സ്കൂൾ ഡയറി ****************

 

ഈ കഥ നടന്നിട്ട് കുറെ വർഷങ്ങളായി. യു പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന കാലം.....

ഏകദേശം ഉച്ചക്ക് പന്ത്രണ്ട് മണി കഴിഞ്ഞു കാണും.രാജൻ മാഷ് ക്ലാസ്സിൽ കണക്ക് പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. മാഷിനെ നല്ല പേടിയായത് കൊണ്ട്  ഇമവെട്ടാതെ ഓരോരുത്തരും ശ്രദ്ധിച്ചിരിക്കുകയാണ് കഞ്ഞിപുരയുടെ തൊട്ടടുത്താണ് ഞങ്ങളുടെ ക്ലാസ് ..  കഞ്ഞിയുടെയും ചെറുപയർ വേവിച്ചതിന്റെയും മണം നാസാരന്ദ്രങ്ങളെ തുളച്ച്കൊണ്ടിരുന്നു..  വിശപ്പ് അതിന്റെ മൂർധന്യത പ്രാപിച്ചു കൊണ്ട് കൂടെതന്നെയുണ്ട്...ഉച്ച ബെല്ലടിക്കാൻ അടുത്ത ഒരു പീരിയഡ് കൂടി കഴിയണം..പഠിക്കുന്നതൊന്നും  തലയിൽ കയറുന്നില്ല. ബെല്ലടിച്ചു.. ആശ്വാസം.. ഇനി ഒരു പീരിയഡ് കൂടി  സഹിച്ചാൽ മതിയല്ലോ..പക്ഷേ ആ സമയത്തെ ഇഗ്ലീഷ് പഠിത്തം ആലോചിക്കുമ്പോൾ..


ബെല്ലടിച്ചു ഏറെ നേരം കഴിഞ്ഞു.. സുജാത ടീച്ചറെ കാണുന്നില്ല.. ടീച്ചർ ഇന്ന് വന്നില്ലേ..ഇല്ലെന്ന് തോന്നുന്നു.മനസ്സിൽ ലഡു പൊട്ടി....ആ സംശയത്തെ ഉറപ്പിച്ചു കൊണ്ട് തൊട്ടടുത്തിരിക്കുന്ന ഷാഹിനയോട്  പറഞ്ഞു..ടീച്ചർ ഇന്ന് ഇല്ല മോളേ..അൽപസമയത്തിനുള്ളിൽ തന്നെ ക്ലാസ് മുഴുവൻ ആ വാർത്ത പരന്നു... അതോടെ കുട്ടികളെല്ലാം നല്ല 'അച്ചടക്ക'മുള്ളവരായി..

എന്നാൽ അതിനെ തിരുത്തിക്കൊണ്ട് ടീച്ചർ ഉണ്ടെന്നും നീല സാരിയാണ് ധരിച്ചതെന്നുമൊക്കെ പറഞ്ഞ് ഷൈനിയുടെ പ്രഖ്യാപനം വന്നു . എല്ലാരും കൂടി തർക്കം.. ക്ലാസ്മുറിയാകെ സംഭവബഹുലമായി.കുട്ടികൾ ഇപ്പോൾ  രണ്ട് ചേരിയിലാണ്..ടീച്ചർ ഉണ്ടെന്ന് ചിലർ.. ഇല്ലെന്നും ചിലർ..വെറും സംശയത്തെ അല്ലല്ല ആഗ്രഹത്തെ വാർത്തയാക്കിയ ഞാൻ മാത്രം ഒന്നും മിണ്ടാതെ ഇരുന്നു.അന്നേരം വെന്ത ചെറുപയറിന്റെ മണം ഉള്ളിലെ വിശപ്പിന്റെ വിളി കൂട്ടിക്കൊണ്ടിരുന്നു..

ബഹളം തുടർന്നപ്പോൾ മൂന്നാം ക്ലാസ്സിലെ വസന്ത ടീച്ചർ പാഠമെടുക്കാൻ കഴിയാതെ ഞങ്ങളോട് ദേഷ്യപ്പെട്ടു..

എല്ലാത്തിനും നീയാണ് കാരണം..

നീയല്ലേ പറഞ്ഞത് എന്ന് എന്നെ നോക്കി ഷാഹിന ചോദിച്ചു തീർന്നില്ല.

 നടത്തത്തിന് സ്പീഡ് കൂട്ടി ഓഫീസ് ബ്ലോക്കിന്റെ ഇടവഴിയിൽ കൂടി ടീച്ചർ ക്ലാസ്സിൽ കിതച്ചെത്തി..മോഹങ്ങൾ മുഴുവൻ അസ്തമിച്ചിരിക്കുന്നു.. വന്നയുടനെ പുസ്‌തകം എടുക്കാൻ ഉത്തരവിട്ടു ടീച്ചർ....ആകെ ശോകമൂകമായ അന്തരീക്ഷം..

പുസ്തകം പരതാൻ ബാഗിൽ കയ്യിട്ടപ്പോഴാണ് ഞാനാ ദുഃഖസത്യം മനസ്സിലാക്കിയത്...കഞ്ഞികുടിക്കാനുള്ള പാത്രവും സ്പൂണും കൊണ്ടുവന്നിട്ടില്ല..

അതോടെ വയറ്റിലെ കത്തിക്കാളൽ  കൂടി..

 ടീച്ചർ ഗ്രാമർ പടിപ്പിക്കാൻ തുടങ്ങി  ..ചിന്ത മുഴുവൻ പാത്രത്തെക്കുറിച്ചായിരുന്നു...ഐഡിയ!

സ്കൂളിൽ കുറച്ചു പാത്രങ്ങളുണ്ടല്ലോ..കൊണ്ട് വരാത്തവർക്ക് ഉപയോഗിക്കാൻ.....ബെല്ലടിച്ചയുടനെ വേഗത്തിൽ ചെന്നെടുക്കണം..വല്യ തൃപ്തി ഇല്ലാത്ത കാര്യമാണ്.(കാരണം വൃത്തിബോധം കൂടുതലുള്ള കൂട്ടത്തിലാണല്ലോ ഞാൻ) .എന്ത് ചെയ്യാം ..എടുക്കാതെ നിർവാഹമില്ലല്ലോ..

ഏഴാം ക്ലാസിലെ പിള്ളേർ കൈകഴുകാനുള്ള വെള്ളവുമായി വരുന്നത് കണ്ടതോടെ ഏകദേശം സമയമായി എന്നുറപ്പിച്ചു.....

"എങ്ങോട്ടാണ് കുട്ടീ നോക്കുന്നത്..എഴുതുന്നില്ലേ നീ " ടീച്ചറുടെ ചോദ്യം എന്നോടാണ്. ധൃതിയിൽ പെൻസിലെടുത്തു എഴുതാൻ തുടങ്ങുമ്പോഴേക്കും ബെല്ലടിച്ചു...ഹാവൂ! രക്ഷപ്പെട്ടു.. പെൻസിൽ ബുക്കിനിടയിൽ വെച്ചു മടക്കി ബാഗിൽ വെക്കാൻ ഒരുങ്ങി..പെട്ടെന്ന് ടീച്ചർ അടുത്തേക്ക് വന്ന് പുസ്തകം തുറന്നു നോക്കി.. "എഴുതി കഴിഞ്ഞില്ലേ ഇത് വരെ? പൂർത്തിയാക്കിയിട്ട് പോയാൽ മതി..ബോർഡിൽ ഉള്ളതിന്റെ പകുതിയിലേറെ ബാക്കിയുണ്ട്..പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ...ഇങ്ങനെയൊരു ചതി ഞാൻ എന്നോട് തന്നെ ചെയ്തല്ലോ...നീ എന്ത് വിഡ്ഢിയാണ്..എന്റെ ഉള്ളിൽ നിന്നും ആരോ പറയുന്ന പോലെ..

 സഹപാഠികൾ എല്ലാവരും പുറത്തേക്ക് പോകുന്ന ദയനീയ കാഴ്ച കണ്ട് നിൽക്കാനുള്ള ശക്തി ഇല്ലായിരുന്നു..പോകുന്ന പോക്കിൽ ഒരു പരിഹാസച്ചിരി എല്ലാവരുടെയും മുഖത്തില്ലേ എന്നൊരു സംശയം..അല്ല ഉണ്ട്..രൂപേഷിന്റെ നാവ് കൊണ്ടുള്ള ഗോഷ്ടിയിൽ ശരിക്കുമത് മനസ്സിലായി.. സങ്കടവും വിശപ്പും കൊണ്ട് പെൻസിലിന്റെ ഭാരം കൂടി വന്നു. മൊട്ട കയറാൻ ബുദ്ധിമുട്ടുന്ന ടിപ്പർ ലോറി പോലെ അത് പിന്നോട്ട് തന്നെ വലിഞ്ഞു..ടീച്ചർ ക്ലാസിൽ നിന്നും പോകുന്ന ലക്ഷണം കാണുന്നുമില്ല..അല്ലെങ്കിൽ മെല്ലെ മുങ്ങാമായിരുന്നു.. മുഖത്ത് ദയനീയത വരുത്തി ടീച്ചറുടെ മനസ്സലയിക്കാനുള്ള ഒരു ശ്രമം നടത്തി നോക്കി..ഒരു രക്ഷയുമില്ല.. അവസാനത്തെ ആയുധമായി ഉള്ളത് പ്രാർത്ഥനയാണ്. പടച്ചോനെ...ടീച്ചർക്ക് പോകാൻ തോന്നിക്കണേ.. അതാ എല്ലാവരും കഞ്ഞികുടിക്കാൻ വരിയിൽ ഇരുന്നു കഴിഞ്ഞിരുന്നു..ഇനി ഞാൻ  എത്തുമ്പോഴേക്കും തീർന്നു പോകുമോ..എന്റെ പ്രാർത്ഥനയുടെ ഫലമെന്നോണം ടീച്ചർ ക്ലാസിൽ നിന്നും പോകാനൊരുങ്ങി..ഉം..പൊയ്ക്കോളൂ.. ഇനി മേലിൽ ഇതാവർത്തിക്കരുത്..എന്ന താക്കീതോടെ ടീച്ചർ പോയി. ഒരുവിധത്തിൽ ഓടി ഓഫീസിൽ പാത്രങ്ങൾ വെക്കാറുള്ള തട്ടിന്റെ അടുത്തെത്തി. കഷ്ടകാലം നോക്കണേ..ഒറ്റ ഒരെണ്ണം പോലും അവിടെ ബാക്കിയില്ല...ഇത്തവണ ശരിക്കും കരഞ്ഞു പോയി.. .എന്റെ കരച്ചിൽ കേട്ട പ്യൂൺ നാണുവേട്ടൻ എന്താണ് കാര്യമെന്ന് ചോദിച്ചുവിതുമ്പിക്കൊണ്ടു സംഗതി പറഞ്ഞു. "സാരമില്ല വഴിയുണ്ടാക്കാം."അതും പറഞ്ഞ് വിളമ്പുന്നിട

ത്തേക്ക് കൂട്ടിക്കൊണ്ടുപോയി."ഒരു പാത്രമെടുത്ത് വന്നൂടെ കുട്ടീ".എപ്പോഴും കൊണ്ട് വരുന്നതാ.ഇന്ന് മാത്രം എടുക്കാൻ മറന്നു  എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു.തൊണ്ട വരണ്ട് വാക്കുകളൊന്നും പുറത്തേക്ക് വന്നില്ല.എല്ലാവരും ഏകദേശം തീരാറായി. ഒന്നു രണ്ടു പേർ എഴുന്നേൽക്കുകയാണ്. പ്യൂൺ അതിലൊരാളോട് പാത്രം വാങ്ങി,കൂടെ മുറ്റത്തു കിടന്ന ഒരു പ്ലാവില കഴുകി, ഈർക്കിലെടുത്ത് കുത്തി സ്പൂണ് പോലെയാക്കിതന്നു...


അപ്പോഴേക്കും കുട്ടികളെല്ലാം  പോയിക്കഴിഞ്ഞിരുന്നു..കൂട്ടിന് ഒന്ന് രണ്ട് അധ്യാപകർ മാത്രം ബാക്കിയായി.

ഒടുവിൽ ചൂട് കഞ്ഞിയും പയറും വായിലേക്കടുപ്പിക്കുമ്പോൾ നേരത്തെ ഉണ്ടായിരുന്ന വിശപ്പും ആവേശവുമൊക്കെ കെട്ടടങ്ങിയിരുന്നു....


ജീവിതത്തിൽ പലതും പടിപ്പിച്ച ആ സംഭവം ...ഏറെ നിരാശയുണ്ടാക്കിയ അന്നത്തെ അവസ്‌ഥയിൽ ടീച്ചർ എങ്ങോട്ടെങ്കിലും സ്ഥലം മാറിപ്പോകണേ എന്നു വരെ പ്രാർത്ഥിച്ചിരുന്നു..പക്ഷേ പക്വതയെത്തിയപ്പോൾ എല്ലാ അധ്യാപകർക്കും നല്ലത് വരാൻ മാത്രമായി പ്രാർത്ഥന...

 ആ ദിവസത്തെ ഇന്നോർക്കുമ്പോൾ ചുണ്ടിൽ വിരിയുന്ന ചിരിയിൽ ഒരുപാട് വികാരങ്ങൾ ഒളിഞ്ഞിരിക്കുന്നു. 


ശുഭം.

 

തസ്‌ലീമ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം