തിരിഞ്ഞുനോട്ടം
പ്രാരാബ്ധത്തിന്റെ മേലങ്കികളഴിച്ച്,
മറന്നുപോയ ഭൂതകാലത്തിന്റെ
നിറമുള്ള ഉടയാടകൾ എടുത്തൊന്നണിയണം.
ഉമ്മാക്ക് സൈര്യം കൊടുക്കാതെ,
ഉപ്പാന്റെ ഉച്ചമയക്കത്തെ പാതി-
കെടുത്തുമൊരഞ്ചുവയസ്സുകാരിയായ്
അകം നിറയെ ഓടിക്കളിക്കണം.
ഇല്ലാക്കഥകൾ മെനഞ്ഞെടു-
ത്തെന്നിലേക്കവരുടെ ശ്രദ്ധ പിടിക്കണം..
ആരും കാണാതെ അടുക്കളത്തട്ടിലെ
ഹോർലിക്‌സ് കുപ്പിയിൽ കയ്യിട്ടു വാരണം.
പിന്നെയൊന്നുമറിയാത്ത ഭാവത്തിൽ,
കുപ്പായത്തലപ്പിനാൽ ചുണ്ടുതുടക്കണം. ഇറയത്ത് വീഴുന്ന മഴവെള്ളമൊന്നെടുത്ത്, തലയും മുഖവും വെറുതെ നനക്കണം. വടിയെടുത്തോടി വരുമുമ്മയെ തോൽപ്പിച്ചുമ്മാമയുടെ പിന്നിലൊളിക്കണം.
നിസ്കാരമുസല്ല ചളിപുരണ്ടെന്നും
പറഞ്ഞ്, പിറുപിറുക്കുമ്മാമയെ നോക്കി കൊഞ്ഞനം കുത്തണം.
ഉമ്മറക്കോലായിൽ വായിക്കുമുപ്പയെ
ചോദ്യങ്ങൾ ചോദിച്ചു ശല്യപ്പെടുത്തണം.
പഠനം ഏഴാം ക്ലാസ്സിലെങ്കിലും ,
കോളേജിൻ ഭാവത്തിൽ
എഴുതുമിത്താത്ത കത്തിച്ച
മെഴുകുതിരിയൊന്നൂതിക്കെടുത്തണം.
വെല്ലുപ്പ വരും ടോർച്ചിന്റെ സിഗ്നൽ
കണ്ടുറക്കം വരാതെ,
കള്ളത്തരത്തിൽ ശ്വാസം പിടിച്ച്
കണ്ണിറുക്കിക്കിടക്കണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ