നിൻറെ റൂഹ് തേടി

 എന്നിട്ടുമെന്നിട്ടും

ശാന്തമായി മാത്രം

ചേർന്നൊഴുകിയ

പുഴ പൊടുന്നനെ

വഴി പിരിഞ്ഞെങ്ങോ

അകന്നു പോകവേ..


മിന്നൽ പിണറായെത്തിയ

വേർപാടിൻ നൊമ്പരം

ഊതിക്കെടുത്താൻ

വാക്കുകൾ പരതുന്നവർക്ക്

മുന്നിൽ പതറാതിരിക്കാൻ

പാട് പെടുന്നവൾ.



നിലാവ് മങ്ങിയ 

രാവിന്റെ യാമങ്ങളിൽ

മൗനച്ചിറകേറി,

നീ പറന്നകന്ന ദിശയിൽ

കലങ്ങിയ കണ്ണാൽ

ആശയോടെ പരതവേ,


റബ്ബിന്റെ ഹുബ്ബിനാൽ

നേരത്തെ പോയ

നിന്റെ റൂഹിലലിയാൻ

കിതപ്പോടെ ആഞ്ഞു

വീശാൻ ശ്രമിക്കവേ..



പ്രാണനിലലിഞ്ഞ

പാതി, വിട്ടകന്ന

ഓർമകളിലെരിയുമ്പോൾ

ഹൃത്തൊഴുക്കിയ

ബാഷ്പകണത്താൽ

മുസല്ലകൾ കുതിർത്തവൾ..


മനം പകുത്തു നൽകാൻ

കൊതിച്ചവനോടുള്ള

പ്രണയത്തുടിപ്പുകൾ

നിന്നിലേക്കവളെ,

ചേർത്തു വച്ചവനോടുള്ള

തേട്ടത്താൽ 

മിനുക്കിയെടുക്കുന്നു..


നീയൊരുക്കിയ

ഉദ്യാനത്തിൽ,

നീ വിത്തിട്ട് മുളപ്പിച്ച

ചെടികളുടെ 

തണലവൾക്കുണ്ട്.

എങ്കിലും,നീയെന്ന

മഹാ വൃക്ഷത്തിന്റെ

ഊഷരതയിൽ

പെയ്തിറങ്ങിയ നനവ്

തേടിയാണവളുടെ

ഇനിയുള്ള യാത്ര...



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം