സിനിമാ റിവ്യൂ - ഹലാൽ ലൗ സ്റ്റോറി

 ഹലാൽ ലൗ സ്റ്റോറി മലയാള സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തലുകൾ നടത്തുന്ന ഒരു ചിത്രമായിരിക്കും സംശയമില്ല... കാരണം, മലയാളത്തിൽ മുസ്ലിം പശ്ചാത്തലമുള്ള ഒരുപാട് സിനിമകൾ ഇതിനു മുമ്പും വന്നിട്ടുണ്ട്... പക്ഷേ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു പ്രമേയം ഈ സിനിമയിൽ നമുക്ക് കാണാൻ കഴിയും.മാത്രമല്ല, ഒരു ചിത്രത്തെ കണ്ടിട്ടും കാണാതെയും ഇത്രയേറെ നിരൂപണങ്ങൾ ഉണ്ടാവുന്നതും ഇതാദ്യമായിരിക്കും. 


 ഈ ചിത്രത്തിലെ സ്ത്രീ കഥാപത്രങ്ങളെ തന്നെ എടുക്കുക, മലയാളസിനിമയിൽ മുസ്ലിം സ്ത്രീകളെ ചിത്രീകരിക്കുമ്പോൾ ഒന്നുകിൽ പർദ്ദയിട്ട  സ്വാതന്ത്ര്യമില്ലാത്ത സ്ത്രീ. അല്ലെങ്കിൽ മതത്തിൻറെ അതിരുകൾ ഭേദിച്ച്  പുറത്തേക്ക് കടക്കുന്ന ലിബറൽ മുസ്ലിം സ്ത്രീ , അതുമല്ലെങ്കിൽ കഴുത്തിലും കാതിലും കയ്യിലും നിറയെ ആഭരണം ഇട്ട് കാച്ചി മുണ്ടും  കുപ്പായവും കസവുതട്ടവും അണിഞ്ഞ, ബിരിയാണി വെച്ച് കെട്ടിയോനും കുട്ടികളെയും കുടുംബത്തെയും സൽക്കരിക്കുന്ന, അതേപ്പറ്റി തൻറെ ദരിദ്രരായ അയൽവാസികളോട് വീമ്പു പറയുന്ന പരമ്പരാഗത യാഥാസ്ഥിതിക മുസ്ലിം സ്ത്രീ ..


പർദ്ദ ഇടുന്ന, ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ഇടുന്ന മുസ്ലിം സ്ത്രീകളെ കുറിച്ച്  അവർക്കില്ലാത്ത വേവലാതിയാണ് നമ്മുടെ നാട്ടിലെ ലിബറൽ എന്നവകാശപ്പെടുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റിയും വസ്ത്ര സ്വാതന്ത്ര്യത്തെ പറ്റിയും വാതോരാതെ സംസാരിക്കുന്ന പുരോഗമന ചിന്താഗതിക്കാർക്ക്.അവർക്ക് ഈ ചിത്രം കാണാതെ തന്നെ വിലയിരുത്താൻ കഴിയും. കാരണം വസ്ത്രമാണ് സ്ത്രീകളുടെ വ്യക്തിത്വത്തെയും ചിന്താശക്തിയെയും നിർണയിക്കുന്ന എന്ന ഘടകം എന്ന് പറയാതെ പറയുകയാണ് അവർ ഇത്രയും കാലം. 


   വ്യത്യസ്തതയെ ഉൾക്കൊള്ളാൻ കഴിയാത്തവരാണ് ഏകസിവിൽ കോഡ് കൊണ്ട് വരാൻ ശ്രമിക്കുന്നത്. പക്ഷെ, എല്ലാവരും ഒരേ നിലവാരത്തിൽ വസ്ത്രം ധരിക്കണം എന്ന മാനസികാവസ്ഥ പുറത്തു വരുന്ന അഭിപ്രായപ്രകടനങ്ങൾ കാണുമ്പോൾ പലരുടെയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന അസഹിഷ്ണുത പുറത്തേക്ക് വരുന്നു.


ഒരു ക്രൈസ്തവ പുരോഹിതനെ ബർമുഡയിട്ടും, വാർത്താ അവതാരകനെ കൈലി മുണ്ടും ബനിയനുമിട്ടും അവതരിപ്പിക്കാൻ സാധിക്കുമോ ? ഓരോരുത്തർക്കും യോജിച്ച വസ്ത്രമുണ്ട്. അത് മതപരമാവാം.പ്രദേശികമാവാം.സംസ്കാരത്തിന്റെ ഭാഗമാവാം.തെരഞ്ഞെടുപ്പ് ധരിക്കുന്നവരുടെയാണ്.ആ തെരഞ്ഞെടുപ്പിനെ ആവിഷ്കരിക്കുമ്പോഴും അതങ്ങനെ തന്നെയിരിക്കും. എന്തിനെ അവതരിപ്പിക്കണം എന്നുള്ളത് അവിഷ്കരിക്കുന്നവന്റെ സ്വാതന്ത്ര്യവും.


മറ്റാരെക്കാളും കോസ്റ്റ്യൂം സെൻസും നർമ്മബോധവും ചിന്താശക്തിയും ഒക്കെ ഈ പറഞ്ഞ 'സ്വാതന്ത്ര്യമില്ലാത്ത' സ്ത്രീകൾക്കുണ്ട്. അൽപവസ്ത്രം ധരിച്ച് അഭിനയിക്കുമ്പോൾ ഇല്ലാത്ത  വേവലാതി എന്തുകൊണ്ടാണ് വസ്ത്രം ധരിച്ച് അഭിനയിക്കുന്നവരെ കാണുമ്പോൾ ഉണ്ടാവുന്നത് എന്ന് മനസ്സിലാവുന്നില്ല .


കരുത്തും ആർജവവും ഉള്ള സ്ത്രീ കഥാപാത്രങ്ങളാണ്  ഈ സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സിനിമക്കകത്ത്  ചിത്രീകരിക്കുന്ന സിനിമയുടെ  പ്രമേയമടക്കം പുരുഷനേക്കാൾ ഒരു പടി  മുന്നിൽ തന്നെയാണ് ആണ് സ്ത്രീകളുടെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്.


 പ്രതിഷേധങ്ങളും സമരങ്ങളും ചിത്രീകരിക്കുന്ന രംഗങ്ങൾ ആര് സംവിധാനം ചെയ്യുന്ന സിനിമയിൽ ആയാലും  അത് ഇടതുപക്ഷത്തിന് മാത്രം കുത്തകയായിരുന്നു. ഇവിടെ ദലിതരും മുസ്ലിങ്ങളും അടങ്ങുന്ന പിന്നോക്കക്കാർ സമരം ചെയ്യുന്നത്  ഈയടുത്തകാലത്ത് വരെ ചാനലുകാർ പോലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. 


എത്ര നല്ല സിനിമ ആയാൽ പോലും ഒരു അശ്ലീല രംഗം എങ്കിലും അതിൽ തിരുകി കയറ്റണമെന്ന് നിർബന്ധബുദ്ധി പൊതുവേ സിനിമ പാലിച്ചു പോരുന്ന രീതിയാണ്. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ ഇതിന് അപവാദമായി ഉണ്ടായിട്ടുണ്ട്.എന്നാൽ മനുഷ്യനെ എന്റർടൈൻ ചെയ്യിക്കാൻ ഇതൊന്നും ഒരു ഘടമേ അല്ലെന്ന് ഹലാൽ ലൗ സ്റ്റോറി തെളിയിക്കുന്നു.

  

 ഇതിലെ ഭാഷ പൂർണ്ണമായും മലബാർ സംസാരരീതി ആയിട്ടും "ശോര  കുടിപ്പിച്ചു ശതിക്കുന്ന" ഏച്ചു കെട്ടിയ രീതിയിലുള്ള അനുഭവമായിരുന്നില്ല. ഈ നൂറ്റാണ്ടിൽ ജീവിക്കുന്നവരെ കൊണ്ടുപോലും  ഏതോ പ്രാചീന യുഗത്തിലുള്ള മനുഷ്യരെപ്പോലെ സംസാരിക്കണമെന്ന് നിർബന്ധം ഉള്ളതുപോലെ  തോന്നും ചില സിനിമകളിലെ  മുസ്ലിം കഥാപാത്രങ്ങൾ സംസാരിക്കുന്നത് കാണുമ്പോൾ.


സിനിമയിൽ പ്രയോഗിക്കുന്ന 'പൊതു'

സ്വീകാര്യത സത്യത്തിൽ പൊതുവല്ലാത്തതിനെ അംഗീകരിക്കാൻ ഇപ്പോഴും മടിയുള്ള മനോഭാവത്തോടുള്ള ചോദ്യമാണ്.

മുസ്‌ലിം പേരുള്ളവർ കലാ-സംസ്ക്കാരിക രംഗത്ത് ഒന്നുകിൽ പേര് മാറ്റിയോ അല്ലെങ്കിൽ ഇനിഷ്യലുകളിലോ സ്ഥലനാമവുമായി ബന്ധപ്പെടുത്തിയോ പൊതുസമ്മതിനേടി മുഖ്യധാരയിലേക്ക് വലിഞ്ഞു കയറേണ്ട ദുരവസ്ഥ ഇന്നും നിലനിൽക്കുന്നില്ലേ.


പ്രതിഷേധങ്ങളും സമരങ്ങളും ചിത്രീകരിക്കുന്ന രംഗങ്ങൾ ആര് സംവിധാനം ചെയ്യുന്ന സിനിമയിൽ ആയാലും  അത് ഇടതുപക്ഷത്തിന് മാത്രം കുത്തകയായിരുന്നു. ഇവിടെ ദലിതരും മുസ്ലിങ്ങളും അടങ്ങുന്ന പിന്നോക്കക്കാർ സമരം ചെയ്യുന്നത്  ഈയടുത്തകാലത്ത് വരെ ചാനലുകാർ പോലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്.ഇതും മേൽപ്പറഞ്ഞ പൊതുസമ്മതിയോട് ചേർത്തു വായിക്കേണ്ടതാണ്.


 സിനിമയുടെ  പലരീതിയിലുള്ള നിരൂപണങ്ങൾ അനുകൂലിച്ചും വിമർശിച്ചും ഇതിനോടകം വന്നു കഴിഞ്ഞു.വിമർശനം ഒരളവോളം നല്ലത് തന്നെ.പക്ഷേ ഇതെന്തോ മഹാ അപരാധമാണെന്ന് പ്രചരിപ്പിക്കുന്നവരോട് ഈ സിനിമയിലെ കഥാപാത്രം തൗഫീഖ് ചോദ്യം തന്നെയാണ് ഏറെ പ്രസക്തമായത്."ഞങ്ങൾക്കും എടുക്കണ്ടേ സിനിമ".മഫ്തയിട്ട പെണ്ണിന് ജേർണലിസം സ്വപ്‍നം കാണാൻ മീഡിയ വണ്ണിന് സാധിച്ച പോലെ,  മുസ്‌ലിം സ്വത്വം ഉയർത്തി പിടിച്ചു കൊണ്ട് തന്നെ സുഹറ എന്ന കഥാപാത്രത്തെ മികവുറ്റതാക്കാൻ ഗ്രെയ്‌സ് ആന്റണിയെകൊണ്ട് ,സകരിയക്ക് സാധിച്ചെങ്കിൽ , പാട്ട് പോലെ എഴുത്ത് പോലെ മറ്റേത് കലയേയും പോലെ സിനിമ എന്ന  മാധ്യമവും അഭിനയമോഹവും  ശരീഫിന് മാത്രമല്ല ശരീഫാക്കും സാധ്യമാവും.തീർച്ച!


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം