അവൾ പോയ ദിവസം

 ആഘോഷിക്കുകയാണ്..

എല്ലാവരും..

അയാളൊഴികെ..

എടങ്ങേറ് ഒഴിഞ്ഞത്

അയാൾക്കല്ലല്ലോ..


പ്രായമേറെയായിട്ടും

ഒരു കുലുക്കവുമില്ലാതെ,

യമണ്ടനായിട്ടങ്ങനെ

തലയെടുപ്പോടെ നിന്നവൾ.


ആർത്തുചിരിച്ച്

എറിഞ്ഞിട്ട പിള്ളേരൊക്കെ

ഇന്ന് നല്ലനിലയിലായി.

വേദനിപ്പിച്ചപ്പോഴും

കൈ നിറയെ കൊടുത്തു.

പിന്നെയും എത്ര തലമുറ...


അവസാനം,

വെട്ടിയരിഞ്ഞപ്പോഴും

ഒന്നു തൊട്ടപ്പോൾ

ചോരക്കയ്യാൽ

ഒട്ടിച്ചേർന്നു നിന്ന്

സ്നേഹം പകർന്നവൾ...


വിരുന്നു വന്നവരെയൊക്കെ

തോളത്തും,നെഞ്ചിലും,

തലയിലുമേറ്റി

താലോലിച്ചവൾ..


ജീവനകന്നിട്ടും

ഒത്തിരി ജീവനുകൾക്ക്

താങ്ങാവാനാവളെ

കെട്ടിയൊരുക്കി

പെട്ടിയിലാക്കി.


ആവലാതികൾക്ക്

അടക്കം പറച്ചിലുകൾക്ക്

ഒരു മറയായ്..

സ്വപ്നങ്ങൾ സ്വരുക്കൂട്ടി വെച്ച് അടച്ചിടാൻ..


പൊങ്ങച്ചങ്ങൾ വാരിവിതറുന്ന തീൻമേശയായ്..

അവൾ വീണ്ടും ജീവിക്കും..

പലയിടത്തായ്..

അവളുടെ 

ഓർമയിൽ

അയാൾ പതുക്കെ

ചാരുകസേരയിലേക്ക്..


തസ്‌ലീമ അഷ്‌റഫ്.







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം