ഫേമസോമാനിയ ●●●●●●●●●●●●●●●

സോഷ്യൽ മീഡിയയിൽ ഫേമസ് ആയ ഒരു കഥാകാരിയുടെ അഭിമുഖ വീഡിയോ കൂട്ടുകാരി എനിക്ക് അയച്ചുതന്നപ്പോൾ തന്നെ ഞാൻ അത് ഫ്രണ്ട്സ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.. അവിടെ നിന്നാണ് ഈ രോഗത്തിന്റെ തുടക്കം... ആ വീഡിയോ ഗ്രൂപ്പിൽ ഇട്ട ഉടനെ എൻറെ സുഹൃത്ത് എന്നോട് പറഞ്ഞു. നീയും ഇതുപോലെ ഒരിക്കൽ വീഡിയോയിലും അഭിമുഖത്തിലും ഒക്കെ വരണം..... അതിനുവേണ്ടിയാണ് ഞങ്ങൾ വെയിറ്റ് ചെയ്യുന്നത് ... കാര്യം...അപ്പോൾ ഞാൻ അതത്ര ഗൗരവത്തിൽ എടുത്തില്ല... ഒരു വളിച്ച ചിരി ഇമോജി ആയി ആയി ഇട്ടുകൊടുത്തു....അവിടന്ന് സ്കൂട്ടായി.. പിന്നീട് കുറേനേരം കഴിഞ്ഞപ്പോൾ "നീയും ഫേമസ് ആകുന്നത് കാണാൻ കാത്തിരിക്കുന്നു" എന്ന ആ ഡയലോഗ് എൻറെ മനസ്സിനെ വല്ലാതെ ഉലച്ചു...പൊട്ടത്തരങ്ങളാണെങ്കിലും അത്യാവശ്യം കുത്തിക്കുറിക്കുന്ന ഞാൻ ഇനി വല്ല വിധേനയും ഫേമസ് ആയാലോ...ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന പോലെ... പിന്നെ ഫേമസ് ആവുക എന്ന *ഉത്തുംഗ മനോഹരമായ* ആ സ്വപ്നം മാത്രമായി എന്റെ ചിന്തയിൽ.... പണികളൊക്കെ എങ്ങനെയോ വേഗം വേഗം തീർക്കാൻ ശ്രമിച്ചു ...ഓരോ ജോലി ചെയ്യുമ്പോഴും, എത്രത്തോളമെന്നാൽ അടുക്കളയിൽ സ്റ്റൗ കത്തിക്കുമ്പോൾ അതിങ്ങനെ ആളിക്കത്തും പോലെ.., മീനിൽ ഉപ്പും മുളകും തേക്കുമ്പോൾ ഹരം കയറും പോലെ... അരി തിളയ്ക്കുമ്പോൾ തുള്ളിത്തുളുമ്പി... ഫ്രിഡ്ജ് തുറക്കുമ്പോൾ ഒരു കാറ്റായ് തലോടി... പച്ചക്കറി അരിയുമ്പോൾ കുളിർ കൊണ്ടു... നീയും ഫേമസ് ആവണമെന്ന അശരീരി എന്നെ വിടാതെ പിന്തുടർന്നു.... ചുരുക്കി പറഞ്ഞാൽ ഫേമസ് ആവാൻ വേണ്ടി കഥയെഴുതാൻ തന്നെ ഞാൻ തീരുമാനിച്ചു.... മനസ്സ് ഒരു കഥക്ക് വേണ്ടി പരക്കം പാഞ്ഞു ഒരു കഥയുടെ ത്രെഡ് കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ തന്നെ എഴുതി വൈകുന്നേരം കൊണ്ട് തീർക്കണം...സമയം പരിമിതമാണ്... എന്ത് കഥ എഴുതും...? ആകാശത്തിന് കീഴെ ആരും ഇതുവരെ എഴുതാത്ത ഒരു കഥ എഴുതണം... ഇത്രയും വറെയ്റ്റി ആയ ആ കഥ വായിച്ചു ആളുകൾ അനുമോദനങ്ങൾ കൊണ്ട് മൂടണം.. ഫോൺവിളികൾ നിർത്താതെ അറ്റൻഡ് ചെയ്യുമ്പോൾ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടണം... അവസാനം എനിക്ക് തന്നെ ഫോൺ അറ്റൻഡ് മടുത്തു സ്വര്യം ഇല്ലാതെയായല്ലോ എന്ന് പറയണം.. ഇക്ക ഓഫീസിൽ വന്നിട്ട് അത്ഭുതത്തോടെ സുഹൃത്തുക്കളും കുടുംബക്കാരും ഒക്കെ വിളിച്ചുവെന്നു ആശംസകൾ നേർന്നുവെന്നുമുള്ള കാര്യം പറയുമ്പോൾ സന്തോഷം പുറത്തു കാണിക്കാതെ മുഖത്ത് വിനയം വരുത്തി പുഞ്ചിരിക്കണം.. അങ്ങനെയങ്ങനെ... ഓരോന്നോരോന്നായി ആലോചിച്ചു മനക്കോട്ട കെട്ടി ... പക്ഷേ, ഈ പറഞ്ഞ സാധനം മാത്രം കിട്ടുന്നില്ല ....ഏത്, കഥക്കുള്ള ത്രെഡ്‌..... കാരണം ത്രെഡ് നന്നാവണം.. അത് കിട്ടാതെ കഥ എഴുതാൻ കഴിയില്ല.. അത് കിട്ടിക്കഴിഞ്ഞാൽ പിന്നെ ബാക്കി ഒക്കെ താനെ വന്നോളും എന്ന് ഈയിടെ ഒരു സിനിമയിൽ സംവിധായകൻ തിരക്കഥാകൃത്തിനോട് പറയുന്നത് കേട്ടിരുന്നു.... ഒടുവിൽ ത്രെഡ്നു വേണ്ടി ബാൽക്കണിയിൽ പോയി നോക്കി കാരണം, ചുറ്റുമുള്ള അനുഭവങ്ങൾ ആണല്ലോ ഒരാളെ കഥാകാരിയുടെ കഥാകാരനും ആക്കുന്നത്.. ഫ്ളാറ്റിനുള്ളിൽ ആവുമ്പോൾ അനുഭവങ്ങൾ കുറവായിരിക്കുമല്ലോ... ബാൽക്കണിയിൽ നിന്ന് പുറത്തു നോക്കിയ എനിക്ക് അപ്പുറത്ത് പ്രാവിന്റെ കാഷ്ടം കൊണ്ട് നിറഞ്ഞ രണ്ട് ഫ്‌ളാറ്റുകളുടെ ബാൽക്കണി അല്ലാതെ മറ്റൊന്നും കാണാനായില്ല....(സന്തോഷ് കുളങ്ങര സ്റ്റൈൽ) ഛെ..! ഒരു കഥക്കുള്ള അനുഭവങ്ങൾ പോലും സ്വായത്തമാക്കാൻ സാധിക്കാത്ത ഒരു ഫ്ലാറ്റിൽ ആണല്ലോ ഞാൻ ഇത്രയും കാലം കാലം കഴിഞ്ഞു കൂടിയത് എന്നോർത്ത് എനിക്ക് നാണക്കേട് തോന്നി.... യോഗല്യമ്മിണിയേ... അങ്ങനെ ആ വാതിൽ അവിടെ അടച്ചു വെച്ചു.. എന്നാ പിന്നെ സ്വന്തം മക്കളുടെ കലാപരിപാടികൾ ഒരനുഭവം ആക്കിയാലോ ? അവരുടെ കളികൾ അവരുടെ കുസൃതിത്തരങ്ങൾ അങ്ങനെ ചിന്തിച്ച് വീണ്ടും മുറിയിലേക്ക് തിരിച്ചു... "ഉമ്മാ ഉമ്മാ..... കുട്ടികൾ രണ്ടുപേരും അപ്പിയിട്ടു സിറ്റിംഗ് റൂം ആകെ കൊളമാക്കി വെച്ചിരിക്കുന്നു...ഓടി വായോ.." എന്ന മോൻറെ അലറി വിളിയാണ് എന്നെ സ്വാഗതം ചെയ്തത് ..... ഒരു കഥയെഴുതി ഫേമസ് ആകാൻ വിചാരിച്ചാൽ അതിനും സമ്മതിക്കില്ല ..... പിറുപിറുത്ത് കൊണ്ട് ഒരുവിധം രണ്ടാളേയും കഴുകി , നിലമൊക്കെ വൃത്തിയാക്കി നടുവൊടിഞ്ഞപ്പോൾ ഒരാശ്വാസത്തിന് കട്ടിലിൽ മലർന്നു കിടന്നു... അപ്പോഴും ആലോചനയോടാലോചന തന്നെ... ആലോചിച്ചാലോചിച്ച് കഥക്കുള്ള ത്രെഡ് കിട്ടിയില്ലെന്ന് മാത്രമല്ല,സമയം മൂന്ന് മണിയോടടുത്തു ...ഫുഡ് ഉണ്ടാക്കിയിട്ടില്ല... കുട്ടികൾ വന്നു കരയാൻ തുടങ്ങി...വലിയവർ രണ്ടും വല്ലതും ഉണ്ടോ തിന്നാൻ എന്നന്വേഷിക്കുന്നു.... എന്താ വേണ്ടത്? ഫ്രിഡ്ജിൽ ഫ്രൂട്സ് ഉണ്ട് ഉണ്ട് വേണമെങ്കിൽ എടുത്തു കഴിച്ചോ? എന്ന് എന്നിലെ തിരക്കുള്ള കഥാകാരി ഉത്തരവിട്ടു.. ഫ്രൂട്ട്സ് വേണ്ട.. ഉമ്മ. ചപ്പാത്തിയോ ചിക്കനോ വല്ലതും ? മോന്തക്ക് രണ്ടെണ്ണം കൊടുക്കാനാണ് തോന്നിയത്... സ്വന്തം ഉമ്മ കഥയെഴുതി ഫേമസ് ആവാൻ ആഗ്രഹമില്ലാത്ത വിഡ്ഢി കുശ്മാണ്ഡങ്ങൾ... സോഷ്യൽ മീഡിയയിൽ ഒക്കെ ഒന്ന് കേറിയാൽ ഓരോരുത്തർക്കും എന്തുമാത്രം അനുഭവങ്ങളാണ് പടച്ചോനെ.... എന്റെ ജീവിതം ഈ നാലുചുവരുകളിൽ കിടന്ന് നായ നക്കും... അങ്ങനെ ആലോചിച്ചിരിക്കുമ്പോൾ തലയുടെ ഏതാണ്ട് ഈ ഭാഗത്തായി ഒരു ബൾബ് കത്തിയ പോലെ ഒരു തോന്നൽ.. ഒരു കഥക്കുള്ള ത്രെഡ്‌ ഒരു സ്പാർക് പോലെ മസ്തിഷ്കത്തിന്റെ അങ്ങേയറ്റതായി മിന്നി മറഞ്ഞുവോ...? പെട്ടെന്ന് കയ്യിലെ മൊബൈൽ റിംഗ് ചെയ്തു... കെട്യോനാണ്.. ഫുഡ് വല്ലതും ഉണ്ടോ അവിടെ..? ക്ലോക്ക് നോക്കിയപ്പോൾ നാല് മണി...ഇതെന്താ പതിവില്ലാതെ ഈ നേരത്ത് ...ഒരു നിമിഷം എന്തുപറയണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ ,വീണ്ടും അങ്ങേത്തലക്കൽ... എന്തെങ്കിലുമുണ്ടോ ? ഞാൻ പറയുന്നത് കേൾക്കുന്നില്ലേ.. ഞാൻ വരട്ടെ? എനിക്ക് ഇത് കഴിഞ്ഞ ദൂരെ ഒരു സൈറ്റ് വർക്കുണ്ട് പിന്നെ ലേറ്റ് ആകും രാത്രി ..അതാണ് ചോദിച്ചത്.... ഫുഡ് റെഡിയാണ്...ചപ്പാത്തിയും ചിക്കനും... നിങ്ങൾ എത്ര മിനിറ്റ് കൊണ്ട് എത്തും? ഒറ്റശ്വാസത്തിൽ പറഞ്ഞു... അരമണിക്കൂർ കൊണ്ട് എത്തും.. ഉണങ്ങിക്കിടക്കുന്ന അടുക്കളയുടെ അവസ്ഥ പോലും ആലോചിക്കാതെയാണ് ഫുഡ് റെഡി ആണെന്ന് പറഞ്ഞത്... പിന്നെ ഒരു യുദ്ധം ആയിരുന്നു.... ഫ്രീസറിൽ മരവിച്ചു കിടക്കുന്ന ചിക്കനോടും ഉള്ളിയോടും തക്കാളിയോടും ഇഞ്ചിയോടും വെളുത്തുള്ളിയോടും പച്ചമുളകിനോടും ചപ്പാത്തി മാവിനോടും ഒക്കെ യുദ്ധം ചെയ്തു കഴിഞ്ഞപ്പോഴേക്കും മൂപ്പരെത്തി... ആശ്വാസം മൂപ്പർക്കുള്ളത് റെഡി ആയിരിക്കുന്നു... അത് ടേബിളിൽ വെച്ച് ബാക്കിയുള്ളതും കൂടി ചുട്ടെടുത്ത് മക്കളും ഞാനും കഴിച്ചു... എല്ലാം കഴിഞ്ഞു വീണ്ടും കട്ടിലിൽ വന്ന് നേരത്തെ കത്തിയ സ്പാർക്ക് ഊതിക്കത്തിക്കാൻ ഒരുപാട് ശ്രമിച്ചു....നോ രക്ഷ.. തലകുത്തി നിന്ന് ആലോചിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല.. ആലോചിച്ചാലോചിച്ച് മയക്കത്തിലേക്ക് വഴുതിപ്പോയിരുന്നു.. ഉണർന്നപ്പോൾ മഗ്‌രിബ് ബാങ്കിന്റെ സമയം... കഥയെഴുതി ഫേമസ് ആവുന്നത് പോയിട്ട് ഒരു വരി പോലും എഴുതാൻ എന്നെക്കൊണ്ടാവില്ലെന്ന് ബോധ്യമായി... എന്തോ പുസ്തകം വായിക്കുകയായിരുന്ന മോനോട് മഗ്‌രിബ് നിസ്കരിക്കെടാ മോനെ... എന്ന് പറഞ്ഞപ്പോൾ അവന്റെ സംശയം...... "കൊഞ്ചൻ ചാടിയാൽ മുട്ടോളം..പിന്നെ ചാടിയാൽ ചട്ടീല് ..." എന്ന് പറഞ്ഞാൽ എന്താ ഉമ്മാ? ങേ? അങ്ങനെ കഥയെഴുതി ഫേമസ് ആവാനുള്ള ശ്രമം പ്ലിങ്ങസ്യ.... ഇനിയിപ്പോ അടുത്ത വഴി നോക്കണം.. ആ...ഏതായാലും രണ്ട് ദിവസം കഴിയട്ടെ.. ആലോചിച്ചാലോചിച്ച് തന്നെ തലയൊക്കെ ഏകദേശം ഒരു വഴിക്കായി... മസ്തിഷ്കത്തിനൊക്കെ ഒരു റെസ്റ്റ് കിട്ടട്ടെ... അല്ല പിന്നെ... *ശുഭം* തസ്‌ലി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം