പുസ്തകാസ്വാദനം...
അനുഭവങ്ങളാണ് ഒരാളെ എഴുത്തുകാരനാക്കുന്നത്. ഒപ്പം ചുറ്റുപാടുകളിലുള്ള നിരീക്ഷണവും തന്നിലെ സർഗ്ഗാത്മകതയും മേളിക്കുമ്പോൾ ഒരു മികച്ച സൃഷ്ടിയായി രൂപാന്തരപ്പെടുന്നു.അത്തരമൊരു വായനാലോകമാണ് അബു ഇരിങ്ങാട്ടിരിയുടെ ലോ വോൾറ്റേജിൽ ഒരു ബൾബ് നമുക്ക് സമ്മാനിക്കുന്നത്. വേദനനിറഞ്ഞ കൊതിപ്പിക്കുന്ന കൗമാരം..... എടുത്തു ചാട്ടത്തിലും ത്രസിപ്പിച്ചിരുന്ന യൗവനം .... കൊഴിഞ്ഞു പോയ കാലത്തെ സുന്ദരമായ ഒരു കണ്ണാടിയിൽ കാണുന്ന പ്രതിബിംബം പോലെ വരച്ചിടാൻ ഭാവനയും കഴിവുമുള്ള എഴുത്തുകാരന് മാത്രമെ സാധിക്കുകയുള്ളൂ. അവതാരികയോ ആമുഖമോ ഇല്ലാതെ തന്നെ ഈ കൃതി വായനക്കാരനെ പിടിച്ചിരുത്തുന്നതും അത് കൊണ്ട് തന്നെ.
.തെരഞ്ഞെടുത്ത 19 അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന 94 പേജുള്ള ഈ കൃതി സൈകതം ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
പ്രവാസം അനുഭവം ഓർമ ഇവ ചേർന്നതാണ് പുസ്തകത്തിലെ ഉള്ളടക്കം. എന്നാൽ മിക്ക അധ്യായങ്ങളിലും പ്രവാസം സാന്ദർഭികമായി കടന്നുവരുന്നുണ്ട്.
ഭൂമിയിലെ പിടികിട്ടാത്ത വിസ്മയമെന്നാണ് പ്രവാസത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുമ്പോഴൊക്കെ തോന്നിയിട്ടുള്ളത്. സ്വാർത്ഥതയുടെ പര്യായമായി ഏറെ നിർവചിക്കപ്പെട്ടിട്ടുള്ള മനുഷ്യന് സ്വന്തം ഇഷ്ടങ്ങളെ ഇത്രമേൽ ബലികഴിച്ചു കൊണ്ട് പ്രിയപ്പെട്ടവരുടെ സുഖങ്ങൾക്ക് വേണ്ടി എങ്ങനെയായിരിക്കും പ്രവാസത്തെ തെരഞ്ഞെടുക്കാൻ സാധിച്ചത് അല്ലെങ്കിൽ പ്രേരിപ്പിച്ചത്. ആരായിരിക്കും ആദ്യത്തെ പ്രവാസി. ആദിമനുഷ്യരായ
ആദമും ഹവ്വയും തന്നെയായിരിക്കില്ലേ അത്.
ലോകം ഇന്നീ കാണുന്ന രൂപത്തിൽ വിവിധ ഭാഷ വേഷ സംസ്കാരങ്ങളായി പടർന്നു പന്തലിച്ചതിന് പിന്നിലും അനവധിനിരവധി പ്രവാസത്തിന്റെ ചരിത്രം തന്നെയാവില്ലേ പറയാനുണ്ടാവുക. ചുരുക്കി പറഞ്ഞാൽ പ്രവാസത്തിന്റെ പല തലങ്ങളിൽ കൂടി ഓരോ മനുഷ്യരും കടന്നു പോകുന്നുണ്ട്. എന്നാൽ അതിജീവനത്തിനു വേണ്ടി നാട് വിട്ടവനെയാണ് നാം ഇന്ന് പ്രവാസിയെന്നു സംബോധനം ചെയ്യുന്നത്.
പ്രവാസത്തെക്കുറിച്ച് അതിശയോക്തി നിറഞ്ഞതും തീക്ഷ്ണവുമായ നിരവധി രചനകൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ ഒരു ശരാശരി പ്രവാസിയുടെ അനുഭവങ്ങളുടെ,
കാലപ്പഴക്കത്താൽ മങ്ങലേൽക്കാത്ത ജീവനുള്ള ഒരു പിടി ഓർമകളാണ് അബു ഇരിങ്ങാട്ടിരിയുടെ ലോ വോൾറ്റേജിൽ ഒരു ബൾബ് .
സൗദിയിൽ എത്തിയ ഏതൊരു വിശ്വാസിയും ആദ്യ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഒന്നാണ് വിശുദ്ധ കഅബാലയം.തന്റെ ആദ്യത്തെ മക്കയാത്രയുടെ അനിർവചനീയമായ വിവരണത്തിലൂടെ ഈ കൃതി ആരംഭിക്കുന്നു. ജിദ്ദയിൽ നിന്നും തുടങ്ങി മക്കയിൽ എത്തുവോളം ആ യാത്രയിലെ തന്റെ കാഴ്ചകളുടെ ഓരോ നിമിഷങ്ങളും ഓർമകളുടെ ചെപ്പ് തുറന്ന് ആത്മീയചൈതന്യത്തോടെ വിവരിച്ചിരിക്കുന്നു. മരുഭൂമിയുടെ മാന്ത്രികതയെ, സ്വയമറിയാതെ... ഒരു കടലാഴങ്ങളിലേക്ക്, താണിറങ്ങുന്ന വശ്യതയിൽ വർണ്ണിക്കുന്ന സുന്ദരവും കാവ്യാത്മകവുമായ സഹിത്യാനുഭൂതിയിൽ വായനക്കാരൻ എത്തിപ്പെടുന്നത് മറ്റൊരു ലോകത്തേക്കാണ് " ആണ്ടുകൾക്കപ്പുറം ആ മണ്ണിൽ വിരിഞ്ഞ് ലോകത്തെ പ്രഭാപൂരിതമാക്കിയ പ്രവചകപ്രഭു തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന നിമിഷങ്ങൾ, സ്വപ്നത്തിപ്പുറം ആത്മാവിന്റെ അനുഭൂതി വർണ്ണിക്കുന്ന ഭാവനകളായി മാറുന്നു.
ഭാഷയിലെ ലാളിത്യം ഈ കൃതിയെ കൂടുതൽ മനോഹരമാക്കുന്നു.പലപ്പോഴും ബഷീറിനെ ഓർമ്മപ്പെടുത്തുന്ന ഏറനാടൻ ശൈലിയുടെ നിഷ്കളങ്കത കഥാപാത്രങ്ങളെ നേരിൽ കാണുന്ന പ്രതീതിയുളവാക്കുന്നു." അല്ല മാനെ എന്നെ ഇഞ്ചുട്ടി വന്നത് "എന്ന് പറയുന്ന യുവ വൃദ്ധൻ മൂസാക്കയും ,"ന്റെ പടച്ചോനെ, ഇങ്ങനീണ്ടൊ ഓരോരോ കൊത്തിരി കൊള്ള്യാള് ..ചെലക്കാതെ പൊയ്ക്കോ ഇജ്ജബ്ട്ന്ന് എന്ന് പറയുന്ന അബുവിന്റെ പ്രിയപ്പെട്ട ഉമ്മയും, കരച്ചിലിനിടയിലും
ന്റെ മ്മ ഞ്ഞെ കത്ത്യോണ്ടെറിഞ്ഞു എന്ന് പറയുന്ന സാക്ഷാൽ കഥാപുരുഷന്റെ വികൃതിയായ നിഷ്കളങ്കബാല്യവും വായനക്കാർക്ക് മുന്നിൽ തനിമയുള്ള ദ്ര്യശ്യാവിഷ്കാരം നടത്തുന്നു.
തീ നിറമുള്ള ഉച്ചവെയിൽ എന്ന ഭാഗത്ത് അസുഖം മാറിയതോടെ ഉമ്മയും ഞാനും വല്ലാതെ അടുത്തു എന്ന് പറയുന്നു.അതുപോലെ പിതാവിന്റെ സ്നേഹം വേണ്ടത്ര കിട്ടാതിരുന്നതിലുള്ള സങ്കടവും മറച്ചു വെക്കുന്നില്ല.നാം പരസ്പരം നൽകുന്ന സ്നേഹവും പരിലാളനയും ബന്ധങ്ങൾ എത്രമേൽ ഊഷ്മളമാക്കുന്നു എന്ന നന്മയുടെ പാഠങ്ങൾ പകർന്നു നൽകുന്നു. പലരെയും പോലെ
ആത്മീയമായി ഒന്നത്യം നേടിയ ആഹ്ലാദവും പ്രവാസം കൊണ്ടുള്ള നേട്ടമായി പങ്കുവെക്കപ്പെടുന്നുണ്ട്.
പരാജിതനല്ലാത്ത പ്രവാസിയുടെ ചൂടും കുളിരും നൽകുന്ന പ്രതീക്ഷകളാണ്"അവരെ നാം നീന്തൽ പടിപ്പിക്കേണ്ട" എന്ന അധ്യായം നമുക്ക് നൽകുന്നത് .
ഓരോ അധ്യായവും പൂർത്തിയാകുമ്പോൾ ഉള്ളിൽ എവിടെയോ ആർദ്രതയുടെ ഒരിറ്റ് നനവ് നമ്മളറിയാതെ നമ്മിലേക്ക് ഊർന്നിറങ്ങുന്നു. തന്നിലെ എഴുത്തുകാരനെ മികവുറ്റതാക്കുന്നതിൽ പ്രവാസം വളരെയധികം പങ്ക്‌വഹിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.എന്നാൽ അബു ഇരിങ്ങാട്ടിരി ഒരു പ്രവാസി എഴുത്തുകാരൻ അല്ല. മലയാള സാഹിത്യത്തിൽ തന്റെതായ മുദ്രകൾ ചാർത്തിയ വ്യക്തിത്വമാണ്.
.
അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഏതൊരു എഴുത്തുകാരനും അടയാളപ്പെടുത്തിവെക്കുന്നത് താൻ ജീവിച്ചു തീർക്കുന്ന കാലത്തെയാണ്. അതിനാൽ പ്രവാസത്തിന്റെ സ്പർശനം ഉറപ്പായും അദേഹത്തിന്റെ സൃഷ്ടികളിൽ നാം പ്രതീക്ഷിക്കണം....
ഇടവേളകളിൽ വീണ് കിട്ടുന്ന അവധിക്കാലത്തിന്റെ മധുരവും, രസകരവും, ഉദ്വേഗജനകവുമായ അനുഭവങ്ങൾ "ഒരൊഴിവു കാലത്ത്" എന്ന ഭാഗത്ത് അദ്ദേഹം വരച്ചിടുന്നുണ്ട്. ആതുരമേഖലയിൽ നടക്കുന്ന തെറ്റായ വിധിയെഴുത്തുകളും സാധാരണക്കാരൻ അനുഭവിക്കുന്ന നിസ്സഹായതയും അതിൽ കാണാം. ലേഖനം ശുഭപര്യവസായിയാകുമ്പോൾ അവർക്കൊപ്പം വായനക്കാരനും ആഹ്ലാദഭരിതനാകുന്നു.
പത്രപ്രവർത്തനം തുടങ്ങിയ കാലത്തെ കോഴിക്കോടൻ ഓർമകൾ, കഥകളുടെ സുൽത്താനുമായുള്ള ആദ്യസംഗമം, തന്റെ പ്രഥമ നോവലിന്റെ പിറവിക്ക് പിന്നിലെ ചരിത്രം ...... ഓർമകളുടെ ഓളങ്ങളിൽ നമ്മളും അറിയാതെ സഞ്ചരിക്കും.
നാട്ടിൽ ഒരു സ്ഥിരവരുമാനം എന്ന സ്വപ്നവും പേറി നടക്കുന്ന കഥയാണ് റൈമയുടെ റബ്ബർത്തോട്ടം. 6 ഏക്കർ റബ്ബർ തോട്ടം സ്വന്തമായുണ്ടെന്നു തന്റെ സുഹൃത്തിനോട് അബു പറയുന്നു. തന്റെ പ്രണയിനിയോടുള്ള മുഹബ്ബത്തും മക്കളോടുള്ള വാത്സല്യവുമാണ് നമ്മൾ അവിടെ ദർശിക്കുന്നത്.അവരാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നും അദ്ദേഹം പറയാതെ പറയുന്നു.
മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത കാലത്തെ പ്രവാസ സൗഹൃദങ്ങളുടെ ആഴവും, നാടും പ്രവാസവും നേർരേഖയിൽ കൊണ്ടുപോകുന്നതിന്റെ ത്യാഗങ്ങളുമാണ് പരദേശിയുടെ പാഠങ്ങൾ എന്ന ഭാഗത്ത്.
...കൗമാരത്തിൽ എഴുതിയ ചേറുമ്പിലെ കാക്കകൾ നാട്ടിൽ നിരവധി കുതൂഹലങ്ങളുണ്ടാക്കിയെങ്കിലും പിന്നീട് അബു എന്ന ഇരിങ്ങാട്ടിരിയുടെ സ്വന്തം എഴുത്തുകാരനെ അവർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ആഹ്ലാദ നിമിഷങ്ങൾ ...
തന്റെ കഥാപാത്രം വർഷങ്ങൾക്കിപ്പുറം കടൽകടന്നെത്തിയപ്പോൾ നല്ലപാതിയുടെ ഉപദേശം സ്വീകരിച്ചു അദ്ദേഹത്തെ സന്ദർശനം നടത്താൻ ഒരുങ്ങുന്ന രംഗത്ത് ആശങ്കകളെ അസ്ഥാനത്താക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തുകൊണ്ട് അവിടം സ്നേഹസൗഹൃദങ്ങളുടെ വേദിയാകുന്നത് നാം കാണുന്നു. ഇത് സുലൈഖാസ്വയം വരത്തിൽ പരാമർശം ഉണ്ടെങ്കിലും ആവർത്തനവിരസത ഒട്ടുമേയില്ലാതെ ഈ കൃതിയിലും നാം ആസ്വദിച്ചു പോകും.
പ്രവാസിയുടെ ,ആയുസ്സിന്റെ മുഴുവൻ സമ്പാദ്യവും ,സ്വപ്നവും , ഗൃഹാതുരത്വവും പേറി പടുത്തുയർത്തുന്ന വീട് ...അതിന്റെ ഭാരം താങ്ങുന്നത് മണ്ണിലല്ല അവന്റെ നെഞ്ചിലാണ്.
ഈ സ്വപ്നഗൃഹത്തെ കടലിനിപ്പുറത്തിരുന്നു താലോലിക്കുന്ന ഓരോ പുറപ്പെട്ട് പോയവന്റെയും പ്രതീകമാണ് അബുവിന്റെ കുഞ്ഞാക്ക..ഇടുങ്ങിയ ഫ്ലാറ്റിന്റെ അസൗകര്യങ്ങളിലും അദ്ദേഹം ആനന്ദം കണ്ടെത്തുന്നത് നിത്യവും തന്റെ വീടിന്റെ ചിത്രങ്ങൾ ആസ്വദിച്ചു കൊണ്ടാണ്....
സ്നേഹവും സൗഹൃദവും, വേദനയും വാത്സല്യവും, പ്രതീക്ഷയും പ്രണയവുമെല്ലാം ഒറ്റയിരുപ്പിൽ ആസ്വദിക്കാൻ ജാലകം തുറന്നിടുന്നു അബു ഇരിങ്ങാട്ടിരി എന്ന ആർദ്രഹൃദയമുള്ള എഴുത്തുകാരൻ ഈ കൃതിയിലൂടെ...
പല തവണ യാത്രചൊല്ലിപിരിഞ്ഞാലും വേരുകൾ എത്രതന്നെ അടർത്തിമാറ്റിയാലും ഈ മണ്ണിന്റെ ചൂടിൽ തന്നെ വീണ്ടും അലിഞ്ഞു ചേരുന്ന പ്രവാസി, മാറിചിന്തിക്കേണ്ടിയിരിക്കുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ