കഥ ഔട്ടിങ്ങ് ***********
അവധി ദിവസം ശരിക്കും'അടിച്ചു പൊളിക്കു'കയാണ് മക്കൾ രണ്ടു പേരും..മേശയും കസേരയും പരിക്കേറ്റ നിലയിൽ.. സോഫയിൽ നിന്നും കിലോമീറ്റർ അകലെ എത്തിയിരിക്കുന്നു ക്യുഷനുകൾ..മൊത്തത്തിൽ ഒരു യുദ്ധം കഴിഞ്ഞ പ്രതീതി..എന്റെ കാൽപെരുമാറ്റം കേട്ടപ്പോൾ തന്നെ രണ്ടും എലികളെ പോലെ എവിടെയോ ഓടിയൊളിച്ചു. ദേഷ്യം വന്ന് അലറി വിളിച്ചപ്പോൾ രണ്ടും പുറത്തേക്ക് വന്നു."എന്താടാ ഈ കാണിച്ചു വച്ചിരിക്കുന്നത്. ഇങ്ങനെയാണോ കളി."
"ഞങ്ങക്ക് ഇവിടെ വേറെ എന്ത് കളിയുണ്ട്.മമ്മി തന്നെ പറ.. വീക്കെൻഡ് ആയാൽ പോലും ഒന്നു പുറത്തേക്ക് കൊണ്ട് പോകില്ലല്ലോ..".ഉടനെ വന്നു ചോട്ടാ ബീമിന്റെ മറുപടി. ഉത്തരം മുട്ടിയപ്പോൾ സുമ വേഗം സ്ഥലം കാലിയാക്കി.
അവരുടെ ആവശ്യം ന്യായമാണ്.അവരെക്കാളേറെ അവളും അതാഗ്രഹിക്കുന്നുണ്ട്.മക്കൾ ഇങ്ങനെ ബഹളം വെച്ചെങ്കിലും അസ്വദിക്കുന്നു. എന്നാൽ ഒന്നു മിണ്ടിപ്പറയാൻ പോലും അവൾക്കാരുമില്ല. കല്യാണം കഴിഞ്ഞയുടനെ അവളെ പുറത്ത് കൊണ്ടുപോകാൻ രവിക്കായിരുന്നു ഏറെ ആവേശം.
അവൾ ഫോണെടുത്ത് രവിയെ വിളിച്ചു."രവീ നീയെവിടെയാ? ഒരവധി ദിവസമായിട്ട് കറങ്ങി നടപ്പ് തന്നാണോ? "
അല്ലെടീ ഞാൻ ഒരു അർജന്റ് മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പോകുന്ന വഴിയിലാ.." ."എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.ഹരിയുടെ ഔട്ട് ഹൗസിലാണോ ഇപ്പൊ കമ്പനിയുടെ മീറ്റിംഗ്?" "അത് പിന്നെ..എടീ ..ഞാ.. നമ്മുടെ..." ഒരു നമ്പർ ഇട്ടു നോക്കിയതാണെങ്കിലും അതേറ്റു. "ചുമ്മാ ബബബ്ബ പറയാതെ വീട്ടിലോട്ട് വന്നേ..ഈയിടെയായി രവിക്ക് കുടുംബകാര്യങ്ങൾ തീരെ ശ്രദ്ധയില്ല.. ഇത്രയും തിരക്കെന്താണ്..എന്റെ കാര്യം വിട്.. പിള്ളേര് ഒന്നു എൻജോയ് ചെയ്തിട്ട് എത്ര നാളായി".
" അവർക്കെന്നാ അവിടെ ഒരു കൊറവ്.. എന്ജോയ്‌മെന്റിന്..ടി വി യും നെറ്റുമൊക്കെ ഇരിപ്പില്ലേ?".
"ഓ...ഈ മനുഷ്യനെ ഞാൻ..മനുഷ്യാ അവരെ പുറത്തോട്ടൊക്കെ ഒന്നു കൊണ്ട് പോയിട്ട് നാളെത്രയായെന്നറിയോ?".
അവളുടെ പല്ല് ഞെരിയുന്ന ശബ്ദം ഫോണിൽ കേട്ടിട്ടാവണം രവി പിന്നെ കൂടുതലൊന്നും പറയാതെ വരാമെന്ന് പറഞ്ഞു..
"എങ്കി ഒരു കാര്യം ചെയ്യ് ഒരു എട്ടെട്ടര ആവുമ്പോഴേക്കും നീയും മക്കളും റെഡി ആയി നിന്നോ.. നമുക്കിന്ന് അടിച്ചു പൊളിക്കാമെന്നു പിള്ളേരോട് പറഞ്ഞേര്".ഹൗ...ഭാഗ്യം.എന്ത് പറ്റി.പെട്ടെന്ന് തന്നെ വരാമെന്ന് പറഞ്ഞതിൽ ചെറിയൊരു അത്ഭുതം തോന്നിയെങ്കിലും അവൾ കുട്ടികളുടെ അടുത്തേക്കോടി.
"ടാ മക്കളെ..ഒരു സർപ്രൈസ് ന്യൂസ്...ടൺ ടണേ..."
."എന്താ മമ്മീ ..ഇന്ന് ഇവിടെ ആരെങ്കിലും വരുന്നുണ്ടോ" ആഷിയുടെ വകയാണ് ഭാവവ്യത്യാസം ഇല്ലാതെയുള്ള മറുചോദ്യം വന്നത്". "ഏയ്..ഇതതൊന്നുമല്ല..അതിലും വലുതാണ്". "എന്നാപ്പിന്നെ മമ്മി അടുക്കളജോലി രാജി വച്ചു കാണും".ആദി ചിരിച്ചു കൊണ്ട് പറഞ്ഞു..
"പോടാ" ദേഷ്യം വന്നെങ്കിലും സുമ ചിരിച്ചു. "കൂടുതൽ വെയ്റ്റ് ചെയ്ത് സമയം കളയണ്ട.നമ്മൾ ഇന്ന് പുറത്തേക്ക് പോകുന്നൂ...എന്നിട്ട് അടിച്ചു പൊളിക്കുന്നു..ഡിന്നറൊക്കെ കഴിച്ചു തിരിച്ചു വരുന്നൂ..എങ്ങനെയുണ്ട്. പപ്പ ഇപ്പൊ വിളിച്ചു പറഞ്ഞതാണ്. വേഗം റെഡിയായി നിൽക്കാൻ..കമോൺ ..കമോൺ.."
രണ്ടും വിശ്വാസം വരാതെ പരസ്പരം നോക്കി നിൽക്കുന്നു.
അവരുടെ മുഖത്തെ അത്ഭുതം യാദൃശ്ചികമായിരുന്നില്ല. "മമ്മി ദേ അഞ്ചു മിനിറ്റിനകം റെഡി ആവാൻ പോകേണ്.. പപ്പ ഇപ്പൊ ഇങ്ങെത്തും..പറഞ്ഞില്ലെന്നു വേണ്ട..".അതും പറഞ്ഞു അവൾ മുറിക്കുള്ളിലേക്ക് കയറിയപ്പോൾ അവർക്ക് വിശ്വാസമായി.
പിന്നെ അവിടെ നടന്നത് ഒരു മാരത്തോൺ തന്നെയായിരുന്നു. പുറത്തേക്ക് വന്ന സുമ അന്തം വിട്ടു .. രണ്ടും ഒരുങ്ങി സിറ്റൗട്ടിൽ കാത്ത് നിൽക്കുന്നു.. ...
"ഓഹോ..അപ്പോ എന്റെ ഹെൽപും ഫോഴ്സുമില്ലാതെ തന്നത്താൻ ചെയ്യാൻ ചെയ്യാനറിയാല്ലേ..അതും ഇത്ര പെട്ടെന്ന്"."ഈ..." അവർ രണ്ടും ഇളിച്ചു നിന്ന് അവളെ ഗോഷ്ടി കാണിച്ചു..മൂന്ന് പേരും ഓരോ വണ്ടിയും രവിയാണോ എന്നു നോക്കിക്കൊണ്ടിരുന്നു.
"സമയം ഒമ്പതാവാനായിട്ടും പപ്പയുടെ പൊടി പോലുമില്ലല്ലോ മമ്മീ..ഒന്നു വിളിച്ചു നോക്കിയേ.." ആഷിക്ക് ക്ഷമ നശിച്ചു തുടങ്ങിയിരുന്നു..
അവൾ മൊബൈലെടുത്തു."ഫോൺ റിംഗ് ചെയ്യുന്നുണ്ട്..പക്ഷേ നോ രക്ഷ..".
"ഒന്നൂടെ വിളിച്ച് നോക്ക്" ആദിയും ആകെ മൊത്തം കലിപ്പിലാണ്..
അല്ലെങ്കിലും പറഞ്ഞ സമയത്തു വരാതെ കാത്തിരിക്കുന്നതിൽപ്പരം വെറുപ്പിക്കൽ വേറെയില്ല..
സമയം ആരെയും കാത്തുനിൽക്കാനില്ലാതെ പോയിക്കൊണ്ടിരുന്നു. പതിനൊന്നാവാൻ ഇനി അഞ്ചു മിനിറ്റ് മാത്രം ..മക്കൾ രണ്ടും ബഹളം വെച്ചു ക്ഷീണം കൊണ്ടുറങ്ങിക്കഴിഞ്ഞിരുന്നു..അതിനിടെ വിശക്കുന്നു മമ്മീ എന്നു പറഞ്ഞെങ്കിലും ദേഷ്യം കൊണ്ട് ഒന്നും മിണ്ടിയിട്ടില്ല.കിടക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നുന്നു.
പെട്ടെന്ന് അവളുടെ നെഞ്ചിൽ ഒരാളൽ. ഇനി രവിക്ക് വല്ലതും പറ്റിക്കാണുമോ. ദൈവമേ.. എന്റെ മനസ്സിൽ ഇത് വരെ തോന്നിയില്ലല്ലോ..ദേഷ്യവും സങ്കടവും സംഘർഷവും ഭയവുമായി മാറി. അവൾ പരിചയമുള്ള പല നമ്പറുകളിലും മാറി മാറി വിളിച്ചു..ആർക്കും ഒന്നും അറിയില്ല..മണി 12 കഴിഞ്ഞിരിക്കുന്നു..ഈ കുഞ്ഞുങ്ങളെ തനിച്ചാക്കി ഞാൻ എങ്ങോട്ട് പോയി അന്വേഷിക്കും. ഗദ്ഗദം കണ്ണുനീരായി പുറത്തേക്കൊഴുകി.
സിറ്റി ഹോസ്പിറ്റലിലേക്ക് ഒന്നു വിളിച്ചു നോക്കിയാലോ. അവിടെ സിസ്റ്റർ ജെസ്സി അവളുടെ സഹപാഠിയാണ്.ഫോണെടുത്തു ഡയൽ ചെയ്യാനൊരുങ്ങവെ ആലോചിച്ചു.എന്തു ചോദിക്കും ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ആരെയെങ്കിലും അഡ്മിറ്റ് ചെയ്തിട്ടുണ്ടോ എന്ന്...വിതുമ്പിപ്പോയി അവൾ.
എന്തും വരട്ടെ എന്നു കരുതി വിളിക്കാൻ തന്നെ തീരുമാനിക്കവേ പെട്ടെന്ന് ഫോൺ ശബ്ദിച്ചു. രവിയുടെ നമ്പറാണല്ലോ ..ആഹ്ലാദത്തോടെയും എന്നാൽ തെല്ലൊരാശങ്കയോടെയും അവൾ അറ്റൻഡ് ചെയ്തു.
'ഹലോ'.ഭാഗ്യം രവി തന്നെയാണ്.എന്താണ് പറ്റിയതെന്നു ചോദിക്കും മുമ്പേ അവൻ പറഞ്ഞു തുടങ്ങി."സോറി ഡിയർ. ഞാൻ ഇവിടെ നമ്മുടെ ക്ലബ്ബിന്റെ ഗ്രൗണ്ടിൽ കളി കാണാൻ പോയി അവിടെ ഇരുന്നു പോയി.സുദേവ് നിർബന്ധിച്ചപ്പോൾ പോയതാ...മക്കളെന്തിയെ ഉറങ്ങിയോ..ഫുഡ് കഴിച്ചോ നിങ്ങള്. ഞാൻ ഇവന്മാരെല്ലാരും നിർബന്ധിച്ചപ്പോൾ ഇവിടന്നങ്ങു കഴിച്ചൂ ട്ടോ.. നീ കൊറെ വിളിച്ചാരുന്നോ.. സയ്ല്ലെന്റ് മോഡിലായിരുന്നു ഫോൺ". രവി എത്ര ലാഘവത്തോടെയാണത് പറഞ്ഞു നിർത്തിയത്. ഇത്രയേയുള്ളൂ കാര്യം. ഇങ്ങനെയൊരു സംഭവം പുത്തരിയല്ല. എല്ലാം ഇട്ടെറിഞ്ഞു അപ്പോഴൊക്കെ പോകാനൊരുങ്ങിയതുമാണവൾ..എന്ത് ഫലം.വീണ്ടും സോറി പറഞ്ഞു ഇങ്ങനെയൊന്ന് നടന്നിട്ടേയില്ല എന്ന് വരുത്താനും എന്റെ ഭാഗത്ത് എന്ത് തെറ്റ് എന്ന ഭാവത്തിൽ പെരുമാറാനും രവിക്കറിയാം.. കുറച്ചു നേരം അല്ലെങ്കിൽ ഏറിയാൽ രണ്ടാഴ്ച ഞാൻ മുഖം വീർപ്പിച്ചു നടക്കും. പിന്നെ എല്ലാ ദാമ്പത്യവും ഇതുപോലെ ഒക്കെ തന്നെ ആയിരിക്കും എന്ന് കരുതിയങ്ങ് സമാധാനിച്ചു പഴയ പോലെയാകും. എത്ര ആഗ്രഹിച്ചാലും ഞാനും രവിയും ഇങ്ങനെയൊക്കെ തന്നെ.......ഇത്തവണ ഒരു ന്യൂ ഇയർ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ടത്രേ ഓഫീസിൽ നിന്നും എല്ലാരുമുണ്ടെന്നൊക്കെ കേട്ടു..ആർക്കറിയാം. നടന്നാൽ നടന്നു.
അപ്പൊ ശരി .ഹാപ്പി ന്യൂ ഇയർ..
തസ്‌ലീമ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ