തീപ്പെട്ടിക്കൊള്ളി _______________

 തീപ്പെട്ടിക്കൊള്ളി

_______________


അമ്മയാണാദ്യം പറഞ്ഞത്,

"ജനിക്കുമ്പോൾ നീയൊരു 

തീപ്പെട്ടിക്കൊള്ളിയുടത്രേ ഉണ്ടായിരുന്നുള്ളൂ'' ന്ന്..പിന്നെ വീട്ടിലത് ആരോ ഏറ്റു പിടിച്ചു.

ഇപ്പഴും അത്രന്ന്യേ ഉള്ളൂ.

അനിയത്തി വഴി സ്‌കൂളിലും

അത് പാട്ടായപ്പോൾ കരച്ചിലടക്കാനായില്ല..


നാണക്കേടായപ്പോൾ

നിക്കിനി പഠിക്കണ്ടെന്ന്

അമ്മോട്‌ പറഞ്ഞു.

ന്റെ കുട്ടി സുന്ദരിയല്ലേന്ന്

മുത്തശ്ശി പറഞ്ഞതും

ഓടിച്ചെന്നു കണ്ണാടി നോക്കി.''തീപ്പെട്ടിക്കൊള്ളി"

വിളി പരസ്യമായി

വളർച്ച ഇല്ലാത്തത്തിന്

ബാലസുധ നല്ലതാന്ന് 

അമ്മായി വക ഉപദേശം.

കെട്ടിക്കൊണ്ട് പോവില്ല്യാത്രേ..


വേണ്ടെങ്കി വേണ്ട..

എങ്ങടും പോണ്ട.

പിന്നെ..

ആരോടെക്കെയോ

വാശിയായിരുന്നു

നഴ്‌സിംഗ് പഠിച്ചു.

അച്ഛന്റെ മരണത്തോടെ

കുടുംബം ക്ഷയിച്ചു.

രാവും പകലും അധ്വാനിച്ച്

എല്ലാരേം നല്ലവഴിക്കെത്തിച്ചു.ഇന്നീ സന്ധ്യയിൽ

ഓരോന്നാലോചിച്ച്

അച്ഛന്റെ 

കസേരയിലിങ്ങനെ

ഇരിക്കുമ്പോൾ

കൂടെ ആരോ ഉള്ളപോലെ.മുറ്റത്ത് ചവറുകൾ

കൂട്ടിയിടിട്ട് അമ്മ

തീപ്പെട്ടിയുരച്ചു.

ദൂരേക്ക് കളഞ്ഞകൊള്ളി കെട്ടുപോയെങ്കിലും

തീ ആളിക്കത്തിയപ്പോൾ,

അവളുടെ കണ്ണുകൾ

തിളങ്ങി.



പെട്ടെന്ന് മൊബൈൽ

ശബ്ദിച്ചു

കൂടെപ്പഠിച്ച പാറു,

ടീ..തീപ്പെട്ടിക്കൊള്ളി..

എന്നും പറഞ്ഞു

വിശേഷങ്ങൾ 

ചോദിച്ചു കൊണ്ടിരുന്നു.


ആദ്യമായി

ആ വിളിയിൽ,

എന്തെന്നില്ലാതെ 

ആത്മഹർഷം

അവളനുഭവിച്ചു.
















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം