പുസ്തകാസ്വാദനം

 കുറെ കാലമായി വലിയ പുസ്തകങ്ങൾ വായിക്കാറില്ലായിരുന്നു. മടി തന്നെ കാരണം.ചിലപ്പോൾ വായിച്ചു തുടങ്ങി പിന്നീടാവാം എന്ന് വിചാരിച്ച് മാറ്റിവെക്കും. ബെന്യാമിൻറെ ആടുജീവിതമായിരുന്നു ആവേശപൂർവം അവസാനം വായിച്ചത്...ഷെമിയുടെ 'നടവഴിയിലെ നേരുകൾ' (#നടവഴിയിലെ #നേരുകൾ- എന്ന നോവലിനെക്കുറിച്ച് കേട്ടത് മുതൽ വായിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ,ഈയടുത്താണ് സുഹൃത്ത് Subeena Ck യിൽ നിന്നും പുസ്തകം  കയ്യിലെത്തിയത്‌.ഉടനെ ആവേശപൂർവ്വം കൊണ്ടുവന്നെങ്കിലും രണ്ടു മൂന്നു ദിവസം അതേ പോലെ കിടന്നു.പിന്നെ ഒഴിഞ്ഞിരിക്കുമ്പോൾ വായന ആരംഭിച്ചു.. 


സത്യം പറയട്ടെ ഇടക്കൊന്ന് നിർത്തി എന്റേതായ ജോലിയൊക്കെ ചെയ്തത് തികച്ചും യാന്ത്രികമായിട്ടാണ്. ഒരു നിമിഷം പോലും വെറുതെ കളയാതെ വായന തുടർന്നു..വായനക്കിടയിൽ പലപ്പോഴും സങ്കടത്താൽ നെഞ്ച് വിങ്ങുകയും കണ്ണ് നിറയുകയും ചെയ്തു.  കിടന്നിട്ടും ഉറക്കം വരാതെ എഴുന്നേറ്റ് പിന്നെയും തുടർന്നു.വായനയവസാനിച്ചിട്ടും അത് വരച്ചിട്ട ലോകത്തിൽ നിന്നും പുറത്തേക്ക് കടക്കാൻ കുറെ സമയമെടുത്തു.കൗമാരം വിട്ട ശേഷം പിന്നെ ഉറക്കത്തിൽ എഴുന്നേറ്റു വായിക്കുന്ന ശീലം ഇല്ലായിരുന്നു. എഴുത്തുകാരിയുടെ ഓർമകളിലെ കൃത്യത ശെരിക്കും അത്ഭുതം സൃഷ്ടിക്കുന്നതാണ്.എന്തിനേറെ ഓരോ കഥാപാത്രങ്ങളുടെയും ചേഷ്ടകൾ പോലും. ഭാവനകൾക്കതീതമായി പച്ചമനുഷ്യരുടെ ജീവിതം വരച്ചു കാണിക്കുന്നതാവാം ഇത്രത്തോളം ആവേശം കൊള്ളുന്ന തരത്തിൽ ഇത് വായനക്കാരുടെ ഹൃദയം കവരുന്നത്..


യഥാർത്ഥത്തിൽ നായികയുടെ അപാരമായ  ഇച്ഛാശക്തിക്കുമുമ്പിൽ ജീവിതത്തിലെ അടിക്കടി സംഭവിക്കുന്ന പരീക്ഷണങ്ങൾ ഒന്നുമല്ലാതാവുയായിരുന്നു. കൂടെ ഓരോ അപകടങ്ങളിൽ നിന്നും തട്ടിമാറ്റി ദൈവത്തിന്റെ അപാര കാരുണ്യവും.

തെറ്റായ സാമൂഹിക രീതികൾ ഇതു പോലെ എത്രയോ ജീവിതങ്ങൾ സൃഷ്ടിക്കപ്പടാൻ കാരണമായിട്ടുണ്ടാവാം. അതിൽ നല്ലൊരു ശതമാനം ജീവിതവും തകർത്തെറിയപ്പെട്ട കഥകളാവാം. ഉയിർതെഴുന്നേൽക്കുന്നവർ അപൂർവ്വം. തിരസ്കരിക്കപ്പെടുന്നവരോട് കാരുണ്യം കൈക്കൊള്ളാൻ ഇതിന്റെ വായനക്കാർക്കെങ്കിലും സാധിച്ചാൽ അതീ നോവലിന്റെ വിജയമാവും. ഈ കഥയിലെ ഏത് ഭാഗമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ചോദിച്ചാൽ പറയാൻ പ്രയാസമാണ്. എങ്കിലും ഒടുക്കത്തെക്കാൾ ഇടക്ക് വെച്ചാണ് അത് ഹൃദയസ്പർശിയാവുന്നത്.ഒരാപത്തും വരാതിരിക്കാൻ പെടാപ്പാട് പെട്ട് ഒടുവിൽ കരകയറിയപ്പോൾ  തന്നെ തള്ളിപ്പറയുന്ന കൂടപ്പിറപ്പുകളെക്കുറിച്ച് പോലും മോശമായി പ്രതിപാദിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.ആ നല്ല മനസ്സ് തന്നെയാണ് അവളുടെ വിജയവും.


ഒരു കണ്ണൂരുകാരി ആയത് കൊണ്ട്  തന്നെ ഭാഷയിലെ നാടൻ പ്രയോഗങ്ങളും ശൈലിയും സന്തോഷവും ഒപ്പം സ്വന്തം പ്രാദേശിക ഭാഷയിൽ എന്തെങ്കിലുമൊക്കെ കുറിക്കാൻ നമുക്കും ധൈര്യം തരുന്നു.ഒരു പക്ഷെ, വായിച്ചു കഴിഞ്ഞ ഉടനെയായിരുന്നെങ്കിൽ ഈ വിലയിരുത്തൽ പോലും മറ്റൊരു രീതിയിലായേനെ.. ആ സമയത്തെ ആവേശത്തിൽ തോന്നിയ തീക്ഷ്ണത ഇപ്പോഴുള്ള വാചകങ്ങൾക്കില്ലാതെ പോയിരിക്കുന്നു. സമ്പത്തില്ലാത്തിടത്ത് സൗന്ദര്യമെങ്കിലും രക്ഷക്കെത്തിയാലോ എന്ന വ്യാമോഹം സൗന്ദര്യം കുറഞ്ഞ അവളോടുള്ള സമീപനത്തിൽ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കുഞ്ഞാമി എന്ന ഉമ്മ കഥാപാത്രം ശെരിക്കും പൊരുത്തുന്നുണ്ട് ജീവിതത്തോട്. പ്രത്യക്ഷത്തിൽ അവരൊരു തന്റേടിയാണെന്ന് തോന്നുമെങ്കിലും മുറിവേറ്റ ഒരു ഹൃദയം അവരിലുണ്ടെന്നത് മരണത്തിനു തൊട്ടു മുമ്പുള്ള രംഗം മനസ്സിലാക്കിത്തരുന്നുണ്ട്.


 ഗൗരവമായ തമാശയും ചിലപ്പോൾ ചിരിക്കു വക തരുന്നു. 'ഇരുപത്തഞ്ചോളം ഗ്ലാസ് കഴുകിയ അര ഗ്ലാസ് കച്ചറ വെള്ളം' പോലെ...

 ഓരോ അധ്യായവും മാറിവരുമ്പോൾ തുടക്കത്തിൽ ബന്ധമില്ലാതെ തൊന്നുമെങ്കിലും പതിയെ അതുമായി ചേർന്നു വരുന്ന മനോഹര ശൈലി ഏറെ ഇഷ്ടം തോന്നുന്നു. ഇനിയും എണ്ണിയെണ്ണി പറയാൻ ഒരുപാടുണ്ടെങ്കിലും അവയോരോന്നും ഈയൊരു കുറിപ്പിൽ അപര്യാപ്തമാണ്. ചുരുക്കത്തിൽ കാലങ്ങൾ കഴിഞ്ഞാലും പുതുമ നഷ്ടമാകാതെ ഇത് വീണ്ടും വീണ്ടും വായിക്കപ്പെടും എന്നത് നിസ്തർകമാണ്.എഴുത്തിനോടും എഴുത്തുകാരിയോടും ഒരുപാടിഷ്ടം....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം