♥️ഉപ്പ ഞങ്ങളുടെ ഉപ്പാവ♥️


മനസ്സ് നിറയെ ഒരേയൊരു മുഖം മാത്രമേയുള്ളൂ...ഏത് ആൾക്കൂട്ടത്തിലും പുഞ്ചിരിച്ചു കൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന തേജസ്സാർന്ന ഒരു മുഖം.. എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ ഓർമ്മകൾ മറക്കാൻ സാധിക്കുന്നില്ല. ഈ എഴുതുന്ന വാക്കുകൾ മുഴുമിപ്പിക്കാൻ പോലും എനിക്ക് ശക്തി ലഭിക്കുന്നത് ആ ജീവന്റെ കണങ്ങൾ എന്നിലൂടെ ഒഴുകുന്ന രക്തത്തിൽ അലിഞ്ഞു ചേർന്നത് ഒന്നു കൊണ്ട് മാത്രമാണ്‌.ജനനത്തിനും മരണത്തിനുമിടയിലെ അർത്ഥതലങ്ങളുടെ പൂർത്തീകരണങ്ങൾക്കു വേണ്ടിയുള്ള തമോഗർത്ഥങ്ങൾ താണ്ടി,കുടുംബത്തിന്റെ സുഖസുഷുപ്തി തേടിയുള്ള യാത്രയിലെ വിള്ളലുകൾ മണ്ണിട്ടു നികത്താൻ ഒരായുസ്സ് മുഴുവൻ മരുഭൂമിയിൽ ജീവിതം ഹോമിച്ച എന്റെ ഉപ്പ.  ഭൂമിയിൽ മക്കളും പേരമക്കളുമടങ്ങുന്ന ഒരു കൊച്ചുവലിയ നന്മമരത്തിനു വേരുകൾ നല്കിയ ആ സ്നേഹത്തണലിനിന്ന് മണ്ണിൽ നിത്യനിദ്ര.


ആരായിരുന്നു എനിക്കെന്റെ ഉപ്പ.. വാക്കുകൾക്കതീതമാണ് ഉപ്പാവ എന്ന മൂന്നക്ഷരത്തിൽ ഞങ്ങൾ വിളിച്ച ആ തണൽമരം. വാത്സല്യനിധിയായി മക്കളെ സ്നേഹിക്കാനും, ഒരു ചങ്ങാതിയെ പോലെ പെരുമാറുമാറാനും, തമാശകളും ആനുകാലിക ചർച്ചകൾ പങ്കുവെക്കുമ്പോഴും ഗൗരവം ഒട്ടും കുറയാത്ത പിതാവിന്റെ കടമകൾ നിർവഹിക്കാൻ ഉപ്പാക്ക് തടസ്സമായില്ല. ആ ശൗര്യത്തിൽ ഇങ്ങോട്ടും, ഭയത്തിലും ബഹുമാനത്തിലും അങ്ങോട്ടും സ്നേഹക്കൂടുതലിന്റെ നൈർമല്യം ഞങ്ങളറിഞ്ഞു. കൃത്യനിഷ്ഠയിലും വൃത്തിയിലും മറ്റാരുമായിരുന്നില്ല മാതൃക. അവസാനസമയം വരെ ഉപ്പ ആ വിശുദ്ധി കാത്തുസൂക്ഷിച്ചു. മടിഞ്ഞിരിക്കുന്ന ഉപ്പയെ ഞാനൊരിക്കലും കണ്ടിട്ടില്ല. അറുപതിലും ഊർജ്ജസ്വലനായ യുവാവായി മാറാൻ സാധിച്ചത് ഈ സജീവതയായിരുന്നു.

 ഉമ്മയെ സഹായിക്കുന്നതിൽ ഒരു പൗരുഷമില്ലായ്മയും ഉപ്പ കണ്ടിരുന്നില്ല.അടുക്കളയെ ഒരു പെണ്ണിനേക്കാളും ഉപ്പക്കറിയാമായിരുന്നു. കൊച്ചുകുഞ്ഞുങ്ങളെ പരിപാലിക്കുന്ന കാര്യത്തിൽ ഉപ്പയോളം അറിവ് ഞങ്ങൾ മക്കൾക്കാർക്കുമില്ലായിരുന്നു. 

ഉപ്പയെ അനുകരിച്ച് അദ്ദേഹത്തിന്റെ മുന്നിൽ ആളാവാനായിരുന്നു എന്റെ വായനയുടെ തുടക്കം. ഖുർആൻ പാരായണത്തിൽ അക്ഷരശുദ്ധി ഇത്രത്തോളം പ്രാമുഖ്യം ഉണ്ടെന്ന് ഉപ്പയുടെ ശിക്ഷണത്തിൽ നിന്നാണ് മനസ്സിലാക്കിയത്.ഇപ്പോഴും ഖുർആൻ ഓതുമ്പോൾ ആ നിർദ്ദേശങ്ങൾ കാതിൽ മുഴങ്ങും. ചെറിയ മഴയുള്ള ദിവസങ്ങളിൽ പോലും ഞങ്ങളെ സ്കൂളിലയക്കേണ്ടെന്നു ആദ്യകാലത്ത് കത്തുകളിലൂടെയും പിന്നീട് ഫോണിലൂടെയും ഉപ്പ അറിയിക്കുമ്പോൾ ഉമ്മ ചിരിക്കുമായിരുന്നു.  ആദ്യത്തെ മൂന്നു പെണ്മക്കളാൽ സ്വർഗ്ഗം നേടാൻ സാധിക്കണമെന്നു ഉമ്മയോട് എന്നും ഉപ്പ പറയുമായിരുന്നു. അവസാനപ്രസവത്തിൽ നന്നേ പ്രയാസപ്പെട്ട ഉമ്മയോട് നഷ്ടപ്പെട്ട രണ്ടാന്മക്കൾക്ക് പകരം ഇത് അല്ലാഹു നൽകാൻ പോകുന്ന ആൺതരിയായിരിക്കുമെന്ന ശുഭാപ്തിവിശ്വാസം സത്യമായപ്പോൾ അദ്ദേഹം പ്രകടിപ്പിച്ച സന്തോഷവും നാഥനോടുള്ള പ്രാർത്ഥനയിലൂടെയായിരുന്നു. ജീവിതത്തിൽ നന്നേ പ്രയാസപ്പെട്ട പല പ്രതിസന്ധികളിലും ഒരിക്കൽ പോലും പരിതപ്പിക്കാതെ പിടിച്ചു നിർത്താൻ പ്രേരിപ്പിച്ചത് ഈ വിശ്വാസവും പ്രാർത്ഥനയുമായിരുന്നിരിക്കണം.നന്നേ ചെറുപ്പത്തിൽ തന്നെ പിതാവും അധികം താമസിയാതെ മാതാവും ഉപ്പാക്ക് നഷ്ടമായിരുന്നു. എപ്പോഴും നല്ല രീതിയിൽ വസ്ത്രം ധരിക്കണം എന്നതും, സൗന്ദര്യം നിലനിർത്തണമെന്നതും ഉപ്പാക്ക് നിർബന്ധമായിരുന്നു. മാരകരോഗങ്ങൾ വരുത്തുന്ന വൈരൂപ്യം അദ്ദേഹം ഭയപ്പെട്ടു. അതു കൊണ്ട്‌ തന്നെ ആശുപത്രിവാസത്തെയും ഉപ്പ വെറുത്തു. ചികിൽസക്ക് പ്രകൃതിദത്ത മാർഗങ്ങൾ അവലംബിക്കാൻ കാരണവും ഇത് തന്നെ.

അവസാന കാലത്ത് ഉപ്പ ജീവിതത്തെ നന്നായി ആസ്വദിക്കുന്നതായി തോന്നിയിരുന്നു.കാലത്തിനൊത്ത് സഞ്ചരിക്കാൻ അദ്ദേഹം എന്നും താൽപ്പര്യം പ്രകടിപ്പിച്ചു. പേരക്കുട്ടികളോടൊത്ത് കൂടുതൽ സമയം ചിലവിടാൻ അദ്ദേഹം കൊതിച്ചിരുന്നു. അവധിക്കാലം കഴിഞ്ഞെത്തിയപ്പോഴും വിഡിയോ ചാറ്റുകളിലൂടെ അദ്ദേഹം അവരോട് എപ്പോഴും കുശലാന്വേഷണം നടത്തി. . പലപ്പോഴും ഒരു ദിവസം തന്നെ ഒന്നിലധികം തവണ വിളിച്ചു. തിരിച്ചു പോന്നതിന്റെ സങ്കടം അതിൽ നിഴലിച്ചിരുന്നു.

മരണത്തിന്റെ മാലാഖ തൊട്ടടുത്തിയാലും മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്തത് അവന്റെ ഏറ്റവും വലിയ നിസ്സാരത....കാതങ്ങൾക്കിപ്പുറത്തുള്ള മക്കളുടെ ക്ഷേമന്വേഷണം തിരക്കി മണിക്കൂറുകൾക്കകം തന്നെയായിരുന്നു ഉപ്പയെ തിരിച്ചുവിളിക്കാൻ പടച്ചവൻ അവരെ അയച്ചത്. പതിവിനു വിപരീതമായി ആ ശബ്ദത്തിലുള്ള ഇടർച്ച എന്നെ അസ്വസ്ഥയാക്കി. ഉറക്കം വരാതെ മനസ്സ് ഉപ്പയെക്കുറിച്ചോർത്ത് പിടഞ്ഞത് ആകസ്മികതയല്ലെന്നു അൽപ്പം കഴിഞ്ഞ് ആ രാവിന്റെ അന്ത്യത്തിൽ തന്നെ ഹൃദയം തകരുന്ന വേദനയോടെ ഞാനറിഞ്ഞു. എന്റെ പ്രിയതമനും മക്കളും മറ്റു പല നല്ല മനുഷ്യരും കിണഞ്ഞു ശ്രമിച്ചിട്ടും ഏഴാം കടലിനിക്കരെ നിന്നും യാത്രതിരിച്ചിട്ടും അവസാനമായി ആ മുഖമൊന്നു കാണാൻ എനിക്ക് സാധിച്ചില്ല.

ആ ആത്മാവിനെയും വഹിച്ചു 

മാലാഖമാർ പറന്നുയരുമ്പോൾ 

വാനിന്റെ താഴ്ന്ന നിലയിൽ 

യന്ത്രപ്പക്ഷിയുടെ ഉദരത്തിൽ നിന്നു

ഹൃദയം നിറഞ്ഞ പ്രാർത്ഥന നടത്താനേ ഈയുള്ളവൾക്ക് കഴിഞ്ഞുള്ളു...നാഥാ..എന്റെ ഉപ്പാക്കും ഞങ്ങളുടെ മാതാപിതാക്കൾക്കുമൊപ്പം

സ്വർഗ്ഗത്തിൽ ഒരു കുടുംബമായി വീണ്ടും ഒരുമിക്കാനുള്ള ഭാഗ്യം തന്നനുഗ്രഹിക്കണമേ....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം