തുർക്കിഷ് പരമ്പര Dirilis ertugrul ലെ സ്ത്രീ സാന്നിധ്യങ്ങൾ
ഇസ്‌ലാമിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരം നിലനിർത്തി പോന്ന ഒരു ഭരണകൂടമാണ് ഉസ്മാനിയ ഖിലാഫത്ത്.പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ ലോകത്ത് പകരം വെക്കാനില്ലാത്ത പുരോഗതി കൈവരിച്ച സാമ്രാജ്യം.പുരോഗതിക്ക് വേണ്ടിയുള്ള ഉസ്മാനിയ ഖിലാഫത്തിന്റെ പല ചുവടുകളും പിഴക്കാതെ പോയത് അവരുടെ ഇസ്‌ലാമിക മാര്‍ഗത്തിലുള്ള കഴിവുകളെയും നിശ്ചയദാര്‍ഢ്യത്തെയും ഊട്ടിയുറപ്പിക്കുന്നു.
ഉസ്മാനിയ ഖിലാഫത്തിന്റെ സ്ഥാപകൻ ഉസ്മാൻ ഗാസിയുടെ പിതാവ് എർത്തുറുൽ ഗാസിയുടെ കഥ പറയുന്ന തുർക്കിഷ് ടെലിവിഷൻ പരമ്പരയാണ് "ദിറിലിസ് ഏർത്തുറുൽ". വളരെ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം. ഋതുക്കൾ മാറുന്നതിനനുസരിച്ചു പലായനം നടത്തിയിരുന്ന കായി ഗോത്രത്തിലാണ് സുലൈമാൻ ഷായുടെ രണ്ടാമത്തെ മകനായി അദ്ദേഹം ജനിക്കുന്നത്.ഉദ്വേഗജനകവും,ആവേശകാരവുമായ ചരിത്ര കഥ ആരംഭിക്കുന്നത് യുവാവായ ഏർത്തുറുലിന്റെ ഏറ്റുമുട്ടലിലൂടെയാണ്.
കുരിശുപടയോടും മംഗോളിയരോടും ഒരേസമയം തന്ത്രങ്ങൾ ആവിഷ്കരിച്ചു നേരിടുന്ന കരുത്തരും വിശ്വാസദൃഢതയുമുള്ള ഗോത്ര സമൂഹം..ധീരതയിലും ആയോധന കലയിലും യുദ്ധമുറകളിലും പുരുഷന്മാർക്കൊപ്പം സ്ത്രീകളും മികച്ചു നിൽക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. കുടുംബത്തിലും അധികാരത്തിലും മാത്രമല്ല, വ്യാപാരം വ്യവസായം തുടങ്ങി സ്ത്രീകൾ ഇടപെടാത്ത അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത ഒരു മേഖലയുമില്ല.
ഹൈമ ഉമ്മ
___________
ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാണ് ഹൈമ എന്ന ഏർത്തുറുലിന്റെ മാതാവ്.ആർദ്രതയുടെയും തന്റേടത്തിന്റെയും ആൾരൂപം.സുലൈമാൻ ഷായുടെ ഉയർച്ചയിലും താഴ്ചയിലും അദ്ദേഹത്തോടൊപ്പം പതറാതെ അവർ കൂടെയുണ്ട്.അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും അവർ ഹൃദയം കൊണ്ട് തൊട്ടറിയുന്നു. ഓരോ പ്രതിസന്ധി ഘട്ടത്തിലും കൂടെ ചേർന്ന് നിന്ന് ആശ്വാസത്തിന്റെ സ്നേഹപ്പുതപ്പ് പുതപ്പിക്കുന്നവൾ ദാമ്പത്യ ബന്ധത്തിന്റെ ഉത്തമ മാതൃക. തന്റെ നാല് ആണ്മക്കളെയും ധീരരായി വളർത്തുന്നതിൽ വിജയിച്ച മാതാവ്.ഗോത്രത്തിന്റെ മുഴുവൻ ഉമ്മയാണവർ.കരുത്തരായ യോദ്ധാക്കൾ പോലും ബഹുമാനത്തോടെയും ഒരൽപ്പം ഭയത്തോടെയും മാത്രം നോക്കിക്കാണുന്ന വനിത.
തന്റെ പ്രിയപ്പെട്ടവന്റെ മരണത്തെ പോലും ധീരമായി അഭിമുഖീകരിക്കുന്നുണ്ട് അവർ. തുടർന്ന് സുലൈമാൻ ഷായുടെ പാരമ്പര്യത്തിലുറപ്പിച്ചു നിർത്തി തന്റെ മക്കളെയും ഗോത്രത്തെയും ഒരുമയോടെ മുന്നോട്ട് നയിക്കാൻ ആ ഉമ്മ വല്ലാതെ പ്രയാസപ്പെടുന്നുണ്ട്.അപാരമായ ആജ്ഞശക്തിയും ആർജ്ജവവും നീതി ബോധവും കൈ മുതലായ ഹൈമ ഉമ്മ ഒരു ഘട്ടത്തിൽ ഗോത്രത്തിന്റെ നേതൃത്വം തന്നെ ഏറ്റെടുക്കുന്നു.
മക്കൾക്കിടയിൽ തുല്യത കല്പിക്കുമ്പോഴും നിലപാടുകൾക്കൊപ്പം നിൽക്കാൻ അവർക്ക് യാതൊരു മടിയുമില്ല.മക്ക ൾക്കെന്ന പോലെ പുത്രഭാര്യമാർക്കും പ്രയാസമനുഭവിക്കുന്ന ഓരോ കായി ഗോത്രാംഗങ്ങൾക്കും അവർ അത്താണിയാണ്.
ആവശ്യം വരുമ്പോൾ ധൈര്യപൂർവം ആയുധമെടുക്കാനും അവർ മിടുക്കിയാണ്.ഗോത്രത്തിൽ ഛിദ്രത ഉടലെടുത്തപ്പോൾ ഒരു രക്തച്ചൊരിച്ചിൽ ഇല്ലാതാക്കി സമാധാനം നിലനിർത്താൻ സാധ്യമായത് ഹൈമയുടെ സമയോചിത ഇടപെടൽ മൂലമാണ്.ശത്രു ഏത് കൊലകൊമ്പനയാലും മുഖത്തു ഇത്തിരി പോലും പതർച്ചയില്ലാതെയുള്ള അവരുടെ നിൽപ്പ് പറയാതെ വയ്യ. ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാൽ, വിപ്ലവബോധമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്നതിലും രാഷ്ടതന്ത്രത്തിലും സമൂഹത്തിൽ സ്ത്രീകൾക്കുള്ള പങ്ക് എത്രത്തോളം ഉയർന്നതാണെന്നും , സ്ത്രീകൾ എത്രത്തോളം ആദരിക്കപ്പെടേണ്ടവളും ബഹുമാനിക്കപ്പെടേണ്ടവളുമാണെന്നും നമുക്ക് വ്യക്തമാവും.അതിന്റെ ഏറ്റവും മികച്ചൊരു ഉദാഹരണം കൂടിയാണ് ഹൈമ.
ഹലീമ സുൽത്താൻ
___________
ഏർത്തുറുലിന്റെ പ്രണയിനി.കുരിശുസേനയുമായുള്ള ഏറ്റമുട്ടലിൽ കൂടി മോചിപ്പിച്ചെടുത്ത സെൽജൂക് രാജവംശത്തിലെ പിന്മുറക്കാരി.സുലൈമാൻ ഷായുടെ അതിഥിയായി എത്തി പിന്നീട് അദ്ദേഹത്തിന്റെ മരുമകളായവൾ. രാജകുമാരിയായി തിരിച്ചു പോകാൻ വഴിയൊരുങ്ങിയിട്ടും അതിന് സന്നദ്ധയാവാതെ നാടോടികളായ കായി ഗോത്രത്തിന്റെ സ്നേഹത്തെയാണ് അവൾ സ്വീകരിച്ചത്.കേവലം ഒരു പ്രണയിനി എന്നതിനപ്പുറം എർത്തുറുലിന്റെയും കുടുംബത്തിന്റെയും കൂടെ എല്ലാത്തിലും ഉറച്ചു നിൽക്കുന്നവൾ. സൗന്ദര്യവും സൗമ്യതയും മാത്രമല്ല ധീരതയുള്ളവളുമാണ് ഹലീമ.കുതിര സവാരിയിലും അമ്പെയ്‌തിലും പ്രാവീണ്യം നേടിയ വനിത.ഓരോ യുദ്ധമുഖത്തേക്കും തന്റെ പുരുഷനെ കരുത്തും പ്രാർത്ഥനയുമായി അവർ യാത്രയാക്കുന്നു.പുരുഷന്മാരില്ലാത്ത സമയത്ത് അപ്രതീക്ഷിതമായി കടന്നുവരുന്ന ശത്രുക്കളെ ഗോത്രത്തിലെ മറ്റു സ്ത്രീകളോടൊപ്പം നേരിട്ട് വകവരുത്തുന്നുണ്ട് ഹലീമ. ഏർത്തുറുലുമൊത്ത് വിജനമായ പ്രദേശത്ത് ഒറ്റക്കിരിക്കുന്ന സമയത്ത് മംഗോളിയരുടെ ആക്രമണമുണ്ടാവുകയും ഏർത്തുറുൽ പിടിക്കപ്പെടുകയും ചെയ്യുമ്പോൾ അവരോട് ഏറ്റുമുട്ടി രക്ഷപ്പെട്ടു വരുന്നുണ്ട് ഈ പെൺസിംഹം.തുടർന്ന് പല ഘട്ടത്തിലും ഒറ്റയ്ക്ക് പോരാടി വിജയിക്കുന്ന ഹലീമ പല തലങ്ങളിലുള്ള സ്ത്രീയുടെ ചുമതലകൾ അങ്ങേയറ്റം ഉത്തരവാദിത്തതോടെ ചെയ്യുന്നു. തന്റേടവും നേതൃ ശേഷിയുമുള്ള സ്ത്രീത്വത്തിന്റെ നേർചിത്രമാണ്
ഏർത്തുറുൽ-ഹലീമെ പ്രണയത്തിൽ പോലും നമുക്ക് ദർശിക്കാൻ സാധിക്കുന്നത്. പുരുഷന് തന്റെ പ്രണയിനി ഒരു ശരീരം എന്നതിനപ്പുറം അവന്റെ ഓരോ ചുവടുവെപ്പിലുമുള്ള സഹയാത്രികയാണ് എന്ന് വരച്ചുകാട്ടുന്നു.
സെൽജാൻ
___________
കൗശലവും കൂർമബുദ്ധിയും കൂടപ്പിറപ്പാകിയവൾ. സുലൈമാൻ ഷായുടെ മകൻ ഗുന്തോദുവിന്റെ പത്നിയായ സെൽജാൻ ആരെയും അത്ഭുതപ്പെടുത്തുന്ന സ്ത്രീയാണ്.ആദ്യമൊക്കെ നാം വെറുപ്പോടെ മാത്രം നോക്കികാണുന്ന
കഥാപാത്രം.തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാനായ സുലൈമാൻ ഷായുടെ അന്ത്യവും, കായികളുടെ നേതാവായി തന്റെ ഭർത്താവ് അവരോധിക്കപ്പെടണമെന്നുള്ള ദുരാഗ്രഹവുമാണ് ഇവരെ ക്രൂരയും ശത്രുക്കളുടെ സഹായിയുമാക്കിത്തീർക്കുന്നത്. എന്നാൽ തന്റെ തെറ്റ് തിരിച്ചറിഞ്ഞതോടെ അങ്ങേയറ്റം വിനയവും കരുണയുമുള്ള സ്ത്രീയായി ഇവർ മാറുന്നു.വെറുപ്പിന്റെ അവസാനം ഇഷ്ടം കൊണ്ട് വല്ലാതെ സ്നേഹിച്ചു പോകും ഈ മഹതിയെ.സെൽജാന്റെ ശത്രുക്കളുടെ തന്ത്രം മണത്തറിയാണുള്ള കഴിവ് അങ്ങേയറ്റം അഭിനന്ദിക്കപ്പെടേണ്ടതാണ്. ധീരതയിലും ചങ്കൂറ്റത്തിലും ഏതൊരു കായി സ്ത്രീകളെക്കാളും ഒരുപടി മുന്നിൽ നിൽക്കുന്നവൾ.കുരിശുയുദ്ധക്കാർക്കോ മംഗോളിയർക്കോ അവളെ ഭയപ്പെടുത്താൻ കഴിഞ്ഞില്ല.
പുരുഷന്മാർ പോലും ഭയക്കുന്ന ശത്രുക്കളുടെ മുഖത്തേക്ക് അടിയറവ് പറയാതെ കാർക്കിച്ചു തുപ്പാൻ മടിയില്ലാത്തവൾ. ഗോത്രത്തിനകത്തുള്ള ചാരന്മാരെ പലപ്പോഴും പലരും മനസ്സിലാക്കുന്നത് ഏറെ വൈകിയാണ്. എന്നാൽ അത്തരം ആളുകളെ തുടക്കം മുതലേ തന്റെ കുശാഗ്ര ബുദ്ധിയിൽ സെൽജാൻ കണ്ടെത്തിയിരിക്കും. അമ്പെയ്‌ത്തടക്കമുള്ള യുദ്ധമുറകളിൽ മാത്രമല്ല,നെയ്‌ത്ത് വ്യവസായത്തിൽ ചുക്കാൻ പിടിച്ച് പ്രാഗൽഭ്യം തെളിയിച്ച വനിത കൂടിയായിരുന്നു സെൽജാൻ.
അയ്കിസ്
__________
ഡെലി ഡെമിറിന്റെ മകൾ. തുർഗുത് എന്ന ഏർത്തുറുലിന്റെ വലം കൈയായ ധീരനായ യോദ്ധാവിന്റെ ബാല്യകാല പ്രണയിനിയും ആദ്യ ഭാര്യ.ധൈര്യത്തിൽ തുർഗുത്തിന് ഏറ്റവും യോജിച്ചവൾ . വില്ലുകൊണ്ട് എതിരാളിയെ നേരിടാൻ വളരെ നൈപുണ്യമുള്ള അയ്കിസ്,കായ് ഗോത്രത്തിൽ എത്തിയപ്പോൾ ഹലിമെ സുൽത്താനെ പിന്തുണച്ച ആദ്യ വനിതയായിരുന്നു. തുർഗുതിന് അവന്റെ ഓർമ്മ നഷ്ടപ്പെടുമ്പോൾ അവൾ അവനെ നന്നായി പരിപാലിക്കുന്നു. ഓർമ തിരിച്ചു വരുമ്പോഴൊക്കെ അയ്ക്‌സിന്റെ മുഖമാണ് അയാളുടെ മനസ്സിൽ. തുർഗുതിനെ പോലെ തന്നെ ഏർത്തുറുലിനോട് കൂറും വിശ്വാസവുമുള്ളവൾ. ശത്രുകളായ കുരിശുപടയുടെ പാളയത്തിലേക്ക് അവരുടെ നീക്കങ്ങൾ അറിയാൻ പോകുന്ന ഒരേയൊരു പെണ്ണാണവൾ. അവരുടെ ചതിയിൽ പെട്ട തന്റെ പ്രിയപ്പെട്ടവനെ രക്ഷിക്കാൻ അഹോരാത്രം കഠിനപ്രയത്നം ചെയ്യുന്നുണ്ട് അയ്കിസ്. മംഗോളിയരുടെ അപ്രതീക്ഷിതമായ ആക്രമണത്തിനെതിരെ പോരാടുമ്പോൾ ഗുരുതരമായി പൊള്ളലേറ്റ അയ്കിസ് ഏറെ നാളുകൾ അബോധാവസ്ഥയിൽ കിടന്ന ശേഷം മരണം വരിക്കുന്നു.
ഗോക്ചെ
_________
സുലൈമാൻ ഷായുടെ വളർത്തു മകൾ. സെൽജാൻ ഹാത്തുന്റെ ഇളയ സഹോദരി.
ധീരതയും സൗമ്യതയുമാണ് ഗോക്ച്ചേയുടെ പ്രത്യേകത.അവൾക്ക് എർതുരുലിനോട് കുഞ്ഞുനാളിൽ തുടങ്ങിയ സ്നേഹമാണ്. എർതുറുലിനെ കൊല്ലാൻ ശ്രമിക്കുന്നവരിൽ നിന്ന് സംരക്ഷിക്കുന്നതിനിടയിൽ ഗോക്ചെക്ക് സാരമായ പരിക്ക് പറ്റുന്നു. എന്നാൽ ഏർത്തുറുൽ ഹലീമ പ്രണയത്തിലുള്ള നൈരാശ്യം പിന്നീട് ദൊദുർഗ ഗോത്രത്തിലെ തുഗ്തെക്കിന്റെ ഭാര്യയാകാൻ പ്രേരിപ്പിക്കുന്നു.
ഏർത്തുറുലിനോടുള്ള പ്രതികാരം അവളെകൊണ്ട് ഒരുവേള പല തെറ്റുകളും ചെയ്യിക്കുന്നുണ്ട്.പക്ഷെ പിന്നീട് അവളതിൽ പശ്ചാത്തപികുന്നു. മംഗോളിയൻ തലവനായ നോയന്റെ ചതിയിൽ പെട്ട് തടവിലാക്കപ്പെട്ട ഗോക്ചെ ശത്രുക്കളെ വകവരുത്തി അതിസാഹസികമായി രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ നോയൻ അവളെ പിടികൂടുകയും ഭർത്താവ് തുഗ്തെക്കിനൊപ്പം കൊല്ലപ്പെടുകയും ചെയ്യുന്നു. പക്ഷേ അവസാനം വരെ ധീരതയോടെ നേരിട്ടും, ചെറുത്ത് നിന്നു കൊണ്ടുമാണ് അവർ രക്തസാക്ഷിത്വം വരിക്കുന്നത്.
ഇങ്ങനെ ധീരതയിലും സാമർഥ്യത്തിലും ഉയർന്ന നിലവാരമുള്ള ധാരാളം സ്ത്രീകളുടെ ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയും. പ്രണയാഭ്യർത്ഥന നടത്തിയവന്റെ ആത്മാർത്ഥത കഴുത്തിന് പിടിച്ചു ചോദ്യം ചെയ്യാൻ ചങ്കൂറ്റം കാണിച്ച ദോഗൻ ആൽപ്പിന്റെ പത്നി ബാനു സിചെക്കിനെ പോലെയുള്ളവർ. എർതുറുലിലെ സ്ത്രീകഥാപാത്രങ്ങളൊക്കെയും ധൈര്യമുള്ളവരും യോദ്ധാക്കളുമാണ്, വളരെ വ്യക്തമായി പതർച്ചയില്ലാതെ കാര്യങ്ങൾ സംസാരിക്കുന്നവർ.ഇസ്‌ലാമിന്റെ ആത്മാവിനോട് വിശ്വസ്തതയും കൂറും അവർ പരസ്യമായി പ്രകടിപ്പിക്കുന്നു. പുരുഷന്മാരെ സേവിക്കുകയല്ല, അവർക്കൊപ്പം ചേർന്നു നിന്ന് അല്ലാഹുവിനെ സേവിക്കുകയായിരുന്നു അവർ. ഭൂമിയിൽ നീതിയും ക്രമവും കൊണ്ടുവരാൻ സ്ത്രീ എതിരാളികളോട് മാത്രമല്ല, പുരുഷ എതിരാളികളുമായും വർഷങ്ങളായി പോരാടുന്നവർ. കൂടാതെ അവർ ഗോത്രത്തിന്റെ വാണിജ്യ പ്രവർത്തനങ്ങളുടെയും നിർണായക പങ്കു വഹിക്കുന്ന തന്മയത്വത്തമുള്ള വനിതകൾ. ഇസ്‌ലാമിക ചരിത്രത്തിൽ സ്ത്രീകൾക്ക് എക്കാലത്തും അവരുടേതായ അടയാളപ്പെടുത്തലുകൾ ഉണ്ടായിരുന്നു. പിന്നീട് സമൂഹമാണ് അവരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങു തടിയായി മാറിയത്.ചരിത്രം വായിച്ചു പോകാനുള്ളതല്ലെന്നും മാതൃകയാക്കേണ്ടതാണെന്നും നമ്മൾ സ്ത്രീകൾ തിരിച്ചറിയേണ്ടതുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ