❤ ഹൃദയം വിശാലമാക്കുക❤
ഒരു മെഴുകുതിരി വെട്ടത്തിന്റെ ആയുസ്സേ ഭൂമിയിൽ നമുക്കുള്ളൂ..
എരിഞ്ഞടങ്ങും മുമ്പ് പ്രകാശം പരത്തി മറ്റുള്ളവർക്ക് വെളിച്ചമാകണം..
സ്വയം നന്മയുടെ വാഹകരായി ചുറ്റുമുള്ള നന്മയിൽ കൈകോർത്തു പരസ്പരസഹകാരികളാവണം മനുഷ്യൻ.
പുരോഗമന വാദികളാണെന്ന് അവകാശപ്പെടുമ്പോഴും ഉള്ളിന്റെയുള്ളിൽ യാഥാസ്ഥിതികത്വം പറിച്ചെറിയാനാവാത്ത വ്യാധിയായി കുടികൊള്ളുന്നുണ്ടെങ്കിൽ അവർക്ക് തുറന്ന മനസ്സോടെ ചുറ്റും കാണുന്ന നന്മകളെ അംഗീകരിക്കാനാവില്ല. തങ്ങളാണ് ഏറ്റവും വലിയ ശരിയെന്ന അഹംബോധം ജീവിതത്തെ വരിഞ്ഞുമുറുക്കിയിരിക്കും. അവർക്ക് മറ്റുള്ളവരുടെ വികാരത്തെ ഉൾകൊള്ളാൻ ഒരിക്കലും സാധിക്കില്ല. പുറമേക്ക് വിശാലമനസ്കരായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഇവർക്ക് ആൽമരത്തിൻറെ ഭാവമായിരിക്കും. ഇതൊരു നന്മയായി പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും മറ്റുള്ളവർ തങ്ങളുടെ തണലിൽ കഴിഞ്ഞുകൊള്ളണം എന്ന ദുർവാശിയാണത്.
അപരന്റെ സ്വാതന്ത്ര്യത്തിന് എന്നും വിലങ്ങു തടിയായി നിൽക്കുന്നവർ.ഞങ്ങൾ നല്ലവരാണ് എന്നു ഇടക്കിടെ സ്വയം പറഞ്ഞു കൊണ്ടിരിക്കും.സ്വന്തത്തെത്തന്നെ വിശ്വാസമില്ലാത്ത പോലെ. ഇത്തരക്കാർക്ക് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഗൗനിക്കാനും മടിയായിരിക്കും. നല്ലതിനെ ഒരിക്കലും നല്ലതായി കാണാൻ കഴിയുകയോ അനുമോദിക്കുകയോ ചെയ്യില്ലെങ്കിലും ഒരു ചെറിയ തെറ്റ് കണ്ടാൽ വലിയ പാതകമെന്ന രീതിയിലുള്ള പ്രതികരണമായിരിക്കും. മോശമായി പെരുമാറിയ വ്യക്തികളെ തുലനം ചെയ്ത് തങ്ങളൊരിക്കലും അങ്ങനെയല്ല എന്നു പറഞ്ഞുകൊണ്ടിരിക്കും.
*ഇത്തരം സ്വഭാവം ഒരു വ്യക്തിക്കായാലും സംഘടനക്കായാലും പ്രസ്ഥാനങ്ങൾക്കായാലും ഇത് മാറ്റിയാലെ ഭാവി സുഭദ്രമാവൂ..
തസ്‌ലീമ അഷ്റഫ്_
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ