ളി വിട്ട പോലെ സ്റ്റേജിൽ..


എന്റെ തൊണ്ട വരണ്ടു..ചെവി രണ്ടും അടഞ്ഞു പോയിരിക്കുന്നു..കുറെ നേരത്തേക്ക് ആകെ മൊത്തം മൂകത...സ്റ്റേജിന് പിന്നിൽ നിന്നും ഏതോ ഒരു മാഷ്‌..ജ ന ഗ ണ മ നയെന്ന് പറഞ്ഞു തരുന്നുണ്ട്..


ജനഗണമന... ജനഗണമന....

ജനഗണമന...ഞാൻ വിക്കി വിക്കി പറയുന്നു..


ബാക്കി വരികൾ എന്ത് കളി കളിച്ചിട്ടും എന്റെ നാവിൽ വരുന്നില്ല..

എന്റെ ഖോജ രാജാവായ തമ്പുരാനേ.... ആഴ്ച്ചയിൽ അഞ്ചു ദിവസവും  ഒരു കൂസലുമില്ലാതെ ആടിക്കൊണ്ട് ഈണത്തിൽ താളത്തിൽ ചൊല്ലുന്ന ദേശീയഗാനം എനിക്ക് മറന്നു പോയിരിക്കുന്നു...ഏത് ഇബ്‌ലീസ് ആണ് എന്നെയത് മറപ്പിച്ചത്..


ആ സമയത്ത് സ്റ്റേജിന് മുന്നിലുള്ള കുട്ടികൾ ഒരു അഗാധ ഗർത്തമായും, ഞാൻ ആ ചുഴിയിലേക്ക് വീഴാൻ പോവുന്ന പോലെയുമാണ്  എനിക്കനുഭവപ്പെട്ടത്..


"കുട്ടി പൊയ്ക്കോളൂ..." പിന്നിൽ നിന്നും മാഷിന്റെ ശബ്ദം..!


ഇത് കേട്ട പാതി കേൾക്കാത്ത പാതി ഞാൻ അവിടെ നിന്നും ഇറങ്ങിയോടി..ആ ഓട്ടം പിന്നെയവസാനിച്ചത് എന്റെ സ്വന്തം വീട്ടിലാണ്...നാണക്കേടും നിരാശയും കാരണം  മനസ്സ് ആകെ മരവിച്ചു പോയിരുന്നു.. 



വീട്ടിലെത്തിയ ശേഷമാണ് എന്റെ സമ്മാനത്തെ കുറിച്ച് ഓർമ വരുന്നത്..അതിനി കിട്ടുമോ എന്നൊരു ഉറപ്പുമില്ലാ..അതും കൂടി ഓർത്തപ്പോൾ സങ്കടം കൂടി വന്നു..

അതിലേറെ വിഷമം, ഇനി സ്കൂളിൽ പോയി കുട്ടികളുടെയും അധ്യാപകരുടെയും മുഖത്ത് എങ്ങിനെ നോക്കും എന്നുള്ളതാണ്. അങ്ങനെയങ്ങനെ...

അപമാനത്തിന്റെ പടുകുഴിയിൽ അകപ്പെട്ട എനിക്ക്  എന്നോട് തന്നെ പുച്ഛം തോന്നി..

ഒരു ദേശീയ ഗാനം പോലും ചൊല്ലാൻ കഴിയാത്ത താനൊക്കെ എന്തിന് കൊള്ളാം..എന്ന് ഇടക്കിടെ ഞാൻ എന്നോട് ചോദിച്ചു കൊണ്ടിരുന്നു..


രണ്ട് ദിവസം കഴിഞ്ഞാൽ തിങ്കളാഴ്ചയാണ്..എന്നെ സംബന്ധിച്ചിടത്തോളം അതി ഭീകരമായിരുന്നു..ആ ദിവസത്തെ കുറിച്ച് ഓർക്കുക എന്നുള്ളത്..

പിറ്റേന്ന് നേരം വെളുത്തപ്പോൾ തലേന്നത്തെ സംഭവം കുറെ മറന്നു തുടങ്ങി. ഞായറാഴ്ച വൈകുന്നേരം നാല് മണി കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നും ആ ഒരു സംഭവം തന്നെ പോയി എന്ന് തന്നെ പറയാം..അന്നാണല്ലോ നമ്മുടെ ആഴ്ചയിലെ പ്രധാന ചലച്ചിത്ര വിനോദ ദിവസം...


അങ്ങനെ അന്ന് പതിവിലും നേരത്തേ ശാന്തേച്ചിയുടെ കോഴി കൂവി. തിങ്കളാഴ്ച നേരം പുലർന്നു..

എനിക്ക് "ചില്ലറ" വയറു വേദനയൊക്കെ വന്നെങ്കിലും ഉമ്മാന്റെ അടുത്ത് അതൊന്നും വിലപ്പോയില്ല..

വെള്ളിയാഴ്ചത്തെ സംഭവത്തിന്റെ പരിഹാസങ്ങൾ ഏറ്റു വാങ്ങാൻ എന്റെ ജന്മം പിന്നെയും ബാക്കിയായി സൂർത്തുക്കളെ..ബാക്കിയായി..


എനിക്കറിയാം നിങ്ങളൊക്കെ അതിന് വേണ്ടി കാത്തിരിക്കുകയാണ്.അതല്ലേ ഇങ്ങനെ ചിരിക്കുന്നത്.. ഒരാളുടെ വീഴ്ചയിൽ അറിയാതെ പോലും ആഹ്ലാദിക്കരുത്..പടച്ചോൻ പൊറുക്കൂല....


പോകുന്ന വഴിക്ക് റോട്ടിൽ കൂടെയുണ്ടായിരുന്ന കുട്ടികളിൽ നിന്നൊക്കെ സാമൂഹിക അകലം പാലിച്ചായിരുന്നു നടപ്പ്...എന്നാലും ആരെങ്കിലും നോക്കുന്നുണ്ടോ കുശു കുശുക്കുന്നുണ്ടോ എന്നൊരു തോന്നൽ....ഏയ്..ഇല്ല..വെറും തോന്നലാണ്..അല്ലെ..അതേ..ശരിക്കും ആണ്..


സ്‌കൂളിൽ എത്തി ബെല്ലടിച്ചിട്ടും ക്ലാസ്സിൽ കയറാൻ ഒരു വൈക്ലബ്യം..പിന്നെ എന്തും നേരിടാൻ ഉറച്ചു ക്ലാസ്സിൽ കയറി..എല്ലാവരും പതിവ് പോലെ തന്നെ.ഞാനൊഴികെ ആർക്കും വല്യ മാറ്റമൊന്നും ഇല്ല. 


 ക്ലാസ്സിൽ ഹാജർ എടുത്തു കൊണ്ടിരുന്നു.. എന്റെ പേര് വിളിച്ചപ്പോൾ, തലയുയർത്തി കൊണ്ട്

ടീച്ചർ " തസ്‌ലീമ എന്തേ സമ്മാനം വാങ്ങാതെ നേരത്ത പോയത്..നിനക്ക് ചിത്രരചനക്ക് സമ്മാനമുണ്ടായിരുന്നല്ലോ.. ഓഫീസ് മുറിയിൽ ഉണ്ട് കേട്ടോ.ഈ പീരിയഡ് കഴിഞ്ഞു വന്നാൽ ഞാനെടുത്തു തരാം കേട്ടോ."


അപ്പൊ എന്റെ തെറ്റിപ്പോയ ജനഗണമന? ആർക്കും അത് ഓർമയില്ലേ..? അപ്പോഴാണ് ആ സത്യം മനസ്സിലായത്..ഞാനൊഴികെ മറ്റാർക്കും അതൊരു വിഷയമേ അല്ലായിരുന്നു.. എന്തിനും ഏതിനും പരസ്പരം കളിയാക്കുന്ന സഹാപാഠികൾക്ക് പോലും..

ഞാനന്നോടിയത്... 

ഇക്കാര്യമൊന്നും അറിയാത്ത വഴിയിലുള്ളവരെ പോലും നേരിടാനാവാതെ അപമാനത്തോടെ ഓടിയതിൽ യാതൊരു കാര്യവുമില്ലായിരുന്നു എന്ന സത്യം മനസ്സിലാക്കാനുള്ള വിവേകം പോലും ആ നാലാം ക്ലാസ്സുകാരിക്കില്ലാതെ പോയി..



എന്നിരുന്നാലും ഒരു പാട് കാലം സ്റ്റേജെന്ന ഭീകര രൂപത്തോട് എനിക്ക് ഭയമായിരുന്നു.. സ്റ്റേജിതര മൽസരങ്ങളിലയിരുന്നു പിന്നീട് എനിക്ക് പ്രിയം.അതാവുമ്പോൾ ആരെയും ഭയക്കേണ്ടല്ലോ.. ഇന്നും ദേശിയഗാനം കേൾക്കുമ്പോൾ  അന്നത്തെ ജനഗണമന എന്റെ മനസ്സിൽ മുഴങ്ങാറുണ്ട്..എന്തിനേറെ, പലപ്പോഴും

 രണ്ട് വാക്ക് സംസാരിക്കാൻ എഴുന്നേറ്റ് നിൽക്കുമ്പോഴും അന്നത്തെ ദിവസം എന്റെ മനസ്സിൽ ഓടിയെത്തും..


ആദ്യസ്റ്റേജ് പെർഫോമൻസ് കാരണം ജീവിതത്തിൽ ആദ്യത്തെ സമ്മാനം വാങ്ങാൻ കഴിയാതെ പോയ കഥ..


ഒരുകാര്യം വിട്ട് പോയി.എനിക്ക് കിട്ടിയ സമ്മാനമില്ലേ അതൊരു കുഞ്ഞു പ്ലാസ്റ്റിക് കണ്ടെയ്‌നർ ആയിരുന്നു.. കുറെ കാലം ഉമ്മ ഉപ്പിട്ട് വെച്ചു..പിന്നെ

വർഷങ്ങളോളം പാത്രം കഴുകുന്ന സബീന പൊടിയെ ആവാഹിച്ച്  മുറ്റത്തു മഴ നനയാനായിരുന്നു അതിന്റെ യോഗം.. ഇടക്ക് നാട്ടിൽ പോയാൽ ഞാനതിനെ കഴുകി ഓമനിക്കാറുണ്ടായിരുന്നു. ഈയടുത്ത കാലം വരെ..


കഴിഞ്ഞ തവണ പോയപ്പോൾ പാത്രവും കണ്ടില്ല..സബീനയുമില്ല..


പിന്നെ...അതിട്ട് വെച്ച എന്റെ ഉമ്മയും...

ഓർമകളുടെ ഉള്ളറകളിൽ മാത്രമായി അവയൊക്കെയും മായാതെ മറയാതെ ഇന്നും തിരി കത്തിച്ചു വെക്കുന്നു..


     *ശുഭം* 


തസ്‌ലീമ അഷ്‌റഫ്.

2021 ഫെബ്രുവരി 4, വ്യാഴാഴ്‌ച

സ്വാഗത ഗാനം

 


വിരുന്നുവന്നവർ ഞങ്ങൾ ..
ഇവിടെ..
വിരുന്നുവന്നവർ ഞങ്ങൾ ...
അറിവിന്നക്ഷരമധുരം തന്നൊരു
തറവാട്ടിൻ തിരുമുറ്റമിതിൽ...
അൽഫലാഹിൻ മുറ്റമിതിൽ..
വിരുന്നുവന്നവർ ഞങ്ങൾ ..
ഇവിടെ..
വിരുന്നുവന്നവർ ഞങ്ങൾ ...

ഇഹപര വിജയം വരിച്ചീടാനായ്-
വിത്തുകൾ പാകിയ ഗുരുനാഥർ.
ഭൗതികജ്ഞാനം പഠിച്ചെടുക്കാൻ-
ചോദനയുണർത്തീ അകതാരിൽ.(2)
               
പരീക്ഷണങ്ങളിൽ പിടിച്ചു നിൽക്കാൻ
കരുത്തു നൽകിയ കലാലയം..
പേരിന്നർതഥം വിജയം എന്നതു -
അന്വർഥമാക്കിയ മഹാലയം.(2)
                     
                     (വിരുന്നു വന്നവർ....)
 
ഇരുളിൽ തടഞ്ഞു വീഴും നാടിന്-
വെളിച്ചമാണീ പൂവാടി..
അതിരുകളില്ലാത്തറിവിന്നുറവകൾ
ഒഴുകിയെത്തും മലർവാടി..(2)

തലമുറ മാറി ചിന്തകൾ മാറി
ഗുരുക്കൾ മാറി എന്നാലും...
തിരകൾ തീർക്കും കടലുകൾ പോലെ,
അറിവിൻ ദാഹമകറ്റുന്നൂ..(2)
                                    (വിരുന്നു വന്നവർ....)

പലരും പലവഴി പോയെന്നാലും,
മറക്കുകില്ലീ ഇടവഴികൾ..
പറഞ്ഞുതീരാ കുസൃതിതമാശകൾ-
മനസ്സിലുണ്ടേ ഒരു പാട്..(2)

വിരുന്നുവന്നവർ ഞങ്ങൾ ..
ഇവിടെ..
വിരുന്നുവന്നവർ ഞങ്ങൾ ...
അറിവിന്നക്ഷരമധുരം തന്നൊരു
തറവാട്ടിൻ തിരുമുറ്റമിതിൽ...
അൽഫലാഹിൻ മുറ്റമിതിൽ..(2)

2021 ഫെബ്രുവരി 3, ബുധനാഴ്‌ച

♥️ഉപ്പ ഞങ്ങളുടെ ഉപ്പാവ♥️


മനസ്സ് നിറയെ ഒരേയൊരു മുഖം മാത്രമേയുള്ളൂ...ഏത് ആൾക്കൂട്ടത്തിലും പുഞ്ചിരിച്ചു കൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന തേജസ്സാർന്ന ഒരു മുഖം.. എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ ഓർമ്മകൾ മറക്കാൻ സാധിക്കുന്നില്ല. ഈ എഴുതുന്ന വാക്കുകൾ മുഴുമിപ്പിക്കാൻ പോലും എനിക്ക് ശക്തി ലഭിക്കുന്നത് ആ ജീവന്റെ കണങ്ങൾ എന്നിലൂടെ ഒഴുകുന്ന രക്തത്തിൽ അലിഞ്ഞു ചേർന്നത് ഒന്നു കൊണ്ട് മാത്രമാണ്‌.ജനനത്തിനും മരണത്തിനുമിടയിലെ അർത്ഥതലങ്ങളുടെ പൂർത്തീകരണങ്ങൾക്കു വേണ്ടിയുള്ള തമോഗർത്ഥങ്ങൾ താണ്ടി,കുടുംബത്തിന്റെ സുഖസുഷുപ്തി തേടിയുള്ള യാത്രയിലെ വിള്ളലുകൾ മണ്ണിട്ടു നികത്താൻ ഒരായുസ്സ് മുഴുവൻ മരുഭൂമിയിൽ ജീവിതം ഹോമിച്ച എന്റെ ഉപ്പ.  ഭൂമിയിൽ മക്കളും പേരമക്കളുമടങ്ങുന്ന ഒരു കൊച്ചുവലിയ നന്മമരത്തിനു വേരുകൾ നല്കിയ ആ സ്നേഹത്തണലിനിന്ന് മണ്ണിൽ നിത്യനിദ്ര.


ആരായിരുന്നു എനിക്കെന്റെ ഉപ്പ.. വാക്കുകൾക്കതീതമാണ് ഉപ്പാവ എന്ന മൂന്നക്ഷരത്തിൽ ഞങ്ങൾ വിളിച്ച ആ തണൽമരം. വാത്സല്യനിധിയായി മക്കളെ സ്നേഹിക്കാനും, ഒരു ചങ്ങാതിയെ പോലെ പെരുമാറുമാറാനും, തമാശകളും ആനുകാലിക ചർച്ചകൾ പങ്കുവെക്കുമ്പോഴും ഗൗരവം ഒട്ടും കുറയാത്ത പിതാവിന്റെ കടമകൾ നിർവഹിക്കാൻ ഉപ്പാക്ക് തടസ്സമായില്ല. ആ ശൗര്യത്തിൽ ഇങ്ങോട്ടും, ഭയത്തിലും ബഹുമാനത്തിലും അങ്ങോട്ടും സ്നേഹക്കൂടുതലിന്റെ നൈർമല്യം ഞങ്ങളറിഞ്ഞു. കൃത്യനിഷ്ഠയിലും വൃത്തിയിലും മറ്റാരുമായിരുന്നില്ല മാതൃക. അവസാനസമയം വരെ ഉപ്പ ആ വിശുദ്ധി കാത്തുസൂക്ഷിച്ചു. മടിഞ്ഞിരിക്കുന്ന ഉപ്പയെ ഞാനൊരിക്കലും കണ്ടിട്ടില്ല. അറുപതിലും ഊർജ്ജസ്വലനായ യുവാവായി മാറാൻ സാധിച്ചത് ഈ സജീവതയായിരുന്നു.

 ഉമ്മയെ സഹായിക്കുന്നതിൽ ഒരു പൗരുഷമില്ലായ്മയും ഉപ്പ കണ്ടിരുന്നില്ല.അടുക്കളയെ ഒരു പെണ്ണിനേക്കാളും ഉപ്പക്കറിയാമായിരുന്നു. കൊച്ചുകുഞ്ഞുങ്ങളെ പരിപാലിക്കുന്ന കാര്യത്തിൽ ഉപ്പയോളം അറിവ് ഞങ്ങൾ മക്കൾക്കാർക്കുമില്ലായിരുന്നു. 

ഉപ്പയെ അനുകരിച്ച് അദ്ദേഹത്തിന്റെ മുന്നിൽ ആളാവാനായിരുന്നു എന്റെ വായനയുടെ തുടക്കം. ഖുർആൻ പാരായണത്തിൽ അക്ഷരശുദ്ധി ഇത്രത്തോളം പ്രാമുഖ്യം ഉണ്ടെന്ന് ഉപ്പയുടെ ശിക്ഷണത്തിൽ നിന്നാണ് മനസ്സിലാക്കിയത്.ഇപ്പോഴും ഖുർആൻ ഓതുമ്പോൾ ആ നിർദ്ദേശങ്ങൾ കാതിൽ മുഴങ്ങും. ചെറിയ മഴയുള്ള ദിവസങ്ങളിൽ പോലും ഞങ്ങളെ സ്കൂളിലയക്കേണ്ടെന്നു ആദ്യകാലത്ത് കത്തുകളിലൂടെയും പിന്നീട് ഫോണിലൂടെയും ഉപ്പ അറിയിക്കുമ്പോൾ ഉമ്മ ചിരിക്കുമായിരുന്നു.  ആദ്യത്തെ മൂന്നു പെണ്മക്കളാൽ സ്വർഗ്ഗം നേടാൻ സാധിക്കണമെന്നു ഉമ്മയോട് എന്നും ഉപ്പ പറയുമായിരുന്നു. അവസാനപ്രസവത്തിൽ നന്നേ പ്രയാസപ്പെട്ട ഉമ്മയോട് നഷ്ടപ്പെട്ട രണ്ടാന്മക്കൾക്ക് പകരം ഇത് അല്ലാഹു നൽകാൻ പോകുന്ന ആൺതരിയായിരിക്കുമെന്ന ശുഭാപ്തിവിശ്വാസം സത്യമായപ്പോൾ അദ്ദേഹം പ്രകടിപ്പിച്ച സന്തോഷവും നാഥനോടുള്ള പ്രാർത്ഥനയിലൂടെയായിരുന്നു. ജീവിതത്തിൽ നന്നേ പ്രയാസപ്പെട്ട പല പ്രതിസന്ധികളിലും ഒരിക്കൽ പോലും പരിതപ്പിക്കാതെ പിടിച്ചു നിർത്താൻ പ്രേരിപ്പിച്ചത് ഈ വിശ്വാസവും പ്രാർത്ഥനയുമായിരുന്നിരിക്കണം.നന്നേ ചെറുപ്പത്തിൽ തന്നെ പിതാവും അധികം താമസിയാതെ മാതാവും ഉപ്പാക്ക് നഷ്ടമായിരുന്നു. എപ്പോഴും നല്ല രീതിയിൽ വസ്ത്രം ധരിക്കണം എന്നതും, സൗന്ദര്യം നിലനിർത്തണമെന്നതും ഉപ്പാക്ക് നിർബന്ധമായിരുന്നു. മാരകരോഗങ്ങൾ വരുത്തുന്ന വൈരൂപ്യം അദ്ദേഹം ഭയപ്പെട്ടു. അതു കൊണ്ട്‌ തന്നെ ആശുപത്രിവാസത്തെയും ഉപ്പ വെറുത്തു. ചികിൽസക്ക് പ്രകൃതിദത്ത മാർഗങ്ങൾ അവലംബിക്കാൻ കാരണവും ഇത് തന്നെ.

അവസാന കാലത്ത് ഉപ്പ ജീവിതത്തെ നന്നായി ആസ്വദിക്കുന്നതായി തോന്നിയിരുന്നു.കാലത്തിനൊത്ത് സഞ്ചരിക്കാൻ അദ്ദേഹം എന്നും താൽപ്പര്യം പ്രകടിപ്പിച്ചു. പേരക്കുട്ടികളോടൊത്ത് കൂടുതൽ സമയം ചിലവിടാൻ അദ്ദേഹം കൊതിച്ചിരുന്നു. അവധിക്കാലം കഴിഞ്ഞെത്തിയപ്പോഴും വിഡിയോ ചാറ്റുകളിലൂടെ അദ്ദേഹം അവരോട് എപ്പോഴും കുശലാന്വേഷണം നടത്തി. . പലപ്പോഴും ഒരു ദിവസം തന്നെ ഒന്നിലധികം തവണ വിളിച്ചു. തിരിച്ചു പോന്നതിന്റെ സങ്കടം അതിൽ നിഴലിച്ചിരുന്നു.

മരണത്തിന്റെ മാലാഖ തൊട്ടടുത്തിയാലും മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്തത് അവന്റെ ഏറ്റവും വലിയ നിസ്സാരത....കാതങ്ങൾക്കിപ്പുറത്തുള്ള മക്കളുടെ ക്ഷേമന്വേഷണം തിരക്കി മണിക്കൂറുകൾക്കകം തന്നെയായിരുന്നു ഉപ്പയെ തിരിച്ചുവിളിക്കാൻ പടച്ചവൻ അവരെ അയച്ചത്. പതിവിനു വിപരീതമായി ആ ശബ്ദത്തിലുള്ള ഇടർച്ച എന്നെ അസ്വസ്ഥയാക്കി. ഉറക്കം വരാതെ മനസ്സ് ഉപ്പയെക്കുറിച്ചോർത്ത് പിടഞ്ഞത് ആകസ്മികതയല്ലെന്നു അൽപ്പം കഴിഞ്ഞ് ആ രാവിന്റെ അന്ത്യത്തിൽ തന്നെ ഹൃദയം തകരുന്ന വേദനയോടെ ഞാനറിഞ്ഞു. എന്റെ പ്രിയതമനും മക്കളും മറ്റു പല നല്ല മനുഷ്യരും കിണഞ്ഞു ശ്രമിച്ചിട്ടും ഏഴാം കടലിനിക്കരെ നിന്നും യാത്രതിരിച്ചിട്ടും അവസാനമായി ആ മുഖമൊന്നു കാണാൻ എനിക്ക് സാധിച്ചില്ല.

ആ ആത്മാവിനെയും വഹിച്ചു 

മാലാഖമാർ പറന്നുയരുമ്പോൾ 

വാനിന്റെ താഴ്ന്ന നിലയിൽ 

യന്ത്രപ്പക്ഷിയുടെ ഉദരത്തിൽ നിന്നു

ഹൃദയം നിറഞ്ഞ പ്രാർത്ഥന നടത്താനേ ഈയുള്ളവൾക്ക് കഴിഞ്ഞുള്ളു...നാഥാ..എന്റെ ഉപ്പാക്കും ഞങ്ങളുടെ മാതാപിതാക്കൾക്കുമൊപ്പം

സ്വർഗ്ഗത്തിൽ ഒരു കുടുംബമായി വീണ്ടും ഒരുമിക്കാനുള്ള ഭാഗ്യം തന്നനുഗ്രഹിക്കണമേ....

 


❤️സ്വതന്ത്ര ഇന്ത്യയിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരോടും അന്യരെന്ന് മുദ്ര കുത്തപ്പെട്ട ഈ മണ്ണിന്റെ അവകാശികളോടും ദുരന്തങ്ങളിലും മഹാമാരിയിലും പ്രയാസമനുഭവിക്കുന്നരോടും ഐക്യദാർഢ്യം❤️


ആഗസ്റ്റ് 15 എനിക്കും ഒരുപാട് വിശേഷപ്പെട്ടതാണ്...


ഇരുപത്തിയൊന്ന് വർഷം....മാതാപിതാക്കളോടൊപ്പം ജീവിച്ചതിനെക്കാൾ കൂടുതൽ😥 പ്രിയപ്പെട്ടവനോടൊപ്പം...😍..എന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും എന്റെ ഇഷ്ടങ്ങളിലും അനിഷ്ടങ്ങളിലും ഒരുമിച്ച്..... ഇണങ്ങിയും പിണങ്ങിയും അടിപിടി കൂടിയും ചിലപ്പോൾ എന്നെ അങ്ങേയറ്റം "സഹികെട്ട് " സഹിച്ചും...എന്റെ വാശികൾക്ക് വഴങ്ങിയും *വീഴ്ചകളിൽ* താങ്ങായും എന്നോടുള്ള സ്നേഹം പുറമേയുള്ളതിനെക്കാൾ ഉള്ളിലൊളിപ്പിച്ചും..


അഞ്ച് മക്കളുടെ ലോകത്ത് ആനന്ദത്തോടെയും..വേവലാതിയോടെയും..


ചിലപ്പോൾ തോന്നും ഞാനാണ് ഈ ലോകത്ത് ഏറ്റവും ഭാഗ്യവതി എന്ന്.. ചിലപ്പോൾ നേരെ തിരിച്ചും.....അതാണല്ലോ ജീവിതം...😍


എന്നാലും ഞാൻ പടച്ചവനോട് നന്ദിയുള്ളവളാണ്...🤲🏻🤲🏻🥰

..


ഈ ദിവസം ഏറ്റവുമാദ്യം 3 കൊല്ലം മുമ്പ് വരെ ആശംസകൾ അറിയിച്ചു വിളിക്കുന്ന ഒരാളുണ്ടായിരുന്നു.... എന്റെ ഉപ്പാവ.....❤️❤️❤️❤️❤️❤️


ഇന്ന് നീ വിളിക്കുമല്ലോ എന്ന് കാത്തിരിക്കുകയാണ് എന്ന് പറയുന്ന പൊന്നുമ്മ...❤️❤️❤️❤️❤️..


 അരികിലില്ലെങ്കിലും അവരുടെ ഓർമകൾ കൂടെയുണ്ട്....പിന്നെ സന്തോഷത്തിലും വേദനയിലും വിളിച്ചന്വേഷിക്കുന്ന കുറെ സൗഹൃദങ്ങൾ.... സ്നേഹനിധികളായ കൂടപ്പിറപ്പുകൾ

 ..അകലങ്ങളിലിരുന്നു പോലും സ്നേഹിക്കുന്നവർ..എല്ലാവർക്കും തിരിച്ചു തരാൻ സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പുസ്തകാസ്വാദനം

 കുറെ കാലമായി വലിയ പുസ്തകങ്ങൾ വായിക്കാറില്ലായിരുന്നു. മടി തന്നെ കാരണം.ചിലപ്പോൾ വായിച്ചു തുടങ്ങി പിന്നീടാവാം എന്ന് വിചാരിച്ച് മാറ്റിവെക്കും. ബെന്യാമിൻറെ ആടുജീവിതമായിരുന്നു ആവേശപൂർവം അവസാനം വായിച്ചത്...ഷെമിയുടെ 'നടവഴിയിലെ നേരുകൾ' (#നടവഴിയിലെ #നേരുകൾ- എന്ന നോവലിനെക്കുറിച്ച് കേട്ടത് മുതൽ വായിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ,ഈയടുത്താണ് സുഹൃത്ത് Subeena Ck യിൽ നിന്നും പുസ്തകം  കയ്യിലെത്തിയത്‌.ഉടനെ ആവേശപൂർവ്വം കൊണ്ടുവന്നെങ്കിലും രണ്ടു മൂന്നു ദിവസം അതേ പോലെ കിടന്നു.പിന്നെ ഒഴിഞ്ഞിരിക്കുമ്പോൾ വായന ആരംഭിച്ചു.. 


സത്യം പറയട്ടെ ഇടക്കൊന്ന് നിർത്തി എന്റേതായ ജോലിയൊക്കെ ചെയ്തത് തികച്ചും യാന്ത്രികമായിട്ടാണ്. ഒരു നിമിഷം പോലും വെറുതെ കളയാതെ വായന തുടർന്നു..വായനക്കിടയിൽ പലപ്പോഴും സങ്കടത്താൽ നെഞ്ച് വിങ്ങുകയും കണ്ണ് നിറയുകയും ചെയ്തു.  കിടന്നിട്ടും ഉറക്കം വരാതെ എഴുന്നേറ്റ് പിന്നെയും തുടർന്നു.വായനയവസാനിച്ചിട്ടും അത് വരച്ചിട്ട ലോകത്തിൽ നിന്നും പുറത്തേക്ക് കടക്കാൻ കുറെ സമയമെടുത്തു.കൗമാരം വിട്ട ശേഷം പിന്നെ ഉറക്കത്തിൽ എഴുന്നേറ്റു വായിക്കുന്ന ശീലം ഇല്ലായിരുന്നു. എഴുത്തുകാരിയുടെ ഓർമകളിലെ കൃത്യത ശെരിക്കും അത്ഭുതം സൃഷ്ടിക്കുന്നതാണ്.എന്തിനേറെ ഓരോ കഥാപാത്രങ്ങളുടെയും ചേഷ്ടകൾ പോലും. ഭാവനകൾക്കതീതമായി പച്ചമനുഷ്യരുടെ ജീവിതം വരച്ചു കാണിക്കുന്നതാവാം ഇത്രത്തോളം ആവേശം കൊള്ളുന്ന തരത്തിൽ ഇത് വായനക്കാരുടെ ഹൃദയം കവരുന്നത്..


യഥാർത്ഥത്തിൽ നായികയുടെ അപാരമായ  ഇച്ഛാശക്തിക്കുമുമ്പിൽ ജീവിതത്തിലെ അടിക്കടി സംഭവിക്കുന്ന പരീക്ഷണങ്ങൾ ഒന്നുമല്ലാതാവുയായിരുന്നു. കൂടെ ഓരോ അപകടങ്ങളിൽ നിന്നും തട്ടിമാറ്റി ദൈവത്തിന്റെ അപാര കാരുണ്യവും.

തെറ്റായ സാമൂഹിക രീതികൾ ഇതു പോലെ എത്രയോ ജീവിതങ്ങൾ സൃഷ്ടിക്കപ്പടാൻ കാരണമായിട്ടുണ്ടാവാം. അതിൽ നല്ലൊരു ശതമാനം ജീവിതവും തകർത്തെറിയപ്പെട്ട കഥകളാവാം. ഉയിർതെഴുന്നേൽക്കുന്നവർ അപൂർവ്വം. തിരസ്കരിക്കപ്പെടുന്നവരോട് കാരുണ്യം കൈക്കൊള്ളാൻ ഇതിന്റെ വായനക്കാർക്കെങ്കിലും സാധിച്ചാൽ അതീ നോവലിന്റെ വിജയമാവും. ഈ കഥയിലെ ഏത് ഭാഗമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ചോദിച്ചാൽ പറയാൻ പ്രയാസമാണ്. എങ്കിലും ഒടുക്കത്തെക്കാൾ ഇടക്ക് വെച്ചാണ് അത് ഹൃദയസ്പർശിയാവുന്നത്.ഒരാപത്തും വരാതിരിക്കാൻ പെടാപ്പാട് പെട്ട് ഒടുവിൽ കരകയറിയപ്പോൾ  തന്നെ തള്ളിപ്പറയുന്ന കൂടപ്പിറപ്പുകളെക്കുറിച്ച് പോലും മോശമായി പ്രതിപാദിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.ആ നല്ല മനസ്സ് തന്നെയാണ് അവളുടെ വിജയവും.


ഒരു കണ്ണൂരുകാരി ആയത് കൊണ്ട്  തന്നെ ഭാഷയിലെ നാടൻ പ്രയോഗങ്ങളും ശൈലിയും സന്തോഷവും ഒപ്പം സ്വന്തം പ്രാദേശിക ഭാഷയിൽ എന്തെങ്കിലുമൊക്കെ കുറിക്കാൻ നമുക്കും ധൈര്യം തരുന്നു.ഒരു പക്ഷെ, വായിച്ചു കഴിഞ്ഞ ഉടനെയായിരുന്നെങ്കിൽ ഈ വിലയിരുത്തൽ പോലും മറ്റൊരു രീതിയിലായേനെ.. ആ സമയത്തെ ആവേശത്തിൽ തോന്നിയ തീക്ഷ്ണത ഇപ്പോഴുള്ള വാചകങ്ങൾക്കില്ലാതെ പോയിരിക്കുന്നു. സമ്പത്തില്ലാത്തിടത്ത് സൗന്ദര്യമെങ്കിലും രക്ഷക്കെത്തിയാലോ എന്ന വ്യാമോഹം സൗന്ദര്യം കുറഞ്ഞ അവളോടുള്ള സമീപനത്തിൽ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കുഞ്ഞാമി എന്ന ഉമ്മ കഥാപാത്രം ശെരിക്കും പൊരുത്തുന്നുണ്ട് ജീവിതത്തോട്. പ്രത്യക്ഷത്തിൽ അവരൊരു തന്റേടിയാണെന്ന് തോന്നുമെങ്കിലും മുറിവേറ്റ ഒരു ഹൃദയം അവരിലുണ്ടെന്നത് മരണത്തിനു തൊട്ടു മുമ്പുള്ള രംഗം മനസ്സിലാക്കിത്തരുന്നുണ്ട്.


 ഗൗരവമായ തമാശയും ചിലപ്പോൾ ചിരിക്കു വക തരുന്നു. 'ഇരുപത്തഞ്ചോളം ഗ്ലാസ് കഴുകിയ അര ഗ്ലാസ് കച്ചറ വെള്ളം' പോലെ...

 ഓരോ അധ്യായവും മാറിവരുമ്പോൾ തുടക്കത്തിൽ ബന്ധമില്ലാതെ തൊന്നുമെങ്കിലും പതിയെ അതുമായി ചേർന്നു വരുന്ന മനോഹര ശൈലി ഏറെ ഇഷ്ടം തോന്നുന്നു. ഇനിയും എണ്ണിയെണ്ണി പറയാൻ ഒരുപാടുണ്ടെങ്കിലും അവയോരോന്നും ഈയൊരു കുറിപ്പിൽ അപര്യാപ്തമാണ്. ചുരുക്കത്തിൽ കാലങ്ങൾ കഴിഞ്ഞാലും പുതുമ നഷ്ടമാകാതെ ഇത് വീണ്ടും വീണ്ടും വായിക്കപ്പെടും എന്നത് നിസ്തർകമാണ്.എഴുത്തിനോടും എഴുത്തുകാരിയോടും ഒരുപാടിഷ്ടം....



പറയാതിരിക്കാൻ നീ

നാവറുത്തുമാറ്റിയപ്പോഴാണ് എൻറ അക്ഷരങ്ങൾക്കിത്ര മൂർച്ചയേറിയത് . സങ്കടങ്ങൾക്കുനേരെ നീ കാതടച്ചപ്പോഴാണ് , ലോകമെന്നെ കവിയെന്നു വിളിച്ചത്.



തിരിച്ചറിവ്

 വിശാലമായൊന്നു നടക്കാൻ-

ഭൂമി മുഴുവൻ ഞാൻ വിലക്ക് വാങ്ങി.
ചിറകില്ലാതെ പറക്കാൻ ആകാശവും.
ആസ്വദിക്കാനുള്ള ഹൃദയവും ,
കാണാനുള്ള കണ്ണുകളും
സ്വയം ചൂഴ്നെടുത്ത കാര്യം 
അപ്പോഴാണെനിക്കോർമ വന്നത്....

പ്രവാസം °°°°°°°°°°

 

പ്രാരാബ്ദത്തിനിടയിലാണ്

അവർ പ്രണയിച്ചത്.

പണവും പ്രതാപവും

പോരെന്നു അവളുടെ പിതാവ് പറഞ്ഞപ്പോൾ

പ്രതീക്ഷയോടെ,

പ്രിയതമക്ക് വേണ്ടി അവനൊരു പ്രവാസിയായി.


ഒടുവിൽ..

പുത്തൻപണക്കാരനായി

പിറന്ന നാട്ടിലെത്തിയപ്പോൾ...

പ്രാപ്തിയുള്ള പത്രാസുകാരനെ കെട്ടി,

പ്രിയ പ്രണയിനിയൊരു

പ്രവാസിനിയായിരുന്നു.


-- തസ്‌ലി

പുസ്തകാസ്വാദനം

 "കാലം മായ്ച്ച കാൽപ്പാടുകൾ"...വേറിട്ട ഒരു വായനാനുഭവം..  പെയ്തിട്ടും പെയ്തിട്ടും തോരാത്ത മഴ പോലെ...

ചിലപ്പോൾ സങ്കടം കൊണ്ട് തൊണ്ട വരണ്ടു.. ചിലപ്പോൾ കണ്ണുകൾ നനഞ്ഞു.. സ്വയം തോന്നാറുള്ള കുറവുകളൊക്കെ മായ്ച്ചു കളയുന്ന പ്രചോദനം പോലെ...ഒഴുക്കിനെതിരെ ആഞ്ഞു തുഴഞ്ഞു ജീവിക്കാൻ പ്രേരിപ്പിക്കുന്ന വഴികാട്ടി..പരീക്ഷണങ്ങളിൽ പതറിപ്പോയേക്കാവുന്നിടത്ത് നിന്ന്  കരുത്തോടെ ഉയിർത്തെഴുന്നേറ്റ ജീവിതം ലാളിത്യവും നിഷ്കളങ്കതയും തുളുമ്പുന്ന വരികളിൽ ആവിഷ്കരിച്ചിരിക്കുന്നു.


വായിക്കാൻ കുറെ നാളായി ആശിച്ചിരുന്നു..ഒടുവിൽ എഴുത്തുകാരിയിൽ നിന്ന് തന്നെ കൈപ്പറ്റാൻ ഭാഗ്യം കിട്ടി...അവരെ കാണുക എന്നതുമൊരു സ്വപ്നമായിരുന്നു.നേരിൽ കണ്ടപ്പോൾ ഈ പ്രതിഭയോട് അത്ഭുതവും ബഹുമാനവും കൂടി വന്നു.അറിഞ്ഞതിനെക്കാൾ കൂടുതലായിരുന്നു മാരിയത്തെന്ന Mariyath Ch നിറപുഞ്ചിരിയുടെ പര്യായമായ ആ മാരിവില്ലിന്റെ ജീവിതകഥ.


കുറഞ്ഞ സമയം കൊണ്ട് തന്നെ നമ്മുടെ സ്വന്തം കൂടപ്പിറപ്പായി അവർ മാറിയ പോലെ.വല്ലാത്ത ഒരു പോസിറ്റീവ് എനർജി പകരുന്ന ഇടപെടൽ. ഇത്രയും നാളത്തെ ജീവിതത്തിൽ നമ്മളൊക്കെ എന്തു ചെയ്തു എന്ന ചോദ്യം വല്ലാതെ അസ്വസ്ഥമാക്കുന്നു. പ്രയാസങ്ങളിൽ നിരാശരായിപ്പോകുന്നവർക്ക് തീർച്ചയായും ഒരു മർഗ്ഗദർശിയാണീ രചന.

 ജീവശ്വാസം പോലും സ്വന്തമല്ലാത്ത നാം എന്തിന്റെ പേരിൽ ഊറ്റം കൊള്ളുന്നു...


ഒരേ നിറത്തിൽ  ഞരമ്പുകളിൽ ഓടുന്ന ചുടുചോര വൃത്തികെട്ട കാരണങ്ങളുണ്ടാക്കി നാം എന്തിന് ചിന്തുന്നു..


ധരിച്ച വസ്ത്രം സ്വയം അഴിച്ചു മറ്റുമെന്നുറപ്പില്ലാത്തപ്പോൾ വസ്ത്രത്തിന്റെ പേരിൽ  എന്തിന് പത്രാസ്‌ കാട്ടുന്നു...


കഴിക്കുന്ന ഭക്ഷണം ഇറക്കാൻ കഴിയുമെന്നറിയാതെ വിഭവങ്ങൾ ഉണ്ടാക്കി ധൂർത്തടിക്കുന്നു....


അറിയുക, നമ്മുടേതായി നമുക്കൊന്നുമില്ല...

നമ്മിലൊരാൾ പിരിഞ്ഞ ശേഷമാണ് നമുക്കവർ ആരായിരുന്നുവെന്ന തിരിച്ചറിവുണ്ടാവുക...


അപരന് ആനന്ദം ലഭിക്കുന്നത് കൂടിയാണ് നമ്മുടെ ഓരോ പ്രവർത്തിയുമെങ്കിൽ അതിൽപ്പരം മനസ്സംതൃപ്തി വേറെയുണ്ടാവില്ല...

വേർപാട്

 മനസ്സിന്റെ സങ്കടപ്പെയ്ത്ത് മറച്ചിരുന്ന കുടയുടെ വില്ലൊടിഞ്ഞിരിക്കുന്നു..


 പ്രതിസന്ധികളിൽ പ്രതീക്ഷിക്കാറുള്ള  വിളിയും നിലച്ചു പോയിരിക്കുന്നു...


പരിഭവഭാണ്ഡം തുറക്കുന്നവർക്കിടയിൽ പരാതി കേൾക്കാത്ത ഒരെയൊരിടം മറഞ്ഞിരിക്കുന്നു...


എങ്കിലും, കൂടെയുണ്ടെന്ന തോന്നലിൽ തന്നെയാണ് പലപ്പോഴും...


ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് പകരം,

പ്രാർത്ഥനയിൽ അഭയം തേടുന്നു...

അതിര്

 എന്റെ വീട് , എന്റെ പറമ്പ്.

അത് മതിൽ കെട്ടി വേർതിരിച്ചത്,

അയൽവാസിക്ക് വഴി

പോകാനല്ലല്ലോ?


എന്റെ ഭൂമി,എന്റെ കിണർ,

അത് കാശ് കൊടുത്ത് കുഴിപ്പിച്ചത്,

എനിക്ക് വെള്ളം കുടിക്കാനല്ലേ.

 

എന്റെ അതിര് കടന്ന്,

പുല്ല് തിന്നിട്ടല്ലല്ലോ

അവന്റെ പശു

വളരേണ്ടത്.


അവന്റെ പറമ്പിലെ,

വെള്ളം ഒഴുക്കി വിടാൻ

എന്റെ പറമ്പിൽ

സമ്മതിക്കില്ല ഞാൻ.


മനുഷ്യാ ,ഒരു മഴയിൽ

തീരുന്നതെയുള്ളൂ എല്ലാം.

കയറിയ വെള്ളം പോയില്ലെങ്കിലും,

എല്ലാം മഴയെടുത്ത് 

പോയാലും ശൂന്യമാവുന്നവ.

മഴയില്ലാത്ത കാലം - ഗൾഫ് മാധ്യമത്തിൽ ഇതിൽ പ്രസിദ്ധീകരിച്ച കുറിപ്പ്

 പതിവ് പോലെ നാട്ടിലേക്ക് വിളിച്ചതായിരുന്നു ഇന്നലെ..വിശേഷങ്ങളന്വേഷിച്ചപ്പോൾ ഉമ്മയുടെ മറുപടി അൽഭുതവും അതിലേറെ ആശങ്കയും നിറഞ്ഞതായിരുന്നു." കിണറ്റിൽ വെള്ളമില്ലാതെ ടാങ്കറടിക്കുകയാണത്രെ!" ഇവിടത്തെ വെള്ളക്ഷാമവും ടാങ്കർ  ഉപയോഗിക്കുന്ന കഥയൊക്കെ കേട്ട് പണ്ട് മൂക്കത്ത് വിരൽ വെച്ചിരുന്ന ഉമ്മയാണീ പറയുന്നത്.

മുന്നൂറ്റിയറുപത്തിയഞ്ചു ദിനവും ശുദ്ധമായ തെളിനീര് കിട്ടിക്കൊണ്ടിരുന്ന കിണറായിരുന്നു. വെള്ളത്തിനു വല്യ ബുദ്ധിമുട്ടില്ലായിരുന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തിൽ പോലും ഇങ്ങിനെയെങ്കിൽ??? ഈ പ്രശ്നം പലരോടും പങ്ക് വെച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കേരളത്തിൽ പല പ്രദേശങ്ങളിലും ഇതേ അവസ്ഥ തന്നെയാണെന്നാണ്.

പത്തുപതിനഞ്ചു  വർഷം മുമ്പാണെന്ന് തോന്നുന്നു. ഉമ്മറത്ത്  പത്രവായനക്കിടയിൽ, 'ഏത് വറ്റാത്ത കിണറുകളും പത്ത് വർഷം കൊണ്ട് വറ്റും'
എന്നുറക്കെ വായിച്ചപ്പോൾ അയൽവാസി ഉൾപ്പെടെ എല്ലാവരും ചിരിച്ചു തള്ളി. എത്ര കാലം കഴിഞ്ഞാലും വറ്റാത്തവയാണെന്ന് തങ്ങളുടെ കിണറുകളെന്ന് പറയുന്നത് കേൾക്കാറുള്ളത് കൊണ്ട് ഒന്നുച്ചത്തിൽ വായിച്ചതാണെങ്കിലും ഇന്ന് കാണുന്ന ദുരവസ്ഥ ഒരിക്കൽ പോലും വിചാരിച്ചതല്ല. 

  പ്രകൃതിയുടെ ഈ അസ്വാഭാവികതയ്ക്ക് ആരാണുത്തരവാദി. മഴയാറു മാസമെന്നു ചൊല്ലിപ്പഠിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
കൃത്യമായ കാലവർഷം ലഭിച്ചിരുന്ന നമ്മുടെ നാട്ടിൽ മഴ ഒരപൂർവ വസ്തുവായി മാറുമോ?
വനനശീകരണം വൻ തോതിൽ അടുത്തകാലങ്ങളിലായി ഞങ്ങളുടെ നാട്ടിലും നടന്നിട്ടുണ്ട്.കുന്നുകൾ ഇടിച്ചു നിരപ്പാക്കി. ഉപയോഗശൂന്യമായി നിലനിന്നിരുന്ന കാടുപ്രദേശം മുഴുവൻ നികത്തി വീടുകൾ പടുത്തുയർത്തി. 
വനനശീകരണം വന്യമൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ഭീഷണി നേരിടുന്ന പ്രശ്‌നമായിരിക്കുന്നു. വനാന്തരങ്ങളിൽ വെച്ചു തന്നെ മൃഗങ്ങളെ കാണാനുള്ള കൗതുകത്തോടെ ഉടലെടുത്ത ഇക്കോ ടൂറിസം പദ്ധതി ദ്രുതഗതിയിൽ വളർന്നതോടെ വനസംരക്ഷണം മറ്റൊരു രൂപത്തിലും ഇല്ലാതായി. ഇതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ വനഭൂമി കയ്യേറ്റം വർധിച്ചു. ഇക്കോ ടൂറിസം നിയമങ്ങൾ ഒന്നും തന്നെ യഥാവിധി പാലിക്കപ്പെടുന്നില്ല.ടൂറിസ്റ്റുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ സംസ്കരിക്കപ്പെടാതെ വനത്തിനുള്ളിൽ അവശേഷിക്കുന്നു.പുഴകളും കുളങ്ങളും ഇല്ലാതാവുന്നു.
നാള്‍ക്കുനാള്‍ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് നമ്മള്‍. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കൈകടത്തലുകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ അടുത്തകാലത്ത് അത് അപകടകരമായ അവസ്‌ഥ പ്രാപിച്ചിരിക്കുന്നു.പ്രകൃതിയേയും അന്തരീക്ഷത്തേയും ചൂഷണം ചെയ്യാതിരിക്കാനും അവയുടെ സംരക്ഷണം ഉറപ്പുവരുത്താനുമാണ് ഇന്ത്യയില്‍ പരിസ്ഥിതി നിയമങ്ങള്‍ കൊണ്ടുവന്നത്. അവ വെറും കടലാസുകളിൽ ഒതുങ്ങി.
വനദിനം ,പരിസ്ഥിതി ദിനം, ഭൗമദിനം ഇവയൊക്കെ വെറുതെ ആചരിച്ചു പോകുന്നു.
നല്ല രീതിയിൽ കൈകാര്യം ചെയ്യാനാണ് ദൈവം മനുഷ്യന് പ്രകൃതിയെ അധീപ്പെടുത്തി കൊടുത്തത് .എന്നാൽ അവൻ പ്രകൃതിയെ അന്യാധീനപ്പെടുത്താൽ ശ്രമിക്കുന്നു. വിശുദ്ധ ഖുർആൻ പറയുന്ന ശ്രദ്ധേയമായ ഒരു പ്രസ്താവനയുണ്ട് “കരയിലും കടലിലും മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് പ്രശ്നങ്ങളുണ്ടായത്.”(റൂം.41).
നമ്മുടെ പച്ചപ്പുകൾ നശിച്ചു പോകാതിരിക്കാൻ എക്കാലത്തെയും അന്വർഥമാക്കി എഴുതിയതാണ് മഹാകവി ഒ എൻ വി ഭൂമിക്കൊരു ചരമഗീതം എന്ന കവിത.
ഉപയോഗിക്കുന്ന ഓരോ തുള്ളി ജലവും കരുതലോടെയാവണം.ഭൂമിയിൽ പതിക്കുന്ന വെള്ളം അവിടെ തന്നെ സംരക്ഷിച്ചു നിർത്തേണ്ട വഴികൾ സ്വീകരിക്കുക.അബ്ദുല്ല അരീക്കോട് എന്നൊരു മനുഷ്യൻ വളരെ ചെലവ് കുറഞ്ഞ രീതിയിലുള്ള മഴവെള്ള സംരക്ഷണ രീതി ആവിഷ്കരിച്ചത് ഈയടുത്ത ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്തിരുന്നു. ഓരോ വീട്ടിലും ഇത്തരത്തിൽ മഴക്കുഴികൾ നിർബന്ധമാക്കിയാൽ ഒരു പരിധിവരെ വെള്ളം ഭൂമിയിൽ തന്നെ നിലനിർത്താൻ കഴിയും.നാം കുഴിച്ച കിണർ നമ്മുടേത് മാത്രമാണെന്ന കടുംപിടുത്തവും ഒഴിവാക്കുക. ജീവനാണ് ജലം. തലമുറകൾ ജീവിക്കേണ്ട ഭൂമിയാണിത്.ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് ജലത്തിന് വേണ്ടിയായിരിക്കുമെന്ന പ്രവചനം പുലരാതിരിക്കണമെങ്കിൽ നമ്മളോരുരുത്തതും മുന്നിട്ടിറങ്ങേണ്ടതുണ്ട്.
അല്ലെങ്കിൽ ഭൂമിയുടെ അവകാശികളായ സർവജീവജാലങ്ങളോടും ചെയ്യുന്ന അപരാധമായിരിക്കും അത്.

പുസ്തകാസ്വാദനം...

 



അനുഭവങ്ങളാണ് ഒരാളെ എഴുത്തുകാരനാക്കുന്നത്. ഒപ്പം ചുറ്റുപാടുകളിലുള്ള നിരീക്ഷണവും തന്നിലെ സർഗ്ഗാത്മകതയും മേളിക്കുമ്പോൾ ഒരു മികച്ച സൃഷ്ടിയായി രൂപാന്തരപ്പെടുന്നു.അത്തരമൊരു വായനാലോകമാണ്  അബു ഇരിങ്ങാട്ടിരിയുടെ ലോ വോൾറ്റേജിൽ ഒരു ബൾബ് നമുക്ക് സമ്മാനിക്കുന്നത്. വേദനനിറഞ്ഞ കൊതിപ്പിക്കുന്ന കൗമാരം..... എടുത്തു ചാട്ടത്തിലും ത്രസിപ്പിച്ചിരുന്ന യൗവനം .... കൊഴിഞ്ഞു പോയ കാലത്തെ സുന്ദരമായ ഒരു കണ്ണാടിയിൽ കാണുന്ന  പ്രതിബിംബം പോലെ വരച്ചിടാൻ ഭാവനയും കഴിവുമുള്ള എഴുത്തുകാരന് മാത്രമെ സാധിക്കുകയുള്ളൂ. അവതാരികയോ ആമുഖമോ ഇല്ലാതെ തന്നെ  ഈ കൃതി വായനക്കാരനെ  പിടിച്ചിരുത്തുന്നതും അത് കൊണ്ട് തന്നെ.
.തെരഞ്ഞെടുത്ത 19 അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന 94 പേജുള്ള ഈ കൃതി സൈകതം ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
പ്രവാസം അനുഭവം ഓർമ ഇവ ചേർന്നതാണ് പുസ്തകത്തിലെ ഉള്ളടക്കം. എന്നാൽ മിക്ക അധ്യായങ്ങളിലും പ്രവാസം സാന്ദർഭികമായി കടന്നുവരുന്നുണ്ട്.

ഭൂമിയിലെ പിടികിട്ടാത്ത വിസ്മയമെന്നാണ്  പ്രവാസത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുമ്പോഴൊക്കെ തോന്നിയിട്ടുള്ളത്. സ്വാർത്ഥതയുടെ പര്യായമായി ഏറെ നിർവചിക്കപ്പെട്ടിട്ടുള്ള മനുഷ്യന് സ്വന്തം ഇഷ്ടങ്ങളെ ഇത്രമേൽ ബലികഴിച്ചു കൊണ്ട് പ്രിയപ്പെട്ടവരുടെ സുഖങ്ങൾക്ക് വേണ്ടി എങ്ങനെയായിരിക്കും പ്രവാസത്തെ തെരഞ്ഞെടുക്കാൻ സാധിച്ചത്‌ അല്ലെങ്കിൽ പ്രേരിപ്പിച്ചത്.  ആരായിരിക്കും ആദ്യത്തെ പ്രവാസി. ആദിമനുഷ്യരായ
ആദമും ഹവ്വയും തന്നെയായിരിക്കില്ലേ അത്.
ലോകം ഇന്നീ കാണുന്ന രൂപത്തിൽ വിവിധ ഭാഷ വേഷ സംസ്കാരങ്ങളായി പടർന്നു പന്തലിച്ചതിന് പിന്നിലും അനവധിനിരവധി പ്രവാസത്തിന്റെ ചരിത്രം തന്നെയാവില്ലേ പറയാനുണ്ടാവുക. ചുരുക്കി പറഞ്ഞാൽ പ്രവാസത്തിന്റെ പല തലങ്ങളിൽ കൂടി ഓരോ മനുഷ്യരും കടന്നു പോകുന്നുണ്ട്. എന്നാൽ അതിജീവനത്തിനു വേണ്ടി നാട് വിട്ടവനെയാണ് നാം ഇന്ന് പ്രവാസിയെന്നു സംബോധനം ചെയ്യുന്നത്.
പ്രവാസത്തെക്കുറിച്ച് അതിശയോക്തി നിറഞ്ഞതും തീക്ഷ്ണവുമായ നിരവധി രചനകൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ ഒരു ശരാശരി പ്രവാസിയുടെ അനുഭവങ്ങളുടെ,
കാലപ്പഴക്കത്താൽ മങ്ങലേൽക്കാത്ത ജീവനുള്ള ഒരു പിടി ഓർമകളാണ് അബു ഇരിങ്ങാട്ടിരിയുടെ ലോ വോൾറ്റേജിൽ ഒരു ബൾബ് .
സൗദിയിൽ എത്തിയ ഏതൊരു വിശ്വാസിയും ആദ്യ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഒന്നാണ് വിശുദ്ധ കഅബാലയം.തന്റെ ആദ്യത്തെ മക്കയാത്രയുടെ അനിർവചനീയമായ വിവരണത്തിലൂടെ ഈ കൃതി ആരംഭിക്കുന്നു. ജിദ്ദയിൽ നിന്നും തുടങ്ങി മക്കയിൽ എത്തുവോളം ആ യാത്രയിലെ തന്റെ കാഴ്ചകളുടെ ഓരോ നിമിഷങ്ങളും ഓർമകളുടെ ചെപ്പ് തുറന്ന് ആത്മീയചൈതന്യത്തോടെ വിവരിച്ചിരിക്കുന്നു. മരുഭൂമിയുടെ മാന്ത്രികതയെ, സ്വയമറിയാതെ... ഒരു കടലാഴങ്ങളിലേക്ക്, താണിറങ്ങുന്ന വശ്യതയിൽ വർണ്ണിക്കുന്ന സുന്ദരവും കാവ്യാത്മകവുമായ സഹിത്യാനുഭൂതിയിൽ വായനക്കാരൻ എത്തിപ്പെടുന്നത് മറ്റൊരു ലോകത്തേക്കാണ് " ആണ്ടുകൾക്കപ്പുറം ആ മണ്ണിൽ വിരിഞ്ഞ് ലോകത്തെ പ്രഭാപൂരിതമാക്കിയ പ്രവചകപ്രഭു തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന നിമിഷങ്ങൾ, സ്വപ്നത്തിപ്പുറം  ആത്മാവിന്റെ അനുഭൂതി വർണ്ണിക്കുന്ന ഭാവനകളായി മാറുന്നു.
ഭാഷയിലെ ലാളിത്യം ഈ കൃതിയെ കൂടുതൽ മനോഹരമാക്കുന്നു.പലപ്പോഴും ബഷീറിനെ ഓർമ്മപ്പെടുത്തുന്ന ഏറനാടൻ ശൈലിയുടെ നിഷ്കളങ്കത കഥാപാത്രങ്ങളെ നേരിൽ കാണുന്ന പ്രതീതിയുളവാക്കുന്നു." അല്ല മാനെ എന്നെ ഇഞ്ചുട്ടി വന്നത് "എന്ന് പറയുന്ന യുവ വൃദ്ധൻ മൂസാക്കയും ,"ന്റെ പടച്ചോനെ, ഇങ്ങനീണ്ടൊ ഓരോരോ കൊത്തിരി കൊള്ള്യാള് ..ചെലക്കാതെ പൊയ്ക്കോ ഇജ്ജബ്ട്ന്ന് എന്ന് പറയുന്ന അബുവിന്റെ പ്രിയപ്പെട്ട ഉമ്മയും, കരച്ചിലിനിടയിലും
ന്റെ മ്മ ഞ്ഞെ കത്ത്യോണ്ടെറിഞ്ഞു എന്ന് പറയുന്ന സാക്ഷാൽ കഥാപുരുഷന്റെ വികൃതിയായ നിഷ്കളങ്കബാല്യവും വായനക്കാർക്ക് മുന്നിൽ തനിമയുള്ള  ദ്ര്യശ്യാവിഷ്കാരം നടത്തുന്നു.
തീ നിറമുള്ള ഉച്ചവെയിൽ എന്ന ഭാഗത്ത്‌ അസുഖം മാറിയതോടെ ഉമ്മയും ഞാനും വല്ലാതെ അടുത്തു എന്ന് പറയുന്നു.അതുപോലെ പിതാവിന്റെ സ്നേഹം വേണ്ടത്ര കിട്ടാതിരുന്നതിലുള്ള സങ്കടവും മറച്ചു വെക്കുന്നില്ല.നാം പരസ്പരം നൽകുന്ന സ്നേഹവും പരിലാളനയും ബന്ധങ്ങൾ എത്രമേൽ ഊഷ്മളമാക്കുന്നു എന്ന നന്മയുടെ പാഠങ്ങൾ പകർന്നു നൽകുന്നു. പലരെയും പോലെ
ആത്മീയമായി ഒന്നത്യം നേടിയ ആഹ്ലാദവും പ്രവാസം കൊണ്ടുള്ള നേട്ടമായി പങ്കുവെക്കപ്പെടുന്നുണ്ട്. 

പരാജിതനല്ലാത്ത  പ്രവാസിയുടെ ചൂടും കുളിരും നൽകുന്ന പ്രതീക്ഷകളാണ്"അവരെ നാം നീന്തൽ പടിപ്പിക്കേണ്ട" എന്ന അധ്യായം നമുക്ക് നൽകുന്നത് .
ഓരോ അധ്യായവും പൂർത്തിയാകുമ്പോൾ ഉള്ളിൽ എവിടെയോ ആർദ്രതയുടെ ഒരിറ്റ് നനവ് നമ്മളറിയാതെ നമ്മിലേക്ക് ഊർന്നിറങ്ങുന്നു. തന്നിലെ എഴുത്തുകാരനെ മികവുറ്റതാക്കുന്നതിൽ പ്രവാസം വളരെയധികം പങ്ക്‌വഹിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.എന്നാൽ അബു ഇരിങ്ങാട്ടിരി ഒരു പ്രവാസി എഴുത്തുകാരൻ  അല്ല. മലയാള സാഹിത്യത്തിൽ തന്റെതായ മുദ്രകൾ ചാർത്തിയ വ്യക്തിത്വമാണ്.
.

അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഏതൊരു എഴുത്തുകാരനും അടയാളപ്പെടുത്തിവെക്കുന്നത് താൻ ജീവിച്ചു തീർക്കുന്ന കാലത്തെയാണ്. അതിനാൽ പ്രവാസത്തിന്റെ സ്പർശനം ഉറപ്പായും അദേഹത്തിന്റെ സൃഷ്ടികളിൽ നാം പ്രതീക്ഷിക്കണം....
ഇടവേളകളിൽ വീണ് കിട്ടുന്ന അവധിക്കാലത്തിന്റെ മധുരവും, രസകരവും, ഉദ്വേഗജനകവുമായ  അനുഭവങ്ങൾ "ഒരൊഴിവു കാലത്ത്" എന്ന ഭാഗത്ത്‌ അദ്ദേഹം വരച്ചിടുന്നുണ്ട്. ആതുരമേഖലയിൽ നടക്കുന്ന തെറ്റായ വിധിയെഴുത്തുകളും സാധാരണക്കാരൻ അനുഭവിക്കുന്ന നിസ്സഹായതയും അതിൽ കാണാം. ലേഖനം ശുഭപര്യവസായിയാകുമ്പോൾ അവർക്കൊപ്പം വായനക്കാരനും ആഹ്ലാദഭരിതനാകുന്നു.

പത്രപ്രവർത്തനം തുടങ്ങിയ കാലത്തെ കോഴിക്കോടൻ  ഓർമകൾ, കഥകളുടെ സുൽത്താനുമായുള്ള ആദ്യസംഗമം, തന്റെ പ്രഥമ നോവലിന്റെ പിറവിക്ക് പിന്നിലെ ചരിത്രം ...... ഓർമകളുടെ ഓളങ്ങളിൽ നമ്മളും അറിയാതെ സഞ്ചരിക്കും. 
നാട്ടിൽ ഒരു സ്ഥിരവരുമാനം എന്ന സ്വപ്നവും പേറി നടക്കുന്ന കഥയാണ് റൈമയുടെ റബ്ബർത്തോട്ടം. 6 ഏക്കർ റബ്ബർ തോട്ടം സ്വന്തമായുണ്ടെന്നു തന്റെ സുഹൃത്തിനോട് അബു പറയുന്നു. തന്റെ പ്രണയിനിയോടുള്ള മുഹബ്ബത്തും മക്കളോടുള്ള വാത്സല്യവുമാണ് നമ്മൾ അവിടെ ദർശിക്കുന്നത്.അവരാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നും അദ്ദേഹം പറയാതെ പറയുന്നു.

മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത കാലത്തെ പ്രവാസ സൗഹൃദങ്ങളുടെ ആഴവും,  നാടും പ്രവാസവും നേർരേഖയിൽ കൊണ്ടുപോകുന്നതിന്റെ ത്യാഗങ്ങളുമാണ് പരദേശിയുടെ പാഠങ്ങൾ എന്ന ഭാഗത്ത്‌.
...കൗമാരത്തിൽ എഴുതിയ ചേറുമ്പിലെ കാക്കകൾ നാട്ടിൽ നിരവധി കുതൂഹലങ്ങളുണ്ടാക്കിയെങ്കിലും  പിന്നീട് അബു എന്ന ഇരിങ്ങാട്ടിരിയുടെ സ്വന്തം എഴുത്തുകാരനെ അവർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ആഹ്ലാദ നിമിഷങ്ങൾ ...

തന്റെ കഥാപാത്രം വർഷങ്ങൾക്കിപ്പുറം കടൽകടന്നെത്തിയപ്പോൾ നല്ലപാതിയുടെ ഉപദേശം സ്വീകരിച്ചു അദ്ദേഹത്തെ സന്ദർശനം നടത്താൻ ഒരുങ്ങുന്ന  രംഗത്ത് ആശങ്കകളെ അസ്ഥാനത്താക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തുകൊണ്ട് അവിടം സ്നേഹസൗഹൃദങ്ങളുടെ  വേദിയാകുന്നത് നാം കാണുന്നു. ഇത് സുലൈഖാസ്വയം വരത്തിൽ  പരാമർശം ഉണ്ടെങ്കിലും ആവർത്തനവിരസത ഒട്ടുമേയില്ലാതെ ഈ കൃതിയിലും നാം  ആസ്വദിച്ചു പോകും.

പ്രവാസിയുടെ   ,ആയുസ്സിന്റെ മുഴുവൻ സമ്പാദ്യവും ,സ്വപ്നവും , ഗൃഹാതുരത്വവും പേറി പടുത്തുയർത്തുന്ന വീട് ...അതിന്റെ ഭാരം താങ്ങുന്നത് മണ്ണിലല്ല അവന്റെ നെഞ്ചിലാണ്.
ഈ സ്വപ്നഗൃഹത്തെ കടലിനിപ്പുറത്തിരുന്നു താലോലിക്കുന്ന ഓരോ പുറപ്പെട്ട് പോയവന്റെയും പ്രതീകമാണ് അബുവിന്റെ കുഞ്ഞാക്ക..ഇടുങ്ങിയ ഫ്ലാറ്റിന്റെ അസൗകര്യങ്ങളിലും അദ്ദേഹം ആനന്ദം കണ്ടെത്തുന്നത് നിത്യവും തന്റെ വീടിന്റെ ചിത്രങ്ങൾ ആസ്വദിച്ചു കൊണ്ടാണ്....

സ്നേഹവും സൗഹൃദവും, വേദനയും വാത്സല്യവും, പ്രതീക്ഷയും പ്രണയവുമെല്ലാം ഒറ്റയിരുപ്പിൽ ആസ്വദിക്കാൻ ജാലകം തുറന്നിടുന്നു അബു ഇരിങ്ങാട്ടിരി എന്ന ആർദ്രഹൃദയമുള്ള എഴുത്തുകാരൻ ഈ കൃതിയിലൂടെ...

പല തവണ യാത്രചൊല്ലിപിരിഞ്ഞാലും വേരുകൾ എത്രതന്നെ അടർത്തിമാറ്റിയാലും ഈ മണ്ണിന്റെ ചൂടിൽ തന്നെ വീണ്ടും അലിഞ്ഞു ചേരുന്ന പ്രവാസി,   മാറിചിന്തിക്കേണ്ടിയിരിക്കുന്നു.. ആനന്തത്തോടെയല്ല, മറിച്ചു ,ക്ഷമയും സംയമനവും കൈവരിച്ച്  പൊരുതിജയിക്കാനുള്ള പക്വതയോടെയാവണം തിരിച്ചുപോകേണ്ടതെന്ന തിരിച്ചറിവ്... അതെ... ലോ വോൾറ്റേജിൽ അല്ല ഹൈ വോൾറ്റേജിൽ തന്നെയാവട്ടെ ഇനിയുള്ള ഓരോ പ്രവാസിയുടെയും ജീവിതം..

ഋതുഭേതങ്ങൾ

 ഓരോ ഋതുവും

പുനർചിന്തകളാണ്...

ഓരോ പുതുമഴയും
പുതിയ പുലർകാലങ്ങളാണ്..
പാതി മരിച്ച മനസ്സിന്
ജീവന്റെ കണങ്ങളാണ്.
വരണ്ട ഭൂമിയുടെ
ഉയിർത്തെഴുന്നേൽപ്പ് പോലെ..
 
ചില കാത്തിരിപ്പുകൾക്ക്
വിരാമമാണ്.
വേനലിന്നറുതി തേടുന്ന 
വേഴാമ്പലിനെ പോലെ..

ഓരോ വേനലും
അതിജീവനച്ചൂടുകളാണ്. 
നഷ്ടസ്വപ്നങ്ങളുടെ
ഓർമപ്പെടുത്തലുകളാണ്.
വരണ്ട ഭൂമിയിലെ
വിള്ളലുകൾ പോലെ..

ഓരോ വസന്തവും
ആത്മപ്രതീക്ഷകളാണ്..
പൂക്കൾ തേടുന്ന 
മധുശലഭങ്ങളെ പോലെ..
പുതിയ നാളെക്കുള്ള
നിശബ്ദ വിപ്ലവമാണ്.
വഴികളിൽ വർണ്ണം ചാർത്തും
ഗുൽമോഹർ പോലെ...
 

തിരിഞ്ഞുനോട്ടം

 പ്രാരാബ്ധത്തിന്റെ മേലങ്കികളഴിച്ച്,

മറന്നുപോയ ഭൂതകാലത്തിന്റെ
നിറമുള്ള ഉടയാടകൾ എടുത്തൊന്നണിയണം.
ഉമ്മാക്ക് സൈര്യം  കൊടുക്കാതെ,
ഉപ്പാന്റെ ഉച്ചമയക്കത്തെ പാതി-
കെടുത്തുമൊരഞ്ചുവയസ്സുകാരിയായ്
അകം നിറയെ ഓടിക്കളിക്കണം.
ഇല്ലാക്കഥകൾ മെനഞ്ഞെടു-
ത്തെന്നിലേക്കവരുടെ ശ്രദ്ധ പിടിക്കണം..
ആരും കാണാതെ അടുക്കളത്തട്ടിലെ
ഹോർലിക്‌സ് കുപ്പിയിൽ കയ്യിട്ടു വാരണം.
പിന്നെയൊന്നുമറിയാത്ത ഭാവത്തിൽ,
കുപ്പായത്തലപ്പിനാൽ ചുണ്ടുതുടക്കണം. ഇറയത്ത് വീഴുന്ന മഴവെള്ളമൊന്നെടുത്ത്, തലയും മുഖവും വെറുതെ നനക്കണം. വടിയെടുത്തോടി വരുമുമ്മയെ തോൽപ്പിച്ചുമ്മാമയുടെ പിന്നിലൊളിക്കണം.
നിസ്കാരമുസല്ല ചളിപുരണ്ടെന്നും
പറഞ്ഞ്, പിറുപിറുക്കുമ്മാമയെ നോക്കി കൊഞ്ഞനം കുത്തണം.
ഉമ്മറക്കോലായിൽ വായിക്കുമുപ്പയെ
ചോദ്യങ്ങൾ ചോദിച്ചു ശല്യപ്പെടുത്തണം.
പഠനം ഏഴാം ക്ലാസ്സിലെങ്കിലും ,
കോളേജിൻ ഭാവത്തിൽ
എഴുതുമിത്താത്ത കത്തിച്ച
മെഴുകുതിരിയൊന്നൂതിക്കെടുത്തണം.
വെല്ലുപ്പ വരും ടോർച്ചിന്റെ സിഗ്നൽ
കണ്ടുറക്കം വരാതെ,
കള്ളത്തരത്തിൽ ശ്വാസം പിടിച്ച്
കണ്ണിറുക്കിക്കിടക്കണം.

സുഖനിദ്ര

തലചായ്ക്കാൻ ഒരു തുണ്ട്

ഭൂമിയില്ലാത്തവനും,

സ്വന്തമാകും മണ്ണിലൊരു
ഏകാന്ത പാർപ്പിടം.
തള്ളിപ്പറഞ്ഞവരൊക്കെയും
പുകഴ്ത്തും  വാക്കുകൾ,
പ്രിയമുള്ളവരുടെ സങ്കടങ്ങൾ,
ക്ഷണിക്കാത്തതിൽ പരിഭവ-
മേതുമില്ലാതെ വന്നയതിഥികൾ.
കേൾക്കുന്നുമില്ല,കാണുന്നുമില്ലവൻ.
മരുന്നും ഭിഷഗ്വരനുമില്ലാതെ
രോഗശാന്തി കൈവരും പൊടുന്നനെ.
വീറും വാശിയും വെട്ടിപ്പിടിക്കലും,
പങ്കുവെപ്പും,കൊള്ളക്കൊടുക്കലും,
എല്ലാം നിലച്ചതിൻ മനഃശാന്തിയാൽ
സുഖമായുറങ്ങുന്നു നിത്യനിദ്ര.

ഒരു പായസ'ക്കത' ഒരു പയേ ഓർമ്മ'ക്കത' *************

 ഓണായാലും വിഷുവായാലും പായസം മുഖ്യം ബിഗിലെ..😋😋😋


ഇതന്റെ ചെർപ്പത്തില് നടന്ന ഒരു കതയാ...കതാന്ന് പറഞ്ഞൂട..ശെരിക്കും നടന്നതാ...

 കൊറെ കൊല്ലം മുന്നേ...ഞമ്മള് അഞ്ചിലോ ആറിലോ ആറ്റാന്തോന്ന്...നല്ല പെരും മയ ള്ള

ഒര് യസം ☔☔☔....ഞാന് പീടിയേൽ പോയിട്ട് ബെരുന്നേനു....ക്ട്ടാട്ടെന്റെ പീടിയെന്നാ ... സാദനോം  മാങ്ങീറ്റ് ഓടി വെരുന്നാ...കൊടയ്ണ്ടെങ്കിലും നല്ലണം നനഞ്ഞിക്ക്.. മേലെല്ലാം... ക്ട്ടാട്ടന്റെ പൊര പീടിയെന്റെ ബേക്കിത്തെന്നെയ...ഞാനോല മിറ്റത്തൂടെന്നെയാ ഓടി ബെരുന്നെ...അന്നേരം ഓറെ പെണ്ണ്ങ്ങള് എന്തോ പറഞ്ഞപോലെ  തോന്നി...അന്നെയാന്ന് തോന്യോണ്ട്  ഞാൻ കൊറച്ച് നേരം ആടത്തന്നെ നിന്ന്.. ഉമ്മാമാനോടാറ്റം എന്തോ പറയാനാന്ന് ബിജാരിച്ചി..കഷ്ടകാലത്തിന് അനക്കാണെങ്കി ജലദോഷോം..😪🤥🤧 ചെവിയെല്ലാം അടഞ്ഞി...ആകെ സുയിപ്പായ്ന്...ഓറെന്തോ പിന്നേം ചോയിച്ച്.... ഞാൻ എന്തെങ്കിലും മറുപടി പറയണ്ടേ ന്ന് ബിയാരിച്ച്... ആ ന്നും പറഞ്ഞി..എന്നാ മോള് ആട നിക്ക്..ഓറ് അതും പറഞ്ഞു അഅ്‌തേക്ക് കേരിപ്പോയി... പിന്ന വന്നത് ഒര് ഗ്ലാസ്സ് പ്രഥമനും കൊണ്ട്...ഞാൻ ചമ്മീന്ന് പറഞ്ഞാല്... ഇങ്ങനത്തെ ചമ്മല് ഞാന് ജീവിതത്തില് ചമ്മീക്കില്ല.😜😜😜🙈🙈🙈🙊🙊..പടച്ചോനേ......തന്ന സ്ഥിതിക്ക് കുടിച്ചിട്ട് നേരെ പൊരക്കേക്ക് പോന്നു....എന്നാലും ഓറെന്തായിരിക്കും അന്നപ്പറ്റി ബിയാരിച്ചിക്കിണ്ടാവുക 😬😬😬.. ...ഇന്നും ഇതോർത്ത്താല്....ഉള്ളിലൊരു ചമ്മലാ.😜😜😜..എന്നാ ആ പായസത്തിന്റെ ടേസ്റ്റ്... ഹോ ...അത് ബല്ലാത്തൊരു സംഭവാ....


കത തീർന്ന് ....ഇത് ഞമ്മളെ സ്വന്തം നാടൻ ഭാഷയാ...തിരിഞ്ഞോലിക്ക് തിരിയും..അല്ലാത്തോല് നട്ടം തിരിയും.....


തസ്‌ലി..

ഒരു മാരത്തോൺ കഥ

°°°°°°°°°°°°°°°°°°°°°°°°°°

ഒരിക്കൽ... എന്നു വെച്ചാ കുറെ കൊല്ലം മുമ്പ് ഈ ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് സ്കൂളും വിട്ട് മെല്ലെ വഴീലുള്ള സകല കല്ലിനോടും മുള്ളിനോടും കിസ്സയും പറഞ്ഞു തിണ്ടുമ്മലെ പുല്ലും പറിച്ചു ഇലകളെല്ലാം മണത്തും ചിലത് രുചിച്ചും ഇങ്ങനെ നടന്ന് പോരേല് വരുന്ന വഴി പെട്ടെന്ന് സ്റ്റോപ്പായിപ്പോയി....കാരണം എന്താന്നറിയണ്ടേ....ആ ഇനിയാണ് ശെരിക്കുമുള്ള കഥ....

ഉമ്മ, വെല്ലുപ്പ,മൂത്തുമ്മ,ഇതാത്ത,അനിയത്തി എന്നിവരടങ്ങുന്ന സംഘമതാ എതിരെ വരുന്നു...സംഗതി എങ്ങോട്ടോ വിരുന്ന് പോകുകയാണ്.സ്കൂളിന്റെ വഴിക്കായത് കൊണ്ട് പോന്നിടം പെട്ടെന്ന് തന്നെ പിടികിട്ടി. വെല്ലുപ്പാന്റെ തറവാട്ടിലേക്ക്.കണ്ടപാടെ എനിക്ക് കലിവരാൻ തുടങ്ങി.എന്നാൽ അത് പ്രകടമാക്കും മുമ്പ് ഉമ്മാന്റെ വക സ്നേഹപ്രകടനം.എന്നിട്ട് പറയുവാ.."മോള് വേഗം പൊരക്ക് ചെല്ല്.ഉമ്മാമ ഒറ്റക്കെയുള്ളൂ. ചോറ് തിന്നണേ. മീൻ പൊരിച്ചതെല്ലാം ഉണ്ട്."

ദേഷ്യം നല്ലോണം വന്നെങ്കിലും പുറമെ നല്ല കുട്ടിയായി എല്ലാം കേട്ട് മിണ്ടാതെ പതുക്കെ നടന്നു. അവര് വളവ് തിരിഞ്ഞതും,പിന്നെ പി ടി ഉഷ തോറ്റ് പോകുന്ന ഓരോട്ടമായിരുന്നു . മനസ്സിൽ സങ്കടവും ദേഷ്യവും കൂടുന്നതിനനുസരിച്ചു ഓട്ടത്തിന്റെ സ്പീഡും കൂടി. എന്നെ ഏറെ വിഷമിപ്പിച്ചത് ഇതാത്തയെ കൊണ്ട് പോയതിലായിരുന്നു.

ശ്വാസം അടഞ്ഞ് അണ്ണാക്ക് വരണ്ടുപോയിരുന്നു വീട്ടിലെത്തുമ്പോൾ.
ബാഗും വലിച്ചെറിഞ്ഞ് യൂണിഫോം പറിച്ചെറിഞ്ഞ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ചുവന്ന സൽവാർ എടുത്തിടുമ്പോൾ ഉമ്മാമ പിന്നാമ്പുറത്ത് ഓല കീറിയിടുന്നത് ജനലിൽ കൂടി കണ്ടു. ഞാൻ വന്നതറിഞ്ഞ പാവം, "ഇഞ്ഞി വന്നാ ..ഓലൊന്നും ഇബ്‌ടെ ഇല്ലാ..ഞാനങ്ങ് വെര്ന്ന് ചോറ് എടുത്ത് തെരാ.." എന്നുച്ചതിൽ വിളിച്ചു പറയുന്നുണ്ട്.

ഒരക്ഷരം മിണ്ടാതെ വന്നതിന്റെ ഡബിൾ സ്പീഡിൽ ഞാൻ വീണ്ടുമോടി.പോകുന്നവഴിക്ക് ആരൊക്കെയോ എന്തിനാ മോളേ ഇങ്ങനെ ഓടുന്നത് എന്ന് ചോദിക്കുന്നുണ്ട്.ആര് കേൾക്കാൻ.അങ്ങനെ നേരത്തെ അവരെ കണ്ടുമുട്ടിയ സ്ഥലത്തെത്തി.ഞാനീ കുതൂഹലങ്ങളൊക്കെ നടത്തി 'അതിബുദ്ധി' കാട്ടി ഓടിയെത്തും വരെയും അവര് അവിടെത്തന്നെ നിൽക്കില്ലയെന്നൊന്നും ചിന്തിക്കാനുള്ള 'സാമാന്യബുദ്ധി'മാത്രം ഈ പാവം എനിക്കില്ലാതെ പോയി. ഓട്ടം പിന്നെയും തുടർന്നു..

ഇടക്ക് രണ്ട് വഴികൾ കണ്ടപ്പോൾ ഒരന്താളിപ്പായി.ഏതോ വീട്ടിലെ പട്ടിയുടെ നിർത്താതെയുള്ള കുര കേൾക്കാമായിരുന്നു. ഉള്ളിൽ ഭയം വന്നു തുടങ്ങി.നേരം ഇരുട്ടാനും.വീടുകളിൽ സന്ധ്യാദീപങ്ങൾ തെളിഞ്ഞു.കുറെ തവണ പോയിട്ടുണ്ടെങ്കിലും കൃത്യമായി വഴി അറിയില്ല.നിരാശ ഓട്ടത്തിന്റെ സ്പീഡ് കുറച്ചു.പെട്ടെന്ന് എന്റെ കുഞ്ഞുതലയ്ക്കകത്ത് ഒരു ബൾബ് കത്തി.കുറെ ആളുകളെ കണ്ടത് കൊണ്ടാവാം പട്ടി കുരച്ചത്. ആ ഊഹം വെച്ച് കുര കേട്ട വഴിയിൽ കൂടി വീണ്ടും ഓടാൻ തുടങ്ങി.

എന്റെ നിഗമനം തെറ്റിയില്ല.അതാ മങ്ങിയ വെളിച്ചത്തിൽ മൂന്നാല് പേർ നടന്നു നീങ്ങുന്നു. വെല്ലുപ്പാന്റെ വെളുത്ത ജുബ്ബ ആ സന്ധ്യയിലും വെട്ടിത്തിളങ്ങുന്നു.മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ചു കത്തി.ഒരു ജേതാവിനെ പോലെ അവരുടെ അടുത്തേക്കെത്തിയപ്പോൾ കിതപ്പ് ഒതുക്കി വളരെ പതുക്കെ നടക്കാൻ തുടങ്ങി.ഞാൻ തൊട്ടടുത്തെത്തിയത് ആരും അറിഞ്ഞില്ലായിരുന്നു.കുറച്ചു കഴിഞ്ഞ് വെല്ലുപ്പാന്റെ തോളിൽ കിടന്ന അനിയത്തി എന്നെ അവർക്ക് കാട്ടിക്കൊടുക്കും വരെ..തിരിഞ്ഞു നോക്കിയ അവരുടെ മുഖത്തെ അമ്പരപ്പ് കണ്ടപ്പോൾ....എന്നിലെ പോരാളിയെയും അഭിനേതാവിനെയും സ്വയം അഭിനന്ദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

പിന്നെ അവിടെ നടന്നത് ഊഹിക്കാവുന്നതേയുള്ളൂ.ഭാഗ്യത്തിന് അടി മാത്രം കിട്ടിയില്ല.എല്ലാരുടെയും വായിലുള്ളത് ഒരുളുപ്പുമില്ലാതെ ഞാൻ കേട്ടു.ഒറ്റയ്ക്ക് വീട്ടിലുള്ള ഉമ്മാമ ഇപ്പൊ എന്നെ കാണാതെ ഏതവസ്ഥയിൽ ആയിരിക്കുമെന്ന ബേജാറായിരുന്നു പിന്നെയവർക്ക്.അപ്പോൾ മാത്രമാണ് ഞാൻ കാണിച്ച അക്രമത്തിന്റെ ഗൗരവം കുറച്ചെങ്കിലും ചിന്തയിൽ വന്നത്.

ഈ സമയമൊക്കെ ഉമ്മാമ എന്നെ തിരഞ്ഞ് നാട് മുഴുവൻ അലയുകയായിരുന്നു.ഒടുവിൽ വഴിയിൽ ഞാൻ ഓടുന്നത് കണ്ട ആരോ പറഞ്ഞത് വെച്ച് സംഗതി ഊഹിച്ചു പാവം സമാധാനിച്ചു.

നടന്ന് നടന്ന് ഒടുവിൽ വെല്ലുപ്പാന്റെ തറവാട്ടിൽ എത്തുമ്പോഴേക്കും എല്ലാരും കൂടി ഒരു കാര്യം തീരുമാനിച്ചിരുന്നു.ഉമ്മാമ ഒറ്റക്കാവാതിരിക്കാൻ വെല്ലുപ്പയും,കൂടെ ഇത്താത്തയും തിരിച്ചു പോവുക.ഞങ്ങൾ അവിടെയെത്തി ചായയൊക്കെ കുടിച്ചു.വെല്ലുപ്പ പള്ളിയിൽ പോയി വന്ന ശേഷം ഓരോട്ടോ പിടിച്ചു വീട്ടിലേക്ക് പോയി.സ്വപ്നങ്ങൾ തകർത്ത എന്നെ കൊല്ലാനുള്ള ദേശ്യത്തോടെ ഇത്താത്തയും അനുസരണയുള്ള കുട്ടിയായി കൂടെ പോയി.ഞാനവളെ നോക്കി ചിരിച്ചു.ഒരിളിഞ്ഞ ചിരി..

പിന്നെ കുറെ കാലത്തേക്ക് ഞാൻ ഒരു കഥാപാത്രമായിരുന്നു. വരുന്നോരോടൊക്കെ അതിശയം പറയാനും ചിരിക്കാനും..എന്നാലിന്ന് ചിരിക്കുമ്പോഴും ഉള്ളിൽ ഒരു ചെറിയ നീറ്റലോടെയേ ഈ കഥ ഓർത്തെടുക്കാനാവൂ. അന്നത്തെ സംഭവത്തിൽ ഏറെ പ്രയാസപ്പെട്ട രണ്ടുപേർ..എന്റെ വെല്ലുപ്പയും ഉമ്മാമയും ഈ ലോകത്തില്ല.അവരുടെ പരലോക മോക്ഷത്തിന് വേണ്ടി മനം നിറയെ പ്രാർത്ഥന....

തസ്‌ലി.

കവിതയുണ്ടാവുന്നത്

 ഉള്ളിൽ കനലെരിയുമ്പോൾ

കവിതകൾ തീവ്രമാകും.
പാതിരാവിലും പതിയെ
കൈകൾ പേനയെ തിരയും.

തിരിഞ്ഞും മറിഞ്ഞും
മടിപിടിച്ചുറക്കം നടിച്ചാലും,
അടഞ്ഞ മിഴികൾക്കുള്ളിലും
അക്ഷരങ്ങൾ നക്ഷത്രങ്ങളാവും.

വേണ്ടെന്നു വെച്ചാലുമവ
പുറന്തള്ളി പിറവിയെടുക്കും.
പിന്നെയവയെ രാകിയെടുത്ത്
മൂർച്ച കൂട്ടി മിനുക്കിയെടുക്കും.

അതോടെ...
ആളിക്കത്തിയ ജ്വാലകൾ
താനേ എരിഞ്ഞടങ്ങും..
ഒരു പിടി ചാരം പോലും 
തെളിവായ്‌ അവശേഷിക്കാതെ
..

ഞാനെന്ന ഭാവം

 നിങ്ങൾ ചിന്തിക്കും മുമ്പ്,

എനിക്കറിയാം.
അത് എനിക്കെതിരാണെന്നു..
അങ്ങനെ എന്റെ ചിന്ത ..
അല്ല..എന്റെ ദുഷ്ടമനസ്സ്
അതിനെതിരെ യുദ്ധം ചെയ്യും..
പിന്നെ നിങ്ങൾ എന്ത് പറഞ്ഞാലും,
എനിക്ക് കേൾക്കാൻ കഴിയില്ല.
അല്ല... കേൾക്കാനെനിക്ക് മനസ്സില്ല.
നിങ്ങളെ മുഖത്തിപ്പോളൊരു
ദ്രംഷ്ട മുളച്ചു..
അല്ല ..ഞാൻ മുളപ്പിച്ചു...
ഞാൻ നിങ്ങളോടൊപ്പം കൂട്ട് കൂടും.
എന്റെ നന്മയെ പറ്റി നിങ്ങൾ
പാടി നടക്കും.
അല്ല....ഞാൻ പറയിപ്പിക്കും..
പതിയെ നിങ്ങളിലെ നന്മകൾ
നശിക്കും..
അല്ല...ഞാൻ നശിപ്പിക്കും...
ഒറ്റക്കാവുമ്പോൾ
നിന്നിലെ വെളിച്ചം കെട്ടുപോകും.
അല്ല..ഞാൻ ഊതിക്കെടുത്തും.
പിന്നെ,
നിങ്ങൾ ഉച്ചത്തിൽ വിളിച്ചു നോക്കും..
ആരും വരില്ല.
പിന്നെ അതിലും ഉച്ചത്തിൽ ദൈവത്തെ വിളിക്കും....
നിരാശരൂപത്തിൽ വീണ്ടും ഞാൻ വരും..
അവസാനം നിങ്ങളെ വിവേകം
നഷ്ടമായവരെ പോലെയാക്കി മാറ്റി
ഞാൻ രക്ഷപ്പെടും..
അതെ..അതാണ് ഞാൻ ആഗ്രഹിച്ചത്.
ഭ്രാന്തമായ നിങ്ങളുടെ അവസ്ഥ.
പിന്നെ ബാക്കിയാവുന്നതോ
വെറും ശൂന്യത...
അല്ല ...ഞാനെന്ന ഭാവം മാത്രം.....??
?

ഓർമ്മക്കുറിപ്പ്

ഒന്നാം സമ്മാനം നേടിയ എന്റെ കലാലയ ഓർമ്മകൾ



ഞാനെന്ന മനുഷ്യനെ ഭൂമിയിലേക്കയച്ച പടച്ചതമ്പുരാന് സർവ്വസ്തുതിയും,

എന്റെ ജനനത്തിനു കാരണമായ മാതാപിതാക്കളോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണെങ്കിലും അവരെ ഓർമിക്കാതെ ഇതെഴുതാൻ വയ്യ.....

  ജീവിതത്തില്‍ ആര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ഒരു കാലഘട്ടമാണ് കലാലയജീവിതം. അത് നമ്മുടെ മനസ്സില്‍ ഉണ്ടാക്കുന്ന ഓര്‍മ്മകള്‍ , മധുരമുള്ളതായാലും കൈപേറിയതായാലും മറക്കില്ല നാം. ആദ്യമൊന്നും അധികം കൂട്ടുകൂടാന്‍ പോകില്ലെങ്കിലും ,പിന്നെ എല്ലാരുമായും സംസാരിക്കാന്‍ തുടങ്ങും, അവസാന വര്‍ഷം  എത്തുമ്പോഴേക്കും പിരിയാനാവാത്ത വിധം അടുത്ത്, പിന്നെ അത് ഒരു തീരാ നൊമ്പരമായ് ഹൃദയത്തിന്റെ അടിത്തട്ടില്‍ കിടക്കും. സ്നേഹം എന്തെന്നും സൌഹൃദം എന്തെന്നും അറിയുന്നവര്‍ക്ക്  ആ വേര്‍പിരിയല്‍ ഉള്‍ക്കൊള്ളാന്‍ അല്‍പ്പം സമയം എടുക്കും.വീണ്ടും കാണാമെന്ന ഉറപ്പില്ലാത്ത വിശ്വാസവാക്കുകൾ.ഇന്ന് വിജയത്തിന്റെ പടവുകള്‍ ചവിട്ടികയറി ജീവിതത്തില്‍ വെന്നികൊടിപാറിച്ചവരും,ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സ്വയം ഒതുങ്ങേണ്ടിവന്നവരുമുണ്ടതിൽ  .... മറക്കാൻ ഓർപ്പിക്കുന്ന മാർച്ച് മാസത്തിലൂടെ കടന്നുപോയ ഓരോ തലമുറയ്ക്കും ഉണ്ടാകും നിസ്സഹായതയുടെ വാതില്‍പ്പുറങ്ങള്‍. ജീവിതത്തിരക്കുകളിൽ കാലം പലതിനെയും മറവിക്ക് വഴി മാറ്റുമെങ്കിലും, മരിക്കാത്തതായ് ചിലതുണ്ട്.വർഷങ്ങൾക്കപ്പുറത്തേക്ക് ,അവ നമ്മെ കൊണ്ടെത്തിക്കും....

 എന്റെ കലാലയജീവിതം .ഓർമകളുടെ നനുത്ത സുഗന്ധം. പൊയ്‌പോയ വസന്തത്തിൽ നിന്നും അടർന്നു പോയ ഒരു റോസാദളം പോലെ.......
   കാലം തെറ്റാതെ പെയ്തിരുന്ന ഒരു ജൂൺ മാസാരംഭത്തിൽ അന്നാദ്യമായി ഞാൻ കാൽനട യാത്ര അവസാനിപ്പിച്ചു ബസ്സിൽ സ്‌കൂളിലേക്ക്‌.പരിചിതമല്ലാത്ത മുഖങ്ങൾ.പുതിയ സ്ഥലങ്ങൾ .... ജനൽചില്ലുകൾക്കിടയിലൂടെ മഴത്തുള്ളികൾ, മുഖത്തേക്ക് തെറിച്ചു വീഴ്ത്തിയ തണുപ്പ്,മഴവെള്ളത്തിൽ ചളി തെറിപ്പിച്ചു സ്‌കൂളിലേക്കുള്ള പോക്ക് നിലച്ചതിന്റെ സങ്കടം മാറ്റി...അനുഭവങ്ങളുടെ പുതു തുറസ്സുകളിലേക്ക് ആനയിക്കപ്പെട്ട ആ യാത്ര ആറേഴു കൊല്ലം തുടർന്നു..
     ഒരു കുഞ്ഞൻ കിണറും അതിനോട് ചേർന്ന ഒരു കോൺക്രീറ്റ് കെട്ടിടവും,കൂടെ രണ്ടു ഷെഡു കൊണ്ടുള്ള ക്ലാസ് മുറികളും...അതായിരുന്നു അന്നത്തെ 'അൽ ഫലാഹ്'. ക്ളാസ്സിൽ പല വിദ്യാലയങ്ങളിൽ നിന്നുമായി ഇരുപത്തഞ്ചോളം പേർ. ചിലരോടൊക്കെ പെട്ടെന്ന് കൂട്ടായി. റെയിൽ പാളത്തിനു സമാന്തരമുള്ള ക്ലാസ്സ്മുറി .ഇടയ്ക്കിടെ ട്രെയിൻ ചൂളം വിളിച്ചു പായും...ആ സമയങ്ങളിൽ ടീച്ചർ ക്ലാസ്സെടുക്കുന്നത് നിർത്തിവെക്കും.കൊള്ളാല്ലോ സംഭവം എന്ന് തോന്നിയിരുന്നു.ചില വിരുത്തതികൾ ട്രെയിനിന്റെ കംപാർട്മെന്റ് എണ്ണുമായിരുന്നു.. ഗുരുനാഥരെ ഓർക്കുമ്പോൾ മനസ്സിലിപ്പോഴാണ് വല്ലാത്ത ബഹുമാനം . ഹിന്ദിയോടുള്ള ഇഷ്ടം പ്രസന്ന ടീച്ചറെ ഒരിക്കലും മറക്കാത്തതാക്കി. സോഷ്യൽ പഠിപ്പിച്ച ഫൗസിയടീച്ചർ,നഫീസടീച്ചർ,അജിതടീച്ചർ.  എട്ടിലെ ലോകചരിത്രത്തിലെ ബോസ്റ്റൺടീപാർട്ടി എന്ന തലക്കെട്ട് കണ്ട് ഒരു സൽക്കാരമാണെന്ന് തെറ്റിദ്ധരിച്ചു പോയിട്ടുണ്ട്. രാത്രിമഴ എന്ന കവിത ചിത്രടീച്ചർ ചൊല്ലിതന്നത്‌ ഇന്നുമുണ്ട് മനസ്സിൽ.ഇംഗ്ലീഷ് അക്ഷരങ്ങൾ ശീതള ടീച്ചർ പറയുമ്പോ നല്ല രസായിരുന്നു. മനോഹരമായി ഖുർആൻ ഓതാൻ പ്രേരണ നൽകിയ ആമിന ടീച്ചർ.അബ്ദുറഹ്മാൻ മാഷ്,സിദ്ധീഖ് മാഷ്,നിമിഷകവി കൂടിയായ അലിമാഷ്...തീരില്ല പട്ടിക.എല്ലാവരുമിപ്പോ എവിടെയാണാവോ?...പിന്നെ ഫലാഹിന്റെ എല്ലാമെല്ലാമായ നാസർക്കയെന്നും നാസർമാഷെന്നും വിളിക്കുന്ന നാസറുസ്താദ്. ഇന്നും മാറ്റമേതുമില്ലാത്ത അലീക്ക. ഉച്ചഭക്ഷണമില്ലാത്ത ദിവസങ്ങളിൽ രണ്ടു രൂപക്ക് അലീക്ക കൊണ്ട് തരുന്ന പൊറാട്ട എത്രയോ കഴിച്ചിട്ടുണ്ട്.പിന്നീടത് സ്കൂൾ കാന്റീനിലെ ചോറിലേക്ക് വഴിമാറിയതിനും സാക്ഷിയായി.പുതിയ കെട്ടിടത്തിലെ  പിന്നീടുള്ള വർഷങ്ങൾ കൂടുതൽ മിഴിവാർന്നതായിരുന്നു. അപ്പോഴും, കുഞ്ഞിക്കിണറിലെ വെള്ളം കുടിയും ,നമസ്കാരവും പഴയതിൽ തന്നെ. പിന്നെ സിദ്ദീഖ് മസ്ജിദിലെ വെള്ളിയാഴ്ച്ച ഖുതുബകൾ.
   അപകർഷതാബോധം വല്ലാതെ പിടികൂടിയ കാലം കൂടിയായിരുന്നു അത്...മോഹം ഉണ്ടെങ്കിലും കലാമത്സരങ്ങളിൽ ആദ്യമൊക്കെ ഒട്ടും പങ്കെടുത്തില്ല.പതിയെ രചന മത്സരങ്ങളിൽ ഒരു കൈനോക്കി.സമ്മാനം കിട്ടിയപ്പോ അത് പതിവാക്കി. എഴുത്തിൽ ഒരു ഭാവിയുണ്ടെന്നു പറഞ്ഞത് മലയാളം പ്രബന്ധം നോക്കി ചിത്ര ടീച്ചറായിരുന്നു.പിന്നീട് പലതും കുത്തിക്കുറിക്കും.ആരെയും കാണിക്കാതെ. പുതിയ അധ്യാപകർ വന്നാൽ അവരുടെ മുന്നിൽ ആളാവാൻ മത്സരം തന്നെ നടക്കാറുണ്ട്.
പരീക്ഷസമയങ്ങളിലെ ഇടവേള ചാണകം പാർക്കെന്നു ഞങ്ങൾ പേരിട്ട സ്കൂൾ വളപ്പിലെ ഒരൊഴിഞ്ഞ മൂലയിലായിരുന്നു. ഒരിക്കൽ ഞാനും ആമിയെന്ന കൂട്ടുകാരിയും അവിടെ വെച്ച് പുളിഅച്ചാർ ഒരു ഫുൾ പായ്ക്ക് വാങ്ങി നുണയവേ ടീച്ചർ പിന്നിൽ വന്നു സംഗതി പിടികൂടി.അന്ന് സങ്കടമായെങ്കിലും ഇന്നവയൊക്കെ ഓർതോർത്തു ചിരിക്കാറുണ്ട്. 
 മറ്റുക്ലാസുകളിലും പോയിരുന്ന് വിക്രസുകൾ ഒപ്പിക്കാറുള്ളത് കൊണ്ട്,മൊത്തം കുട്ടികളുമായും നല്ല അടുപ്പമായിരുന്നു. 
സെക്കന്റ് ട്രിപ്പായിരുന്നു മറ്റൊരു ആവേശം.വണ്ടി കേടായാൽ ജീപ്പിൽ അടുക്കി വെച്ചുള്ള യാത്ര.ചുരുക്കത്തിൽ പരിമിതികളും ആസ്വാദകരക്കിയ നാളുകൾ.സഭാകമ്പമകറ്റി, ആത്മവിശ്വാസം കൊണ്ടുവന്ന സാഹിത്യസമാജങ്ങൾ.

കലാപരിപാടികൾ എല്ലാവർഷവും ഉണ്ടാവാറുണ്ടെങ്കിലും,ദശവാർഷികാഘോഷവും ,മജ്ലിസ് ഫെസ്റ്റും ഓർമ്മയിൽ മായാത്തവ.അന്നുംഇന്നും പ്രതിഭകൾക്കൊരു പഞ്ഞവുമില്ല അവിടെ.
  അസംബ്ലിയിൽ വെയിലേറ്റ കുട്ടികൾ ക്ലാസ്സിൽ തിരിച്ചു പോകുമ്പോൾ എന്നെങ്കിലും എനിക്കും അങ്ങനെയാവണമെന്നാശ തോന്നിയിട്ടുണ്ട്. വിശിഷ്ടവിഭവങ്ങൾ ആരെങ്കിലും ഉച്ചഭക്ഷണമായി കൊണ്ടുവന്ന  ദിവസങ്ങളിൽ അവൾക്ക് പോലും വെക്കാതെ അടിച്ചുമാറ്റി തിന്നും. പത്താം തരമെത്തിയപ്പോൾ എന്തോ മഹാസംഭവമായെന്ന തോന്നലായിരുന്നു. പരീക്ഷ കഴിഞ്ഞു. പുതിയ കൂട്ടുകാർ പിന്നെയും വന്നു.പതിയെ ജീവിതയാത്ര ട്രാക്ക് മാറി....ഓർമ്മകൾ ഇനിയുമെത്ര...

.
ഈ സ്ഥാപനം നേരിട്ട പ്രതിസന്ധികളും ചില്ലറയല്ല. അപ്പോഴൊക്കെ എന്നും പ്രാർത്ഥനയിൽ ചേർത്ത് വെക്കാൻ അധ്യാപകർ ആവശ്യപ്പെടുമായിരുന്നു. ഞങ്ങളിൽ എന്തെങ്കിലും നന്മകൾ ഉണ്ടെങ്കിൽ അതിൽ നല്ലൊരു പങ്ക് ഫലാഹിന്റെതാണ്.
വിജ്ഞാനം പ്രവാചകരുടെ അനന്തരമാണല്ലോ? 
അതിനാൽ,ഉറപ്പിച്ചു പറയാം റബ്ബിന്റെ തുണയിൽ, തലമുറകളുടെ കഥകൾ കൈമാറി,പ്രതിസന്ധികളെ കരുത്തോടെ നേരിട്ട് മയ്യഴിപ്പുഴയുടെ മനോഹരതീരത്ത് നാടിനു വെളിച്ചമായി വിജയപതാക പാറിച്ച് തലയുയർത്തി എന്നുമുണ്ടാവും അൽഫലാഹെന്ന എന്റെ  കലാലയം.

പ്രണയം

 ഇരവിൻ വിരി മാറിലൊരു നക്ഷത്രം -

കൺ ചിമ്മവേ ,
കരളിൽ തേടുന്നു വേഴാമ്പൽപക്ഷി ഞാൻ.
എന്നാണാ പുനഃസമാഗമ സന്ധ്യയിൽ,
തളിരിട്ടുവിരിയും നാം.
അധരത്തിൽ അണിയുവാൻ
നിണശോണിമ നീ തരു.
വിണ്ണിൻ താരമേ ,
എന്നിൽ വന്നണയൂ നീ.
മഴ മുകിലേ ,എണ്ണനുരാഗ ഗാനമായ്-
നീയൊന്നു പെയ്യുമോ?
ഒരു കോടി പൂക്കൾ പോൽ-
പൂത്തുലയും ചന്ദ്രികേ,
അകലെയാം വെൺ ശോഭ-
പകരു നീ എന്നിലായ്.
ഒരു നൂറു ജന്മം ഞാൻ നോമ്പ് നോറ്റു കാത്തിടാം,
എന്നുമെന്നരികിൽ വരുമെന്നു ചൊല്ലു നീ
വിരിയാത്ത രാത്രികളിൽ ,
കൂട്ടിനു നിൻ കനവുകൾ-
ഒരുമിച്ചു ചേർന്നതിൻ ധന്യമാം-
,ഓര്മകൾ
അവയെല്ലാം ഒരു ചിപ്പിക്കുള്ളിൽ-
ഞാൻ സൂക്ഷിച്ചു,
മഴവില്ലിൽ വർണത്താൽ-
പട്ടു ചേല പുതപ്പിച്ചു.
ഉടയാത്ത കുപ്പിവളകൾ നീയന്നുടച്ചപ്പോൾ,
സാഫല്യമായതെൻ മിഴിവേകിയ സ്വപ്‌നങ്ങൾ.
ഇന്നും ഞാൻ നെയ്യുന്നതാ,
സ്വപ്നത്തിൻ നിറമാല്യം.
എന്നാണോ അറിയില്ല-
അതു മാത്രമീ മനം.

ജീവച്ഛവം

 എന്റെ ഞരമ്പുകളിലിപ്പോൾ

ചോരയില്ല
എന്റെ ഹൃദയത്തിനിപ്പോൾ
സ്പന്ദനമില്ല
എന്റെ നഖങ്ങൾക്കിപ്പോൾ
മൂർച്ചയില്ല
എന്റെ നാവിനിപ്പോൾ
ചലനമില്ല
എന്റെ ചുറ്റുമിപ്പോൾ വെളിച്ചമില്ല.

എന്നിട്ടും  ആരുമെന്നെ
ശവമെന്നു വിളിക്കുന്നില്ല. 

തനിച്ചായിപ്പോയവൾ

 അവൾ.....

ആത്മാവിൻ പ്രണയത്തെ
കൂട്ടിലടച്ചവൾ.
പകുത്തെടുത്ത ഹൃദയത്തെ
തിരികെ വച്ചവൾ ..
രാവിന്റെ മുറിവ് ,
പകലിനാൽ തുന്നിച്ചേർത്തവൾ

അവൾ...
നനഞ്ഞ തൂവാലയിൽ
കവിത രചിച്ചവൾ.
പിറന്ന നാട് പോലും വിട്ട്..
പുറപ്പെട്ട് പോയവൾ.
ചിരിച്ചു കൊണ്ട്
കരയാൻ പടിച്ചവൾ....

അവൾ..
കോർത്തു വെച്ച മാല്യം
അണിയാൻ കഴിയാത്തവൾ..
വെളിച്ചത്തെ പേടിച്ച്
ഇരുട്ടിനെ തേടിയവൾ..
വിരലുകളറുത്തു മാറ്റുമ്പോഴും
വീണ മീട്ടാൻ ശ്രമിക്കുന്നവൾ..

അവൾ..
അവൾ....
തനിച്ചല്ലാതിരുന്നിട്ടും-
തനിച്ചായിപ്പോയവൾ

വേരുകൾ

 എന്റെ വേരുകൾ മുഴുക്കെ

ഭൂമിയിൽ ആണ്ടുപോയിരിക്കുന്നു.
പിന്നെ ഞാനെങ്ങനെ
എന്റെ സ്വതം വെളിപ്പെടുത്തും.

പറിച്ചെറിയാനാവത്ത വിധം
എന്റെ പൂർവ്വചരിതം
ഈ മണ്ണിലൂർന്നു കിടന്ന്
കഥകൾ രചിക്കുന്നു.

ഇനിയൊരു സ്വർഗ്ഗം നീ
ഭൂമിയിൽ പണിതെന്നാകിലും
എനിക്ക് നിത്യനിദ്ര
ഈ മണ്ണിൻ ശാന്തതയിൽ.

പുതുപ്പിറവി

അധര മന്ത്രമറിയാത്ത

ജപമാല മുത്തുകളെണ്ണാൻ മറക്കണം

പൊടിപിടിച്ച ജീവിതഭാണ്ഡം
റഹ്മാന്റെ കാരുണ്യത്താൽ വാരിനിറക്കണം

ശവ്വാൽ പിറകാണും രാവിൽ
റമദാനിൻ ഉദരം പിളർന്ന്
വിശുദ്ധി നുകരുംപൈതലായി
വീണ്ടുമൊന്ന് പിറക്കണം.

തെളിഞ്ഞ ആകാശത്തിലെ
മേഘക്കീറിനാൽ
തുന്നിയ മേലങ്കി ചുറ്റി
ഇബ്‌ലീസിനേയും കൂട്ടാളികളെയും
പടവെട്ടി തോൽപിക്കണം.

എന്നും പട്ടിണിനോമ്പ്
നോക്കുന്നവരുടെ പിന്നിലായ്
റയ്യാനിലൂടെ ജന്നാതിൻ
കവാടം കടക്കണം.

വ്രതമാസ പകലിനാൽ
വരണ്ട നാവിലേക്ക്
സൻജബീൽ ചഷകം
പകർന്നു നൽകണം.

ഒടുവിൽ,
നാഥന്റെ ദയാവായ്പ്പിനാൽ
അർഷിന്റെ തണൽ
തണുപ്പ് വിരിക്കും വേളയിൽ
സ്വസ്ഥമായൊന്നു മയങ്ങണം.

മദ്രസ പ്രവേശനോത്സവ ഗാനം

പുതുമഴ വാനിൽ പെയ്തല്ലോ  അറിവിൻ പുലരി വിരിഞ്ഞല്ലോ..  ഉമ്മ തൻ മടിയിൽ നിന്നും നമ്മൾ  മദ്രസ തന്നിലണഞ്ഞല്ലോ.. (2) വിരുന്നു വന്നവർ നമ്മൾ  ഇവിടെ......