ഓർമ്മക്കുറിപ്പ്
ഒന്നാം സമ്മാനം നേടിയ എന്റെ കലാലയ ഓർമ്മകൾ
ഞാനെന്ന മനുഷ്യനെ ഭൂമിയിലേക്കയച്ച പടച്ചതമ്പുരാന് സർവ്വസ്തുതിയും,
എന്റെ ജനനത്തിനു കാരണമായ മാതാപിതാക്കളോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണെങ്കിലും അവരെ ഓർമിക്കാതെ ഇതെഴുതാൻ വയ്യ.....ജീവിതത്തില്‍ ആര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ഒരു കാലഘട്ടമാണ് കലാലയജീവിതം. അത് നമ്മുടെ മനസ്സില്‍ ഉണ്ടാക്കുന്ന ഓര്‍മ്മകള്‍ , മധുരമുള്ളതായാലും കൈപേറിയതായാലും മറക്കില്ല നാം. ആദ്യമൊന്നും അധികം കൂട്ടുകൂടാന്‍ പോകില്ലെങ്കിലും ,പിന്നെ എല്ലാരുമായും സംസാരിക്കാന്‍ തുടങ്ങും, അവസാന വര്‍ഷം എത്തുമ്പോഴേക്കും പിരിയാനാവാത്ത വിധം അടുത്ത്, പിന്നെ അത് ഒരു തീരാ നൊമ്പരമായ് ഹൃദയത്തിന്റെ അടിത്തട്ടില്‍ കിടക്കും. സ്നേഹം എന്തെന്നും സൌഹൃദം എന്തെന്നും അറിയുന്നവര്‍ക്ക് ആ വേര്‍പിരിയല്‍ ഉള്‍ക്കൊള്ളാന്‍ അല്‍പ്പം സമയം എടുക്കും.വീണ്ടും കാണാമെന്ന ഉറപ്പില്ലാത്ത വിശ്വാസവാക്കുകൾ.ഇന്ന് വിജയത്തിന്റെ പടവുകള്‍ ചവിട്ടികയറി ജീവിതത്തില്‍ വെന്നികൊടിപാറിച്ചവരും,ജീവിതത്
എന്റെ കലാലയജീവിതം .ഓർമകളുടെ നനുത്ത സുഗന്ധം. പൊയ്‌പോയ വസന്തത്തിൽ നിന്നും അടർന്നു പോയ ഒരു റോസാദളം പോലെ.......
കാലം തെറ്റാതെ പെയ്തിരുന്ന ഒരു ജൂൺ മാസാരംഭത്തിൽ അന്നാദ്യമായി ഞാൻ കാൽനട യാത്ര അവസാനിപ്പിച്ചു ബസ്സിൽ സ്‌കൂളിലേക്ക്.പരിചിതമല്ലാത്ത മുഖങ്ങൾ.പുതിയ സ്ഥലങ്ങൾ .... ജനൽചില്ലുകൾക്കിടയിലൂടെ മഴത്തുള്ളികൾ, മുഖത്തേക്ക് തെറിച്ചു വീഴ്ത്തിയ തണുപ്പ്,മഴവെള്ളത്തിൽ ചളി തെറിപ്പിച്ചു സ്‌കൂളിലേക്കുള്ള പോക്ക് നിലച്ചതിന്റെ സങ്കടം മാറ്റി...അനുഭവങ്ങളുടെ പുതു തുറസ്സുകളിലേക്ക് ആനയിക്കപ്പെട്ട ആ യാത്ര ആറേഴു കൊല്ലം തുടർന്നു..
ഒരു കുഞ്ഞൻ കിണറും അതിനോട് ചേർന്ന ഒരു കോൺക്രീറ്റ് കെട്ടിടവും,കൂടെ രണ്ടു ഷെഡു കൊണ്ടുള്ള ക്ലാസ് മുറികളും...അതായിരുന്നു അന്നത്തെ 'അൽ ഫലാഹ്'. ക്ളാസ്സിൽ പല വിദ്യാലയങ്ങളിൽ നിന്നുമായി ഇരുപത്തഞ്ചോളം പേർ. ചിലരോടൊക്കെ പെട്ടെന്ന് കൂട്ടായി. റെയിൽ പാളത്തിനു സമാന്തരമുള്ള ക്ലാസ്സ്മുറി .ഇടയ്ക്കിടെ ട്രെയിൻ ചൂളം വിളിച്ചു പായും...ആ സമയങ്ങളിൽ ടീച്ചർ ക്ലാസ്സെടുക്കുന്നത് നിർത്തിവെക്കും.കൊള്ളാല്ലോ സംഭവം എന്ന് തോന്നിയിരുന്നു.ചില വിരുത്തതികൾ ട്രെയിനിന്റെ കംപാർട്മെന്റ് എണ്ണുമായിരുന്നു.. ഗുരുനാഥരെ ഓർക്കുമ്പോൾ മനസ്സിലിപ്പോഴാണ് വല്ലാത്ത ബഹുമാനം . ഹിന്ദിയോടുള്ള ഇഷ്ടം പ്രസന്ന ടീച്ചറെ ഒരിക്കലും മറക്കാത്തതാക്കി. സോഷ്യൽ പഠിപ്പിച്ച ഫൗസിയടീച്ചർ,നഫീസടീച്ചർ,അജിതടീച്ച ർ. എട്ടിലെ ലോകചരിത്രത്തിലെ ബോസ്റ്റൺടീപാർട്ടി എന്ന തലക്കെട്ട് കണ്ട് ഒരു സൽക്കാരമാണെന്ന് തെറ്റിദ്ധരിച്ചു പോയിട്ടുണ്ട്. രാത്രിമഴ എന്ന കവിത ചിത്രടീച്ചർ ചൊല്ലിതന്നത് ഇന്നുമുണ്ട് മനസ്സിൽ.ഇംഗ്ലീഷ് അക്ഷരങ്ങൾ ശീതള ടീച്ചർ പറയുമ്പോ നല്ല രസായിരുന്നു. മനോഹരമായി ഖുർആൻ ഓതാൻ പ്രേരണ നൽകിയ ആമിന ടീച്ചർ.അബ്ദുറഹ്മാൻ മാഷ്,സിദ്ധീഖ് മാഷ്,നിമിഷകവി കൂടിയായ അലിമാഷ്...തീരില്ല പട്ടിക.എല്ലാവരുമിപ്പോ എവിടെയാണാവോ?...പിന്നെ ഫലാഹിന്റെ എല്ലാമെല്ലാമായ നാസർക്കയെന്നും നാസർമാഷെന്നും വിളിക്കുന്ന നാസറുസ്താദ്. ഇന്നും മാറ്റമേതുമില്ലാത്ത അലീക്ക. ഉച്ചഭക്ഷണമില്ലാത്ത ദിവസങ്ങളിൽ രണ്ടു രൂപക്ക് അലീക്ക കൊണ്ട് തരുന്ന പൊറാട്ട എത്രയോ കഴിച്ചിട്ടുണ്ട്.പിന്നീടത് സ്കൂൾ കാന്റീനിലെ ചോറിലേക്ക് വഴിമാറിയതിനും സാക്ഷിയായി.പുതിയ കെട്ടിടത്തിലെ പിന്നീടുള്ള വർഷങ്ങൾ കൂടുതൽ മിഴിവാർന്നതായിരുന്നു. അപ്പോഴും, കുഞ്ഞിക്കിണറിലെ വെള്ളം കുടിയും ,നമസ്കാരവും പഴയതിൽ തന്നെ. പിന്നെ സിദ്ദീഖ് മസ്ജിദിലെ വെള്ളിയാഴ്ച്ച ഖുതുബകൾ.
അപകർഷതാബോധം വല്ലാതെ പിടികൂടിയ കാലം കൂടിയായിരുന്നു അത്...മോഹം ഉണ്ടെങ്കിലും കലാമത്സരങ്ങളിൽ ആദ്യമൊക്കെ ഒട്ടും പങ്കെടുത്തില്ല.പതിയെ രചന മത്സരങ്ങളിൽ ഒരു കൈനോക്കി.സമ്മാനം കിട്ടിയപ്പോ അത് പതിവാക്കി. എഴുത്തിൽ ഒരു ഭാവിയുണ്ടെന്നു പറഞ്ഞത് മലയാളം പ്രബന്ധം നോക്കി ചിത്ര ടീച്ചറായിരുന്നു.പിന്നീട് പലതും കുത്തിക്കുറിക്കും.ആരെയും കാണിക്കാതെ. പുതിയ അധ്യാപകർ വന്നാൽ അവരുടെ മുന്നിൽ ആളാവാൻ മത്സരം തന്നെ നടക്കാറുണ്ട്.
പരീക്ഷസമയങ്ങളിലെ ഇടവേള ചാണകം പാർക്കെന്നു ഞങ്ങൾ പേരിട്ട സ്കൂൾ വളപ്പിലെ ഒരൊഴിഞ്ഞ മൂലയിലായിരുന്നു. ഒരിക്കൽ ഞാനും ആമിയെന്ന കൂട്ടുകാരിയും അവിടെ വെച്ച് പുളിഅച്ചാർ ഒരു ഫുൾ പായ്ക്ക് വാങ്ങി നുണയവേ ടീച്ചർ പിന്നിൽ വന്നു സംഗതി പിടികൂടി.അന്ന് സങ്കടമായെങ്കിലും ഇന്നവയൊക്കെ ഓർതോർത്തു ചിരിക്കാറുണ്ട്.
മറ്റുക്ലാസുകളിലും പോയിരുന്ന് വിക്രസുകൾ ഒപ്പിക്കാറുള്ളത് കൊണ്ട്,മൊത്തം കുട്ടികളുമായും നല്ല അടുപ്പമായിരുന്നു.
സെക്കന്റ് ട്രിപ്പായിരുന്നു മറ്റൊരു ആവേശം.വണ്ടി കേടായാൽ ജീപ്പിൽ അടുക്കി വെച്ചുള്ള യാത്ര.ചുരുക്കത്തിൽ പരിമിതികളും ആസ്വാദകരക്കിയ നാളുകൾ.സഭാകമ്പമകറ്റി, ആത്മവിശ്വാസം കൊണ്ടുവന്ന സാഹിത്യസമാജങ്ങൾ.
കലാപരിപാടികൾ എല്ലാവർഷവും ഉണ്ടാവാറുണ്ടെങ്കിലും,ദശവാർഷികാ ഘോഷവും ,മജ്ലിസ് ഫെസ്റ്റും ഓർമ്മയിൽ മായാത്തവ.അന്നുംഇന്നും പ്രതിഭകൾക്കൊരു പഞ്ഞവുമില്ല അവിടെ.
അസംബ്ലിയിൽ വെയിലേറ്റ കുട്ടികൾ ക്ലാസ്സിൽ തിരിച്ചു പോകുമ്പോൾ എന്നെങ്കിലും എനിക്കും അങ്ങനെയാവണമെന്നാശ തോന്നിയിട്ടുണ്ട്. വിശിഷ്ടവിഭവങ്ങൾ ആരെങ്കിലും ഉച്ചഭക്ഷണമായി കൊണ്ടുവന്ന ദിവസങ്ങളിൽ അവൾക്ക് പോലും വെക്കാതെ അടിച്ചുമാറ്റി തിന്നും. പത്താം തരമെത്തിയപ്പോൾ എന്തോ മഹാസംഭവമായെന്ന തോന്നലായിരുന്നു. പരീക്ഷ കഴിഞ്ഞു. പുതിയ കൂട്ടുകാർ പിന്നെയും വന്നു.പതിയെ ജീവിതയാത്ര ട്രാക്ക് മാറി....ഓർമ്മകൾ ഇനിയുമെത്ര...
.
ഈ സ്ഥാപനം നേരിട്ട പ്രതിസന്ധികളും ചില്ലറയല്ല. അപ്പോഴൊക്കെ എന്നും പ്രാർത്ഥനയിൽ ചേർത്ത് വെക്കാൻ അധ്യാപകർ ആവശ്യപ്പെടുമായിരുന്നു. ഞങ്ങളിൽ എന്തെങ്കിലും നന്മകൾ ഉണ്ടെങ്കിൽ അതിൽ നല്ലൊരു പങ്ക് ഫലാഹിന്റെതാണ്.
വിജ്ഞാനം പ്രവാചകരുടെ അനന്തരമാണല്ലോ?
അതിനാൽ,ഉറപ്പിച്ചു പറയാം റബ്ബിന്റെ തുണയിൽ, തലമുറകളുടെ കഥകൾ കൈമാറി,പ്രതിസന്ധികളെ കരുത്തോടെ നേരിട്ട് മയ്യഴിപ്പുഴയുടെ മനോഹരതീരത്ത് നാടിനു വെളിച്ചമായി വിജയപതാക പാറിച്ച് തലയുയർത്തി എന്നുമുണ്ടാവും അൽഫലാഹെന്ന എന്റെ കലാലയം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ