ഒരു മാരത്തോൺ കഥ

°°°°°°°°°°°°°°°°°°°°°°°°°°

ഒരിക്കൽ... എന്നു വെച്ചാ കുറെ കൊല്ലം മുമ്പ് ഈ ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് സ്കൂളും വിട്ട് മെല്ലെ വഴീലുള്ള സകല കല്ലിനോടും മുള്ളിനോടും കിസ്സയും പറഞ്ഞു തിണ്ടുമ്മലെ പുല്ലും പറിച്ചു ഇലകളെല്ലാം മണത്തും ചിലത് രുചിച്ചും ഇങ്ങനെ നടന്ന് പോരേല് വരുന്ന വഴി പെട്ടെന്ന് സ്റ്റോപ്പായിപ്പോയി....കാരണം എന്താന്നറിയണ്ടേ....ആ ഇനിയാണ് ശെരിക്കുമുള്ള കഥ....

ഉമ്മ, വെല്ലുപ്പ,മൂത്തുമ്മ,ഇതാത്ത,അനിയത്തി എന്നിവരടങ്ങുന്ന സംഘമതാ എതിരെ വരുന്നു...സംഗതി എങ്ങോട്ടോ വിരുന്ന് പോകുകയാണ്.സ്കൂളിന്റെ വഴിക്കായത് കൊണ്ട് പോന്നിടം പെട്ടെന്ന് തന്നെ പിടികിട്ടി. വെല്ലുപ്പാന്റെ തറവാട്ടിലേക്ക്.കണ്ടപാടെ എനിക്ക് കലിവരാൻ തുടങ്ങി.എന്നാൽ അത് പ്രകടമാക്കും മുമ്പ് ഉമ്മാന്റെ വക സ്നേഹപ്രകടനം.എന്നിട്ട് പറയുവാ.."മോള് വേഗം പൊരക്ക് ചെല്ല്.ഉമ്മാമ ഒറ്റക്കെയുള്ളൂ. ചോറ് തിന്നണേ. മീൻ പൊരിച്ചതെല്ലാം ഉണ്ട്."

ദേഷ്യം നല്ലോണം വന്നെങ്കിലും പുറമെ നല്ല കുട്ടിയായി എല്ലാം കേട്ട് മിണ്ടാതെ പതുക്കെ നടന്നു. അവര് വളവ് തിരിഞ്ഞതും,പിന്നെ പി ടി ഉഷ തോറ്റ് പോകുന്ന ഓരോട്ടമായിരുന്നു . മനസ്സിൽ സങ്കടവും ദേഷ്യവും കൂടുന്നതിനനുസരിച്ചു ഓട്ടത്തിന്റെ സ്പീഡും കൂടി. എന്നെ ഏറെ വിഷമിപ്പിച്ചത് ഇതാത്തയെ കൊണ്ട് പോയതിലായിരുന്നു.

ശ്വാസം അടഞ്ഞ് അണ്ണാക്ക് വരണ്ടുപോയിരുന്നു വീട്ടിലെത്തുമ്പോൾ.
ബാഗും വലിച്ചെറിഞ്ഞ് യൂണിഫോം പറിച്ചെറിഞ്ഞ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ചുവന്ന സൽവാർ എടുത്തിടുമ്പോൾ ഉമ്മാമ പിന്നാമ്പുറത്ത് ഓല കീറിയിടുന്നത് ജനലിൽ കൂടി കണ്ടു. ഞാൻ വന്നതറിഞ്ഞ പാവം, "ഇഞ്ഞി വന്നാ ..ഓലൊന്നും ഇബ്‌ടെ ഇല്ലാ..ഞാനങ്ങ് വെര്ന്ന് ചോറ് എടുത്ത് തെരാ.." എന്നുച്ചതിൽ വിളിച്ചു പറയുന്നുണ്ട്.

ഒരക്ഷരം മിണ്ടാതെ വന്നതിന്റെ ഡബിൾ സ്പീഡിൽ ഞാൻ വീണ്ടുമോടി.പോകുന്നവഴിക്ക് ആരൊക്കെയോ എന്തിനാ മോളേ ഇങ്ങനെ ഓടുന്നത് എന്ന് ചോദിക്കുന്നുണ്ട്.ആര് കേൾക്കാൻ.അങ്ങനെ നേരത്തെ അവരെ കണ്ടുമുട്ടിയ സ്ഥലത്തെത്തി.ഞാനീ കുതൂഹലങ്ങളൊക്കെ നടത്തി 'അതിബുദ്ധി' കാട്ടി ഓടിയെത്തും വരെയും അവര് അവിടെത്തന്നെ നിൽക്കില്ലയെന്നൊന്നും ചിന്തിക്കാനുള്ള 'സാമാന്യബുദ്ധി'മാത്രം ഈ പാവം എനിക്കില്ലാതെ പോയി. ഓട്ടം പിന്നെയും തുടർന്നു..

ഇടക്ക് രണ്ട് വഴികൾ കണ്ടപ്പോൾ ഒരന്താളിപ്പായി.ഏതോ വീട്ടിലെ പട്ടിയുടെ നിർത്താതെയുള്ള കുര കേൾക്കാമായിരുന്നു. ഉള്ളിൽ ഭയം വന്നു തുടങ്ങി.നേരം ഇരുട്ടാനും.വീടുകളിൽ സന്ധ്യാദീപങ്ങൾ തെളിഞ്ഞു.കുറെ തവണ പോയിട്ടുണ്ടെങ്കിലും കൃത്യമായി വഴി അറിയില്ല.നിരാശ ഓട്ടത്തിന്റെ സ്പീഡ് കുറച്ചു.പെട്ടെന്ന് എന്റെ കുഞ്ഞുതലയ്ക്കകത്ത് ഒരു ബൾബ് കത്തി.കുറെ ആളുകളെ കണ്ടത് കൊണ്ടാവാം പട്ടി കുരച്ചത്. ആ ഊഹം വെച്ച് കുര കേട്ട വഴിയിൽ കൂടി വീണ്ടും ഓടാൻ തുടങ്ങി.

എന്റെ നിഗമനം തെറ്റിയില്ല.അതാ മങ്ങിയ വെളിച്ചത്തിൽ മൂന്നാല് പേർ നടന്നു നീങ്ങുന്നു. വെല്ലുപ്പാന്റെ വെളുത്ത ജുബ്ബ ആ സന്ധ്യയിലും വെട്ടിത്തിളങ്ങുന്നു.മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ചു കത്തി.ഒരു ജേതാവിനെ പോലെ അവരുടെ അടുത്തേക്കെത്തിയപ്പോൾ കിതപ്പ് ഒതുക്കി വളരെ പതുക്കെ നടക്കാൻ തുടങ്ങി.ഞാൻ തൊട്ടടുത്തെത്തിയത് ആരും അറിഞ്ഞില്ലായിരുന്നു.കുറച്ചു കഴിഞ്ഞ് വെല്ലുപ്പാന്റെ തോളിൽ കിടന്ന അനിയത്തി എന്നെ അവർക്ക് കാട്ടിക്കൊടുക്കും വരെ..തിരിഞ്ഞു നോക്കിയ അവരുടെ മുഖത്തെ അമ്പരപ്പ് കണ്ടപ്പോൾ....എന്നിലെ പോരാളിയെയും അഭിനേതാവിനെയും സ്വയം അഭിനന്ദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

പിന്നെ അവിടെ നടന്നത് ഊഹിക്കാവുന്നതേയുള്ളൂ.ഭാഗ്യത്തിന് അടി മാത്രം കിട്ടിയില്ല.എല്ലാരുടെയും വായിലുള്ളത് ഒരുളുപ്പുമില്ലാതെ ഞാൻ കേട്ടു.ഒറ്റയ്ക്ക് വീട്ടിലുള്ള ഉമ്മാമ ഇപ്പൊ എന്നെ കാണാതെ ഏതവസ്ഥയിൽ ആയിരിക്കുമെന്ന ബേജാറായിരുന്നു പിന്നെയവർക്ക്.അപ്പോൾ മാത്രമാണ് ഞാൻ കാണിച്ച അക്രമത്തിന്റെ ഗൗരവം കുറച്ചെങ്കിലും ചിന്തയിൽ വന്നത്.

ഈ സമയമൊക്കെ ഉമ്മാമ എന്നെ തിരഞ്ഞ് നാട് മുഴുവൻ അലയുകയായിരുന്നു.ഒടുവിൽ വഴിയിൽ ഞാൻ ഓടുന്നത് കണ്ട ആരോ പറഞ്ഞത് വെച്ച് സംഗതി ഊഹിച്ചു പാവം സമാധാനിച്ചു.

നടന്ന് നടന്ന് ഒടുവിൽ വെല്ലുപ്പാന്റെ തറവാട്ടിൽ എത്തുമ്പോഴേക്കും എല്ലാരും കൂടി ഒരു കാര്യം തീരുമാനിച്ചിരുന്നു.ഉമ്മാമ ഒറ്റക്കാവാതിരിക്കാൻ വെല്ലുപ്പയും,കൂടെ ഇത്താത്തയും തിരിച്ചു പോവുക.ഞങ്ങൾ അവിടെയെത്തി ചായയൊക്കെ കുടിച്ചു.വെല്ലുപ്പ പള്ളിയിൽ പോയി വന്ന ശേഷം ഓരോട്ടോ പിടിച്ചു വീട്ടിലേക്ക് പോയി.സ്വപ്നങ്ങൾ തകർത്ത എന്നെ കൊല്ലാനുള്ള ദേശ്യത്തോടെ ഇത്താത്തയും അനുസരണയുള്ള കുട്ടിയായി കൂടെ പോയി.ഞാനവളെ നോക്കി ചിരിച്ചു.ഒരിളിഞ്ഞ ചിരി..

പിന്നെ കുറെ കാലത്തേക്ക് ഞാൻ ഒരു കഥാപാത്രമായിരുന്നു. വരുന്നോരോടൊക്കെ അതിശയം പറയാനും ചിരിക്കാനും..എന്നാലിന്ന് ചിരിക്കുമ്പോഴും ഉള്ളിൽ ഒരു ചെറിയ നീറ്റലോടെയേ ഈ കഥ ഓർത്തെടുക്കാനാവൂ. അന്നത്തെ സംഭവത്തിൽ ഏറെ പ്രയാസപ്പെട്ട രണ്ടുപേർ..എന്റെ വെല്ലുപ്പയും ഉമ്മാമയും ഈ ലോകത്തില്ല.അവരുടെ പരലോക മോക്ഷത്തിന് വേണ്ടി മനം നിറയെ പ്രാർത്ഥന....

തസ്‌ലി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം