ആൺകുട്ടികളുടെ മാത്രം ഉമ്മ
പെൺകുട്ടികളെ അതിയായി ആഗ്രഹിക്കുന്ന (ഇനിയൊരങ്കത്തിന് ബാല്യമില്ലെന്ന വീണ്ടുവിചാരം ഉള്ളത് കൊണ്ട് *ആഗ്രഹിച്ച* എന്നതാവും ശരി..പക്ഷേ പ്രസവിക്കാതെയും കിട്ടുമല്ലോ എന്ന ചിന്ത *ആഗ്രഹിക്കുന്ന* എന്നതിനെയും ശരി വെക്കുന്നുണ്ട്..😍) ഒരുമ്മയാണ് ഞാൻ. എന്റെ മൂത്ത മകന് 6 വയസ്സുള്ളപ്പോഴാണ് ഞാൻ വീണ്ടും ഗർഭിണിയായത്... തീർത്തും വയ്യാത്ത അവസ്ഥയിലാണ് എല്ലാ ഗർഭകാലവും...ഒരു സഹായത്തിന് പോലും ആളില്ലാത്ത അവസ്ഥയിൽ എന്റെ 6 വയസ്സുകാരൻ അന്ന് ചെയർ വച്ച് കഴിച്ചു കഴിഞ്ഞ പാത്രങ്ങൾ ഒക്കെ കഴുകി വെക്കുമായിരുന്നു..ഇന്നവന് 20 വയസായി. നാട്ടിലാണ്. lockdown സമയത്ത് അവന്റെ പാചകത്തെ കുറിച്ചുള്ള വർണ്ണനകൾ എന്റെ അനിയത്തിയും ജേഷ്ടത്തിയും പറയുന്നത് കേൾക്കുമ്പോൾ മനസ്സ് തെല്ലൊരഭിമാനത്തോടെ സംതൃപ്തമാകും..
എന്റെ വീട്ടിൽ ഉപ്പയും ആങ്ങളയും ഒക്കെ അത്യാവശ്യം വീട്ടുജോലികളൊക്കെ ചെയ്യുന്ന കൂട്ടത്തിലാണ്.എന്നാൽ ഭർതൃവീട്ടിൽ നേരെ തിരിച്ചും.. അത് കൊണ്ട് തന്നെ എന്റെ നല്ല പാതിക്ക് ചായയിടാനും ചിക്കൻ കറി വെക്കാനും മോരു കറി വെക്കാനുമൊക്കെ പഠിക്കാൻ പ്രവാസം വേണ്ടി വന്നു...പക്ഷെ സ്വന്തം വീട്ടിൽ കിച്ചണിൽ കയറാനുള്ള അവസരം കിട്ടാറില്ല ( അവിടത്തെ സാഹചര്യം അങ്ങനെയായത് കൊണ്ട് സാധ്യമാവാറില്ല ).
ഈയടുത്ത് ഒരു പരിക്ക് പറ്റി നാലഞ്ചു മാസത്തോളം കിടപ്പിലായപ്പോൾ 2 വയസ്സ് പോലും തികയാത്ത രണ്ട് കുഞ്ഞുങ്ങളുടെ പ്രാഥമിക ആവശ്യങ്ങളൊക്കെ ഭംഗിയായി നടത്തിച്ചത് (ഒരൽപ്പം വസ്‌വാസോടെയാണെങ്കിലും) കാര്യപ്രാപ്തി തീരെയില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്ന എന്റെ 13 വയസ്സുകാരനായിരുന്നു..
കൂടെ വസ്ത്രം വിരിച്ചിട്ടും മടക്കിവെച്ചും 8 വയസ്സുകാരനും...( വസ്ത്രങ്ങൾ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ എങ്ങനെ സ്റ്റോർ ചെയ്യാം എന്ന വിദ്യ ഇപ്പോൾ ഞാൻ അവനെയാണ് പിന്തുടരുന്നത്.😅😍..
നമ്മൾ വിചാരിക്കുന്നത്ര പെർഫെക്ഷൻ കിട്ടില്ല എന്ന തോന്നലാണ് എന്നെപ്പോലെ പലരെയും കുഞ്ഞുങ്ങളെ വീട്ടുജോലികൾ ഏൽപ്പിക്കാൻ വിമുഖരാക്കുന്നത്...
ശീലിച്ചു പോയവരെ മാറ്റിയെടുക്കാൻ വല്ലാതെയൊന്നും നമ്മൾക്കാവില്ല..ഇനിയുള്ള തലമുറ മാറട്ടെ..
വീട്ടിലുള്ള ഒരു ജോലിയും ജന്റർ അടിസ്ഥാനത്തിൽ കാറ്റഗറൈസ്
ചെയ്യാതിരിക്കുക..ചൂലെടുത്താലും, ടോയ്ലറ്റ് ക്ലീൻ ചെയ്താലും ,തുണിയലക്കിയാലും ഒരു ആൺകുട്ടിയുടെയും ഇമേജ് തകരില്ല എന്ന ബോധം നമ്മുടെ വീടുകളിൽ ഉണ്ടാവണം...പരസ്പരം താങ്ങായും തണലായും അവർ ജീവിക്കട്ടെ....അവരുടെ ഇണകൾക്ക് അത്യാവശ്യഘട്ടത്തിൽ വേവലാതിപ്പെടേണ്ടതില്ലാതെ വരട്ടെ..(അങ്ങനെ വരുമ്പോൾ അതിന് കാരണക്കാരായ നമ്മളോടും ഒരു പ്രത്യേക ഇഷ്ടമൊക്കെ ഉണ്ടാവുമായിരിക്കും ല്ലേ🙊😅😎😉)
*തസ്‌ലീമ*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ