പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

❤ ഹൃദയം വിശാലമാക്കുക❤

 ഒരു മെഴുകുതിരി വെട്ടത്തിന്റെ ആയുസ്സേ ഭൂമിയിൽ നമുക്കുള്ളൂ.. എരിഞ്ഞടങ്ങും മുമ്പ് പ്രകാശം പരത്തി മറ്റുള്ളവർക്ക് വെളിച്ചമാകണം.. സ്വയം നന്മയുടെ വാഹകരായി ചുറ്റുമുള്ള നന്മയിൽ കൈകോർത്തു പരസ്പരസഹകാരികളാവണം മനുഷ്യൻ.  പുരോഗമന വാദികളാണെന്ന് അവകാശപ്പെടുമ്പോഴും ഉള്ളിന്റെയുള്ളിൽ യാഥാസ്ഥിതികത്വം പറിച്ചെറിയാനാവാത്ത വ്യാധിയായി കുടികൊള്ളുന്നുണ്ടെങ്കിൽ അവർക്ക്  തുറന്ന മനസ്സോടെ ചുറ്റും കാണുന്ന നന്മകളെ അംഗീകരിക്കാനാവില്ല. തങ്ങളാണ് ഏറ്റവും വലിയ ശരിയെന്ന അഹംബോധം ജീവിതത്തെ വരിഞ്ഞുമുറുക്കിയിരിക്കും. അവർക്ക് മറ്റുള്ളവരുടെ വികാരത്തെ ഉൾകൊള്ളാൻ ഒരിക്കലും സാധിക്കില്ല. പുറമേക്ക് വിശാലമനസ്കരായി  അഭിനയിച്ചുകൊണ്ടിരിക്കുന്ന ഇവർക്ക് ആൽമരത്തിൻറെ ഭാവമായിരിക്കും. ഇതൊരു നന്മയായി പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും മറ്റുള്ളവർ തങ്ങളുടെ തണലിൽ കഴിഞ്ഞുകൊള്ളണം എന്ന ദുർവാശിയാണത്. അപരന്റെ സ്വാതന്ത്ര്യത്തിന് എന്നും വിലങ്ങു തടിയായി നിൽക്കുന്നവർ.ഞങ്ങൾ നല്ലവരാണ് എന്നു ഇടക്കിടെ സ്വയം പറഞ്ഞു കൊണ്ടിരിക്കും.സ്വന്തത്തെത്തന്നെ വിശ്വാസമില്ലാത്ത പോലെ. ഇത്തരക്കാർക്ക് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഗൗനിക്കാനും മടിയായിരിക്കും. നല്ലതിനെ ഒ...

സ്കൂൾ ഡയറി ****************

  ഈ കഥ നടന്നിട്ട് കുറെ വർഷങ്ങളായി. യു പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന കാലം..... ഏകദേശം ഉച്ചക്ക് പന്ത്രണ്ട് മണി കഴിഞ്ഞു കാണും.രാജൻ മാഷ് ക്ലാസ്സിൽ കണക്ക് പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. മാഷിനെ നല്ല പേടിയായത് കൊണ്ട്  ഇമവെട്ടാതെ ഓരോരുത്തരും ശ്രദ്ധിച്ചിരിക്കുകയാണ് കഞ്ഞിപുരയുടെ തൊട്ടടുത്താണ് ഞങ്ങളുടെ ക്ലാസ് ..  കഞ്ഞിയുടെയും ചെറുപയർ വേവിച്ചതിന്റെയും മണം നാസാരന്ദ്രങ്ങളെ തുളച്ച്കൊണ്ടിരുന്നു..  വിശപ്പ് അതിന്റെ മൂർധന്യത പ്രാപിച്ചു കൊണ്ട് കൂടെതന്നെയുണ്ട്...ഉച്ച ബെല്ലടിക്കാൻ അടുത്ത ഒരു പീരിയഡ് കൂടി കഴിയണം..പഠിക്കുന്നതൊന്നും  തലയിൽ കയറുന്നില്ല. ബെല്ലടിച്ചു.. ആശ്വാസം.. ഇനി ഒരു പീരിയഡ് കൂടി  സഹിച്ചാൽ മതിയല്ലോ..പക്ഷേ ആ സമയത്തെ ഇഗ്ലീഷ് പഠിത്തം ആലോചിക്കുമ്പോൾ.. ബെല്ലടിച്ചു ഏറെ നേരം കഴിഞ്ഞു.. സുജാത ടീച്ചറെ കാണുന്നില്ല.. ടീച്ചർ ഇന്ന് വന്നില്ലേ..ഇല്ലെന്ന് തോന്നുന്നു.മനസ്സിൽ ലഡു പൊട്ടി....ആ സംശയത്തെ ഉറപ്പിച്ചു കൊണ്ട് തൊട്ടടുത്തിരിക്കുന്ന ഷാഹിനയോട്  പറഞ്ഞു..ടീച്ചർ ഇന്ന് ഇല്ല മോളേ..അൽപസമയത്തിനുള്ളിൽ തന്നെ ക്ലാസ് മുഴുവൻ ആ വാർത്ത പരന്നു... അതോടെ കുട്ടികളെല്ലാം നല്ല 'അച്ചടക്ക'മ...

കഥ ഔട്ടിങ്ങ്‌ ***********

  അവധി ദിവസം ശരിക്കും'അടിച്ചു പൊളിക്കു'കയാണ്  മക്കൾ രണ്ടു പേരും..മേശയും കസേരയും പരിക്കേറ്റ നിലയിൽ.. സോഫയിൽ നിന്നും കിലോമീറ്റർ അകലെ എത്തിയിരിക്കുന്നു ക്യുഷനുകൾ..മൊത്തത്തിൽ ഒരു യുദ്ധം കഴിഞ്ഞ പ്രതീതി..എന്റെ  കാൽപെരുമാറ്റം കേട്ടപ്പോൾ തന്നെ രണ്ടും എലികളെ പോലെ എവിടെയോ ഓടിയൊളിച്ചു. ദേഷ്യം വന്ന് അലറി വിളിച്ചപ്പോൾ രണ്ടും പുറത്തേക്ക് വന്നു."എന്താടാ ഈ കാണിച്ചു വച്ചിരിക്കുന്നത്. ഇങ്ങനെയാണോ കളി."  "ഞങ്ങക്ക് ഇവിടെ വേറെ എന്ത് കളിയുണ്ട്.മമ്മി തന്നെ പറ.. വീക്കെൻഡ് ആയാൽ പോലും ഒന്നു പുറത്തേക്ക് കൊണ്ട് പോകില്ലല്ലോ..".ഉടനെ വന്നു ചോട്ടാ ബീമിന്റെ മറുപടി. ഉത്തരം മുട്ടിയപ്പോൾ സുമ വേഗം സ്ഥലം കാലിയാക്കി.  അവരുടെ ആവശ്യം ന്യായമാണ്.അവരെക്കാളേറെ അവളും അതാഗ്രഹിക്കുന്നുണ്ട്.മക്കൾ ഇങ്ങനെ ബഹളം വെച്ചെങ്കിലും അസ്വദിക്കുന്നു. എന്നാൽ ഒന്നു മിണ്ടിപ്പറയാൻ പോലും അവൾക്കാരുമില്ല. കല്യാണം കഴിഞ്ഞയുടനെ അവളെ പുറത്ത് കൊണ്ടുപോകാൻ രവിക്കായിരുന്നു ഏറെ ആവേശം.  അവൾ ഫോണെടുത്ത് രവിയെ വിളിച്ചു."രവീ നീയെവിടെയാ? ഒരവധി ദിവസമായിട്ട് കറങ്ങി നടപ്പ് തന്നാണോ? " അല്ലെടീ ഞാൻ ഒരു അർജന്റ് മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പ...

എന്റെ ആദ്യ സ്റ്റേജോർമ

അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുകയാണ്.  എത്ര കൊല്ലം മുമ്പെന്നു ചോദിച്ചാൽ ഏകദേശം ഒരു പത്തു... അയ്യട.. അത് വേണ്ട, എന്നിട്ട് വേണം എന്റെ വയസ്സ്  മനസ്സിലാക്കാൻ..നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അത്ര തന്നെ.. സ്കൂൾ കലോൽസവമായിരുന്നു അന്ന്.. രാവിലെ തന്നെ  കലാമത്സരങ്ങൾ  കാണാൻ  രാവിലെത്തന്നെ കുളിച്ചൊരുങ്ങി എന്റെ ഫേവറിറ്റ് ചുവന്ന ചുരിദാറുമിട്ട് ഉപ്പ സൗദീന്ന് കൊണ്ട് വന്ന ഗോൾഡൻ വാച്ചൊക്കെ കെട്ടി മൊഞ്ചത്തിയായി പുറപ്പെട്ടു.... അന്നത്തെ ദിവസത്തിന് വേറെയും വല്യൊരു പ്രത്യേകതയുണ്ടായിരുന്നു... എന്താണെന്നറിയണ്ടേ... എന്റെ ആദ്യത്തെ സ്റ്റേജിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു അന്ന്.. അതേ..ഞാനൊരു സംഭവം ആണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയ ദിവസം.. സ്റ്റേജിൽ കയറുന്നത് ഓരോ നിമിഷവും മനസ്സിലേക്ക് ഓടിയെത്തി.. സന്തോഷവും ടെൻഷനും കാരണം  ആകെയൊരു വല്ലാത്ത അവസ്ഥ..വയറൊക്കെ ഇങ്ങനെ ഗുളു ഗുളൂന്ന് ആയി വരുന്നു..വഴിയിലുടനീളം ചങ്ങായിമാർ പരസ്പരം ഇത് തന്നെ ചർച്ച..  അവനവൻ പങ്കെടുക്കുന്ന ഇനങ്ങളെ പറ്റി.. "എടീ നീ എന്തിനാ പേര് കൊടുത്തെ" കൂട്ടുകാരി ഷൈനിയാണ്..ഞാൻ വല്യ ഗമയിൽ.."ദേശീയഗാനത്തിനും മാപ്പിളപ്പാട്ടി...

സ്വാഗത ഗാനം

  വിരുന്നുവന്നവർ ഞങ്ങൾ .. ഇവിടെ.. വിരുന്നുവന്നവർ ഞങ്ങൾ ... അറിവിന്നക്ഷരമധുരം തന്നൊരു തറവാട്ടിൻ തിരുമുറ്റമിതിൽ... അൽഫലാഹിൻ മുറ്റമിതിൽ.. വിരുന്നുവന്നവർ ഞങ്ങൾ .. ഇവിടെ.. വിരുന്നുവന്നവർ ഞങ്ങൾ ... ഇഹപര വിജയം വരിച്ചീടാനായ്- വിത്തുകൾ പാകിയ ഗുരുനാഥർ. ഭൗതികജ്ഞാനം പഠിച്ചെടുക്കാൻ- ചോദനയുണർത്തീ അകതാരിൽ.(2)                 പരീക്ഷണങ്ങളിൽ പിടിച്ചു നിൽക്കാൻ കരുത്തു നൽകിയ കലാലയം.. പേരിന്നർതഥം വിജയം എന്നതു - അന്വർഥമാക്കിയ മഹാലയം.(2)                                            (വിരുന്നു വന്നവർ....)   ഇരുളിൽ തടഞ്ഞു വീഴും നാടിന്- വെളിച്ചമാണീ പൂവാടി.. അതിരുകളില്ലാത്തറിവിന്നുറവകൾ ഒഴുകിയെത്തും മലർവാടി..(2) തലമുറ മാറി ചിന്തകൾ മാറി ഗുരുക്കൾ മാറി എന്നാലും... തിരകൾ തീർക്കും കടലുകൾ പോലെ, അറിവിൻ ദാഹമകറ്റുന്നൂ..(2)    ...

♥️ഉപ്പ ഞങ്ങളുടെ ഉപ്പാവ♥️

മനസ്സ് നിറയെ ഒരേയൊരു മുഖം മാത്രമേയുള്ളൂ...ഏത് ആൾക്കൂട്ടത്തിലും പുഞ്ചിരിച്ചു കൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന തേജസ്സാർന്ന ഒരു മുഖം.. എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ ഓർമ്മകൾ മറക്കാൻ സാധിക്കുന്നില്ല. ഈ എഴുതുന്ന വാക്കുകൾ മുഴുമിപ്പിക്കാൻ പോലും എനിക്ക് ശക്തി ലഭിക്കുന്നത് ആ ജീവന്റെ കണങ്ങൾ എന്നിലൂടെ ഒഴുകുന്ന രക്തത്തിൽ അലിഞ്ഞു ചേർന്നത് ഒന്നു കൊണ്ട് മാത്രമാണ്‌.ജനനത്തിനും മരണത്തിനുമിടയിലെ അർത്ഥതലങ്ങളുടെ പൂർത്തീകരണങ്ങൾക്കു വേണ്ടിയുള്ള തമോഗർത്ഥങ്ങൾ താണ്ടി,കുടുംബത്തിന്റെ സുഖസുഷുപ്തി തേടിയുള്ള യാത്രയിലെ വിള്ളലുകൾ മണ്ണിട്ടു നികത്താൻ ഒരായുസ്സ് മുഴുവൻ മരുഭൂമിയിൽ ജീവിതം ഹോമിച്ച എന്റെ ഉപ്പ.  ഭൂമിയിൽ മക്കളും പേരമക്കളുമടങ്ങുന്ന ഒരു കൊച്ചുവലിയ നന്മമരത്തിനു വേരുകൾ നല്കിയ ആ സ്നേഹത്തണലിനിന്ന് മണ്ണിൽ നിത്യനിദ്ര. ആരായിരുന്നു എനിക്കെന്റെ ഉപ്പ.. വാക്കുകൾക്കതീതമാണ് ഉപ്പാവ എന്ന മൂന്നക്ഷരത്തിൽ ഞങ്ങൾ വിളിച്ച ആ തണൽമരം. വാത്സല്യനിധിയായി മക്കളെ സ്നേഹിക്കാനും, ഒരു ചങ്ങാതിയെ പോലെ പെരുമാറുമാറാനും, തമാശകളും ആനുകാലിക ചർച്ചകൾ പങ്കുവെക്കുമ്പോഴും ഗൗരവം ഒട്ടും കുറയാത്ത പിതാവിന്റെ കടമകൾ നിർവഹിക്കാൻ ഉപ്പാക്ക് തടസ്സമായില്ല. ആ ശൗര്യത്...
  ❤️സ്വതന്ത്ര ഇന്ത്യയിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരോടും അന്യരെന്ന് മുദ്ര കുത്തപ്പെട്ട ഈ മണ്ണിന്റെ അവകാശികളോടും ദുരന്തങ്ങളിലും മഹാമാരിയിലും പ്രയാസമനുഭവിക്കുന്നരോടും ഐക്യദാർഢ്യം❤️ ആഗസ്റ്റ് 15 എനിക്കും ഒരുപാട് വിശേഷപ്പെട്ടതാണ്... ഇരുപത്തിയൊന്ന് വർഷം....മാതാപിതാക്കളോടൊപ്പം ജീവിച്ചതിനെക്കാൾ കൂടുതൽ😥 പ്രിയപ്പെട്ടവനോടൊപ്പം...😍..എന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും എന്റെ ഇഷ്ടങ്ങളിലും അനിഷ്ടങ്ങളിലും ഒരുമിച്ച്..... ഇണങ്ങിയും പിണങ്ങിയും അടിപിടി കൂടിയും ചിലപ്പോൾ എന്നെ അങ്ങേയറ്റം "സഹികെട്ട് " സഹിച്ചും...എന്റെ വാശികൾക്ക് വഴങ്ങിയും *വീഴ്ചകളിൽ* താങ്ങായും എന്നോടുള്ള സ്നേഹം പുറമേയുള്ളതിനെക്കാൾ ഉള്ളിലൊളിപ്പിച്ചും.. അഞ്ച് മക്കളുടെ ലോകത്ത് ആനന്ദത്തോടെയും..വേവലാതിയോടെയും.. ചിലപ്പോൾ തോന്നും ഞാനാണ് ഈ ലോകത്ത് ഏറ്റവും ഭാഗ്യവതി എന്ന്.. ചിലപ്പോൾ നേരെ തിരിച്ചും.....അതാണല്ലോ ജീവിതം...😍 എന്നാലും ഞാൻ പടച്ചവനോട് നന്ദിയുള്ളവളാണ്...🤲🏻🤲🏻🥰 .. ഈ ദിവസം ഏറ്റവുമാദ്യം 3 കൊല്ലം മുമ്പ് വരെ ആശംസകൾ അറിയിച്ചു വിളിക്കുന്ന ഒരാളുണ്ടായിരുന്നു.... എന്റെ ഉപ്പാവ.....❤️❤️❤️❤️❤️❤️ ഇന്ന് നീ വിളിക്കുമല്ലോ എന്ന് കാത്തിരിക്കുകയാണ...

പുസ്തകാസ്വാദനം

 കുറെ കാലമായി വലിയ പുസ്തകങ്ങൾ വായിക്കാറില്ലായിരുന്നു. മടി തന്നെ കാരണം.ചിലപ്പോൾ വായിച്ചു തുടങ്ങി പിന്നീടാവാം എന്ന് വിചാരിച്ച് മാറ്റിവെക്കും. ബെന്യാമിൻറെ ആടുജീവിതമായിരുന്നു ആവേശപൂർവം അവസാനം വായിച്ചത്...ഷെമിയുടെ 'നടവഴിയിലെ നേരുകൾ' (#നടവഴിയിലെ #നേരുകൾ- എന്ന നോവലിനെക്കുറിച്ച് കേട്ടത് മുതൽ വായിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ,ഈയടുത്താണ് സുഹൃത്ത് Subeena Ck യിൽ നിന്നും പുസ്തകം  കയ്യിലെത്തിയത്‌.ഉടനെ ആവേശപൂർവ്വം കൊണ്ടുവന്നെങ്കിലും രണ്ടു മൂന്നു ദിവസം അതേ പോലെ കിടന്നു.പിന്നെ ഒഴിഞ്ഞിരിക്കുമ്പോൾ വായന ആരംഭിച്ചു..  സത്യം പറയട്ടെ ഇടക്കൊന്ന് നിർത്തി എന്റേതായ ജോലിയൊക്കെ ചെയ്തത് തികച്ചും യാന്ത്രികമായിട്ടാണ്. ഒരു നിമിഷം പോലും വെറുതെ കളയാതെ വായന തുടർന്നു..വായനക്കിടയിൽ പലപ്പോഴും സങ്കടത്താൽ നെഞ്ച് വിങ്ങുകയും കണ്ണ് നിറയുകയും ചെയ്തു.  കിടന്നിട്ടും ഉറക്കം വരാതെ എഴുന്നേറ്റ് പിന്നെയും തുടർന്നു.വായനയവസാനിച്ചിട്ടും അത് വരച്ചിട്ട ലോകത്തിൽ നിന്നും പുറത്തേക്ക് കടക്കാൻ കുറെ സമയമെടുത്തു.കൗമാരം വിട്ട ശേഷം പിന്നെ ഉറക്കത്തിൽ എഴുന്നേറ്റു വായിക്കുന്ന ശീലം ഇല്ലായിരുന്നു. എഴുത്തുകാരിയുടെ ഓർമകളിലെ കൃത്യത ശെരിക്...
പറയാതിരിക്കാൻ നീ നാവറുത്തുമാറ്റിയപ്പോഴാണ് എൻറ അക്ഷരങ്ങൾക്കിത്ര മൂർച്ചയേറിയത് . സങ്കടങ്ങൾക്കുനേരെ നീ കാതടച്ചപ്പോഴാണ് , ലോകമെന്നെ കവിയെന്നു വിളിച്ചത്.

തിരിച്ചറിവ്

  വിശാലമായൊന്നു നടക്കാൻ- ഭൂമി മുഴുവൻ ഞാൻ വിലക്ക് വാങ്ങി. ചിറകില്ലാതെ പറക്കാൻ ആകാശവും. ആസ്വദിക്കാനുള്ള ഹൃദയവും , കാണാനുള്ള കണ്ണുകളും സ്വയം ചൂഴ്നെടുത്ത കാര്യം  അപ്പോഴാണെനിക്കോർമ വന്നത്....

പ്രവാസം °°°°°°°°°°

  പ്രാരാബ്ദത്തിനിടയിലാണ് അവർ പ്രണയിച്ചത്. പണവും പ്രതാപവും പോരെന്നു അവളുടെ പിതാവ് പറഞ്ഞപ്പോൾ പ്രതീക്ഷയോടെ, പ്രിയതമക്ക് വേണ്ടി അവനൊരു പ്രവാസിയായി. ഒടുവിൽ.. പുത്തൻപണക്കാരനായി പിറന്ന നാട്ടിലെത്തിയപ്പോൾ... പ്രാപ്തിയുള്ള പത്രാസുകാരനെ കെട്ടി, പ്രിയ പ്രണയിനിയൊരു പ്രവാസിനിയായിരുന്നു. -- തസ്‌ലി

പുസ്തകാസ്വാദനം

 "കാലം മായ്ച്ച കാൽപ്പാടുകൾ"...വേറിട്ട ഒരു വായനാനുഭവം..  പെയ്തിട്ടും പെയ്തിട്ടും തോരാത്ത മഴ പോലെ... ചിലപ്പോൾ സങ്കടം കൊണ്ട് തൊണ്ട വരണ്ടു.. ചിലപ്പോൾ കണ്ണുകൾ നനഞ്ഞു.. സ്വയം തോന്നാറുള്ള കുറവുകളൊക്കെ മായ്ച്ചു കളയുന്ന പ്രചോദനം പോലെ...ഒഴുക്കിനെതിരെ ആഞ്ഞു തുഴഞ്ഞു ജീവിക്കാൻ പ്രേരിപ്പിക്കുന്ന വഴികാട്ടി..പരീക്ഷണങ്ങളിൽ പതറിപ്പോയേക്കാവുന്നിടത്ത് നിന്ന്  കരുത്തോടെ ഉയിർത്തെഴുന്നേറ്റ ജീവിതം ലാളിത്യവും നിഷ്കളങ്കതയും തുളുമ്പുന്ന വരികളിൽ ആവിഷ്കരിച്ചിരിക്കുന്നു. വായിക്കാൻ കുറെ നാളായി ആശിച്ചിരുന്നു..ഒടുവിൽ എഴുത്തുകാരിയിൽ നിന്ന് തന്നെ കൈപ്പറ്റാൻ ഭാഗ്യം കിട്ടി...അവരെ കാണുക എന്നതുമൊരു സ്വപ്നമായിരുന്നു.നേരിൽ കണ്ടപ്പോൾ ഈ പ്രതിഭയോട് അത്ഭുതവും ബഹുമാനവും കൂടി വന്നു.അറിഞ്ഞതിനെക്കാൾ കൂടുതലായിരുന്നു മാരിയത്തെന്ന Mariyath Ch നിറപുഞ്ചിരിയുടെ പര്യായമായ ആ മാരിവില്ലിന്റെ ജീവിതകഥ. കുറഞ്ഞ സമയം കൊണ്ട് തന്നെ നമ്മുടെ സ്വന്തം കൂടപ്പിറപ്പായി അവർ മാറിയ പോലെ.വല്ലാത്ത ഒരു പോസിറ്റീവ് എനർജി പകരുന്ന ഇടപെടൽ. ഇത്രയും നാളത്തെ ജീവിതത്തിൽ നമ്മളൊക്കെ എന്തു ചെയ്തു എന്ന ചോദ്യം വല്ലാതെ അസ്വസ്ഥമാക്കുന്നു. പ്രയാസങ്ങളിൽ നിരാശരായിപ്പോ...
 ജീവശ്വാസം പോലും സ്വന്തമല്ലാത്ത നാം എന്തിന്റെ പേരിൽ ഊറ്റം കൊള്ളുന്നു... ഒരേ നിറത്തിൽ  ഞരമ്പുകളിൽ ഓടുന്ന ചുടുചോര വൃത്തികെട്ട കാരണങ്ങളുണ്ടാക്കി നാം എന്തിന് ചിന്തുന്നു.. ധരിച്ച വസ്ത്രം സ്വയം അഴിച്ചു മറ്റുമെന്നുറപ്പില്ലാത്തപ്പോൾ വസ്ത്രത്തിന്റെ പേരിൽ  എന്തിന് പത്രാസ്‌ കാട്ടുന്നു... കഴിക്കുന്ന ഭക്ഷണം ഇറക്കാൻ കഴിയുമെന്നറിയാതെ വിഭവങ്ങൾ ഉണ്ടാക്കി ധൂർത്തടിക്കുന്നു.... അറിയുക, നമ്മുടേതായി നമുക്കൊന്നുമില്ല... നമ്മിലൊരാൾ പിരിഞ്ഞ ശേഷമാണ് നമുക്കവർ ആരായിരുന്നുവെന്ന തിരിച്ചറിവുണ്ടാവുക... അപരന് ആനന്ദം ലഭിക്കുന്നത് കൂടിയാണ് നമ്മുടെ ഓരോ പ്രവർത്തിയുമെങ്കിൽ അതിൽപ്പരം മനസ്സംതൃപ്തി വേറെയുണ്ടാവില്ല...

വേർപാട്

 മനസ്സിന്റെ സങ്കടപ്പെയ്ത്ത് മറച്ചിരുന്ന കുടയുടെ വില്ലൊടിഞ്ഞിരിക്കുന്നു..  പ്രതിസന്ധികളിൽ പ്രതീക്ഷിക്കാറുള്ള  വിളിയും നിലച്ചു പോയിരിക്കുന്നു... പരിഭവഭാണ്ഡം തുറക്കുന്നവർക്കിടയിൽ പരാതി കേൾക്കാത്ത ഒരെയൊരിടം മറഞ്ഞിരിക്കുന്നു... എങ്കിലും, കൂടെയുണ്ടെന്ന തോന്നലിൽ തന്നെയാണ് പലപ്പോഴും... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് പകരം, പ്രാർത്ഥനയിൽ അഭയം തേടുന്നു...

അതിര്

 എന്റെ വീട് , എന്റെ പറമ്പ്. അത് മതിൽ കെട്ടി വേർതിരിച്ചത്, അയൽവാസിക്ക് വഴി പോകാനല്ലല്ലോ? എന്റെ ഭൂമി,എന്റെ കിണർ, അത് കാശ് കൊടുത്ത് കുഴിപ്പിച്ചത്, എനിക്ക് വെള്ളം കുടിക്കാനല്ലേ.   എന്റെ അതിര് കടന്ന്, പുല്ല് തിന്നിട്ടല്ലല്ലോ അവന്റെ പശു വളരേണ്ടത്. അവന്റെ പറമ്പിലെ, വെള്ളം ഒഴുക്കി വിടാൻ എന്റെ പറമ്പിൽ സമ്മതിക്കില്ല ഞാൻ. മനുഷ്യാ ,ഒരു മഴയിൽ തീരുന്നതെയുള്ളൂ എല്ലാം. കയറിയ വെള്ളം പോയില്ലെങ്കിലും, എല്ലാം മഴയെടുത്ത്  പോയാലും ശൂന്യമാവുന്നവ.

മഴയില്ലാത്ത കാലം - ഗൾഫ് മാധ്യമത്തിൽ ഇതിൽ പ്രസിദ്ധീകരിച്ച കുറിപ്പ്

  പതിവ് പോലെ നാട്ടിലേക്ക് വിളിച്ചതായിരുന്നു ഇന്നലെ..വിശേഷങ്ങളന്വേഷിച്ചപ്പോ ൾ ഉമ്മയുടെ മറുപടി അൽഭുതവും അതിലേറെ ആശങ്കയും നിറഞ്ഞതായിരുന്നു." കിണറ്റിൽ വെള്ളമില്ലാതെ ടാങ്കറടിക്കുകയാണത്രെ!" ഇവിടത്തെ വെള്ളക്ഷാമവും ടാങ്കർ  ഉപയോഗിക്കുന്ന കഥയൊക്കെ കേട്ട് പണ്ട് മൂക്കത്ത് വിരൽ വെച്ചിരുന്ന ഉമ്മയാണീ പറയുന്നത്. മുന്നൂറ്റിയറുപത്തിയഞ്ചു ദിനവും ശുദ്ധമായ തെളിനീര് കിട്ടിക്കൊണ്ടിരുന്ന കിണറായിരുന്നു. വെള്ളത്തിനു വല്യ ബുദ്ധിമുട്ടില്ലായിരുന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തിൽ പോലും ഇങ്ങിനെയെങ്കിൽ??? ഈ പ്രശ്നം പലരോടും പങ്ക് വെച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കേരളത്തിൽ പല പ്രദേശങ്ങളിലും ഇതേ അവസ്ഥ തന്നെയാണെന്നാണ്. പത്തുപതിനഞ്ചു  വർഷം മുമ്പാണെന്ന് തോന്നുന്നു. ഉമ്മറത്ത്  പത്രവായനക്കിടയിൽ, 'ഏത് വറ്റാത്ത കിണറുകളും പത്ത് വർഷം കൊണ്ട് വറ്റും' എന്നുറക്കെ വായിച്ചപ്പോൾ അയൽവാസി ഉൾപ്പെടെ എല്ലാവരും ചിരിച്ചു തള്ളി. എത്ര കാലം കഴിഞ്ഞാലും വറ്റാത്തവയാണെന്ന് തങ്ങളുടെ കിണറുകളെന്ന് പറയുന്നത് കേൾക്കാറുള്ളത് കൊണ്ട് ഒന്നുച്ചത്തിൽ വായിച്ചതാണെങ്കിലും ഇന്ന് കാണുന്ന ദുരവസ്ഥ ഒരിക്കൽ പോലും വിചാരിച്ചതല്ല.    പ്രകൃതിയുടെ ഈ അസ്വാഭാ...

പുസ്തകാസ്വാദനം...

  അനുഭവങ്ങളാണ് ഒരാളെ എഴുത്തുകാരനാക്കുന്നത്. ഒപ്പം ചുറ്റുപാടുകളിലുള്ള നിരീക്ഷണവും തന്നിലെ സർഗ്ഗാത്മകതയും മേളിക്കുമ്പോൾ ഒരു മികച്ച സൃഷ്ടിയായി രൂപാന്തരപ്പെടുന്നു.അത്തരമൊരു വായനാലോകമാണ്  അബു ഇരിങ്ങാട്ടിരിയുടെ ലോ വോൾറ്റേജിൽ ഒരു ബൾബ് നമുക്ക് സമ്മാനിക്കുന്നത്. വേദനനിറഞ്ഞ കൊതിപ്പിക്കുന്ന കൗമാരം..... എടുത്തു ചാട്ടത്തിലും ത്രസിപ്പിച്ചിരുന്ന യൗവനം .... കൊഴിഞ്ഞു പോയ കാലത്തെ സുന്ദരമായ ഒരു കണ്ണാടിയിൽ കാണുന്ന  പ്രതിബിംബം പോലെ വരച്ചിടാൻ ഭാവനയും കഴിവുമുള്ള എഴുത്തുകാരന് മാത്രമെ സാധിക്കുകയുള്ളൂ. അവതാരികയോ ആമുഖമോ ഇല്ലാതെ തന്നെ  ഈ കൃതി വായനക്കാരനെ  പിടിച്ചിരുത്തുന്നതും അത് കൊണ്ട് തന്നെ. .തെരഞ്ഞെടുത്ത 19 അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന 94 പേജുള്ള ഈ കൃതി സൈകതം ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. പ്രവാസം അനുഭവം ഓർമ ഇവ ചേർന്നതാണ് പുസ്തകത്തിലെ ഉള്ളടക്കം. എന്നാൽ മിക്ക അധ്യായങ്ങളിലും പ്രവാസം സാന്ദർഭികമായി കടന്നുവരുന്നുണ്ട്. ഭൂമിയിലെ പിടികിട്ടാത്ത വിസ്മയമെന്നാണ്  പ്രവാസത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുമ്പോഴൊക്കെ തോന്നിയിട്ടുള്ളത്. സ്വാർത്ഥതയുടെ പര്യായമായി ഏറെ നിർവചിക്കപ്പെട്ടിട്ടുള്ള മനുഷ്യന് സ്വ...

ഋതുഭേതങ്ങൾ

  ഓരോ ഋതുവും പുനർചിന്തകളാണ്... ഓരോ പുതുമഴയും പുതിയ പുലർകാലങ്ങളാണ്.. പാതി മരിച്ച മനസ്സിന് ജീവന്റെ കണങ്ങളാണ്. വരണ്ട ഭൂമിയുടെ ഉയിർത്തെഴുന്നേൽപ്പ് പോലെ..   ചില കാത്തിരിപ്പുകൾക്ക് വിരാമമാണ്. വേനലിന്നറുതി തേടുന്ന  വേഴാമ്പലിനെ പോലെ.. ഓരോ വേനലും അതിജീവനച്ചൂടുകളാണ്.  നഷ്ടസ്വപ്നങ്ങളുടെ ഓർമപ്പെടുത്തലുകളാണ്. വരണ്ട ഭൂമിയിലെ വിള്ളലുകൾ പോലെ.. ഓരോ വസന്തവും ആത്മപ്രതീക്ഷകളാണ്.. പൂക്കൾ തേടുന്ന  മധുശലഭങ്ങളെ പോലെ.. പുതിയ നാളെക്കുള്ള നിശബ്ദ വിപ്ലവമാണ്. വഴികളിൽ വർണ്ണം ചാർത്തും ഗുൽമോഹർ പോലെ...  

തിരിഞ്ഞുനോട്ടം

  പ്രാരാബ്ധത്തിന്റെ മേലങ്കികളഴിച്ച്, മറന്നുപോയ ഭൂതകാലത്തിന്റെ നിറമുള്ള ഉടയാടകൾ എടുത്തൊന്നണിയണം. ഉമ്മാക്ക് സൈര്യം  കൊടുക്കാതെ, ഉപ്പാന്റെ ഉച്ചമയക്കത്തെ പാതി- കെടുത്തുമൊരഞ്ചുവയസ്സുകാരിയായ് അകം നിറയെ ഓടിക്കളിക്കണം. ഇല്ലാക്കഥകൾ മെനഞ്ഞെടു- ത്തെന്നിലേക്കവരുടെ ശ്രദ്ധ പിടിക്കണം.. ആരും കാണാതെ അടുക്കളത്തട്ടിലെ ഹോർലിക്‌സ് കുപ്പിയിൽ കയ്യിട്ടു വാരണം. പിന്നെയൊന്നുമറിയാത്ത ഭാവത്തിൽ, കുപ്പായത്തലപ്പിനാൽ ചുണ്ടുതുടക്കണം. ഇറയത്ത് വീഴുന്ന മഴവെള്ളമൊന്നെടുത്ത്, തലയും മുഖവും വെറുതെ നനക്കണം. വടിയെടുത്തോടി വരുമുമ്മയെ തോൽപ്പിച്ചുമ്മാമയുടെ പിന്നിലൊളിക്കണം. നിസ്കാരമുസല്ല ചളിപുരണ്ടെന്നും പറഞ്ഞ്, പിറുപിറുക്കുമ്മാമയെ നോക്കി കൊഞ്ഞനം കുത്തണം. ഉമ്മറക്കോലായിൽ വായിക്കുമുപ്പയെ ചോദ്യങ്ങൾ ചോദിച്ചു ശല്യപ്പെടുത്തണം. പഠനം ഏഴാം ക്ലാസ്സിലെങ്കിലും , കോളേജിൻ ഭാവത്തിൽ എഴുതുമിത്താത്ത കത്തിച്ച മെഴുകുതിരിയൊന്നൂതിക്കെടുത്തണം. വെല്ലുപ്പ വരും ടോർച്ചിന്റെ സിഗ്നൽ കണ്ടുറക്കം വരാതെ, കള്ളത്തരത്തിൽ ശ്വാസം പിടിച്ച് കണ്ണിറുക്കിക്കിടക്കണം.

സുഖനിദ്ര

തലചായ്ക്കാൻ ഒരു തുണ്ട് ഭൂമിയില്ലാത്തവനും, സ്വന്തമാകും മണ്ണിലൊരു ഏകാന്ത പാർപ്പിടം. തള്ളിപ്പറഞ്ഞവരൊക്കെയും പുകഴ്ത്തും  വാക്കുകൾ, പ്രിയമുള്ളവരുടെ സങ്കടങ്ങൾ, ക്ഷണിക്കാത്തതിൽ പരിഭവ- മേതുമില്ലാതെ വന്നയതിഥികൾ. കേൾക്കുന്നുമില്ല,കാണുന്നുമില് ലവൻ. മരുന്നും ഭിഷഗ്വരനുമില്ലാതെ രോഗശാന്തി കൈവരും പൊടുന്നനെ. വീറും വാശിയും വെട്ടിപ്പിടിക്കലും, പങ്കുവെപ്പും,കൊള്ളക്കൊടുക്കലും , എല്ലാം നിലച്ചതിൻ മനഃശാന്തിയാൽ സുഖമായുറങ്ങുന്നു നിത്യനിദ്ര.

ഒരു പായസ'ക്കത' ഒരു പയേ ഓർമ്മ'ക്കത' *************

 ഓണായാലും വിഷുവായാലും പായസം മുഖ്യം ബിഗിലെ..😋😋😋 ഇതന്റെ ചെർപ്പത്തില് നടന്ന ഒരു കതയാ...കതാന്ന് പറഞ്ഞൂട..ശെരിക്കും നടന്നതാ...  കൊറെ കൊല്ലം മുന്നേ...ഞമ്മള് അഞ്ചിലോ ആറിലോ ആറ്റാന്തോന്ന്...നല്ല പെരും മയ ള്ള ഒര് യസം ☔☔☔....ഞാന് പീടിയേൽ പോയിട്ട് ബെരുന്നേനു....ക്ട്ടാട്ടെന്റെ പീടിയെന്നാ ... സാദനോം  മാങ്ങീറ്റ് ഓടി വെരുന്നാ...കൊടയ്ണ്ടെങ്കിലും നല്ലണം നനഞ്ഞിക്ക്.. മേലെല്ലാം... ക്ട്ടാട്ടന്റെ പൊര പീടിയെന്റെ ബേക്കിത്തെന്നെയ...ഞാനോല മിറ്റത്തൂടെന്നെയാ ഓടി ബെരുന്നെ...അന്നേരം ഓറെ പെണ്ണ്ങ്ങള് എന്തോ പറഞ്ഞപോലെ  തോന്നി...അന്നെയാന്ന് തോന്യോണ്ട്  ഞാൻ കൊറച്ച് നേരം ആടത്തന്നെ നിന്ന്.. ഉമ്മാമാനോടാറ്റം എന്തോ പറയാനാന്ന് ബിജാരിച്ചി..കഷ്ടകാലത്തിന് അനക്കാണെങ്കി ജലദോഷോം..😪🤥🤧 ചെവിയെല്ലാം അടഞ്ഞി...ആകെ സുയിപ്പായ്ന്...ഓറെന്തോ പിന്നേം ചോയിച്ച്.... ഞാൻ എന്തെങ്കിലും മറുപടി പറയണ്ടേ ന്ന് ബിയാരിച്ച്... ആ ന്നും പറഞ്ഞി..എന്നാ മോള് ആട നിക്ക്..ഓറ് അതും പറഞ്ഞു അഅ്‌തേക്ക് കേരിപ്പോയി... പിന്ന വന്നത് ഒര് ഗ്ലാസ്സ് പ്രഥമനും കൊണ്ട്...ഞാൻ ചമ്മീന്ന് പറഞ്ഞാല്... ഇങ്ങനത്തെ ചമ്മല് ഞാന് ജീവിതത്തില് ചമ്മീക്കില്ല.😜😜😜🙈?...

ഒരു മാരത്തോൺ കഥ

°°°°°°°°°°°°°°°°°°°°°°°°°° ഒരിക്കൽ... എന്നു വെച്ചാ കുറെ കൊല്ലം മുമ്പ് ഈ ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് സ്കൂളും വിട്ട് മെല്ലെ വഴീലുള്ള സകല കല്ലിനോടും മുള്ളിനോടും കിസ്സയും പറഞ്ഞു തിണ്ടുമ്മലെ പുല്ലും പറിച്ചു ഇലകളെല്ലാം മണത്തും ചിലത് രുചിച്ചും ഇങ്ങനെ നടന്ന് പോരേല് വരുന്ന വഴി പെട്ടെന്ന് സ്റ്റോപ്പായിപ്പോയി....കാരണം എന്താന്നറിയണ്ടേ....ആ ഇനിയാണ് ശെരിക്കുമുള്ള കഥ.... ഉമ്മ, വെല്ലുപ്പ,മൂത്തുമ്മ,ഇതാത്ത,അനി യത്തി എന്നിവരടങ്ങുന്ന സംഘമതാ എതിരെ വരുന്നു...സംഗതി എങ്ങോട്ടോ വിരുന്ന് പോകുകയാണ്.സ്കൂളിന്റെ വഴിക്കായത് കൊണ്ട് പോന്നിടം പെട്ടെന്ന് തന്നെ പിടികിട്ടി. വെല്ലുപ്പാന്റെ തറവാട്ടിലേക്ക്.കണ്ടപാടെ എനിക്ക് കലിവരാൻ തുടങ്ങി.എന്നാൽ അത് പ്രകടമാക്കും മുമ്പ് ഉമ്മാന്റെ വക സ്നേഹപ്രകടനം.എന്നിട്ട് പറയുവാ.."മോള് വേഗം പൊരക്ക് ചെല്ല്.ഉമ്മാമ ഒറ്റക്കെയുള്ളൂ. ചോറ് തിന്നണേ. മീൻ പൊരിച്ചതെല്ലാം ഉണ്ട്." ദേഷ്യം നല്ലോണം വന്നെങ്കിലും പുറമെ നല്ല കുട്ടിയായി എല്ലാം കേട്ട് മിണ്ടാതെ പതുക്കെ നടന്നു. അവര് വളവ് തിരിഞ്ഞതും,പിന്നെ പി ടി ഉഷ തോറ്റ് പോകുന്ന ഓരോട്ടമായിരുന്നു . മനസ്സിൽ സങ്കടവും ദേഷ്യവും കൂടുന്നതിനനുസരിച്ചു ഓ...

കവിതയുണ്ടാവുന്നത്

  ഉള്ളിൽ കനലെരിയുമ്പോൾ കവിതകൾ തീവ്രമാകും. പാതിരാവിലും പതിയെ കൈകൾ പേനയെ തിരയും. തിരിഞ്ഞും മറിഞ്ഞും മടിപിടിച്ചുറക്കം നടിച്ചാലും, അടഞ്ഞ മിഴികൾക്കുള്ളിലും അക്ഷരങ്ങൾ നക്ഷത്രങ്ങളാവും. വേണ്ടെന്നു വെച്ചാലുമവ പുറന്തള്ളി പിറവിയെടുക്കും. പിന്നെയവയെ രാകിയെടുത്ത് മൂർച്ച കൂട്ടി മിനുക്കിയെടുക്കും. അതോടെ... ആളിക്കത്തിയ ജ്വാലകൾ താനേ എരിഞ്ഞടങ്ങും.. ഒരു പിടി ചാരം പോലും  തെളിവായ്‌ അവശേഷിക്കാതെ ..

ഞാനെന്ന ഭാവം

  നിങ്ങൾ ചിന്തിക്കും മുമ്പ്, എനിക്കറിയാം. അത് എനിക്കെതിരാണെന്നു.. അങ്ങനെ എന്റെ ചിന്ത .. അല്ല..എന്റെ ദുഷ്ടമനസ്സ് അതിനെതിരെ യുദ്ധം ചെയ്യും.. പിന്നെ നിങ്ങൾ എന്ത് പറഞ്ഞാലും, എനിക്ക് കേൾക്കാൻ കഴിയില്ല. അല്ല... കേൾക്കാനെനിക്ക് മനസ്സില്ല. നിങ്ങളെ മുഖത്തിപ്പോളൊരു ദ്രംഷ്ട മുളച്ചു.. അല്ല ..ഞാൻ മുളപ്പിച്ചു... ഞാൻ നിങ്ങളോടൊപ്പം കൂട്ട് കൂടും. എന്റെ നന്മയെ പറ്റി നിങ്ങൾ പാടി നടക്കും. അല്ല....ഞാൻ പറയിപ്പിക്കും.. പതിയെ നിങ്ങളിലെ നന്മകൾ നശിക്കും.. അല്ല...ഞാൻ നശിപ്പിക്കും... ഒറ്റക്കാവുമ്പോൾ നിന്നിലെ വെളിച്ചം കെട്ടുപോകും. അല്ല..ഞാൻ ഊതിക്കെടുത്തും. പിന്നെ, നിങ്ങൾ ഉച്ചത്തിൽ വിളിച്ചു നോക്കും.. ആരും വരില്ല. പിന്നെ അതിലും ഉച്ചത്തിൽ ദൈവത്തെ വിളിക്കും.... നിരാശരൂപത്തിൽ വീണ്ടും ഞാൻ വരും.. അവസാനം നിങ്ങളെ വിവേകം നഷ്ടമായവരെ പോലെയാക്കി മാറ്റി ഞാൻ രക്ഷപ്പെടും.. അതെ..അതാണ് ഞാൻ ആഗ്രഹിച്ചത്. ഭ്രാന്തമായ നിങ്ങളുടെ അവസ്ഥ. പിന്നെ ബാക്കിയാവുന്നതോ വെറും ശൂന്യത... അല്ല ...ഞാനെന്ന ഭാവം മാത്രം.....?? ?

ഓർമ്മക്കുറിപ്പ്

ഒന്നാം സമ്മാനം നേടിയ എന്റെ കലാലയ ഓർമ്മകൾ ഞാനെന്ന മനുഷ്യനെ ഭൂമിയിലേക്കയച്ച പടച്ചതമ്പുരാന് സർവ്വസ്തുതിയും, എന്റെ ജനനത്തിനു കാരണമായ മാതാപിതാക്കളോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണെങ്കിലും അവരെ ഓർമിക്കാതെ ഇതെഴുതാൻ വയ്യ.....   ജീവിതത്തില്‍ ആര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ഒരു കാലഘട്ടമാണ് കലാലയജീവിതം. അത് നമ്മുടെ മനസ്സില്‍ ഉണ്ടാക്കുന്ന ഓര്‍മ്മകള്‍ , മധുരമുള്ളതായാലും കൈപേറിയതായാലും മറക്കില്ല നാം. ആദ്യമൊന്നും അധികം കൂട്ടുകൂടാന്‍ പോകില്ലെങ്കിലും ,പിന്നെ എല്ലാരുമായും സംസാരിക്കാന്‍ തുടങ്ങും, അവസാന വര്‍ഷം  എത്തുമ്പോഴേക്കും പിരിയാനാവാത്ത വിധം അടുത്ത്, പിന്നെ അത് ഒരു തീരാ നൊമ്പരമായ് ഹൃദയത്തിന്റെ അടിത്തട്ടില്‍ കിടക്കും. സ്നേഹം എന്തെന്നും സൌഹൃദം എന്തെന്നും അറിയുന്നവര്‍ക്ക്  ആ വേര്‍പിരിയല്‍ ഉള്‍ക്കൊള്ളാന്‍ അല്‍പ്പം സമയം എടുക്കും.വീണ്ടും കാണാമെന്ന ഉറപ്പില്ലാത്ത വിശ്വാസവാക്കുകൾ.ഇന്ന് വിജയത്തിന്റെ പടവുകള്‍ ചവിട്ടികയറി ജീവിതത്തില്‍ വെന്നികൊടിപാറിച്ചവരും,ജീവിതത് തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സ്വയം ഒതുങ്ങേണ്ടിവന്നവരുമുണ്ടതിൽ  .... മറക്കാൻ ഓർപ്പിക്കുന്ന മാർച്ച് മാസത്തിലൂടെ കടന്നുപോയ...

പ്രണയം

  ഇരവിൻ വിരി മാറിലൊരു നക്ഷത്രം - കൺ ചിമ്മവേ , കരളിൽ തേടുന്നു വേഴാമ്പൽപക്ഷി ഞാൻ. എന്നാണാ പുനഃസമാഗമ സന്ധ്യയിൽ, തളിരിട്ടുവിരിയും നാം. അധരത്തിൽ അണിയുവാൻ നിണശോണിമ നീ തരു. വിണ്ണിൻ താരമേ , എന്നിൽ വന്നണയൂ നീ. മഴ മുകിലേ ,എണ്ണനുരാഗ ഗാനമായ്- നീയൊന്നു പെയ്യുമോ? ഒരു കോടി പൂക്കൾ പോൽ- പൂത്തുലയും ചന്ദ്രികേ, അകലെയാം വെൺ ശോഭ- പകരു നീ എന്നിലായ്. ഒരു നൂറു ജന്മം ഞാൻ നോമ്പ് നോറ്റു കാത്തിടാം, എന്നുമെന്നരികിൽ വരുമെന്നു ചൊല്ലു നീ വിരിയാത്ത രാത്രികളിൽ , കൂട്ടിനു നിൻ കനവുകൾ- ഒരുമിച്ചു ചേർന്നതിൻ ധന്യമാം- ,ഓര്മകൾ അവയെല്ലാം ഒരു ചിപ്പിക്കുള്ളിൽ- ഞാൻ സൂക്ഷിച്ചു, മഴവില്ലിൽ വർണത്താൽ- പട്ടു ചേല പുതപ്പിച്ചു. ഉടയാത്ത കുപ്പിവളകൾ നീയന്നുടച്ചപ്പോൾ, സാഫല്യമായതെൻ മിഴിവേകിയ സ്വപ്‌നങ്ങൾ. ഇന്നും ഞാൻ നെയ്യുന്നതാ, സ്വപ്നത്തിൻ നിറമാല്യം. എന്നാണോ അറിയില്ല- അതു മാത്രമീ മനം.

ജീവച്ഛവം

  എന്റെ ഞരമ്പുകളിലിപ്പോൾ ചോരയില്ല എന്റെ ഹൃദയത്തിനിപ്പോൾ സ്പന്ദനമില്ല എന്റെ നഖങ്ങൾക്കിപ്പോൾ മൂർച്ചയില്ല എന്റെ നാവിനിപ്പോൾ ചലനമില്ല എന്റെ ചുറ്റുമിപ്പോൾ വെളിച്ചമില്ല. എന്നിട്ടും  ആരുമെന്നെ ശവമെന്നു വിളിക്കുന്നില്ല. 

തനിച്ചായിപ്പോയവൾ

  അവൾ..... ആത്മാവിൻ പ്രണയത്തെ കൂട്ടിലടച്ചവൾ. പകുത്തെടുത്ത ഹൃദയത്തെ തിരികെ വച്ചവൾ .. രാവിന്റെ മുറിവ് , പകലിനാൽ തുന്നിച്ചേർത്തവൾ അവൾ... നനഞ്ഞ തൂവാലയിൽ കവിത രചിച്ചവൾ. പിറന്ന നാട് പോലും വിട്ട്.. പുറപ്പെട്ട് പോയവൾ. ചിരിച്ചു കൊണ്ട് കരയാൻ പടിച്ചവൾ.... അവൾ.. കോർത്തു വെച്ച മാല്യം അണിയാൻ കഴിയാത്തവൾ.. വെളിച്ചത്തെ പേടിച്ച് ഇരുട്ടിനെ തേടിയവൾ.. വിരലുകളറുത്തു മാറ്റുമ്പോഴും വീണ മീട്ടാൻ ശ്രമിക്കുന്നവൾ.. അവൾ.. അവൾ.... തനിച്ചല്ലാതിരുന്നിട്ടും- തനിച്ചായിപ്പോയവൾ

വേരുകൾ

  എന്റെ വേരുകൾ മുഴുക്കെ ഭൂമിയിൽ ആണ്ടുപോയിരിക്കുന്നു. പിന്നെ ഞാനെങ്ങനെ എന്റെ സ്വതം വെളിപ്പെടുത്തും. പറിച്ചെറിയാനാവത്ത വിധം എന്റെ പൂർവ്വചരിതം ഈ മണ്ണിലൂർന്നു കിടന്ന് കഥകൾ രചിക്കുന്നു. ഇനിയൊരു സ്വർഗ്ഗം നീ ഭൂമിയിൽ പണിതെന്നാകിലും എനിക്ക് നിത്യനിദ്ര ഈ മണ്ണിൻ ശാന്തതയിൽ.

പുതുപ്പിറവി

അധര മന്ത്രമറിയാത്ത ജപമാല മുത്തുകളെണ്ണാൻ മറക്കണം പൊടിപിടിച്ച ജീവിതഭാണ്ഡം റഹ്മാന്റെ കാരുണ്യത്താൽ വാരിനിറക്കണം ശവ്വാൽ പിറകാണും രാവിൽ റമദാനിൻ ഉദരം പിളർന്ന് വിശുദ്ധി നുകരുംപൈതലായി വീണ്ടുമൊന്ന് പിറക്കണം. തെളിഞ്ഞ ആകാശത്തിലെ മേഘക്കീറിനാൽ തുന്നിയ മേലങ്കി ചുറ്റി ഇബ്‌ലീസിനേയും കൂട്ടാളികളെയും പടവെട്ടി തോൽപിക്കണം. എന്നും പട്ടിണിനോമ്പ് നോക്കുന്നവരുടെ പിന്നിലായ് റയ്യാനിലൂടെ ജന്നാതിൻ കവാടം കടക്കണം. വ്രതമാസ പകലിനാൽ വരണ്ട നാവിലേക്ക് സൻജബീൽ ചഷകം പകർന്നു നൽകണം. ഒടുവിൽ, നാഥന്റെ ദയാവായ്പ്പിനാൽ അർഷിന്റെ തണൽ തണുപ്പ് വിരിക്കും വേളയിൽ സ്വസ്ഥമായൊന്നു മയങ്ങണം.