*മനം നിറച്ച പെരുന്നാള്*

 






ഉച്ചവെയിൽ കത്തുന്നുണ്ടെങ്കിലും ചുറ്റുമുള്ള  തെങ്ങോലയിലും മരച്ചില്ലയിലുമൊക്കെ തട്ടി സുഖമുള്ള തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു..കോലായിലെ തിണ്ണമേൽ ഇരുന്നു ഒരു നാലാം ക്ലാസ്സുകാരി ആകാശത്തേക്ക് കണ്ണും നട്ട് അങ്ങനെ ഇരിക്കുന്നു.വുദു എടുത്തപ്പോൾ കിണ്ടിയിൽ നിന്നും ഒരൽപ്പം വായിലേക്കും ഇറങ്ങി ഇറങ്ങിയില്ല എന്ന് തോന്നിയോ.? അവൾ ആലോചിച്ചു.. അല്ല ഇറങ്ങിയിട്ടുണ്ട്. കുറച്ചു ഇറങ്ങട്ടെ എന്ന ഉദ്ദേശമുണ്ടായിരുന്നു. എന്നാൽ അറിയാതെ ആയാൽ കുഴപ്പമില്ല എന്ന് ഉസ്താദും ഉമ്മയും പറഞ്ഞത് ഓർമ വന്നപ്പോൾ ഇത് ആ ഗണത്തിൽ പടച്ചോൻ കൂട്ടുമായിരിക്കും എന്നവൾ കരുതി.


 ഇരുന്നു മടുത്തപ്പോൾ വീടിന് മുട്ടി നിൽക്കുന്ന മുറ്റത്തെ തെങ്ങിന്റെ ഓരം ചേർന്നുള്ള ചവിട്ടു പടിയിലേക്ക് വരിവരിയായി വരുന്ന ഉറുമ്പുകളോട് കിന്നരിക്കാൻ പോയി .ഇവരിൽ ആരുടെയോ മങ്ങലം ആയിരിക്കും. സൂക്ഷിച്ചു നോക്കിയപ്പോൾ കുറെ പേർ സദ്യയുണ്ട് തിരിച്ചു വരുന്നുണ്ട്.രണ്ട് കൂട്ടരും പരസ്പരം ലോഗ്യം പറയുന്നത് കാണാം.

 ഉറുമ്പിനെ അതിന്റെ വഴിക്ക് വിട്ട് സമയം നോക്കിയപ്പോൾ ഒരാശ്വാസം .അസർ ബാങ്ക് കൊടുക്കാൻ ഇനി കുറച്ചേയുള്ളൂ. അത് കഴിഞ്ഞാൽ മഗ്‌രിബ് ആവും.


  കായി പൊരിച്ചതും,നുള്ളിയിട്ടതും,പരിപ്പ് വടയും ഉള്ളിവടയും, പിന്നെ ഗോതമ്പപുളിയാരലുമാണ് നോമ്പ് സ്‌പെഷ്യൽ.പൊരിക്കുന്ന മണം അടിച്ചാൽ നീറായിലേക്ക് ഓടും.അപ്പോൾ ഉമ്മാന്റെ വക ശാസനയാണ്.കോനായിൽ പോയി ഇരുന്നോ.ഇത് കണ്ടാ ഇനിക്ക് പൂതി വരുമെന്ന് പറയും. എന്നാലും അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കും.നോമ്പ് തുറക്കുമ്പോൾ കുറെ തിന്നണം,പൊരിച്ചത് കണ്ണ് കൊണ്ട് എണ്ണി നോക്കും.പക്ഷെ ഇത്തവണ  വിഭവങ്ങൾ കുറവാണ്.ഉപ്പാവ കാശയക്കാൻ കുറച്ചു വൈകി.എന്നാലും ഉള്ളത് പോലെയൊക്കെ ഉമ്മ ഞങ്ങളെ തുറപ്പിച്ചു.


 ഒന്ന് പീടിയേൽ പോകാൻ ഉമ്മ പറഞ്ഞപ്പോൾ ക്ഷീണമൊക്കെ എങ്ങോട്ടോ പോയി.അത്രയും സമയം പോയിക്കിട്ടുമല്ലോ.പീടികയിൽ ഉണ്ട് രാഘവേട്ടൻ ബത്തക്ക മുറിച്ച് വെച്ചിരിക്കുന്നു.നോമ്പായാലുള്ള അപൂർവ്വ കളർഫുൾ കാഴ്ചകളിലൊന്നാണ് .വത്തക്ക നോമ്പിന് മാത്രം ഉണ്ടാവുന്ന ഫ്രൂട്ട് ആണെന്നായിരുന്നു കുഞ്ഞിലെ ധാരണ. ബത്തക വാങ്ങാൻ പൂതിയുണ്ട് പക്ഷെ ഉമ്മാനോട് അനുവാദം വാങ്ങാത്തത് കാരണം നാളെ പറഞ്ഞു വാങ്ങാം എന്ന് സമാധാനിച്ചു.ഇനി നാളേക്ക് തീർന്നു പോകുമോ..

തിരിച്ചു പോരുമ്പോൾ ഉള്ളം നിറയെ ആ ചിന്തയായിരുന്നു.

 

നോമ്പ് 27 കഴിഞ്ഞപ്പോൾ പിന്നെ ആശ്വാസമായി. ഇനി പെരുന്നാളിന്റെ പൊലിവാണ്. കുട്ടികളെ സംബന്ധിച്ച് അന്ന് മുതലേ പെരുന്നാൾ ചിന്തകളാണ്.നോമ്പ് എടുക്കുന്നതും അപൂർവ്വം.എന്നാൽ ഏറെ ദുഃഖിപ്പിച്ച കാര്യം ഇത്തവണ പെരുന്നാക്കോടി ഉണ്ടാവില്ല എന്നതായിരുന്നു. കാര്യങ്ങളുടെ സത്യാവസ്ഥ അറിയാവുന്നത് കൊണ്ട് ബഹളം വെച്ചില്ല. അപ്പോഴാണ് ഇത്താത്തയുടെ യൂണിഫോം തുണിയുടെ ഒരു പീസ് ബാക്കിയുള്ളത് ഓർമ വന്നത്.അത് കൊണ്ട് പാവാട അടിക്കാം എന്ന് ഉമ്മാനോട് പറഞ്ഞപ്പോൾ സമ്മതിച്ചു. അതുമായി സുരേന്ദ്രാട്ടന്റെ തയ്യൽ കടയിലെത്തി. പെരുന്നാളിന്റെ തലേന്ന് വീട്ടിൽ കൊണ്ടു തരാമെന്ന് വാക്ക് തന്നു.സന്തോഷത്താൽ

ബോട്ട് കിട്ടിയ കൊച്ചിൻ ഹനീഫ മോഡൽ ചിരിയുമായി തിരിച്ചു നടന്നു.


 പെരുന്നാൾ മാസം കണ്ടു..പാവടയുമില്ല. സുരേന്ദ്രാട്ടനുമില്ല.നിരാശ കടിച്ചമർത്തി നേരം വെളുപ്പിച്ചു.തയ്യൽപ്പീടിക ലക്ഷ്യമാക്കി ഓരോട്ടമായിരുന്നു. കട തുറന്നിട്ടില്ല.ഹൃദയമിടിപ്പ് കൂടി ..ഇപ്പോൾ കരയും എന്ന അവസ്ഥഎത്തിയപ്പോൾ സുരേന്ദ്രാട്ടൻ വന്നു.പാവാട അടിച്ചിട്ടില്ല. സങ്കടം കടിച്ചമർത്തി വെച്ച് എനിക്കിപ്പം പാവാട കിട്ടണമെന്ന് പറഞ്ഞു.. നിന്ന നിൽപ്പിൽ അടിപ്പിച്ചു വാങ്ങി വീട്ടിലെത്തി.


 പിന്നീട് ഒരിക്കലും  കോടി ഇല്ലാതെ പെരുന്നാളുണ്ടായിട്ടില്ല ..നിറപ്പകിട്ടാർന്നതും വിലകൂടിയതും ഒക്കെ അതിൽ വന്നിട്ടുണ്ട് .പക്ഷെ എന്റെ മനസ്സിൽ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള പുതുവസ്ത്രം എന്റെ സ്കൂളിലെ പോലുമല്ലാത്ത ചാരനിറത്തിലുള്ള ആ യൂണിഫോം പാവാട ആയിരുന്നു...............


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം