ചെരാത്
"എന്റെ ആത്മാവിൽ എരിയുന്ന ഒരു മെഴുകുതിരി വെട്ടമേയുള്ളൂ.. എങ്കിലും, രാവ് നക്ഷത്ര പൂരിതമാണെങ്കിൽ ഞാനെന്തിന് ഭയക്കണം.. ഈ താഴ്വരയിൽ വസന്തം ആഗതമായെങ്കിൽ, എന്റെ ചില്ലയും പൂക്കാതിരിക്കില്ല..'
2026 സെപ്റ്റംബർ 9, ബുധനാഴ്‌ച
മദ്രസ പ്രവേശനോത്സവ ഗാനം
2022 ഒക്‌ടോബർ 3, തിങ്കളാഴ്‌ച
ഫേമസോമാനിയ ●●●●●●●●●●●●●●●
🏵️പൂക്കൾ🌻
💐🌷🌹🌻🌼🌸🌺 ചെറുപ്പത്തിൽ ഒരുപാട് പൂക്കൾ ഉണ്ടായിരുന്നു വീട്ടിൽ ...
ഇടക്ക് ഒരോ കല്യാണം വരുമ്പോൾ മുറ്റം ശരിയാക്കുന്ന പരിപാടിക്കിടയിൽ ചെടികൾ പിഴുതുമാറ്റും .. വീണ്ടും ചെടികൾ നടും.... പൂക്കൾ പുഷ്പിക്കും
വീണ്ടും കല്യാണം വരും ചെടികൾ പിഴുതുമാറ്റും..എന്റെ കല്യാണം വരെ അത് തുടർന്നു... പിന്നെ ചെടികൾ നട്ടെങ്കിലും ഒന്നോ രണ്ടോ മാത്രമേ പൂക്കൾ ഉള്ളത് ഉണ്ടായുള്ളൂ...
ഓരോ പൂക്കൾക്കും ഓരോ ഓർമകളാണ്...അതിരാവിലെ എഴുന്നേറ്റ് മുല്ലപ്പൂച്ചോട്ടിൽ പോയി നിൽക്കുമ്പോൾ കിട്ടുന്ന ഒരനുഭൂതിയുണ്ട്..
🤩🤩🤩🤩
കല്യാണങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു പൂവാണല്ലോ മുല്ല.. മുല്ല മണം കിട്ടാൻ പണ്ട് മണവാട്ടിയെ ചുറ്റിപ്പറ്റി നിൽക്കുക ഒരു വിനോദമായിരുന്നു...
മണവാട്ടിയെ പുതിയാപ്പിള വീട്ടുകാർ വന്ന് ഡ്രസ് മാറ്റുമ്പോൾ ആദ്യത്തെ മുല്ലപ്പൂ അഴിച്ചു മാറ്റും... അപ്പോൾ അത് പീസാക്കി ഞങ്ങൾക്ക് തരും...🤓..കിട്ടാത്ത ചില കുട്ടികൾ അപ്പോൾ പറയുന്ന ഒരു തത്വമാണ് "വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത്"
തലശേരി ഭാഗത്ത് പണ്ട് കല്യാണത്തിന് ആപ്പിൾ വെച്ച മുല്ലപ്പൂ മാലയില്ലെങ്കിൽ പുതിയാപ്ല ആവില്ല... മാലകളുടെ എണ്ണം കൊണ്ട് പുതിയാപ്ലയെ കാണാത്ത അവസ്ഥ വരെ ഉണ്ടാവാറുണ്ട്...
അതിരാവിലെ ചിലപ്പോൾ ബസ് സ്റ്റാന്റിലേക്ക് പോകുന്ന സമയത്ത് സ്റ്റാന്റിന്റെ ഒരു ഭാഗത്ത് മുല്ലപ്പൂ വിൽക്കുന്ന കടകളും സ്റ്റാളുകളും കാണാം ..ആ ഗന്ധം ദീർഘനേരം ശ്വാസം വലിച്ചു ആവാഹിച്ചെടുക്കാൻ നല്ല രസമാണ്..
ചില ബസ്സുകളുടെ ഫോട്ടോകളുടെ താഴെയും മുല്ലപ്പൂ ചാർത്തി വെക്കുന്നത് കാണാം....സീറ്റ് കിട്ടാതെ മുന്നിൽ പിടിച്ചു തൂങ്ങുമ്പോൾ ഈ ഗന്ധം നന്നായി ആസ്വദിക്കാം...
എന്റെ ഉമ്മാക്ക് മുല്ലപ്പൂ മണമുള്ള അത്തറിനോട് നല്ല ഇഷ്ടമായിരുന്നു.. ഗൾഫിൽ നിന്ന് ആദ്യമായി പോകുമ്പോൾ അത് വാങ്ങി കൊണ്ട് പോയി ഉമ്മാക്ക് കൊടുത്ത സമയത്ത് ഉമ്മാന്റെ സന്തോഷം ഏറെ നേരം നോക്കി നിന്നിട്ടുണ്ട്...
സ്വർഗത്തിൽ മുല്ലപ്പൂക്കൾക്കിടയിൽ ഒരു ഭവനം കിട്ടാൻ നാഥൻ അനുഗ്രഹിക്കട്ടെ..
കുറെ പൂക്കളുള്ള വലിയ ഒരു ഉദ്യാനത്തിന് നടുവിൽ ഒരു കുഞ്ഞു വീട് അതായിരുന്നു പണ്ട് സ്വപ്നം കണ്ടത്...പക്ഷേ യാഥാർഥ്യത്തോടടുക്കുമ്പോൾ അതൊന്നും സാധ്യമല്ലല്ലോ...
ഓർമകൾ ഇനിയുമുണ്ട്...ഓർത്തെടുക്കാൻ...പിന്നീടൊരിക്കലാവാം...
🥰🥰🌸🌺🌼🌻🌹🌷💐
2021 നവംബർ 6, ശനിയാഴ്‌ച
❤ ഹൃദയം വിശാലമാക്കുക❤
ഒരു മെഴുകുതിരി വെട്ടത്തിന്റെ ആയുസ്സേ ഭൂമിയിൽ നമുക്കുള്ളൂ..
എരിഞ്ഞടങ്ങും മുമ്പ് പ്രകാശം പരത്തി മറ്റുള്ളവർക്ക് വെളിച്ചമാകണം..
സ്വയം നന്മയുടെ വാഹകരായി ചുറ്റുമുള്ള നന്മയിൽ കൈകോർത്തു പരസ്പരസഹകാരികളാവണം മനുഷ്യൻ.
പുരോഗമന വാദികളാണെന്ന് അവകാശപ്പെടുമ്പോഴും ഉള്ളിന്റെയുള്ളിൽ യാഥാസ്ഥിതികത്വം പറിച്ചെറിയാനാവാത്ത വ്യാധിയായി കുടികൊള്ളുന്നുണ്ടെങ്കിൽ അവർക്ക് തുറന്ന മനസ്സോടെ ചുറ്റും കാണുന്ന നന്മകളെ അംഗീകരിക്കാനാവില്ല. തങ്ങളാണ് ഏറ്റവും വലിയ ശരിയെന്ന അഹംബോധം ജീവിതത്തെ വരിഞ്ഞുമുറുക്കിയിരിക്കും. അവർക്ക് മറ്റുള്ളവരുടെ വികാരത്തെ ഉൾകൊള്ളാൻ ഒരിക്കലും സാധിക്കില്ല. പുറമേക്ക് വിശാലമനസ്കരായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഇവർക്ക് ആൽമരത്തിൻറെ ഭാവമായിരിക്കും. ഇതൊരു നന്മയായി പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും മറ്റുള്ളവർ തങ്ങളുടെ തണലിൽ കഴിഞ്ഞുകൊള്ളണം എന്ന ദുർവാശിയാണത്.
അപരന്റെ സ്വാതന്ത്ര്യത്തിന് എന്നും വിലങ്ങു തടിയായി നിൽക്കുന്നവർ.ഞങ്ങൾ നല്ലവരാണ് എന്നു ഇടക്കിടെ സ്വയം പറഞ്ഞു കൊണ്ടിരിക്കും.സ്വന്തത്തെത്തന്നെ വിശ്വാസമില്ലാത്ത പോലെ. ഇത്തരക്കാർക്ക് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഗൗനിക്കാനും മടിയായിരിക്കും. നല്ലതിനെ ഒരിക്കലും നല്ലതായി കാണാൻ കഴിയുകയോ അനുമോദിക്കുകയോ ചെയ്യില്ലെങ്കിലും ഒരു ചെറിയ തെറ്റ് കണ്ടാൽ വലിയ പാതകമെന്ന രീതിയിലുള്ള പ്രതികരണമായിരിക്കും. മോശമായി പെരുമാറിയ വ്യക്തികളെ തുലനം ചെയ്ത് തങ്ങളൊരിക്കലും അങ്ങനെയല്ല എന്നു പറഞ്ഞുകൊണ്ടിരിക്കും.
*ഇത്തരം സ്വഭാവം ഒരു വ്യക്തിക്കായാലും സംഘടനക്കായാലും പ്രസ്ഥാനങ്ങൾക്കായാലും ഇത് മാറ്റിയാലെ ഭാവി സുഭദ്രമാവൂ..
തസ്‌ലീമ അഷ്റഫ്_
2021 ഫെബ്രുവരി 11, വ്യാഴാഴ്‌ച
സ്കൂൾ ഡയറി ****************
ഈ കഥ നടന്നിട്ട് കുറെ വർഷങ്ങളായി. യു പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന കാലം.....
ഏകദേശം ഉച്ചക്ക് പന്ത്രണ്ട് മണി കഴിഞ്ഞു കാണും.രാജൻ മാഷ് ക്ലാസ്സിൽ കണക്ക് പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. മാഷിനെ നല്ല പേടിയായത് കൊണ്ട് ഇമവെട്ടാതെ ഓരോരുത്തരും ശ്രദ്ധിച്ചിരിക്കുകയാണ് കഞ്ഞിപുരയുടെ തൊട്ടടുത്താണ് ഞങ്ങളുടെ ക്ലാസ് .. കഞ്ഞിയുടെയും ചെറുപയർ വേവിച്ചതിന്റെയും മണം നാസാരന്ദ്രങ്ങളെ തുളച്ച്കൊണ്ടിരുന്നു.. വിശപ്പ് അതിന്റെ മൂർധന്യത പ്രാപിച്ചു കൊണ്ട് കൂടെതന്നെയുണ്ട്...ഉച്ച ബെല്ലടിക്കാൻ അടുത്ത ഒരു പീരിയഡ് കൂടി കഴിയണം..പഠിക്കുന്നതൊന്നും തലയിൽ കയറുന്നില്ല. ബെല്ലടിച്ചു.. ആശ്വാസം.. ഇനി ഒരു പീരിയഡ് കൂടി സഹിച്ചാൽ മതിയല്ലോ..പക്ഷേ ആ സമയത്തെ ഇഗ്ലീഷ് പഠിത്തം ആലോചിക്കുമ്പോൾ..
ബെല്ലടിച്ചു ഏറെ നേരം കഴിഞ്ഞു.. സുജാത ടീച്ചറെ കാണുന്നില്ല.. ടീച്ചർ ഇന്ന് വന്നില്ലേ..ഇല്ലെന്ന് തോന്നുന്നു.മനസ്സിൽ ലഡു പൊട്ടി....ആ സംശയത്തെ ഉറപ്പിച്ചു കൊണ്ട് തൊട്ടടുത്തിരിക്കുന്ന ഷാഹിനയോട് പറഞ്ഞു..ടീച്ചർ ഇന്ന് ഇല്ല മോളേ..അൽപസമയത്തിനുള്ളിൽ തന്നെ ക്ലാസ് മുഴുവൻ ആ വാർത്ത പരന്നു... അതോടെ കുട്ടികളെല്ലാം നല്ല 'അച്ചടക്ക'മുള്ളവരായി..
എന്നാൽ അതിനെ തിരുത്തിക്കൊണ്ട് ടീച്ചർ ഉണ്ടെന്നും നീല സാരിയാണ് ധരിച്ചതെന്നുമൊക്കെ പറഞ്ഞ് ഷൈനിയുടെ പ്രഖ്യാപനം വന്നു . എല്ലാരും കൂടി തർക്കം.. ക്ലാസ്മുറിയാകെ സംഭവബഹുലമായി.കുട്ടികൾ ഇപ്പോൾ രണ്ട് ചേരിയിലാണ്..ടീച്ചർ ഉണ്ടെന്ന് ചിലർ.. ഇല്ലെന്നും ചിലർ..വെറും സംശയത്തെ അല്ലല്ല ആഗ്രഹത്തെ വാർത്തയാക്കിയ ഞാൻ മാത്രം ഒന്നും മിണ്ടാതെ ഇരുന്നു.അന്നേരം വെന്ത ചെറുപയറിന്റെ മണം ഉള്ളിലെ വിശപ്പിന്റെ വിളി കൂട്ടിക്കൊണ്ടിരുന്നു..
ബഹളം തുടർന്നപ്പോൾ മൂന്നാം ക്ലാസ്സിലെ വസന്ത ടീച്ചർ പാഠമെടുക്കാൻ കഴിയാതെ ഞങ്ങളോട് ദേഷ്യപ്പെട്ടു..
എല്ലാത്തിനും നീയാണ് കാരണം..
നീയല്ലേ പറഞ്ഞത് എന്ന് എന്നെ നോക്കി ഷാഹിന ചോദിച്ചു തീർന്നില്ല.
നടത്തത്തിന് സ്പീഡ് കൂട്ടി ഓഫീസ് ബ്ലോക്കിന്റെ ഇടവഴിയിൽ കൂടി ടീച്ചർ ക്ലാസ്സിൽ കിതച്ചെത്തി..മോഹങ്ങൾ മുഴുവൻ അസ്തമിച്ചിരിക്കുന്നു.. വന്നയുടനെ പുസ്‌തകം എടുക്കാൻ ഉത്തരവിട്ടു ടീച്ചർ....ആകെ ശോകമൂകമായ അന്തരീക്ഷം..
പുസ്തകം പരതാൻ ബാഗിൽ കയ്യിട്ടപ്പോഴാണ് ഞാനാ ദുഃഖസത്യം മനസ്സിലാക്കിയത്...കഞ്ഞികുടിക്കാനുള്ള പാത്രവും സ്പൂണും കൊണ്ടുവന്നിട്ടില്ല..
അതോടെ വയറ്റിലെ കത്തിക്കാളൽ കൂടി..
ടീച്ചർ ഗ്രാമർ പടിപ്പിക്കാൻ തുടങ്ങി ..ചിന്ത മുഴുവൻ പാത്രത്തെക്കുറിച്ചായിരുന്നു...ഐഡിയ!
സ്കൂളിൽ കുറച്ചു പാത്രങ്ങളുണ്ടല്ലോ..കൊണ്ട് വരാത്തവർക്ക് ഉപയോഗിക്കാൻ.....ബെല്ലടിച്ചയുടനെ വേഗത്തിൽ ചെന്നെടുക്കണം..വല്യ തൃപ്തി ഇല്ലാത്ത കാര്യമാണ്.(കാരണം വൃത്തിബോധം കൂടുതലുള്ള കൂട്ടത്തിലാണല്ലോ ഞാൻ) .എന്ത് ചെയ്യാം ..എടുക്കാതെ നിർവാഹമില്ലല്ലോ..
ഏഴാം ക്ലാസിലെ പിള്ളേർ കൈകഴുകാനുള്ള വെള്ളവുമായി വരുന്നത് കണ്ടതോടെ ഏകദേശം സമയമായി എന്നുറപ്പിച്ചു.....
"എങ്ങോട്ടാണ് കുട്ടീ നോക്കുന്നത്..എഴുതുന്നില്ലേ നീ " ടീച്ചറുടെ ചോദ്യം എന്നോടാണ്. ധൃതിയിൽ പെൻസിലെടുത്തു എഴുതാൻ തുടങ്ങുമ്പോഴേക്കും ബെല്ലടിച്ചു...ഹാവൂ! രക്ഷപ്പെട്ടു.. പെൻസിൽ ബുക്കിനിടയിൽ വെച്ചു മടക്കി ബാഗിൽ വെക്കാൻ ഒരുങ്ങി..പെട്ടെന്ന് ടീച്ചർ അടുത്തേക്ക് വന്ന് പുസ്തകം തുറന്നു നോക്കി.. "എഴുതി കഴിഞ്ഞില്ലേ ഇത് വരെ? പൂർത്തിയാക്കിയിട്ട് പോയാൽ മതി..ബോർഡിൽ ഉള്ളതിന്റെ പകുതിയിലേറെ ബാക്കിയുണ്ട്..പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ...ഇങ്ങനെയൊരു ചതി ഞാൻ എന്നോട് തന്നെ ചെയ്തല്ലോ...നീ എന്ത് വിഡ്ഢിയാണ്..എന്റെ ഉള്ളിൽ നിന്നും ആരോ പറയുന്ന പോലെ..
സഹപാഠികൾ എല്ലാവരും പുറത്തേക്ക് പോകുന്ന ദയനീയ കാഴ്ച കണ്ട് നിൽക്കാനുള്ള ശക്തി ഇല്ലായിരുന്നു..പോകുന്ന പോക്കിൽ ഒരു പരിഹാസച്ചിരി എല്ലാവരുടെയും മുഖത്തില്ലേ എന്നൊരു സംശയം..അല്ല ഉണ്ട്..രൂപേഷിന്റെ നാവ് കൊണ്ടുള്ള ഗോഷ്ടിയിൽ ശരിക്കുമത് മനസ്സിലായി.. സങ്കടവും വിശപ്പും കൊണ്ട് പെൻസിലിന്റെ ഭാരം കൂടി വന്നു. മൊട്ട കയറാൻ ബുദ്ധിമുട്ടുന്ന ടിപ്പർ ലോറി പോലെ അത് പിന്നോട്ട് തന്നെ വലിഞ്ഞു..ടീച്ചർ ക്ലാസിൽ നിന്നും പോകുന്ന ലക്ഷണം കാണുന്നുമില്ല..അല്ലെങ്കിൽ മെല്ലെ മുങ്ങാമായിരുന്നു.. മുഖത്ത് ദയനീയത വരുത്തി ടീച്ചറുടെ മനസ്സലയിക്കാനുള്ള ഒരു ശ്രമം നടത്തി നോക്കി..ഒരു രക്ഷയുമില്ല.. അവസാനത്തെ ആയുധമായി ഉള്ളത് പ്രാർത്ഥനയാണ്. പടച്ചോനെ...ടീച്ചർക്ക് പോകാൻ തോന്നിക്കണേ.. അതാ എല്ലാവരും കഞ്ഞികുടിക്കാൻ വരിയിൽ ഇരുന്നു കഴിഞ്ഞിരുന്നു..ഇനി ഞാൻ എത്തുമ്പോഴേക്കും തീർന്നു പോകുമോ..എന്റെ പ്രാർത്ഥനയുടെ ഫലമെന്നോണം ടീച്ചർ ക്ലാസിൽ നിന്നും പോകാനൊരുങ്ങി..ഉം..പൊയ്ക്കോളൂ.. ഇനി മേലിൽ ഇതാവർത്തിക്കരുത്..എന്ന താക്കീതോടെ ടീച്ചർ പോയി. ഒരുവിധത്തിൽ ഓടി ഓഫീസിൽ പാത്രങ്ങൾ വെക്കാറുള്ള തട്ടിന്റെ അടുത്തെത്തി. കഷ്ടകാലം നോക്കണേ..ഒറ്റ ഒരെണ്ണം പോലും അവിടെ ബാക്കിയില്ല...ഇത്തവണ ശരിക്കും കരഞ്ഞു പോയി.. .എന്റെ കരച്ചിൽ കേട്ട പ്യൂൺ നാണുവേട്ടൻ എന്താണ് കാര്യമെന്ന് ചോദിച്ചുവിതുമ്പിക്കൊണ്ടു സംഗതി പറഞ്ഞു. "സാരമില്ല വഴിയുണ്ടാക്കാം."അതും പറഞ്ഞ് വിളമ്പുന്നിട
ത്തേക്ക് കൂട്ടിക്കൊണ്ടുപോയി."ഒരു പാത്രമെടുത്ത് വന്നൂടെ കുട്ടീ".എപ്പോഴും കൊണ്ട് വരുന്നതാ.ഇന്ന് മാത്രം എടുക്കാൻ മറന്നു എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു.തൊണ്ട വരണ്ട് വാക്കുകളൊന്നും പുറത്തേക്ക് വന്നില്ല.എല്ലാവരും ഏകദേശം തീരാറായി. ഒന്നു രണ്ടു പേർ എഴുന്നേൽക്കുകയാണ്. പ്യൂൺ അതിലൊരാളോട് പാത്രം വാങ്ങി,കൂടെ മുറ്റത്തു കിടന്ന ഒരു പ്ലാവില കഴുകി, ഈർക്കിലെടുത്ത് കുത്തി സ്പൂണ് പോലെയാക്കിതന്നു...
അപ്പോഴേക്കും കുട്ടികളെല്ലാം പോയിക്കഴിഞ്ഞിരുന്നു..കൂട്ടിന് ഒന്ന് രണ്ട് അധ്യാപകർ മാത്രം ബാക്കിയായി.
ഒടുവിൽ ചൂട് കഞ്ഞിയും പയറും വായിലേക്കടുപ്പിക്കുമ്പോൾ നേരത്തെ ഉണ്ടായിരുന്ന വിശപ്പും ആവേശവുമൊക്കെ കെട്ടടങ്ങിയിരുന്നു....
ജീവിതത്തിൽ പലതും പടിപ്പിച്ച ആ സംഭവം ...ഏറെ നിരാശയുണ്ടാക്കിയ അന്നത്തെ അവസ്‌ഥയിൽ ടീച്ചർ എങ്ങോട്ടെങ്കിലും സ്ഥലം മാറിപ്പോകണേ എന്നു വരെ പ്രാർത്ഥിച്ചിരുന്നു..പക്ഷേ പക്വതയെത്തിയപ്പോൾ എല്ലാ അധ്യാപകർക്കും നല്ലത് വരാൻ മാത്രമായി പ്രാർത്ഥന...
ആ ദിവസത്തെ ഇന്നോർക്കുമ്പോൾ ചുണ്ടിൽ വിരിയുന്ന ചിരിയിൽ ഒരുപാട് വികാരങ്ങൾ ഒളിഞ്ഞിരിക്കുന്നു.
ശുഭം.
തസ്‌ലീമ.
കഥ ഔട്ടിങ്ങ് ***********
അവധി ദിവസം ശരിക്കും'അടിച്ചു പൊളിക്കു'കയാണ് മക്കൾ രണ്ടു പേരും..മേശയും കസേരയും പരിക്കേറ്റ നിലയിൽ.. സോഫയിൽ നിന്നും കിലോമീറ്റർ അകലെ എത്തിയിരിക്കുന്നു ക്യുഷനുകൾ..മൊത്തത്തിൽ ഒരു യുദ്ധം കഴിഞ്ഞ പ്രതീതി..എന്റെ കാൽപെരുമാറ്റം കേട്ടപ്പോൾ തന്നെ രണ്ടും എലികളെ പോലെ എവിടെയോ ഓടിയൊളിച്ചു. ദേഷ്യം വന്ന് അലറി വിളിച്ചപ്പോൾ രണ്ടും പുറത്തേക്ക് വന്നു."എന്താടാ ഈ കാണിച്ചു വച്ചിരിക്കുന്നത്. ഇങ്ങനെയാണോ കളി."
"ഞങ്ങക്ക് ഇവിടെ വേറെ എന്ത് കളിയുണ്ട്.മമ്മി തന്നെ പറ.. വീക്കെൻഡ് ആയാൽ പോലും ഒന്നു പുറത്തേക്ക് കൊണ്ട് പോകില്ലല്ലോ..".ഉടനെ വന്നു ചോട്ടാ ബീമിന്റെ മറുപടി. ഉത്തരം മുട്ടിയപ്പോൾ സുമ വേഗം സ്ഥലം കാലിയാക്കി.
അവരുടെ ആവശ്യം ന്യായമാണ്.അവരെക്കാളേറെ അവളും അതാഗ്രഹിക്കുന്നുണ്ട്.മക്കൾ ഇങ്ങനെ ബഹളം വെച്ചെങ്കിലും അസ്വദിക്കുന്നു. എന്നാൽ ഒന്നു മിണ്ടിപ്പറയാൻ പോലും അവൾക്കാരുമില്ല. കല്യാണം കഴിഞ്ഞയുടനെ അവളെ പുറത്ത് കൊണ്ടുപോകാൻ രവിക്കായിരുന്നു ഏറെ ആവേശം.
അവൾ ഫോണെടുത്ത് രവിയെ വിളിച്ചു."രവീ നീയെവിടെയാ? ഒരവധി ദിവസമായിട്ട് കറങ്ങി നടപ്പ് തന്നാണോ? "
അല്ലെടീ ഞാൻ ഒരു അർജന്റ് മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പോകുന്ന വഴിയിലാ.." ."എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.ഹരിയുടെ ഔട്ട് ഹൗസിലാണോ ഇപ്പൊ കമ്പനിയുടെ മീറ്റിംഗ്?" "അത് പിന്നെ..എടീ ..ഞാ.. നമ്മുടെ..." ഒരു നമ്പർ ഇട്ടു നോക്കിയതാണെങ്കിലും അതേറ്റു. "ചുമ്മാ ബബബ്ബ പറയാതെ വീട്ടിലോട്ട് വന്നേ..ഈയിടെയായി രവിക്ക് കുടുംബകാര്യങ്ങൾ തീരെ ശ്രദ്ധയില്ല.. ഇത്രയും തിരക്കെന്താണ്..എന്റെ കാര്യം വിട്.. പിള്ളേര് ഒന്നു എൻജോയ് ചെയ്തിട്ട് എത്ര നാളായി".
" അവർക്കെന്നാ അവിടെ ഒരു കൊറവ്.. എന്ജോയ്‌മെന്റിന്..ടി വി യും നെറ്റുമൊക്കെ ഇരിപ്പില്ലേ?".
"ഓ...ഈ മനുഷ്യനെ ഞാൻ..മനുഷ്യാ അവരെ പുറത്തോട്ടൊക്കെ ഒന്നു കൊണ്ട് പോയിട്ട് നാളെത്രയായെന്നറിയോ?".
അവളുടെ പല്ല് ഞെരിയുന്ന ശബ്ദം ഫോണിൽ കേട്ടിട്ടാവണം രവി പിന്നെ കൂടുതലൊന്നും പറയാതെ വരാമെന്ന് പറഞ്ഞു..
"എങ്കി ഒരു കാര്യം ചെയ്യ് ഒരു എട്ടെട്ടര ആവുമ്പോഴേക്കും നീയും മക്കളും റെഡി ആയി നിന്നോ.. നമുക്കിന്ന് അടിച്ചു പൊളിക്കാമെന്നു പിള്ളേരോട് പറഞ്ഞേര്".ഹൗ...ഭാഗ്യം.എന്ത് പറ്റി.പെട്ടെന്ന് തന്നെ വരാമെന്ന് പറഞ്ഞതിൽ ചെറിയൊരു അത്ഭുതം തോന്നിയെങ്കിലും അവൾ കുട്ടികളുടെ അടുത്തേക്കോടി.
"ടാ മക്കളെ..ഒരു സർപ്രൈസ് ന്യൂസ്...ടൺ ടണേ..."
."എന്താ മമ്മീ ..ഇന്ന് ഇവിടെ ആരെങ്കിലും വരുന്നുണ്ടോ" ആഷിയുടെ വകയാണ് ഭാവവ്യത്യാസം ഇല്ലാതെയുള്ള മറുചോദ്യം വന്നത്". "ഏയ്..ഇതതൊന്നുമല്ല..അതിലും വലുതാണ്". "എന്നാപ്പിന്നെ മമ്മി അടുക്കളജോലി രാജി വച്ചു കാണും".ആദി ചിരിച്ചു കൊണ്ട് പറഞ്ഞു..
"പോടാ" ദേഷ്യം വന്നെങ്കിലും സുമ ചിരിച്ചു. "കൂടുതൽ വെയ്റ്റ് ചെയ്ത് സമയം കളയണ്ട.നമ്മൾ ഇന്ന് പുറത്തേക്ക് പോകുന്നൂ...എന്നിട്ട് അടിച്ചു പൊളിക്കുന്നു..ഡിന്നറൊക്കെ കഴിച്ചു തിരിച്ചു വരുന്നൂ..എങ്ങനെയുണ്ട്. പപ്പ ഇപ്പൊ വിളിച്ചു പറഞ്ഞതാണ്. വേഗം റെഡിയായി നിൽക്കാൻ..കമോൺ ..കമോൺ.."
രണ്ടും വിശ്വാസം വരാതെ പരസ്പരം നോക്കി നിൽക്കുന്നു.
അവരുടെ മുഖത്തെ അത്ഭുതം യാദൃശ്ചികമായിരുന്നില്ല. "മമ്മി ദേ അഞ്ചു മിനിറ്റിനകം റെഡി ആവാൻ പോകേണ്.. പപ്പ ഇപ്പൊ ഇങ്ങെത്തും..പറഞ്ഞില്ലെന്നു വേണ്ട..".അതും പറഞ്ഞു അവൾ മുറിക്കുള്ളിലേക്ക് കയറിയപ്പോൾ അവർക്ക് വിശ്വാസമായി.
പിന്നെ അവിടെ നടന്നത് ഒരു മാരത്തോൺ തന്നെയായിരുന്നു. പുറത്തേക്ക് വന്ന സുമ അന്തം വിട്ടു .. രണ്ടും ഒരുങ്ങി സിറ്റൗട്ടിൽ കാത്ത് നിൽക്കുന്നു.. ...
"ഓഹോ..അപ്പോ എന്റെ ഹെൽപും ഫോഴ്സുമില്ലാതെ തന്നത്താൻ ചെയ്യാൻ ചെയ്യാനറിയാല്ലേ..അതും ഇത്ര പെട്ടെന്ന്"."ഈ..." അവർ രണ്ടും ഇളിച്ചു നിന്ന് അവളെ ഗോഷ്ടി കാണിച്ചു..മൂന്ന് പേരും ഓരോ വണ്ടിയും രവിയാണോ എന്നു നോക്കിക്കൊണ്ടിരുന്നു.
"സമയം ഒമ്പതാവാനായിട്ടും പപ്പയുടെ പൊടി പോലുമില്ലല്ലോ മമ്മീ..ഒന്നു വിളിച്ചു നോക്കിയേ.." ആഷിക്ക് ക്ഷമ നശിച്ചു തുടങ്ങിയിരുന്നു..
അവൾ മൊബൈലെടുത്തു."ഫോൺ റിംഗ് ചെയ്യുന്നുണ്ട്..പക്ഷേ നോ രക്ഷ..".
"ഒന്നൂടെ വിളിച്ച് നോക്ക്" ആദിയും ആകെ മൊത്തം കലിപ്പിലാണ്..
അല്ലെങ്കിലും പറഞ്ഞ സമയത്തു വരാതെ കാത്തിരിക്കുന്നതിൽപ്പരം വെറുപ്പിക്കൽ വേറെയില്ല..
സമയം ആരെയും കാത്തുനിൽക്കാനില്ലാതെ പോയിക്കൊണ്ടിരുന്നു. പതിനൊന്നാവാൻ ഇനി അഞ്ചു മിനിറ്റ് മാത്രം ..മക്കൾ രണ്ടും ബഹളം വെച്ചു ക്ഷീണം കൊണ്ടുറങ്ങിക്കഴിഞ്ഞിരുന്നു..അതിനിടെ വിശക്കുന്നു മമ്മീ എന്നു പറഞ്ഞെങ്കിലും ദേഷ്യം കൊണ്ട് ഒന്നും മിണ്ടിയിട്ടില്ല.കിടക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നുന്നു.
പെട്ടെന്ന് അവളുടെ നെഞ്ചിൽ ഒരാളൽ. ഇനി രവിക്ക് വല്ലതും പറ്റിക്കാണുമോ. ദൈവമേ.. എന്റെ മനസ്സിൽ ഇത് വരെ തോന്നിയില്ലല്ലോ..ദേഷ്യവും സങ്കടവും സംഘർഷവും ഭയവുമായി മാറി. അവൾ പരിചയമുള്ള പല നമ്പറുകളിലും മാറി മാറി വിളിച്ചു..ആർക്കും ഒന്നും അറിയില്ല..മണി 12 കഴിഞ്ഞിരിക്കുന്നു..ഈ കുഞ്ഞുങ്ങളെ തനിച്ചാക്കി ഞാൻ എങ്ങോട്ട് പോയി അന്വേഷിക്കും. ഗദ്ഗദം കണ്ണുനീരായി പുറത്തേക്കൊഴുകി.
സിറ്റി ഹോസ്പിറ്റലിലേക്ക് ഒന്നു വിളിച്ചു നോക്കിയാലോ. അവിടെ സിസ്റ്റർ ജെസ്സി അവളുടെ സഹപാഠിയാണ്.ഫോണെടുത്തു ഡയൽ ചെയ്യാനൊരുങ്ങവെ ആലോചിച്ചു.എന്തു ചോദിക്കും ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ആരെയെങ്കിലും അഡ്മിറ്റ് ചെയ്തിട്ടുണ്ടോ എന്ന്...വിതുമ്പിപ്പോയി അവൾ.
എന്തും വരട്ടെ എന്നു കരുതി വിളിക്കാൻ തന്നെ തീരുമാനിക്കവേ പെട്ടെന്ന് ഫോൺ ശബ്ദിച്ചു. രവിയുടെ നമ്പറാണല്ലോ ..ആഹ്ലാദത്തോടെയും എന്നാൽ തെല്ലൊരാശങ്കയോടെയും അവൾ അറ്റൻഡ് ചെയ്തു.
'ഹലോ'.ഭാഗ്യം രവി തന്നെയാണ്.എന്താണ് പറ്റിയതെന്നു ചോദിക്കും മുമ്പേ അവൻ പറഞ്ഞു തുടങ്ങി."സോറി ഡിയർ. ഞാൻ ഇവിടെ നമ്മുടെ ക്ലബ്ബിന്റെ ഗ്രൗണ്ടിൽ കളി കാണാൻ പോയി അവിടെ ഇരുന്നു പോയി.സുദേവ് നിർബന്ധിച്ചപ്പോൾ പോയതാ...മക്കളെന്തിയെ ഉറങ്ങിയോ..ഫുഡ് കഴിച്ചോ നിങ്ങള്. ഞാൻ ഇവന്മാരെല്ലാരും നിർബന്ധിച്ചപ്പോൾ ഇവിടന്നങ്ങു കഴിച്ചൂ ട്ടോ.. നീ കൊറെ വിളിച്ചാരുന്നോ.. സയ്ല്ലെന്റ് മോഡിലായിരുന്നു ഫോൺ". രവി എത്ര ലാഘവത്തോടെയാണത് പറഞ്ഞു നിർത്തിയത്. ഇത്രയേയുള്ളൂ കാര്യം. ഇങ്ങനെയൊരു സംഭവം പുത്തരിയല്ല. എല്ലാം ഇട്ടെറിഞ്ഞു അപ്പോഴൊക്കെ പോകാനൊരുങ്ങിയതുമാണവൾ..എന്ത് ഫലം.വീണ്ടും സോറി പറഞ്ഞു ഇങ്ങനെയൊന്ന് നടന്നിട്ടേയില്ല എന്ന് വരുത്താനും എന്റെ ഭാഗത്ത് എന്ത് തെറ്റ് എന്ന ഭാവത്തിൽ പെരുമാറാനും രവിക്കറിയാം.. കുറച്ചു നേരം അല്ലെങ്കിൽ ഏറിയാൽ രണ്ടാഴ്ച ഞാൻ മുഖം വീർപ്പിച്ചു നടക്കും. പിന്നെ എല്ലാ ദാമ്പത്യവും ഇതുപോലെ ഒക്കെ തന്നെ ആയിരിക്കും എന്ന് കരുതിയങ്ങ് സമാധാനിച്ചു പഴയ പോലെയാകും. എത്ര ആഗ്രഹിച്ചാലും ഞാനും രവിയും ഇങ്ങനെയൊക്കെ തന്നെ.......ഇത്തവണ ഒരു ന്യൂ ഇയർ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ടത്രേ ഓഫീസിൽ നിന്നും എല്ലാരുമുണ്ടെന്നൊക്കെ കേട്ടു..ആർക്കറിയാം. നടന്നാൽ നടന്നു.
അപ്പൊ ശരി .ഹാപ്പി ന്യൂ ഇയർ..
തസ്‌ലീമ.
2021 ഫെബ്രുവരി 10, ബുധനാഴ്‌ച
എന്റെ ആദ്യ സ്റ്റേജോർമ
അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുകയാണ്. എത്ര കൊല്ലം മുമ്പെന്നു ചോദിച്ചാൽ ഏകദേശം ഒരു പത്തു... അയ്യട.. അത് വേണ്ട, എന്നിട്ട് വേണം എന്റെ വയസ്സ് മനസ്സിലാക്കാൻ..നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അത്ര തന്നെ..
സ്കൂൾ കലോൽസവമായിരുന്നു അന്ന്.. രാവിലെ തന്നെ കലാമത്സരങ്ങൾ കാണാൻ രാവിലെത്തന്നെ കുളിച്ചൊരുങ്ങി എന്റെ ഫേവറിറ്റ് ചുവന്ന ചുരിദാറുമിട്ട് ഉപ്പ സൗദീന്ന് കൊണ്ട് വന്ന ഗോൾഡൻ വാച്ചൊക്കെ കെട്ടി മൊഞ്ചത്തിയായി പുറപ്പെട്ടു....
അന്നത്തെ ദിവസത്തിന് വേറെയും വല്യൊരു പ്രത്യേകതയുണ്ടായിരുന്നു... എന്താണെന്നറിയണ്ടേ... എന്റെ ആദ്യത്തെ സ്റ്റേജിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു അന്ന്.. അതേ..ഞാനൊരു സംഭവം ആണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയ ദിവസം..
സ്റ്റേജിൽ കയറുന്നത് ഓരോ നിമിഷവും മനസ്സിലേക്ക് ഓടിയെത്തി.. സന്തോഷവും ടെൻഷനും കാരണം ആകെയൊരു വല്ലാത്ത അവസ്ഥ..വയറൊക്കെ ഇങ്ങനെ ഗുളു ഗുളൂന്ന് ആയി വരുന്നു..വഴിയിലുടനീളം ചങ്ങായിമാർ പരസ്പരം ഇത് തന്നെ ചർച്ച.. അവനവൻ പങ്കെടുക്കുന്ന ഇനങ്ങളെ പറ്റി..
"എടീ നീ എന്തിനാ പേര് കൊടുത്തെ" കൂട്ടുകാരി ഷൈനിയാണ്..ഞാൻ വല്യ ഗമയിൽ.."ദേശീയഗാനത്തിനും മാപ്പിളപ്പാട്ടിനും..നീയോ?
"ഓഹ്..ഞാൻ ലളിതഗാനം,പദ്യം ചൊല്ലൽ"
അങ്ങനെ കലപില സംസാരിച്ചു കൊണ്ടങ്ങനെ ഒരുവിധം സ്കൂളെത്തി..സ്കൂളിന് ആകെ മൊത്തം ഒരു മാറ്റം..എന്നെപ്പോലെന്നെ മൊഞ്ചത്തിയായിക്ക് ...തോരണങ്ങളും ഒക്കെ തൂക്കി കുരുത്തോലയൊക്കെ വെച്ച് അണിഞ്ഞൊരുങ്ങിയിരിക്കുന്നു....ഇന്നും ആ ഒരന്തരീക്ഷത്തിലുള്ള വിദ്യാലയങ്ങൾ കാണുമ്പോൾ മനസ് കുറെ കാലം പിന്നിലേക്ക് നടക്കും.
സ്കൂളിന്റെ തൊട്ടടുത്തുള്ള നാണുവേട്ടന്റെ പീടിയേന്ന് വെണ്ട്യയും നെല്ലിക്കച്ചാറും വാങ്ങി തിന്നാൻ ഒരുങ്ങുമ്പോൾ ടിം ടിം ടിം ടീം....... ഫസ്റ്റ് ബെല്ലടിച്ചു...
അതും പാവാടക്കീശയിൽ തിരുകി,
പിന്നെയൊരോട്ടമായിരുന്നു. ക്ലാസ് മുറികളൊന്നും കാണുന്നില്ല, പകരം ബെഞ്ചുകൾ മുഴുവൻ സ്റ്റേജിന് അഭിമുഖമായി നിരത്തി വെച്ചിരിക്കുന്നു (വേർതിരിക്കാത്ത ക്ലാസ് മുറികളായിരുന്നു അന്ന് ഞങ്ങളുടെ സ്കൂളിൽ. ഒരു ക്ലാസ്സിൽ എടുക്കുന്നത് മറ്റു ക്ലാസ്സിൽ കേൾക്കും)..ഇതൊക്കെ കണ്ടതോടെ എന്റെ ജനഗണമനയും ,കരയാനും പറയാനും ഉള്ളിൽ കിടന്നങ്ങനെ വീർപ്പുമുട്ടാൻ തുടങ്ങി.
പരിപാടികൾ ആരംഭിക്കുകയായി ലളിതഗാനം,പദ്യം ചൊല്ലൽ,സംഘഗാനം, ആംഗ്യപ്പാട്ട്, കഥപറച്ചിൽ.. അങ്ങനെയങ്ങനെ ഓരോന്നായി... എൽ പി ,യൂ പി വിഭാഗങ്ങളിലായി പുരോഗമിച്ചു കൊണ്ടിരുന്നു. സമയം ഉച്ചയായി..വിശപ്പും ടെൻഷനും വയറിനെ കൂടുതൽ അസ്വസ്ഥമാക്കി കൊണ്ടിരുന്നു..
ബ്രേക്ക് ടൈം വന്നു..
നല്ല വെല്ലമിട്ടു കുറുക്കിയ അരിപ്പായസം..മുന്നും പിന്നും നോക്കിയില്ല.. അങ്ങട് മിന്നിച്ചു.. യാ മോനെ...ഇലയിൽ വിളമ്പിയ പായസം കുടിച്ചിട്ടുണ്ടോ.. അസാധ്യ രുചിയാണ്..
പായസം കുടിച്ചു ഏമ്പക്കം വിട്ട ശേഷം ഇളം ചൂടുള്ള ജീരകവെള്ളവും അകത്താക്കിയതോടെ വയറൊക്കെ ഒന്നു അടങ്ങിയിട്ടുണ്ട്..
ഉച്ചയ്ക്ക് ശേഷം ഇനി തുടങ്ങാൻ പോകുന്ന പരിപാടികൾ ഏതെന്നുള്ള അനൗൻസ് മുഴങ്ങി.. മോണോ ആക്ട്, മിമിക്രി, ദേശീയഗാനം, മാപ്പിളപ്പാട്ട്...പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന മട്ടിൽ ഹാളിലേക്ക് കയറിയിരുന്നു..ഇതിനിടയിൽ മറ്റു പരിപാടികളുടെ ആസ്വാദനം നടക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഒരു പരിധി വരെ നടക്കുന്നുണ്ട്..ഇടക്ക് ഒരു ഓർമപ്പെടുത്തൽ പോലെ ഇതങ്ങോട്ട് കയറി വരും ..പക്ഷേ ഇന്നും ഓർമയിൽ തെളിയുന്ന ഒന്നുണ്ട്..സംസ്‌കൃതം വാർത്ത മിമിക്രി കാണിച്ച ഒരു ചെക്കന്റെ (പേരോർമയില്ല) പെർഫോമൻസ് ആണത്..
പൊടുന്നനെ മറ്റൊരനൗൺസ് വന്നു..ഒരാഴ്ച മുമ്പ് നടന്ന ചിത്രരചന മത്സരത്തിന്റെ ഫലപ്രഖ്യാപനമാണ്.അങ്ങേയറ്റം ഞെട്ടലോടെയാണ് ഞാനത് കേട്ടത് എന്താന്നറിയണ്ടേ..എന്താ..?അങ്ങനെ ചോദിക്ക്..അതിൽ രണ്ടാം സ്ഥാനം നേടിയത് മറ്റാരുമല്ല..ഈ ഞാൻ തന്നെ. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ.. ഡഗ ഡഗാ..മനസ്സിൽ ഒരേ സമയം പലവിധ ചോദ്യങ്ങൾ അലതല്ലി എന്നൊക്കെ പറയുമല്ലോ..
എന്തായിരിക്കും സമ്മാനം..എത്രയും പെട്ടെന്ന് ആ സമ്മാനം കയ്യിൽ കിട്ടണമെന്ന ചിന്തയായിരുന്നു പിന്നെ..എന്നാലും
ഞാൻ അത്ര വലിയ വരക്കാരിയാണോ.. ഇത്രേം കുട്ടികളുടെ ഇടയിൽ നിന്നും എന്നെ തെരഞ്ഞെടുക്കാൻ ആ വിധി കർത്താവായ മാഷിനെ അല്ല, ആ മഹാനുഭാവനെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കും..
വായിച്ചു മുഖം ചുളിക്കണ്ട.. അന്നത്തെ നാലാം തരക്കാരിയുടെ ചിന്തകൾ വേറെ ഏതൊ തരത്തിലാണെങ്കിലും ആശയം ഇതൊക്കെ തന്നെയായിരുന്നു...
മത്സരങ്ങൾ ഏറെക്കുറെ തീരാറായി.നമ്മളേവരും ആകാംക്ഷയോടെ കാത്തിരുന്ന ദേശീയഗാനമൽസരവും മാപ്പിളപ്പാട്ട് മത്സരവുമാണ് ഇനി അരങ്ങേറാൻ പോകുന്നത്..
മത്സരത്തിൽ പേര് കൊടുത്ത കുട്ടികൾ സ്റ്റേജിന് തൊട്ടടുത്ത് ഓഫീസ് റൂമിലേക്ക് കടന്നു വരേണ്ടതാകുന്നു..
അത് വരെ ഉണ്ടായിരുന്ന ഞാൻ അല്ല ഇനി വരാൻ പോകുന്ന ഞാൻ..ഇനിയുള്ള ഞാനാണ് ശരിക്കുമുള്ള ഞാൻ..
ഓലെഞ്ഞാലി കുരുവിയെ പോലെ കാറ്റിലാടി പാറി കനമില്ലാതെ സ്റ്റേജിന് പിന്നിൽ ഞാനും പേര് കൊടുത്ത കുട്ടികളുടെയൊപ്പം വരി നിന്നു..പിന്നെ അവിടെ ഞാനൊന്നും കേട്ടില്ല.. ആകെ കേട്ടത് മൂന്നാമതോ
നാലാമതോ ആയി വിളിച്ച എന്റെ പേരാണ്.പിന്നീട് ഞാനുള്ളത് പതുക്കെ ആരോ തള്ളി വിട്ട പോലെ സ്റ്റേജിൽ..
എന്റെ തൊണ്ട വരണ്ടു..ചെവി രണ്ടും അടഞ്ഞു പോയിരിക്കുന്നു..കുറെ നേരത്തേക്ക് ആകെ മൊത്തം മൂകത...സ്റ്റേജിന് പിന്നിൽ നിന്നും ഏതോ ഒരു മാഷ്..ജ ന ഗ ണ മ നയെന്ന് പറഞ്ഞു തരുന്നുണ്ട്..
ജനഗണമന... ജനഗണമന....
ജനഗണമന...ഞാൻ വിക്കി വിക്കി പറയുന്നു..
ബാക്കി വരികൾ എന്ത് കളി കളിച്ചിട്ടും എന്റെ നാവിൽ വരുന്നില്ല..
എന്റെ ഖോജ രാജാവായ തമ്പുരാനേ.... ആഴ്ച്ചയിൽ അഞ്ചു ദിവസവും ഒരു കൂസലുമില്ലാതെ ആടിക്കൊണ്ട് ഈണത്തിൽ താളത്തിൽ ചൊല്ലുന്ന ദേശീയഗാനം എനിക്ക് മറന്നു പോയിരിക്കുന്നു...ഏത് ഇബ്‌ലീസ് ആണ് എന്നെയത് മറപ്പിച്ചത്..
ആ സമയത്ത് സ്റ്റേജിന് മുന്നിലുള്ള കുട്ടികൾ ഒരു അഗാധ ഗർത്തമായും, ഞാൻ ആ ചുഴിയിലേക്ക് വീഴാൻ പോവുന്ന പോലെയുമാണ് എനിക്കനുഭവപ്പെട്ടത്..
"കുട്ടി പൊയ്ക്കോളൂ..." പിന്നിൽ നിന്നും മാഷിന്റെ ശബ്ദം..!
ഇത് കേട്ട പാതി കേൾക്കാത്ത പാതി ഞാൻ അവിടെ നിന്നും ഇറങ്ങിയോടി..ആ ഓട്ടം പിന്നെയവസാനിച്ചത് എന്റെ സ്വന്തം വീട്ടിലാണ്...നാണക്കേടും നിരാശയും കാരണം മനസ്സ് ആകെ മരവിച്ചു പോയിരുന്നു..
വീട്ടിലെത്തിയ ശേഷമാണ് എന്റെ സമ്മാനത്തെ കുറിച്ച് ഓർമ വരുന്നത്..അതിനി കിട്ടുമോ എന്നൊരു ഉറപ്പുമില്ലാ..അതും കൂടി ഓർത്തപ്പോൾ സങ്കടം കൂടി വന്നു..
അതിലേറെ വിഷമം, ഇനി സ്കൂളിൽ പോയി കുട്ടികളുടെയും അധ്യാപകരുടെയും മുഖത്ത് എങ്ങിനെ നോക്കും എന്നുള്ളതാണ്. അങ്ങനെയങ്ങനെ...
അപമാനത്തിന്റെ പടുകുഴിയിൽ അകപ്പെട്ട എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..
ഒരു ദേശീയ ഗാനം പോലും ചൊല്ലാൻ കഴിയാത്ത താനൊക്കെ എന്തിന് കൊള്ളാം..എന്ന് ഇടക്കിടെ ഞാൻ എന്നോട് ചോദിച്ചു കൊണ്ടിരുന്നു..
രണ്ട് ദിവസം കഴിഞ്ഞാൽ തിങ്കളാഴ്ചയാണ്..എന്നെ സംബന്ധിച്ചിടത്തോളം അതി ഭീകരമായിരുന്നു..ആ ദിവസത്തെ കുറിച്ച് ഓർക്കുക എന്നുള്ളത്..
പിറ്റേന്ന് നേരം വെളുത്തപ്പോൾ തലേന്നത്തെ സംഭവം കുറെ മറന്നു തുടങ്ങി. ഞായറാഴ്ച വൈകുന്നേരം നാല് മണി കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നും ആ ഒരു സംഭവം തന്നെ പോയി എന്ന് തന്നെ പറയാം..അന്നാണല്ലോ നമ്മുടെ ആഴ്ചയിലെ പ്രധാന ചലച്ചിത്ര വിനോദ ദിവസം...
അങ്ങനെ അന്ന് പതിവിലും നേരത്തേ ശാന്തേച്ചിയുടെ കോഴി കൂവി. തിങ്കളാഴ്ച നേരം പുലർന്നു..
എനിക്ക് "ചില്ലറ" വയറു വേദനയൊക്കെ വന്നെങ്കിലും ഉമ്മാന്റെ അടുത്ത് അതൊന്നും വിലപ്പോയില്ല..
വെള്ളിയാഴ്ചത്തെ സംഭവത്തിന്റെ പരിഹാസങ്ങൾ ഏറ്റു വാങ്ങാൻ എന്റെ ജന്മം പിന്നെയും ബാക്കിയായി സൂർത്തുക്കളെ..ബാക്കിയായി..
എനിക്കറിയാം നിങ്ങളൊക്കെ അതിന് വേണ്ടി കാത്തിരിക്കുകയാണ്.അതല്ലേ ഇങ്ങനെ ചിരിക്കുന്നത്.. ഒരാളുടെ വീഴ്ചയിൽ അറിയാതെ പോലും ആഹ്ലാദിക്കരുത്..പടച്ചോൻ പൊറുക്കൂല....
പോകുന്ന വഴിക്ക് റോട്ടിൽ കൂടെയുണ്ടായിരുന്ന കുട്ടികളിൽ നിന്നൊക്കെ സാമൂഹിക അകലം പാലിച്ചായിരുന്നു നടപ്പ്...എന്നാലും ആരെങ്കിലും നോക്കുന്നുണ്ടോ കുശു കുശുക്കുന്നുണ്ടോ എന്നൊരു തോന്നൽ....ഏയ്..ഇല്ല..വെറും തോന്നലാണ്..അല്ലെ..അതേ..ശരിക്കും ആണ്..
സ്‌കൂളിൽ എത്തി ബെല്ലടിച്ചിട്ടും ക്ലാസ്സിൽ കയറാൻ ഒരു വൈക്ലബ്യം..പിന്നെ എന്തും നേരിടാൻ ഉറച്ചു ക്ലാസ്സിൽ കയറി..എല്ലാവരും പതിവ് പോലെ തന്നെ.ഞാനൊഴികെ ആർക്കും വല്യ മാറ്റമൊന്നും ഇല്ല.
ക്ലാസ്സിൽ ഹാജർ എടുത്തു കൊണ്ടിരുന്നു.. എന്റെ പേര് വിളിച്ചപ്പോൾ, തലയുയർത്തി കൊണ്ട്
ടീച്ചർ " തസ്‌ലീമ എന്തേ സമ്മാനം വാങ്ങാതെ നേരത്ത പോയത്..നിനക്ക് ചിത്രരചനക്ക് സമ്മാനമുണ്ടായിരുന്നല്ലോ.. ഓഫീസ് മുറിയിൽ ഉണ്ട് കേട്ടോ.ഈ പീരിയഡ് കഴിഞ്ഞു വന്നാൽ ഞാനെടുത്തു തരാം കേട്ടോ."
അപ്പൊ എന്റെ തെറ്റിപ്പോയ ജനഗണമന? ആർക്കും അത് ഓർമയില്ലേ..? അപ്പോഴാണ് ആ സത്യം മനസ്സിലായത്..ഞാനൊഴികെ മറ്റാർക്കും അതൊരു വിഷയമേ അല്ലായിരുന്നു.. എന്തിനും ഏതിനും പരസ്പരം കളിയാക്കുന്ന സഹാപാഠികൾക്ക് പോലും..
ഞാനന്നോടിയത്...
ഇക്കാര്യമൊന്നും അറിയാത്ത വഴിയിലുള്ളവരെ പോലും നേരിടാനാവാതെ അപമാനത്തോടെ ഓടിയതിൽ യാതൊരു കാര്യവുമില്ലായിരുന്നു എന്ന സത്യം മനസ്സിലാക്കാനുള്ള വിവേകം പോലും ആ നാലാം ക്ലാസ്സുകാരിക്കില്ലാതെ പോയി..
എന്നിരുന്നാലും ഒരു പാട് കാലം സ്റ്റേജെന്ന ഭീകര രൂപത്തോട് എനിക്ക് ഭയമായിരുന്നു.. സ്റ്റേജിതര മൽസരങ്ങളിലയിരുന്നു പിന്നീട് എനിക്ക് പ്രിയം.അതാവുമ്പോൾ ആരെയും ഭയക്കേണ്ടല്ലോ.. ഇന്നും ദേശിയഗാനം കേൾക്കുമ്പോൾ അന്നത്തെ ജനഗണമന എന്റെ മനസ്സിൽ മുഴങ്ങാറുണ്ട്..എന്തിനേറെ, പലപ്പോഴും
രണ്ട് വാക്ക് സംസാരിക്കാൻ എഴുന്നേറ്റ് നിൽക്കുമ്പോഴും അന്നത്തെ ദിവസം എന്റെ മനസ്സിൽ ഓടിയെത്തും..
ആദ്യസ്റ്റേജ് പെർഫോമൻസ് കാരണം ജീവിതത്തിൽ ആദ്യത്തെ സമ്മാനം വാങ്ങാൻ കഴിയാതെ പോയ കഥ..
ഒരുകാര്യം വിട്ട് പോയി.എനിക്ക് കിട്ടിയ സമ്മാനമില്ലേ അതൊരു കുഞ്ഞു പ്ലാസ്റ്റിക് കണ്ടെയ്‌നർ ആയിരുന്നു.. കുറെ കാലം ഉമ്മ ഉപ്പിട്ട് വെച്ചു..പിന്നെ
വർഷങ്ങളോളം പാത്രം കഴുകുന്ന സബീന പൊടിയെ ആവാഹിച്ച് മുറ്റത്തു മഴ നനയാനായിരുന്നു അതിന്റെ യോഗം.. ഇടക്ക് നാട്ടിൽ പോയാൽ ഞാനതിനെ കഴുകി ഓമനിക്കാറുണ്ടായിരുന്നു. ഈയടുത്ത കാലം വരെ..
കഴിഞ്ഞ തവണ പോയപ്പോൾ പാത്രവും കണ്ടില്ല..സബീനയുമില്ല..
പിന്നെ...അതിട്ട് വെച്ച എന്റെ ഉമ്മയും...
ഓർമകളുടെ ഉള്ളറകളിൽ മാത്രമായി അവയൊക്കെയും മായാതെ മറയാതെ ഇന്നും തിരി കത്തിച്ചു വെക്കുന്നു..
*ശുഭം*
തസ്‌ലീമ അഷ്‌റഫ്.
മദ്രസ പ്രവേശനോത്സവ ഗാനം
പുതുമഴ വാനിൽ പെയ്തല്ലോ അറിവിൻ പുലരി വിരിഞ്ഞല്ലോ.. ഉമ്മ തൻ മടിയിൽ നിന്നും നമ്മൾ മദ്രസ തന്നിലണഞ്ഞല്ലോ.. (2) വിരുന്നു വന്നവർ നമ്മൾ ഇവിടെ......
-
സോഷ്യൽ മീഡിയയിൽ ഫേമസ് ആയ ഒരു കഥാകാരിയുടെ അഭിമുഖ വീഡിയോ കൂട്ടുകാരി എനിക്ക് അയച്ചുതന്നപ്പോൾ തന്നെ ഞാൻ അത് ഫ്രണ്ട്സ് ഗ്രൂപ്പിൽ ഷെയർ ചെയ്തു....
-
ഒരു മെഴുകുതിരി വെട്ടത്തിന്റെ ആയുസ്സേ ഭൂമിയിൽ നമുക്കുള്ളൂ.. എരിഞ്ഞടങ്ങും മുമ്പ് പ്രകാശം പരത്തി മറ്റുള്ളവർക്ക് വെളിച്ചമാകണം.. സ്വയം നന്മയുടെ ...
-
ആഘോഷിക്കുകയാണ്.. എല്ലാവരും.. അയാളൊഴികെ.. എടങ്ങേറ് ഒഴിഞ്ഞത് അയാൾക്കല്ലല്ലോ.. പ്രായമേറെയായിട്ടും ഒരു കുലുക്കവുമില്ലാതെ, യമണ്ടനായിട്ടങ്ങനെ തലയ...