ഇരുളിൽ ഒരു സൂര്യോദയം. ......................................

 


അതിജീവനത്തിന്റെ തിളക്കം

കാണാമാ കണ്ണുകളിലിന്ന്. ആത്മവിശ്വാസത്തിന്റെ നാദം-

കേൾക്കാമാ  സ്വരങ്ങളിൽ.


വേച്ചു വേച്ചു ഇരുട്ടിന്റെ മറവിൽ,

ഒരു നിഴൽ രൂപമായി...

അന്നവളെ കണ്ട രാത്രിയിൽ,

കരിഞ്ഞ ഒരു റോസാദളം പോലെ...


മനസ്സിപ്പോൾ ഒരു പുനർജീവ-

പരിക്രമണത്തിന്റെ ഉൾതുടിപ്പിലാണ്.

അന്നത്തെ ആകാശത്തിൽ-

ഒരു മേഘക്കീറ് പോലും ഇല്ലായിരുന്നല്ലോ..?



എന്നിട്ടും ഏത് ശക്തിയാണ്

എന്നിലെ ഭീരുവിനെ വലിച്ചൂരിയത്..

വേടനാൽ മുറിവേറ്റ ആ ഹൃദയം,പക്ഷെ-

മരണം പുൽകാൻ കൂട്ടാക്കിയില്ല..


വാക്കുകൾ കരിഞ്ഞ്.

പേരു പോലും മറന്ന

അവളുടെ ശബ്ദമിന്ന്

ആകാശത്തോളം മുഴങ്ങുന്നത്.



അകാലത്തിൽ പൊഴിഞ്ഞു പോകുന്ന

ഇതളുകൾക്ക് മുന്നിൽ

സൂര്യനായ് ജ്വലിച്ചു നിൽക്കാൻ,

അവളെ പ്രാപ്തയാക്കിയത്..


എന്നിലെ 'അമ്മക്ക്

പോലും കരുത്തു പകർന്നത്..

തളരാതെ,പതറാതെ,പൊരുതണമെന്ന

അവളിലെ ആത്മവിശ്വാസമാണ്.


പിന്നെ..

നിങ്ങളോരോരുത്തരുമാണ്..

സ്വപ്‌നങ്ങൾ മുഴുമിക്കാതെ ഭൂമിയിൽ  ചേർന്നുറങ്ങുന്ന,

പെൺകുഞ്ഞുങ്ങളാണ്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം